o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 

◾  സൗദി അറേബ്യയില്‍ നടന്ന കൊലക്കേസില്‍, വധശിക്ഷയില്‍ നിന്ന് ദയാധനം നല്‍കി മോചിതനായ കണ്ണൂര്‍ സ്വദേശി ഫസലുദ്ദീന്‍ നാട്ടില്‍ രാസലഹരി കേസില്‍ അറസ്റ്റിലായി. തട്ടുകടയുടെ മറവില്‍ മെത്താംഫെറ്റമിന്‍ വില്‍പന നടത്തിയ ഇയാളെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് ഇരിട്ടി പൊലീസ് പിടികൂടിയത്.



2008 മേയിലാണ് കേസിനാസ്പദമായ കൊലപാതകം റിയാദിൽ നടക്കുന്നത്. റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫസലുദ്ദീനും കൂട്ടാളികളും ചേർന്ന്, ഒന്നിച്ച് താമസിച്ചിരുന്ന മംഗലാപുരം സ്വദേശി അഷറഫിനെ സാമ്പത്തിക തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി പൊതുമാലിന്യ പെട്ടിയിൽ തള്ളാൻ ശ്രമിക്കുന്നതിനിടെയാണ് ഫസലുദ്ദീൻ ഉൾപ്പെടെയുള്ള നാല് മലയാളികളെ സൗദി മതകാര്യ പൊലീസ് കൈയോടെ പിടികൂടിയത്. തുടർന്ന് സൗദി കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു.

2026 | ജൂലൈ 18, ശനി 

1201 | കര്‍ക്കടകം 2, പൂരം

➖➖➖➖➖➖➖

◾  അപ്രതീക്ഷിത പവര്‍കട്ട് മൂലം അത്യാസന്ന നിലയിലായിരുന്ന രോഗി ഓക്സിജന്‍ ലഭിക്കാതെ മരിച്ചു. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. വൈദ്യുതി മുടങ്ങിയതോടെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതുമൂലമാണു മരിച്ചത്.  അര്‍ദ്ധരാത്രിയോടെയാണു വൈദ്യുതി മുടങ്ങിയത്. പിന്നീട് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പ്രവര്‍ത്തിപ്പിച്ചെങ്കിലും രോഗി രാവിലെ ആറു മണിയോടെ മരിക്കുകയായിരുന്നു.


◾  വൈദ്യുതിനിയന്ത്രണത്തില്‍ അയവുവരുത്താന്‍ ഒരു വര്‍ഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതികൂടി വാങ്ങാന്‍ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷന്‍ വാക്കാല്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച തെളിവെടുപ്പു നടത്തിയശേഷം ഔദ്യോഗിക അനുമതി നല്‍കും. യൂണിറ്റിന് 5.96 രൂപയാണ് വില. ഒരു വര്‍ഷത്തേക്ക് ദിവസം മുഴുവന്‍ 200 മെഗാവാട്ട് വൈദ്യുതിക്കാണ് കരാര്‍. വര്‍ഷം ഏകദേശം 140 കോടി യൂണിറ്റ് വരുമിത്. ചെലവ് ഏകദേശം 840 കോടി രൂപയും. ഇതോടെ നിയന്ത്രണത്തില്‍ ചെറിയ ഇളവുണ്ടാവും. എന്നാലും തുടരേണ്ടിവരും. കാരണം മഴയില്ലാത്ത ദിവസങ്ങളില്‍ 600 മെഗാവാട്ടുവരെ വൈദ്യുതി കുറവുണ്ട്.


◾  ഇറാനിലെ തെക്കന്‍ പ്രദേശത്തെ ജനവാസ മേഖലകളില്‍ യു.എസ് ആക്രമണം. പാലങ്ങളടക്കം ബോംബിട്ട് തകര്‍ത്തു.  യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ സമ്പൂര്‍ണ നശീകരണ ശൈലിയിലേക്ക് നീങ്ങുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ വ്യക്തമാക്കി. ഹോര്‍മുസില്‍ തായ് കപ്പലിനു നേരെ ഇറാന്‍ ആക്രമണം നടത്തി. ഇറാന്റെ ആക്രമണത്തില്‍ കുവൈറ്റിലെ വൈദ്യുതി ഉല്‍പാദന - കടല്‍ജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചു.


◾  മിഷന്‍ സമുദ്രയുടെ ഭാഗമായി ടാറ്റ പതിനായിരം കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കുമെന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്ന് വിശദീകരണം. മിഷന്‍ സമുദ്രയുടെ ഭാഗമായി 10,000 കോടി രൂപയുടെ ആകെ നിക്ഷേപം ഉണ്ടാകുമെന്നാണു മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പദ്ധതിയില്‍ ടാറ്റ അടക്കം പല കമ്പനികളും നിക്ഷേപിക്കാന്‍ സാധ്യതയുണ്ടെന്നാണു പറഞ്ഞതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.


◾  ടാറ്റായുടെ കപ്പല്‍ നിര്‍മ്മാണ പദ്ധതിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടത് ഇടതു സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ് കേരള പദ്ധതിയില്‍ താല്‍പര്യപത്രം ഒപ്പിട്ട ടാറ്റായുടെ സബ്സിഡിയറി കമ്പനിയായ ആട്സണ്‍ എഞ്ചിനിയറിംഗിന്റെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ ചെറുകപ്പലുകളുടെ അറ്റകുറ്റ പണികള്‍ക്കു യൂണിറ്റ് തുടങ്ങാന്‍ താത്പര്യ പത്രം ഒപ്പിട്ടിരുന്നു. സംസ്ഥാന പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്സുമായി ചേര്‍ന്ന് കൊച്ചി വെല്ലിംഗ് ടണ്‍ ഐലന്റില്‍ പദ്ധതി നടപ്പാക്കാന്‍ ഈ വര്‍ഷം ഫെബ്രുവരി 12 ന് ആട്സണ്‍ ഗ്രൂപ്പ് കരാര്‍ ഒപ്പിട്ടിരുന്നു.


◾  വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കഴിഞ്ഞ ദിവസം വീട്ടില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടാകാം. കുറവ് മുന്‍കൂട്ടിക്കണ്ട് വാങ്ങാന്‍ നടപടിയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


◾  പൊന്നാനിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതിയില്‍ കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് അടക്കമുള്ളവരുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. പൊന്നാനി സ്വദേശിയായ സ്ത്രീയുടെ പരാതിയില്‍ കേസെടുക്കണമെന്ന പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 2022ല്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിച്ച സ്ത്രീയെ എസ്പി, ഡിവൈഎസ്പി, സിഐ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി.


◾  സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്കാണ് പരിശീലനം. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.


◾  കേരളത്തില്‍ ജൂലൈ 21 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


◾  കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അപകടസാധ്യത ഒഴിവാക്കാന്‍ മണ്ണ് നീക്കം ചെയ്യണമെന്ന ജില്ലാ അതോറിറ്റിയുടെ ആവശ്യം സംസ്ഥാന അതോറിറ്റി അവഗണിച്ചു. കരാര്‍ കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


◾  പ്രതിപക്ഷ ഉപനേതൃപദവി സിപിഐ ഗൗരമായി മുന്നോട്ടുവച്ച വിഷയമാണെന്നും ഒരു വ്യക്തിക്ക് പറഞ്ഞു നിര്‍ത്താന്‍ പറ്റുന്ന വിഷയമല്ലെന്നും പി സന്തോഷ് കുമാര്‍ എംപി. പദവി സിപിഐക്ക് അര്‍ഹതയുള്ളതാണ്. രാഷ്ട്രീയ ആവശ്യമാണത്. രണ്ടു മാസമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും പ്രതിപക്ഷം കൂടുതല്‍ ശക്തമാകാന്‍ അതാവശ്യമുണ്ടെന്നും പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു.


◾  സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ കെ.ജി.സി.ഇ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ പരീക്ഷകളില്‍ ക്രമക്കേട് കണ്ടതിനെത്തുടര്‍ന്ന് മൂന്ന് പരീക്ഷകള്‍ റദ്ദാക്കി. ജൂണ്‍ 23, 29, ജൂലൈ 1 തീയതികളില്‍ നടന്ന കെ.ജി.സി.ഇ എന്‍ജിനിയറിങ് (റിവിഷന്‍ 2022) ഏപ്രില്‍ 2026 പരീക്ഷയിലെ '1001-ബേസിക് മാത്തമാറ്റിക്സ് ആന്‍ഡ് സയന്‍സ്' , '1002-എന്‍ജിനിയറിങ് ഡ്രോയിങ്' , '1031-ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് - 1' എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്.


◾  ആലപ്പുഴ കാക്കാഴത്തെ അധ്യാപക പരിശീലന കേന്ദ്രത്തില്‍നിന്ന് പത്ത് ഫാനുകള്‍ മോഷ്ടിച്ചു. എസ്എന്‍വി ടിടിഐയിലാണ് കളളന്‍ കയറിയത്.


◾  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഉന്നത പദവിയില്‍ മലയാളി ഐആര്‍എസ് ഉദ്യോഗസ്ഥന്‍. 2013 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ ഡോ. സി. അനീസാണ് എന്‍സിബിയുടെ അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റത്.


◾  ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണം തുടങ്ങി. തറക്കല്ലിടല്‍ ചടങ്ങ് നടത്തി 142 ദിവസത്തിനു ശേഷമാണ് മേപ്പാടി കുന്നംപറ്റയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.


◾  ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി ഡി സതീശന്‍ ഗൗനിക്കാത്തതിനു മറുപടിയില്ലെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാരെന്നും തെറ്റ് ചൂണ്ടിക്കാട്ടിയതു മാത്രമാണ് താന്‍ ചെയ്തതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സമ്മുന്നതരെ കാണുമ്പോള്‍ ചിരിക്കുക എന്നതാണു താന്‍ പഠിച്ച രാഷ്ട്രീയം. അദ്ദേഹം പ്രതികരിച്ചു.


◾  എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കുപോയ പോലീസുകാരന്റെ ബെല്‍റ്റ് പൗച്ചില്‍നിന്നു പിസ്റ്റള്‍ മോഷ്ടിച്ച കേസില്‍ ഒന്നും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്  ആണ് ഒന്നാം പ്രതി യദു കൃഷ്ണനെയും മൂന്നാം പ്രതി സന്ധ്യയെയും കുറ്റവിമുക്തരാക്കിയത്. രണ്ടാം പ്രതി ഇതുവരെ വിചാരണ നേരിട്ടിട്ടില്ല.


◾  കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. കേസില്‍ ആരോപണ വിധേയനായിരുന്നു ഇയാള്‍. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.


◾  കെ എസ് യു വിന്റെ പോരാട്ടവീര്യം ഓര്‍മ്മിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കെ.സി. വേണുഗോപാല്‍ എംപി. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടയാണ് കെ എസ് യു പ്രവര്‍ത്തനകാലം അനുസ്മരിച്ചുള്ള വേണുഗോപാലിന്റെ കുറിപ്പ്


◾  പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തെങ്ങില്‍ കയറിയതും പ്രിന്‍സിപ്പാള്‍ ബൈനോക്കുലര്‍ വെച്ച് നോക്കിയതുമായ ഓര്‍മ്മകള്‍ പങ്കുവച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെ സ്വീകരണ പരിപാടിയിലാണ് മുഖ്യമന്ത്രി പ്രീഡിഗ്രി കാല ഓര്‍മ്മകള്‍ പങ്കുവച്ചത്. പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായി കോളേജില്‍ വരുമ്പോള്‍ തനിക്ക് 14 വയസ്സായിരുന്നു പ്രായമെന്നും തെങ്ങില്‍ കയറിയതിന് പ്രിന്‍സിപ്പാള്‍ തന്നെ താക്കീത് ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.


◾  പവര്‍ കട്ട് മൂലം ഓക്സിജന്‍ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ സങ്കടകരവും ഗൗരവതരവുമാണെന്ന് മുന്‍ ആരോഗ്യ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ വീണ ജോര്‍ജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെയും നിലവിലെ പവര്‍ കട്ടിനെതിരെയും അവര്‍ രംഗത്തെത്തിയത്.


◾  ശശി തരൂര്‍ എംപി ലിഫ്റ്റില്‍ കുടുങ്ങി. തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടല്‍ ലിഫ്റ്റില്‍. തിരുവനന്തപുരത്ത് പിഎംജി റോഡിലെ പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. കുറച്ച് നേരത്തെ അനിശ്ചിതത്വത്തിന് ശേഷം അദ്ദേഹത്തെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെത്തിച്ചത്. ഹോട്ടലില്‍ ട്രിവാന്‍ഡ്രം റോട്ടറി ക്ലബ് സംഘടിപ്പിച്ച പരിപാടിക്ക് പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം.


◾  നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലായ ബന്ധുക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരിയില്‍ അതിക്രമം നടത്തിയ സി ഐയെ അറസ്റ്റു ചെയ്തു വിട്ടയച്ചു. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ സി ഐ യഹിയയെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. ആയുധങ്ങളുമായി അക്രമത്തിനിറങ്ങിയ നാലംഗ സംഘത്ത പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ബന്ധുക്കളായ രണ്ടു പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിഐയുടെ പരാക്രമം.


◾  അധ്യാപക നിയമനത്തിനു 35 ലക്ഷം രൂപ വാങ്ങിയിട്ടും നിയമനം ശരിയാക്കാത്തതു ചോദ്യം ചെയ്ത യുവാവിനെ കാറടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ കാഞ്ഞിക്കുളം സ്വദേശിയായ പി വി അജയാണ് പിടിയിലായത്. കന്നിമാരി സ്വദേശി ജിഷ്ണുവിനെയാണ് കാര്‍ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ജിഷ്ണു പാലക്കാട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപക നിയമനത്തിന് അജയിനും കേസിലെ രണ്ടാം പ്രതിയായ അനൂപ് കുമാറിനും 35 ലക്ഷം രൂപ നല്‍കിയിരുന്നു.


◾  ബലാത്സംഗ കേസില്‍ രണ്ട് പതിറ്റാണ്ടിലേറെ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ 2004-ല്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലെ പ്രതി തമിഴ്‌നാട് സ്വദേശിയായ സെല്‍വരാജാണ് പിടിയിലായത്.


◾  തീരദേശ മേഖലകളില്‍ ഉത്തരവാദിത്ത ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സിഎംഎഫ്ആര്‍ഐ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് കരുത്ത് പകരുന്നതിനൊപ്പം സമുദ്രസംരക്ഷണ ബോധവല്‍ക്കരണം കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം.


◾  തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം വ്യാജമെന്നും സൈബര്‍ ആക്രമണത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടി എംഎസ് അഞ്ജന സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പാര്‍ട്ടി നടപടിയെ കുറിച്ചും ഫണ്ട് തിരിമറിയെ കുറിച്ചും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അഞ്ജന തയ്യാറായില്ല.


◾  ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളില്‍ കായിക താല്‍പ്പര്യം വളര്‍ത്താനും ലഹരി ഉപയോഗത്തിനെതിരെ കായികരംഗത്തെ പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.


◾  മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ സബ്സിഡറി കമ്പനിയായ ആര്‍ട്ട്സണ്‍സ് നിക്ഷേപം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ്. 2025ലെ ഇന്‍വെസ്റ്റ് കേരളയില്‍ പദ്ധതി അവതരിപ്പിച്ചിരുന്നുവെന്നും രാജീവ് പറഞ്ഞു.


◾  വയനാട് മുത്തങ്ങയില്‍ അപകടത്തില്‍പ്പെട്ട 11 വയസുകാരന്‍ പൊലീസ് അനാസ്ഥയെ തുടര്‍ന്ന് മരിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വിസമ്മതിച്ചെന്നും ഇത് മരണത്തിന് കാരണമായെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.




◾  കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് യുവതികളെ കബളിപ്പിച്ച കേസില്‍ ആലപ്പുഴ സ്വദേശി ബിബിനും പങ്കാളി സൗമ്യയും അറസ്റ്റിലായി. പ്രോസസിങ് ഫീസ് നല്‍കാനാവാത്തവരെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഇവര്‍ പണം തട്ടിയിരുന്നതായി പാലക്കാട് സൈബര്‍ ക്രൈം പൊലീസ് കണ്ടെത്തി.


◾  കാണാതായ പതിനഞ്ചുകാരിയായ ദേശീയ ഷൂട്ടിങ് താരത്തെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണവുമായി ബംഗാള്‍ പൊലീസ്. സെന്‍ട്രല്‍ ഹൗറ സ്വദേശിനിയായ ദമയന്തി സെന്നിനായാണ് കാണാതായത്. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍നിന്ന് പോയ ദമയന്തിയെ ഹൗറ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. എവിടേക്കു പോയെന്ന് ഇപ്പോഴും തുമ്പു ലഭിച്ചിട്ടില്ല.  


◾  ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ പോലീസ് വെടിവയ്പില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധം. ജില്ലയില്‍  ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഭദേര്‍വ സ്വദേശി ആരിഫ് ഹുസൈന്‍ (30) ആണ് മരിച്ചത്. ഝായില്‍ ജമ്മു കശ്മീര്‍ പോലീസുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആരിഫിനെ പോലീസ് വെടിവച്ചു കൊന്നെന്നാണ് നാട്ടുകാരുടെ ആരോപണം.  പശുക്കടത്ത് അന്വേഷിക്കാന്‍ എത്തിയ പോലീസിനെ ആക്രമിച്ച് തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ അബദ്ധത്തില്‍ വെടിപൊട്ടിയാണ് ആരിഫ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.


◾  ഗെയിന്‍ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ കേന്ദ്രസര്‍ക്കാരിന്  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന 'ബിറ്റ്‌കോയിന്‍ ഇന്‍വെസ്റ്റേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി' നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.


◾  അമൃത് ഭാരത് പദ്ധതിക്ക് കീഴില്‍ നവീകരിച്ച 75 റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. പഞ്ചാബിലെ ജലന്ധര്‍ കാന്റ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങിലാണ് അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനവും നിര്‍വഹിച്ചത്. മറ്റുസ്റ്റേഷനുകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസം?ഗം പ്രദര്‍ശിപ്പിച്ചു.


◾  ഡല്‍ഹി-അമൃത്സര്‍-കത്ര ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ് വേയുടെ 157.92 കിലോമീറ്റര്‍ ദൂരത്തിലുള്ള ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഡല്‍ഹി-അമൃത്സര്‍-കത്ര ഹൈവേയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.


◾  ഗാസിയാബാദില്‍ ബലാത്സംഗത്തിനിരയായ നാലുവയസ്സുകാരിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടര്‍മാരെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പാവപ്പെട്ട കുട്ടിയായതിനാലാണ് ചികിത്സ നല്‍കാതെ ഒഴിവാക്കിയതെന്നും ഇവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പേരിനൊപ്പം ഡോക്ടര്‍ എന്നെഴുതാന്‍ അവകാശമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.


◾  റിക്ഷയില്‍ കയറ്റിക്കൊണ്ടു പോയ ഇരുമ്പ് കമ്പികള്‍ പിറകേ വന്ന കാറിന്റെ മുന്‍ഗ്ലാസിലേക്ക് തുളച്ചുകയറി കാര്‍ ഡ്രൈവര്‍ മരിച്ചു. ഹരിയാനയിലെ ദ്വാരക എക്സ്പ്രസ് വേയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. റിക്ഷയിലെ ഇരുമ്പ് കമ്പികള്‍ കാര്‍ ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു.


◾  ഇന്ത്യയിലുള്ള ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശിന്റെ അപേക്ഷ ലഭിച്ചതായി വിദേശ കാര്യ മന്ത്രാലയം. ഇന്ത്യയുടെ മറുപടി പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഈ വിഷയം ഒരു തടസ്സമായി മാറരുതെന്ന് വിദേശകാര്യ സഹമന്ത്രി ഷാമ ഒബെയ്ദ് ഇസ്ലാം പറഞ്ഞു.


◾  ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളം മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. നിരവധി യുദ്ധവിമാനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായെന്നും ഇത് അമേരിക്കന്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നും ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചു.


◾  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നവര്‍ക്ക് ഒരു കോടി യുഎസ് ഡോളര്‍ പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘമായ ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ്(ഐആര്‍ഐ). ട്രംപിനെ വധിക്കുന്നത് ആരാണെങ്കിലും അവര്‍ക്ക് 10 മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനിക്കുമെന്നാണ് ഇറാന്റെ പിന്തുണയുള്ള ഐആര്‍ഐ പ്രഖ്യാപിച്ചിരിക്കുന്നത്.


◾  അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്കു പകരം വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശികളായ പല ഡ്രൈവര്‍മാരും ലഹരിമരുന്നിനും മദ്യത്തിനും അടിമകളാണെന്നും റോഡപകടങ്ങളില്‍ നിരവധി പേര്‍ മരിക്കാന്‍ ഇക്കൂട്ടര്‍ കാരണമാകുന്നുണ്ടെന്നും ആരോപിച്ചാണ് ട്രംപിന്റെ പുതിയ നീക്കം.


◾  ലേബര്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആന്‍ഡി ബേണെം ബ്രിട്ടനിലെ പ്രധാനമന്ത്രിയായി തിങ്കളാഴ്ച അധികാരമേല്‍ക്കും. മേക്കര്‍ഫീല്‍ഡില്‍നിന്നുള്ള എംപിയായ അദ്ദേഹം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മുന്‍ മേയറാണ്. പാര്‍ട്ടിയിലെ പിന്തുണ നഷ്ടപ്പെട്ട് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ രാജിവച്ചതിനാലാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.


◾  മെക്സിക്കോയിലെ ചിയാപ്പാസില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. അയല്‍രാജ്യങ്ങളായ എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.


◾  വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന  ബാര്‍ബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകന്‍ ഡാനിയേല്‍ സോബേഴ്‌സ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ ഒരു യുഗത്തിന്റെ പ്രതീകമായിരുന്നു.


◾  ജപ്തിയുടെ ഭാഗമായി പിടിച്ചെടുത്ത സ്വത്തുക്കള്‍ വായ്പയെടുത്തയാള്‍ക്കോ അതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കോ തിരികെ വില്‍ക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക്. വായ്പയെടുത്തവര്‍ക്ക് മുന്‍ഗണന നല്‍കുന്നത് ധനകാര്യ അച്ചടക്കം ലംഘിക്കുമെന്നും, ബാങ്കുകള്‍ പരസ്യ ലേലത്തില്‍ കൂടി മാത്രമേ അവ വില്‍ക്കാവൂ എന്നുമാണ് ആര്‍.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ഗതിയില്‍, ബാങ്കുകള്‍ അവരുടെ വായ്പാ ഇടപാടുകള്‍ക്ക് പകരമായി ധനേതര ആസ്തികള്‍  കൈവശം വെക്കാന്‍ പാടുള്ളതല്ല. എന്നാല്‍, വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളായി മാറുകയും നിയമപരമോ കരാര്‍പരമോ ആയ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന അസാധാരണ സാഹചര്യങ്ങളില്‍, കടം തിരിച്ചുപിടിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് ഈടായി നല്‍കിയിട്ടുള്ള സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാം. പരമാവധി ഏഴ് വര്‍ഷത്തിനുള്ളില്‍, ജപ്തി ചെയ്ത ആസ്തി പൊതു ലേലത്തിലൂടെ എത്രയും വേഗം വിറ്റഴിക്കാന്‍ ബാങ്ക് പരമാവധി ശ്രമിക്കണമെന്നുമാണ് ആര്‍.ബി.ഐ നിര്‍ദേശം. നിര്‍ദേശങ്ങള്‍ 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.


◾  ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് കനത്ത തിരിച്ചടി. 2026ലെ ജൂണ്‍ പാദത്തില്‍ ചൈനീസ് കമ്പനികളുടെ സംയുക്ത വിപണി വിഹിതം 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഷിപ്‌മെന്റുകള്‍ ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ജൂണ്‍ പാദ ഇടിവാണിത്. ഏറ്റവും കൂടുതല്‍ ആഘാതം നേരിട്ടത് 15,000 രൂപയില്‍ താഴെയുള്ള ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗമാണ്. ഈ വിഭാഗത്തിലെ ഷിപ്‌മെന്റുകള്‍ ഒരു വര്‍ഷത്തിനിടെ 45 ശതമാനം വരെ ഇടിഞ്ഞു. വിവോ, ഓപ്പോ, ഷവോമി, റിയല്‍മി, വണ്‍പ്ലസ് തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം നഷ്ടമായി. നത്തിംഗ് വാര്‍ഷിക അടിസ്ഥാനത്തില്‍ 105 ശതമാനം വളര്‍ച്ച നേടി. 45,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം വിഭാഗത്തില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ കമ്പനിക്ക് 68 ശതമാനം വളര്‍ച്ച നേടിക്കൊടുത്തു.


◾  വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' യിലെ 'ഹൗസ് ഹസ്ബന്‍ഡ്' വീഡിയോ ഗാനം പുറത്ത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് സത്യന്‍ മഹാലിംഗമാണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് ഈണം നല്‍കിയത്. ചിത്രത്തിലെ വിഷ്ണു വിശാല്‍ കഥാപാത്രത്തെ ഏറെ സരസമായി അവതരിപ്പിക്കുക ഗാനം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാല്‍ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തില്‍ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


◾  തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന 'സൂര്യ 47' ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറില്‍ നടി ജ്യോതിക ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിര്‍ണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. വമ്പന്‍ ബഡ്ജറ്റില്‍ വന്‍ കാന്‍വാസിലാണ് ഈ മാസ് എന്റര്‍ടെയ്നെര്‍ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിന്‍ ശ്യാം ആണ്. സുഷിന്‍ ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്‍ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോണ്‍ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


*ശുഭദിനം*

*കവിത കണ്ണന്‍*

ഒരു ശില്‍പി മനോഹരമായ ഒരു സിംഹാസനം നിര്‍മ്മിക്കുകയായിരുന്നു. അത് കണ്ടൊരു ബുദ്ധസന്യാസി പറഞ്ഞു:  'ഇതിനായി പരിശ്രമിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.'   ശില്‍പി അത്ഭുതപ്പെട്ടു.   'ഞാനല്ലേ ഇത് ഒറ്റയ്ക്കുണ്ടാക്കിയത്? പിന്നെ എന്തിനാണ് എല്ലാവര്‍ക്കും അഭിനന്ദനം?'  സന്യാസി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'ആദ്യം ആ ചുറ്റികയുടെ പിടി ഊരിമാറ്റൂ. എന്നിട്ട് അത് ഉപയോഗിച്ച് നോക്കൂ.'  'പിടിയില്ലാതെ എങ്ങനെ ഉപയോഗിക്കും?' ശില്‍പി ചോദിച്ചു.   'അതുപോലെ തന്നെയാണ് ജീവിതവും. ചുറ്റികയ്ക്ക് അടിക്കുന്ന ഭാഗം മാത്രം മതിയാകാത്തതുപോലെ, ഒരു മനുഷ്യന്റെ വിജയത്തിനും അവന്റെ കഴിവ് മാത്രം പോര. പിന്നില്‍ താങ്ങായി നിന്ന ഒരുപാട് കൈകളുണ്ട്.'   അപ്പോഴാണ് ശില്‍പിക്ക് കാര്യം മനസ്സിലായത്. നമ്മള്‍ ചെയ്യുന്ന ഓരോ നല്ല കാര്യത്തിന്റെയും പിന്നില്‍, നമ്മളെ പ്രാപ്തരാക്കിയ അനേകം മനുഷ്യരും അനുഭവങ്ങളും സാഹചര്യങ്ങളും ഉണ്ടാകും. ചിലര്‍ പേരുള്ളവര്‍, ചിലര്‍ പേരറിയാത്തവര്‍... ചിലത് ജീവിക്കുന്നവ, ചിലത് നിര്‍ജീവമായവ.  അതുകൊണ്ട്, എത്ര ഉയരത്തിലെത്തിയാലും അവിടെ എത്താന്‍ ചവിട്ടുപടിയായ എല്ലാവരെയും എല്ലാറ്റിനെയും നന്ദിയോടെ ഓര്‍ക്കാന്‍ മറക്കരുത്.  -  ശുഭദിനം.

________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment

Previous Post Next Post