ലഹരിക്കെതിരെ ഫുട്ബോളിന്റെ കരുത്തുമായി മാഹി;*
മാഹി: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് യുവതലമുറയെ ലഹരിയുടെ കറുത്ത ലോകത്ത് നിന്ന് കളിമുറ്റത്തിന്റെ ഹരിതാഭയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ മാഹിയിൽ വേറിട്ടൊരു ബോധവൽക്കരണ വീഡിയോ ഒരുങ്ങി. പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവണ്മെന്റ് എച്ച്.എസ്.എസിലെ സ്‌പോർട്സ് ക്ലബ്ബിന്റെയും ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ വീഡിയോ തയ്യാറാക്കിയത്.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ IAS-ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാഹി എം.എൽ.എ അഡ്വ. അശോക് കുമാർ വീഡിയോയുടെ ഔദ്യോഗിക പ്രകാശനം നിർവ്വഹിച്ചു.മാഹീ സർക്കിൾ ഇൻസ്‌പെക്ടർ അനിൽ കുമാർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.സ്കൂൾ കായിക അധ്യാപകൻ സി. സജീന്ദ്രൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാഹിയിലെ ഔദ്യോഗിക പ്രതിനിധികളും കായികരംഗവും ഒത്തുചേരുന്ന വലിയൊരു കൂട്ടായ്മയാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. ടർഫ് ഗ്രൗണ്ടിൽ വെച്ച് മാഹി എം.എൽ.എ "Say No to Drugs" എന്ന സന്ദേശത്തോടെ അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയ പന്ത്, ചീഫ് എഡ്യുക്കേഷണൽ ഓഫീസർ, സർക്കിൾ ഇൻസ്പെക്ടർ, വിവിധ പോലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാർ, ഡെപ്യൂട്ടി തഹസിൽദാർ, മുൻ സന്തോഷ് ട്രോഫി താരങ്ങൾ, കായിക അധ്യാപകർ എന്നിവരിലൂടെ കൈമാറി ഒടുവിൽ വി.എൻ.പി.ജി.എച്ച്.എസ്.എസിലെ വളർന്നു വരുന്ന ഫുട്ബോൾ താരം ശ്രീദേവ് ജി.പി. യുടെ കാലുകളിലേക്ക് എത്തുന്നതാണ് വീഡിയോയുടെ ഇതിവൃത്തം. ലഹരിയുടെ കെണികളെ തകർത്തെറിഞ്ഞ് ശ്രീദേവ് തൊടുക്കുന്ന കിക്ക് ലക്ഷ്യത്തിലെത്തുന്നതിലൂടെ ഒരു പുതിയ പ്രഭാതത്തിന്റെ തുടക്കമാണ് വീഡിയോ സമ്മാനിക്കുന്നത്.
"Break the Trap of Drugs" എന്ന സന്ദേശമുയർത്തി മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മറിന്റെയും ജേഴ്സി ധരിച്ച കുട്ടികൾ മെഴുകുതിരി വെളിച്ചത്തിൽ ‘’ടീമുകൾ ആയി തിരിഞ്ഞാലും ലഹരിക്ക് എതിരെ നമ്മൾ ഒന്നാണ്’’എന്ന മുദ്രാവാക്യം തീർത്ത ദൃശ്യം ലഹരിക്കെതിരെയുള്ള ശക്തമായ പ്രഖ്യാപനമായി മാറി.
കുട്ടികളെ കളിക്കളങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ലഹരിയില്ലാത്ത ഒരു നല്ല നാളേയ്ക്കായി കൈകോർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബോധവൽക്കരണ വീഡിയോ ഒരുക്കിയിട്ടുള്ളത് എന്ന് പരിപാടിയുടെ മുഖ്യ സംഘാടകനും കായിക അധ്യാപകനുമായ സി സജീന്ദ്രൻ മാസ്റ്റർ അറിയിച്ചു..മാഹി സിഇഒ എം എം തനൂജ, വൈസ് പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി ഭാഗ്യലത ടീച്ചർ ,ചിത്രകലാ അധ്യാപകൻ ടി എം സജീവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

Post a Comment