*പോഷക സമൃദ്ധി - ന്യൂ മാഹിയിൽ ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു*
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി വിവിധയിനം ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ന്യൂ മാഹി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ
ഫലവൃക്ഷത്തെ വിതരണം പദ്ധതിയുടെ വിതരണോദ്ഘാടനം ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം കെ സെയിത്തുവിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ നിർവഹിച്ചു. മാവ്, പ്ലാവ്, റമ്പൂട്ടാൻ, മംഗോസ്റ്റീൻ, പേര, നെല്ലി, അവകാഡോ തുടങ്ങി ഇരുപതോളം ഫലവൃക്ഷതൈകളാണ് വിതരണം ചെയ്തത്. പോഷക സമൃദ്ധമായ നല്ല നാളെ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണ് ഈ പദ്ധതി എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അർജുൻ പവിത്രൻ അഭിപ്രായപ്പെട്ടു. കൂടാതെ ഫലവർഗങ്ങളുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ വരും വർഷങ്ങളിലും ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നതാണെന്നും അറിയിച്ചു.
ചടങ്ങിൽ കൃഷി ഓഫീസർ എം ഒ അങ്കിത സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രീജ, മെമ്പർമാരായ ശഹദിയ മധുരിമ, കെ എം അപർണ, വൈശാഖ് മുരളീധരൻ, പി പി ഹസീന, വി മിനി, ഷർമില അഫ്സർ എന്നിവർ സംബന്ധിച്ചു.

Post a Comment