o അമേരിക്കൻ വിനോദസഞ്ചാരികൾക്കിത് "മിറാക്കിൾ"
Latest News


 

അമേരിക്കൻ വിനോദസഞ്ചാരികൾക്കിത് "മിറാക്കിൾ"

 അമേരിക്കൻ  വിനോദസഞ്ചാരികൾക്കിത് "മിറാക്കിൾ"



തലശ്ശേരി : തലശ്ശേരി കാണാനെത്തിയതാണ് അമേരിക്കൻ  വിനോദസഞ്ചാരികളായ ഹെന്ന ഹിഗിൻസും സിഗിനും മോറിസ് ജോസഫും. യാത്രയ്ക്കിടെ മൂന്നുദിവസം മുൻപ് ബാഗ് ഓട്ടോയിൽ നഷ്ടമായി. ബാഗുകൾ തിരിച്ചുകിട്ടില്ലെന്ന് കരുതി യാത്ര തുടർന്നു. യാത്രയുടെ സന്തോഷത്തിനിടയിൽ സംഭവിച്ച നഷ്‌ടം അവരെ നിരാശപ്പെടുത്തി. തലശ്ശേരിയിലെ വിനീഷിന്റെ ഓട്ടോയിലായിരുന്നു അവരുടെ യാത്ര. സഞ്ചാരികളെ ഇറക്കി അല്പദൂരം പിന്നിട്ടപ്പോഴാണ് ഓട്ടോയിലിരിക്കുന്ന ബാഗുകൾ വിനീഷ് കണ്ടത്. തുടർന്നുള്ള അന്വേഷണത്തിൽ വിനീഷിന് സഞ്ചാരികളെ കണ്ടെത്താനായില്ല. ബാഗുകൾ തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരമറിയിച്ചു. ബാഗുകളന്വേഷിച്ച് സ്റ്റേഷനിൽ ആരുമെത്തിയില്ല.

പതിവ് ഡ്യൂട്ടിക്കിടെ ചൊവ്വാഴ്‌ച എ.എസ്‌.ഐ. സുവേൺ വി.ഗോപാൽ മൂന്ന് വിദേശ വിനോദസഞ്ചാരികളെ കണ്ടു. നടന്നുപോകുകയായിരുന്ന അവരുമായി സംസാരിച്ചു. പുരുഷനും രണ്ട് സ്ത്രീയും പേരുപറഞ്ഞ് പരിചയപ്പെട്ടു. ഹെന്ന ഹിഗിൻസ്, സിഗിൻ, മോറിസ് ജോസഫ്. അവരോട് എന്തെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചു. മൂവരുടെയും മുഖത്ത് ആശ്ചര്യവും അദ്ഭുതവും. ഇങ്ങനെയൊരനുഭവം ഇവർക്ക് ആദ്യം. ബാഗുകൾ നഷ്ടപ്പെട്ട വിവരം പോലീസിനോട് പറഞ്ഞു. തുടർന്ന് നേരേ പോലീസ് സ്റ്റേഷനിലേക്ക്.

മിറക്കിൾ'.... ബാഗ് കണ്ടപ്പോൾ സഞ്ചാരികളുടെ ആദ്യ പ്രതികരണമിതായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളായിരുന്നു ബാഗുകളിൽ. എസ്.ഐ.മാരായ സജിത്കുമാർ, എം.കെ.ശ്രീജിത്ത്, എ.എസ്.ഐ. മാരായ സുവേൺ വി.ഗോപാൽ, കെ.ആയിഷ, കെ.ബിനീഷ് എന്നിവർ ബാഗുകൾ കൈമാറി. പോലീസ് സ്റ്റേഷനിൽനിന്ന് ബാഗുകളുമായി പുറത്തിറങ്ങുമ്പോൾ അവരുടെ മനസ്സിൽ തലശ്ശേരി ഒരു ചരിത്രനഗരം മാത്രമായിരുന്നില്ല, കരുതലുള്ള മനുഷ്യരുടെയും സഹായവുമായെത്തുന്ന പോലീസിന്റെയും നാടായിരുന്നു.

Post a Comment

Previous Post Next Post