*കനത്ത മഴ: നാളെ കോഴിക്കോട് ജില്ല ഉൾപ്പെടെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണ്ണ അവധി, കണ്ണൂരിൽ 3 താലൂക്കുകൾക്ക് അവധി*.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ നാളെ ഓഗസ്റ്റ് 4 ചൊവ്വാഴ്ച കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. എന്നാൽ കോഴിക്കോട് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകൾ നിശ്ചിത സമയത്ത് തന്നെ നടക്കും.
അതേസമയം കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. കൂടാതെ വയനാട്, ഇടുക്കി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അഭ്യർത്ഥിച്ചു.

Post a Comment