o ഓട്ടോറിക്ഷകൾ കുത്തിത്തുറന്നുള്ള മോഷണം: പ്രതിയെ പിടികൂടി തലശ്ശേരി പോലീസ്
Latest News


 

ഓട്ടോറിക്ഷകൾ കുത്തിത്തുറന്നുള്ള മോഷണം: പ്രതിയെ പിടികൂടി തലശ്ശേരി പോലീസ്



ഓട്ടോറിക്ഷകൾ കുത്തിത്തുറന്നുള്ള മോഷണം: പ്രതിയെ പിടികൂടി തലശ്ശേരി പോലീസ്



തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടോറിക്ഷകളുടെ ഡാഷ് ബോർഡുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. കഴിഞ്ഞ കുറെ കാലമായി ഓട്ടോ ഡ്രൈവർമാർക്കും പോലീസിനും തലവേദനയായി മാറിയ മോഷണ പരമ്പരയ്ക്കാണ് ഇതോടെ അറുതിയായത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ  ഷിജിൻ കാരായിയുടെ അർപ്പണബോധത്തോടെയുള്ള ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായകമായത്.


​കഴിഞ്ഞ ജൂലൈ ഏഴാം തീയതി രാവിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സിറ്റി ലാബിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന പേഴ്സിൽ നിന്ന് എണ്ണായിരം രൂപ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ തന്നെ ഷിജിൻ  സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോൾ മാസ്ക് ധരിച്ച ഒരാൾ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിൽ കയറിയിറങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനായി അന്ന് വൈകുന്നേരം ഷിജിൻ പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.


​തുടർന്ന് പിറ്റേദിവസം എട്ടാം തീയതി രാവിലെ വീണ്ടും സ്റ്റാൻഡിലെത്തിയ ഷിജിൻ, ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗങ്ങളിൽ സൂക്ഷ്മമായി നിരീക്ഷണം നടത്തി. ഈ തിരച്ചിലിനിടെ ജൂബിലി കോംപ്ലക്സിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാക്കി ഷർട്ട് ധരിച്ച് ഡ്രൈവർ സീറ്റിൽ കയറിയിരിക്കുന്ന ഒരാളെ ശ്രദ്ധയിൽപ്പെടുകയും, സി.സി.ടി.വിയിൽ കണ്ട വ്യക്തി തന്നെയാണ് ഇതെന്ന് തിരിച്ചറിയുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.





Post a Comment

Previous Post Next Post