o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾  ഇറാനിലെ 140 കേന്ദ്രങ്ങളില്‍ അമേരിക്കുടെ ആക്രമണം. ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ പ്രത്യാക്രമണം. സൗദിയൊഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും ജോര്‍ദാനിലേക്കും ഇറാന്‍ ആക്രമണം നടത്തി. ഹോര്‍മൂസ് ഇറാന്‍ അടയ്ക്കുകയും ചെയ്തു. ഹോര്‍മൂസില്‍ ജി എഫ് എസ് ഗാലക്സി എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഇതേസമയം, ഹോര്‍മൂസ് കടലിടുക്ക് അടച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക. എന്നാല്‍, തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നു പോകാനാവില്ലെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കി.


2026  ജൂലൈ 13, തിങ്കള്‍ 

1201  മിഥുനം 29, തിരുവാതിര

1448  മുഹർറം 27




◾  പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഫോം ആറില്‍ മാതാപിതാക്കളുടെ  സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) വിവരങ്ങള്‍ നല്‍കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണു പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്.


◾  വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്. ദുരന്തത്തില്‍ മരിച്ച ഏഴു പേരുടെ കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതവും കരാര്‍ തൊഴിലാളിയായ അല്‍മോന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും കമ്പനി നല്‍കും. അപകടത്തില്‍ പരിക്കേറ്റ 9 പേരില്‍ 6 പേര്‍ക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും.


◾  ശബരിമലയില്‍ ഏത് പൂവ് ഉപയോഗിക്കണമെന്നു തീരുമാനിക്കുന്നതുപോലും ഹൈക്കോടതിയാണെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. ദേവസ്വത്തിനും സര്‍ക്കാരിനും ഒരു റോളുമില്ല. എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാല്‍ പിന്നെ ഭക്തജനങ്ങള്‍ക്ക് എന്തെങ്കിലും റോളുണ്ടോ? ശബരിമലയില്‍ അമിതമായ കോടതി ഇടപെടല്‍ വേണോ എന്നും കെ. മുരളീധരന്‍ ചോദിച്ചു.




◾  സിപിഎമ്മില്‍ സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതൃസ്ഥാനങ്ങളില്‍ മാറ്റമില്ല. അതേസമയം നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് സമ്മേളന പ്രതിനിധികള്‍ ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തന ശൈലിയില്‍ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി വിലയിരുത്തി. പാര്‍ട്ടി ജനങ്ങളിലേക്കും അനുഭാവികളിലേക്കും ഇറങ്ങണമെന്നും പാര്‍ട്ടിയോടൊപ്പം നില്‍ക്കാവുന്ന ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിക്കണമെന്നും യോഗം വിലയിരുത്തി.


◾  വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. പാലത്തില്‍നിന്ന് 150 മീറ്റര്‍ താഴെ ഏല തോട്ടത്തിലെ കുളത്തിലായിരുന്നു ഹിമാചല്‍ സ്വദേശി വിക്രം റാണയുടെ മൃതദേഹം.


◾  നെഹ്‌റു ട്രോഫി ഒന്നാം സമ്മാനത്തുക അഞ്ചു ലക്ഷം രൂപയില്‍നിന്ന് സര്‍ക്കാര്‍ 25 ലക്ഷമായി ഉയര്‍ത്തി സര്‍ക്കാര്‍. രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്നവര്‍ക്ക് 15 ലക്ഷം രൂപയും സമ്മാനമായി നല്‍കും. വള്ളംകളിക്കുള്ള സര്‍ക്കാര്‍ ഗ്രാന്‍ഡ് രണ്ടു കോടി രൂപയായും ഉയര്‍ത്തി.


◾  പ്രധാനമന്ത്രിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മലപ്പുറം സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സൈബര്‍ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് ഇത് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു.


◾  ഒറ്റയ്ക്കല്ല, പാസുകള്‍ നല്‍കി മുന്നോട്ടു പോകണമെന്ന സന്ദേശമാണു ഫുട്ബോള്‍ എല്ലാവര്‍ക്കും നല്‍കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. പാസ് നല്‍കിയാണു പാര്‍ട്ടിയെയും മുന്നോട്ടു നയിക്കണ്ടത്. പാര്‍ട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കള്‍ ഒഴിവാക്കണം. പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്ന സമീപനം പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




◾  യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ടു മാസമായിട്ടും മന്ത്രിമാര്‍ക്കു പേഴ്സണല്‍ സ്റ്റാഫായില്ല. പ്രധാന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണു കാരണം. മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥന്റെ നിയമനം ഉള്‍പെടെ പല മന്ത്രിമാരുടെയും ഓഫീസുകളില്‍ വിവിധ തസ്തികകളില്‍ ജോലി തുടങ്ങിയ പലര്‍ക്കും നിയമന ഉത്തരവ് ആയിട്ടില്ല.


◾  സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍. അടൂര്‍ പൊലീസ് എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.


◾  മാലിന്യം ശേഖരിച്ച ഹരിതകര്‍മസേനയ്ക്ക് അഞ്ചുവര്‍ഷത്തെ വരുമാനം 40.06 കോടി രൂപ. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യം മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കിയ ക്ലീന്‍കേരള കമ്പനി വഴിയാണ് ഈ നേട്ടമുണ്ടാക്കിയത്. 2025- 26 വര്‍ഷം കമ്പനിയുടെ ഏകദേശ വിറ്റുവരവ് 66.40 കോടിരൂപയും ലാഭം 10.16 കോടി രൂപയുമാണ്. ഇങ്ങനെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി 40 കോടി രൂപ കിട്ടി.


◾  ജി സുധാകരന്‍ എംഎല്‍എയ്ക്കു താക്കീതുമായി സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിച്ചില്ലെങ്കില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്.


◾  പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പിഎസിന്റെ ലേഖനം. കരാറില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരന്‍ കൂടിയായ രതീഷ് കാളിയാടന്റെ ലേഖനം പറയുന്നത്. ഇടതു ഭരണ കാലത്ത് മന്ത്രിസഭ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടതില്‍ അപാകതയുണ്ടെന്നും ലേഖനം വിമര്‍ശിക്കുന്നു.


◾  വിഴിഞ്ഞം വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ലെന്നും, ഓരോ നേതാക്കള്‍ അവരുടെ ശൈലിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുവെന്നേ ഉള്ളൂവെന്നും സിപിഎം നേതാവ് എം സ്വരാജ്. പാര്‍ട്ടി ഇക്കാര്യത്തിലുള്ള നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു.


◾  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്ക്. 185 വിവാഹങ്ങളാണ് ഇന്നലെ നടന്നത്. പുലര്‍ച്ചെ അഞ്ചു മുതല്‍ നാലു മണ്ഡപങ്ങളിലായാണ് താലികെട്ട് നടന്നത്. 11 മണി വരെ ക്ഷേത്രത്തിനകത്തും പുറത്തും വണ്‍വേ സംവിധാനത്തിലൂടെ ഭക്തരെ നിയന്ത്രിച്ചു. ഉച്ച പൂജയ്ക്ക് നടയടക്കുന്നതിന് മുമ്പ് 12 മണിയോടെ വിവാഹങ്ങള്‍ പൂര്‍ത്തിയായി. മിഥുന മാസത്തിലെ മുഹൂര്‍ത്തമുള്ള ദിവസമായതിനാലാണ് തിരക്ക് അനുഭവപ്പെട്ടത്. 721 കുട്ടികള്‍ക്ക് ചോറൂണ് നല്‍കി. വഴിപാടിനത്തില്‍ മാത്രമായി 99,03,014 രൂപയാണ് ക്ഷേത്രത്തില്‍ ലഭിച്ചത്.


◾  താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണന്‍. ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനു കോടി സ്വാമിഭക്തര്‍ക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ല. ശബരിമലയില്‍ ആചാര ലംഘനം നടത്തി അശുദ്ധി വരുത്തിയവര്‍ പോലും തന്ത്രി കുടുംബം ചെയ്ത അത്ര അശുദ്ധി ഉണ്ടാക്കിയിട്ടില്ല. മോഹനര് തന്ത്രിയെ വേശ്യപ്പുരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മോഹനരരുടെ സഹോദരന്‍ രാജീവര് വ്യാജരേഖ ചമച്ച് സ്വര്‍ണ്ണക്കൊള്ള നടത്തിയ രണ്ടു കേസിലെ പ്രതിയാണ്. ക്ഷേത്രത്തിന്റെ ഉടമകളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് തന്ത്രികളെ നിയമിക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.


◾  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാന്‍ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ സ്വീകരിച്ച നടപടികളെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍. തിരക്ക് കുറയ്ക്കാനും രോഗികളെ തറയില്‍ കിടത്തുന്നത് ഒഴിവാക്കാനുമായി പുലയനാര്‍ക്കോട്ട ആശുപത്രിയില്‍ സംവിധാനം ഒരുക്കിയതായുള്ള മുരളീധരന്റെ പോസ്റ്റ് പങ്കുവെച്ചാണ് പ്രശംസ.


◾  ഗവിയിലേക്ക് കൂടുതല്‍ ബസ് സര്‍വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ കെഎസ്ആര്‍ടിസി എംഡിക്ക് കത്ത് നല്‍കി. പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിക്ക് പോകുന്ന പ്രിയദര്‍ശിനി ബസ് ഇന്നലെയും വനത്തിനുള്ളില്‍ കേടായി. 42 പേരെ ഉള്‍ക്കൊള്ളാവുന്ന ബസില്‍ നൂറിനടുത്ത് യാത്രക്കാര്‍ കയറുന്നുണ്ട്. ഇതോടെയാണ് ബസ് തകരാറിലാകുന്നതെന്നാണു ചൂണ്ടിക്കാണിക്കുന്നത്.


◾  പൊതുഗതാഗതത്തെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാറിനുള്ളതെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. കെഎസ്ആര്‍ടിസിയെ പുറമ്പോക്കിലേക്ക് തള്ളിവിടില്ല. ജീവനക്കാരെ വിശ്വാസത്തില്‍ എടുത്താവും കെഎസ്ആര്‍ടിസിയെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ പ്രതാപത്തിലേക്ക് കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.


◾  ഉസ്ബെക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചതടക്കമുള്ള ഗുരുതര ആരോപണ വിഷയങ്ങള്‍ ഗൗരവമായി കണക്കിലെടുത്താണ് കമ്മീഷന്റെ അടിയന്തര ഇടപെടല്‍.


◾  പി എം ശ്രീ പദ്ധതിയില്‍ കേന്ദ്രം ഫെഡറലിസത്തിന് എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കെ കെ ശൈലജ. നീറ്റ് പരീക്ഷ അടിച്ചേല്‍പ്പിച്ചതുപോലെ പി എം ശ്രീയും സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം എന്നും അവര്‍ പറഞ്ഞു.


◾  1990 ല്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ കേസിലെ പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മൈസൂരുവില്‍ ശിവകുമാര്‍ എന്ന പേരില്‍ ജീവിച്ചിരുന്ന മലപ്പുറം സ്വദേശി വി കെ ജോസിനെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.


◾  അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ കല്ലിങ്ങല്‍ എം എസ് എം എച്ച് എസ് എസ് സ്‌കൂളിലെ അധ്യാപകന്‍ ബല്‍രാജിനെ സസ്പെന്‍ഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.


◾  മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനത്തില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് നിയമനം നല്‍കിയതിനെതിരെ കെപിസിസിക്കും എഐസിസിക്കുമാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.


◾  പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. വാണിയംകുളം കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്‌കര്‍ (68), ഭാര്യ രമാദേവി (65), മകന്‍ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊര്‍ണൂര്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടില്‍നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.


◾  ഗുരുവായൂരില്‍ 65 കാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന രണ്ടു പേര്‍ പിടിയില്‍. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും പിടിയിലായി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്. സെന്താനവല്ലിയുമായി ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യപാനത്തിനിടെയുണ്ടായ വെളിപ്പെടുത്തലിലാണ് കൊലക്കേസ് പുറത്തറിഞ്ഞത്.


◾  ജോലിക്കിടെ ഷോക്കേറ്റ് ലൈന്‍മാന്‍ മരിച്ചു. പന്മന ചോലത്തറയില്‍ പീടികയില്‍ അല്‍ത്താഫ് (48) ആണ് മരിച്ചത്. പുത്തൂര്‍ ആറ്റുവാശ്ശേരിയിലെ ഒരു വീട്ടില്‍ വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിനിടെയാണു ഷോക്കേറ്റത്.


◾  വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. അപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നു രാത്രി പത്ത് മണിയോടെ മുംബൈ വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


◾  എസ്.ജാനകി ഓര്‍മയായി. തെന്നിന്ത്യന്‍ വാനമ്പാടിക്ക് നെഞ്ചുരുകി പ്രണാമം അര്‍പ്പിച്ചു രാജ്യം യാത്രാമൊഴിയേകി. കെ.എസ്. ചിത്ര അടക്കമുള്ള സംഗീതജ്ഞര്‍ കണ്ണീരോടെ വിടയേകി. മൈസൂരുവില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിന്റെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്‌കാരം. മൈസുരു മഹാരാജ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് കനിയനഹുണ്ടി ഫാം ഹൗസില്‍ സംസ്‌കാരത്തിനായി ജാനകിയുടെ ഭൗതിക ശരീരം എത്തിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ ബഹുമതികള്‍ അര്‍പ്പിച്ചു. പേരക്കുട്ടി അപ്സരയാണ് ജാനകിയമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. തെലുങ്ക് ബ്രാഹ്‌മണ ആചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.


◾  ബിജെപിക്കെതിരെ ദേശീയ തലത്തില്‍ വിജയ്യുടെ ടിവികെയും ഡിഎംകെയും ഒന്നിക്കണമെന്ന വിസികെയുടെ നിര്‍ദ്ദേശം ഡിഎംകെ തള്ളി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ വഞ്ചിച്ച് ടിവികെയെ പിന്തുണച്ച കോണ്‍ഗ്രസിനെയും വിസികെയെയും ഡിഎംകെ രൂക്ഷമായി വിമര്‍ശിച്ചു.


◾  എസ്ഐആര്‍ നടപടി ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാറിന് കത്തയച്ചു. ബംഗാളിലെയും ബിഹാറിലെയും വോട്ടര്‍ പട്ടിക പരിഷ്‌കരണം ദശലക്ഷക്കണക്കിന് ആളുകളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയതായി കത്തില്‍ ആരോപിക്കുന്നു.


◾  തദ്ദേശീയ മിസൈല്‍ നിര്‍മാണം സ്വകാര്യ കമ്പനികള്‍ക്കു വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ നിര്‍മിത 'അസ്ത്ര' മിസൈല്‍ വാങ്ങാന്‍ ഇന്‍ഡൊനീഷ്യ താത്പര്യം പ്രകടിപ്പിച്ചതിന് പിറകേയാണ് കേന്ദ്രത്തിന്റെ തീരുമാനം. അസ്ത്ര മാര്‍ക്ക് ടു ബിവിആര്‍ മിസൈലുകള്‍ നിര്‍മിക്കുന്നതിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ടുള്ള പ്രൊപ്പോസല്‍ പ്രതിരോധ മന്ത്രാലയം ഉടന്‍ പുറത്തിറക്കു.ം


◾  വാട്സാപ്പില്‍ ലഭിച്ച ടിക്കറ്റ് ചിത്രമോ സ്‌ക്രീന്‍ഷോട്ടോ യഥാര്‍ത്ഥ ടിക്കറ്റായി കണക്കാക്കില്ലെന്ന് റെയില്‍വേ. വാട്സാപ്പിലൂടെ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുകളുടെയോ സ്‌ക്രീന്‍ഷോട്ടുകളുടെയോ അടിസ്ഥാനത്തില്‍ ഇനിമുതല്‍ യാത്ര അനുവദിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. യാത്രക്കാര്‍ അംഗീകൃത റെയില്‍വേ ബുക്കിങ് പ്ലാറ്റ്‌ഫോമിലൂടെ ലഭിച്ച യഥാര്‍ഥ ഇ-ടിക്കറ്റോ റെയില്‍വേ കൗണ്ടറില്‍ നിന്ന് വാങ്ങിയ അച്ചടിച്ച ടിക്കറ്റോ ഹാജരാക്കണമെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്.


◾  തിരിമറിയിലൂടെ പൊലീസ് ജോലി തട്ടിയെടുത്ത കേസില്‍ വ്യാജരേഖ ചമച്ച പ്രതിക്ക് 27 വര്‍ഷങ്ങള്‍ക്ക് ശേഷം തടവുശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശിലെ കോടതി. ഹാഥ്റാസ് ജില്ലയിലെ സിത്രാപൂര്‍ സ്വദേശിയായ ഭോജ്രാജിനാണ് ആഗ്രയിലെ കോടതി മൂന്നു വര്‍ഷം തടവും 3,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.


◾  ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ ജ്വല്ലറിയില്‍ എത്തിയ യുവതി കുടിവെള്ളമെന്ന് കരുതി കുപ്പിവെള്ളത്തില്‍ നിന്നും ആസിഡ് കുടിച്ചു. ആസിഡ് വായിലേക്ക് ഒഴിച്ചതിനെത്തുടര്‍ന്ന് നില ഗുരുതരമായ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◾  അയോധ്യ ക്ഷേത്രക്കൊള്ളയില്‍ നിരാശയും ദുഃഖവുമുണ്ടെന്ന് ആര്‍എസ്എസ്. അന്വേഷണത്തിലൂടെ സത്യം പുറത്ത് വരും. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രസ്റ്റ് ജാഗ്രത പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കര്‍ണാടകയില്‍ നടന്ന ആര്‍എസ്എസ് പ്രാന്തപ്രചാരക് ബൈഠക്കില്‍ പറയുന്നു.


◾  ചില്ലറ തരാത്തതിന് ബെംഗളൂരുവില്‍ ഗതാഗത മന്ത്രിയോട് ബസില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് കണ്ടക്ടര്‍. ബിഎംടിസി ബസില്‍ രഹസ്യമായി നടത്തിയ പരിശോധനയ്ക്കിടെയാണ് മന്ത്രി ബൈരാതി സുരേഷിനോട് കണ്ടക്ടര്‍ ബസില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ മന്ത്രിയെ തിരിച്ചറിയാതെ പോയതാണ് കണ്ടക്ടര്‍ക്ക് അമളി പറ്റിയത്.


◾  ബീച്ചില്‍ ജീപ്പുമായി യുവാക്കളുടെ സാഹസികത. തിരയില്‍ കുടുങ്ങി യുവാക്കളും ജീപ്പും. കന്യാകുമാരി ജില്ലയിലെ കരുങ്കലിനടുത്തുള്ള മിഡാലം ബീച്ചില്‍ പൂണ്ടുപോയ യുവാക്കളുടെ ജീപ്പ് തിരമാലകള്‍ വിഴുങ്ങി.


◾  ഫിന്‍ലന്‍ഡില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. 18 കാരനായ മണിദീപ് റെഡ്ഡിയുടെ മൃതദേഹം കടലില്‍ നിന്നാണ് കണ്ടെത്തിയത്. സോഫ്റ്റ്വെയര്‍ ആന്റ് സിസ്റ്റംസില്‍ എഞ്ചിനീയറിങ് കോഴ്സ് ചെയ്തുവരികയായിരുന്നു മണിദീപ് റെഡ്ഡി.


◾  ഖത്തറിന്റെ മുന്‍ ഭരണാധികാരിയായിരുന്ന 'ഫാദര്‍ അമീര്‍' എന്നറിയപ്പെടുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ശൈഖ് ഹമദ് ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവായിരുന്നുവെന്നും, ഇന്ത്യയുടെ അടുത്ത സുഹൃത്ത് ആയിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.


◾  അമേരിക്കയുമായുള്ള യുദ്ധത്തില്‍ ഗള്‍ഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതില്‍ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാന്‍. ഗള്‍ഫ് മേഖലക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പേരില്‍ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഒമാന്‍ പ്രതിഷേധം അറിയിച്ചു


◾  യുഎസ് സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ലിന്‍ഡ്സി ഗ്രഹാം (71) അന്തരിച്ചു. പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.


◾  സൗദി അറേബ്യയില്‍ ഭരണതലത്തില്‍ നിര്‍ണായക അഴിച്ചുപണികള്‍ നടത്തി സല്‍മാന്‍ രാജാവിന്റെ പുതിയ ഉത്തരവുകള്‍ പുറത്തിറങ്ങി. ശനിയാഴ്ച വൈകീട്ടാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിക്കൊണ്ടും പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുമുള്ള നിരവധി രാജകീയ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചത്.


◾  വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം യാനിക് സിന്നര്‍ നിലനിര്‍ത്തി. ഫ്രഞ്ച് ഓപ്പണിലെ വിജയഗാഥ തുടരാന്‍ അലക്‌സാണ്ടര്‍ സ്വരേവിനായില്ല. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയാണ് സിന്നര്‍ സ്വരേവിനെ കീഴടക്കിയത്.


◾  ലോകകപ്പ് ഫുട്ബോളില്‍ ആദ്യ സെമി ഫൈനല്‍ നാളെ അര്‍ധരാത്രി 12.30 മുതല്‍ സ്പെയിനും ഫ്രാന്‍സും തമ്മില്‍. ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള സെമി ഫൈനല്‍ ബുധനാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ്. ഇന്നലെ നടന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സ്വിറ്റ്‌സര്‍ലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അര്‍ജന്റീന സെമിഫൈനലിലേക്ക് എത്തിയത്.  


◾  ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ബിസിസിഐ അടിയന്തര മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഏകദിന ടീമില്‍ പരിക്കേറ്റ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം യുവ ഫാസ്റ്റ് ബോളര്‍ പ്രിന്‍സ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. ട്വന്റി 20 യില്‍ പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയെ ടീമില്‍ ഉള്‍പ്പെടുത്തി.


◾  ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 92,995 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 194 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 35,808 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 12,69,454 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 34,896 കോടി, എല്‍ഐസി 16,065 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 6,224 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.


◾  സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളും കടുത്ത വിമര്‍ശനങ്ങളും കാരണം ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക് ഉള്ളടക്കം ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന 'മ്യൂസ് ഇമേജ്' എന്ന പുതിയ എഐ ഫീച്ചര്‍ മെറ്റ പിന്‍വലിച്ചു. മെറ്റ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്സ് പുറത്തിറക്കിയ ആദ്യ എഐ ഇമേജ് ജനറേഷന്‍ മോഡലായ മ്യൂസ് ഇമേജ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അവതരിപ്പിച്ചത്. മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളെ ടാഗ് ചെയ്യാനും, അവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് എഐ ചിത്രങ്ങള്‍ നിര്‍മിക്കാനും അല്ലെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിച്ചിരുന്നു. ഇതാണ് കടുത്ത സ്വകാര്യതാ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. വിവാദങ്ങളെത്തുടര്‍ന്ന് ജൂലായ് ഒമ്പതിന് ഈ ഫീച്ചര്‍ പിന്‍വലിച്ചതായി മെറ്റ അറിയിച്ചു.


◾  പ്രശസ്ത തെന്നിന്ത്യന്‍ താരം നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രമായ 'എന്ന വിലൈ' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലര്‍ ഘടകങ്ങള്‍ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് 'എന്ന വിലൈ' ഒരുക്കിയിരിക്കുന്നത്. പതിനാറാമത് ദാദാസാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച തിരക്കഥക്ക് ഉള്ള പുരസ്‌കാരം നേടി. വൈ ജി മഹേന്ദ്രന്‍, പൂര്‍ണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ റാം, നിഴല്‍ഗല്‍ രവി, പ്രവീണ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.


◾  'തുടരും' ഫെയിം പ്രകാശ് വര്‍മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആന്റ് ഓര്‍ഡര്‍' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. അഭിരാമി, ഋതുദേവ് അയ്യപ്പന്‍, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, സജല്‍ സുദര്‍ശനന്‍, നിജാദ് ബാബു തോമസ്, ഷേര്‍ഷ ഷെരീഫ്, റിനോഷ് ജോര്‍ജ്ജ്, അമല്‍ ജോസ് ആന്റണി, ബോബി കുര്യന്‍, വി കെ പ്രകാശ്, ദേവന്‍, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥന്‍, ജോയ് മാത്യു, ഭീമന്‍ രഘു, ജെയ്സ്, അസീം ജമാല്‍, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണന്‍, ശങ്കര്‍ രാമകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മോഹന്‍ ജോസ്, മാധുരി, സാബു മോന്‍, നന്ദു, മുരുകന്‍, സന്ധ്യ രാജേന്ദ്രന്‍, വൈഷ്ണവി, രമാദേവി,അംബിക നായര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങള്‍. കഥ -തിരക്കഥ -സംഭാഷണം ഉദയ് കൃഷ്ണ.


◾  വില്‍പ്പനയില്‍ തിരിച്ചടി നേരിട്ട് ഹ്യുണ്ടായി അയോണിക് 5. 2026 ജൂണില്‍ രാജ്യത്താകെ ഈ മോഡല്‍ സ്വന്തമാക്കിയത് വെറും ഒമ്പത് ഉപഭോക്താക്കള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 12 യൂണിറ്റുകള്‍ വിറ്റിരുന്ന വാഹനത്തിന്റെ വില്‍പ്പനയില്‍ ഇത്തവണ ഏകദേശം 25 ശതമാനം ഇടിവ് രേഖപ്പെടുത്തി. പ്രീമിയം വിലയും പരിമിതമായ ഉപഭോക്തൃ വിഭാഗവുമാണ് അയോണിക് 5-ന്റെ വില്‍പ്പന കുറയാന്‍ പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തല്‍. ഫീച്ചറുകളുടെ കാര്യത്തിലും സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും വാഹനം മുന്നിലാണ്. 21-ലധികം അഡ്വാന്‍സ്ഡ് സുരക്ഷാ ഫീച്ചറുകള്‍ ലഭ്യമാണ്. 84 കിലോവാട്ട്അവര്‍ ലിക്വിഡ്-കൂള്‍ഡ് ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 690 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. അയോണിക് 5-ന്റെ എക്‌സ്-ഷോറൂം വില 55.70 ലക്ഷം രൂപ മുതലാണ്.


◾  ഹൃദയത്തെ തൊടുന്ന ഓര്‍മ്മകളെ കോര്‍ത്തിണക്കിക്കൊണ്ട് ലളിതമായ ഭാഷയില്‍ എഴുതിയ ചെറുനോവലുകളുടെ സമാഹാരം. പ്രതിസന്ധികളിലും പ്രതീക്ഷയുടെ പുതുമഴ സ്വപ്പ്‌നം കാണുന്ന മനുഷ്യരെ നമുക്ക് ഈ രചനകളില്‍ കാണാം. ജീവിതനിരീക്ഷണത്തിന്റെ മനോഹാരിതയും സ്നേഹത്തിന്റെ സൗന്ദര്യവും മുറിവുകളുടെ ആര്‍ദ്രതയും ജീവിതത്തിന്റെ മഴത്തണുപ്പോടെ വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു. 'ആര്‍ദ്രം'. നിഷാന്ത് ടി പാപ്പിനിശ്ശേരി. പായല്‍ ബുക്സ്. വില 247 രൂപ.


◾  ബിപി കൂടുന്നതിന് പിന്നില്‍ പ്രധാനപ്പെട്ട കാരണം ഉപ്പാണെന്നാണ് പലരും കരുതുന്നത്. ഉപ്പ് രക്താതിമര്‍ദ്ദ പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഉപ്പ് മാത്രമല്ല പഞ്ചസാരയും രക്തസമ്മര്‍ദ്ദം കൂട്ടാം. പഞ്ചസാര പാനീയങ്ങളില്‍ നിന്നും അള്‍ട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ നിന്നും അമിതമായി ചേര്‍ക്കുന്ന പഞ്ചസാരയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. പഴങ്ങളില്‍ കാണപ്പെടുന്ന പ്രകൃതിദത്ത പഞ്ചസാരയില്‍ നിന്ന് വ്യത്യസ്തമായി, സോഫ്റ്റ് ഡ്രിങ്കുകള്‍, പായ്ക്ക് ചെയ്ത ജ്യൂസുകള്‍, മധുരപലഹാരങ്ങള്‍, മധുരമുള്ള കോഫി, എനര്‍ജി ഡ്രിങ്കുകള്‍, സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍ എന്നിവയിലൂടെ പഞ്ചസാര പലപ്പോഴും വലിയ അളവില്‍ ശരീരത്തിലെത്തുന്നു. ഇത് യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകള്‍ വഴക്കമുള്ളതായി നിലനിര്‍ത്താന്‍ സഹായിക്കുന്ന നൈട്രിക് ഓക്സൈഡ് എന്ന തന്മാത്ര കുറയ്ക്കുകയും ചെയ്യും. കൂടാതെ, നാഡീവ്യവസ്ഥയെ സജീവമാക്കുകയും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും വയറിലെ പൊണ്ണത്തടിക്കും കാരണമാകുന്നു. ഇവ രണ്ടും ഹൈപ്പര്‍ടെന്‍ഷന്റെ പ്രധാന കാരണങ്ങളാണ്.


*ശുഭദിനം*

*കവിത കണ്ണന്‍*

അവര്‍ കടുത്ത ദാരിദ്ര്യത്തിലായിരുന്നു. പക്ഷേ, ഒരു കാര്യം മാത്രം ഒരിക്കലും കൈവിട്ടില്ല... ദൈവത്തിലുള്ള വിശ്വാസം. ഒരു റേഡിയോ പരിപാടിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍, തന്റെ പ്രയാസങ്ങള്‍ അവര്‍ ദൈവത്തോടുള്ള ഒരു സന്ദേശമായി പങ്കുവെച്ചു. ഇത് കേട്ട ഒരു നിരീശ്വരവാദി, അവരുടെ വിശ്വാസത്തെ പരിഹസിക്കാന്‍ ഭക്ഷണവുമായി എത്തി.  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു:  'ഇത് നിങ്ങളുടെ ദൈവം തന്നതല്ല... ചെകുത്താന്‍ തന്നതാണ്.'  അവര്‍ ശാന്തമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: 'അങ്ങനെയാണെങ്കിലും എനിക്ക് അത്ഭുതമില്ല. ദൈവം കല്പിച്ചാല്‍, ചെകുത്താന് പോലും അത് അനുസരിക്കാതെ വഴിയില്ല എന്നാണ് എന്റെ വിശ്വാസം'  ദൈവത്തിലുളള ആ വിശ്വാസമായിരുന്നു അയാളുടെ ശക്തി.  വിശ്വാസത്തിന്റെ ആഴം തെളിയുന്നത് സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോഴാണ്.  ദൈവത്തിലായാലും, ഒരു ലക്ഷ്യത്തിലായാലും, ഒരു ബന്ധത്തിലായാലും...  പിടിച്ചാല്‍ മുറുകെ പിടിക്കൂ.  വിട്ടാല്‍ പൂര്‍ണമായി വിട്ടുകളയൂ.   അരമനസ്സോടെ ജീവിക്കുന്നവര്‍ക്ക് ആത്മാര്‍ഥത നഷ്ടപ്പെടും.  ഉള്ളില്‍ തീ ഉള്ളവരുടെ പ്രവര്‍ത്തികള്‍ക്കാണ് വെളിച്ചമുണ്ടാകുന്നത്.  വിശ്വാസത്തെ മുറുകെ പിടിക്കൂ... അതാണ് പല കൊടുങ്കാറ്റുകളെയും കടന്നുപോകാനുള്ള ശക്തി.  - 

      ശുഭദിനം.

➖➖➖➖➖➖➖➖



**

Post a Comment

Previous Post Next Post