o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

◾  എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കു കോടതിയില്‍ ജാമ്യം കിട്ടുന്ന നിലപാടെടുത്ത തിരുവന്തപുരത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡോ. ടി. ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എ.ആര്‍. ഷാജിക്കാണു ചുമതല. എ. സന്തോഷ്‌കുമാറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. ഗീനാകുമാരിക്കെതിരേ സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയെ സമീപിച്ചേക്കും.



2026  ജൂണ്‍ 29 , തിങ്കള്‍ 

1201  മിഥുനം 15, മൂലം

1448  മുഹർറം 13


◾  സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി. ഇന്നലെ രാത്രി ഏഴ് മുതല്‍ എട്ടു വരെ വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനാല്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വൈദ്യുതി വാങ്ങാന്‍ കഴിയാത്തതും ഗ്രിഡ് ഫ്രീക്വന്‍സി അസാധാരണമായി താഴ്ന്നതും മൂലമാണു നിയന്ത്രണം വേണ്ടിവന്നത്. മഴ കുറഞ്ഞതുമൂലം ഡാമുകളിലെ ജലനിരപ്പ് 20.8 ശതമാനമായി കുറഞ്ഞതോടെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനായില്ല. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്നു പരിഗണിക്കും.



◾  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയ ബജറ്റ് നിര്‍ദേശം അടങ്ങുന്ന ധനബില്‍ ബുധനാഴ്ച നിയമസഭയിലെത്തും. നികുതി ഇളവു നിര്‍ദേശം ബല്ലില്‍ ഉള്‍പ്പെടുത്തിയതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് മന്ത്രി കെ. മുരളീധരന്‍. നടപ്പാക്കേണ്ടതുണ്ടോയെന്ന് യുഡിഎഫ് തീരുമാനിക്കും. വീര്യം കൂടിയതിനു നികുതി കുറച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.


◾  വീര്യം കുറഞ്ഞ മദ്യത്തിന്റ നികുതി കുറച്ച് ധന ബില്ലില്‍ ഉള്‍പ്പെടുത്തിയത് സ്വകാര്യ മദ്യ ലോബിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ബില്‍ പാസായാല്‍ വില്പനക്ക് സര്‍ക്കാര്‍ അനുമതി വേണ്ട. ബജറ്റിനൊപ്പം നികുതി ഇളവുകള്‍ നിയമമാക്കുന്ന ഫിനാന്‍സ് ബില്‍ സഭ അംഗീകരിച്ചാല്‍ അത് നിയമമാകും. യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന വാദത്തിന് ഒരു പ്രസക്തിയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



◾  പ്ലസ് വണ്‍ പ്രവേശനത്തിനു മുന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു രാവിലെ 11 മുതല്‍ പ്രവേശനം നേടാം. പ്രവേശന നടപടികള്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചുമണിയ്ക്ക് പൂര്‍ത്തിയാകും.


◾  തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എല്‍ഡിഎഫ്. തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും കവടിയാര്‍ കൗണ്‍സിലറുമായ കെഎസ് ശബരീനാഥന്‍. ബിജെപിയുമായുള്ള രഹസ്യ ധാരണ മൂലമാണ് സിപിഎം സഹകരിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.


◾  തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഇന്നു ചേരുമെന്നും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയനീക്കത്തെ നേരിടുമെന്നും മേയര്‍ വി വി രാജേഷ്. കോര്‍പ്പറേഷന്റെ പല സ്വത്തുക്കളിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് സിപിഎം നേതാക്കളാണ്. വൈകാതെത്തന്നെ അതു നിര്‍ത്തലാക്കും.  കോണ്‍ഗ്രസ് നേതാവ് ശബരിനാഥ് ആന്തൂറിയം പൂവുമായി മഴയത്ത് നില്‍ക്കുകയാണ്. സിപിഎം നേതാവായ എസ് പി ദീപക്കിന് അവലോസുണ്ട നല്‍കുന്നില്ല. അവിശ്വാസ പ്രമേയ നീക്കത്തെ മേയര്‍ രാജേഷ് പരിഹസിച്ചു.


◾  ആന്തൂറിയത്തിന്റേയും അവലോസ് ഉണ്ടയുടെയും ഒരു ക്രിഞ്ച് കോമഡി മേയര്‍ രാജേഷ് പങ്കുവയ്ക്കുന്നത് കേട്ടു.  നല്ല ബോറായിട്ടുണ്ടെന്ന് കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒന്നു ചോദിച്ചോട്ടെ, ഭരണത്തിലേറിയാല്‍ 45 ദിവസത്തിനകം മാസ്റ്റര്‍പ്ലാനും കേന്ദ്രത്തില്‍നിന്നു വമ്പന്‍ വികസനപദ്ധതികളും കൊണ്ടുവരുമെന്ന പ്രഖ്യാപനം എന്തായി? അദ്ദേഹം ചോദിച്ചു.


◾  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതു പ്രൊട്ടക്കോള്‍ വീഴ്ച മൂലമാണെന്നും അച്ചടക്ക നടപടിയെടുക്കുമെന്നും കേരള ഹൗസ് അഡിഷണല്‍ റെസിഡന്റ് കമ്മീഷണര്‍ അശ്വതി ശ്രീനിവാസ്. പ്രൊട്ടൊകോള്‍ ഓഫീസര്‍ ആര്‍. ശ്രീകുമാറിനെ സസ്പെന്‍ഡു ചെയ്തേക്കും.


◾  കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി വേണമെന്ന് മന്ത്രി മോന്‍സ് ജോസഫ്. യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.


◾  അമ്മ കുടുംബസംഗമത്തിന് സംഗീത പരിപാടി അവതരിപ്പിച്ചതിന് പതിമ്മൂന്നര ലക്ഷം രൂപയാണു കൈപ്പറ്റിയതെന്ന് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി. രണ്ടാഴ്ചത്തെ മുന്നൊരുക്കവും ടീമിന്റെ താമസ ചെലവും അടക്കമുള്ള മുഴുവന്‍ തുകയുടെ വിവരങ്ങള്‍ അഡ്ഹോക്ക് കമ്മിറ്റിക്ക് നല്‍കിയെന്നും സ്റ്റീഫന്‍ ദേവസി അറിയിച്ചു.


◾  എറണാകുളത്തുനിന്നു സ്ഥലം മാറി നാലു മാസം കഴിഞ്ഞിട്ടും ക്യാമ്പ് ഓഫീസ് വിട്ടു നല്‍കാത്ത എസ് പി ഹേമലതക്ക് മെമ്മോ. കൊല്ലം കമ്മീഷണറായ ഹേമലത ക്യാമ്പ് ഓഫീസ് ഉടനേ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അട്ടല്ലൂരിയാണു മെമ്മോ നല്‍കിയത്.


◾  സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്.


◾  പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. അഡീഷണല്‍ സെക്രട്ടറിയുടെ തസ്തികയ്ക്കു തുല്യമായ ചീഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം.


◾  യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ തൃശൂര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസിനു മുന്നിലെ റോഡ് ഉപരോധിച്ചു. വൈകീട്ട് ആറിനാരംഭിച്ച സമരം രാത്രി വൈകിയും തുടര്‍ന്നു. കൈക്കുഞ്ഞുങ്ങളുമായാണ് പലരും സമരത്തിനെത്തയത്. വേതനവര്‍ധന ആവശ്യപ്പെട്ട് ജൂബിലി മിഷന്‍, അമല ആശുപത്രികളിലെ സമരം ഒത്തുതീര്‍ക്കാന്‍ തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നഴ്സുമാര്‍ തെരുവിലിറങ്ങിയത്.


◾  കാറ്റില്‍ ഡിവൈഡര്‍ പറന്നുവന്ന് കാറില്‍ വീണ് നിയന്ത്രണം വിട്ട കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കേറ്റിംഗ് ദേശീയ താരം ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ പാലക്കാട് വടക്കഞ്ചേരി മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മേധാവി ഓടിച്ച വാഹനത്തിലാണ് ഡിവൈഡര്‍ പറന്നു വീണത്.


◾  ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്കും താഴമണ്‍ മഠത്തിനുമെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി തന്ത്രികുടുംബം. മധുമണിമല എന്നയാള്‍ക്കെതിരേയാണു പരാതി.


◾  അങ്കമാലി - നെടുമ്പാശ്ശേരി ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. പത്തനംതിട്ട സ്വദേശികളായ വെട്ടിപ്പുറം ശ്രീശൈലത്തില്‍ കുമാറിന്റെ മകന്‍ കബില്‍(24), മാക്കന്‍കുന്നുകരയില്‍ ശ്രീ ശൈലം വീട്ടില്‍ ആദിത്യനു (23)മാണ് മരിച്ചത്.


◾  എരുമേലിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പാറമടക്കുളത്തില്‍ മുങ്ങി മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിര്‍(16), ആഷ്ലിന്‍ (20)എന്നിവരാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം പറമടക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് വിദ്യാര്‍ത്ഥികള്‍.


◾  സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തലശ്ശേരി മണോലില്‍ വീട്ടില്‍ സജീം ഖാലിദ്, കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ശ്രീലേഷ് ലക്ഷ്മണ്‍ എന്നിവരാണ് മരിച്ചത്.


◾  എറണാകുളം മരടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി. ക്യാന്‍സര്‍ രോഗിയാണെന്നും കുഞ്ഞിനെ വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലാണ് ഉപേക്ഷിച്ചതെന്നുമാണ് യുവതി മൊഴി നല്‍കിയത്.


◾  വയനാട് സ്വദേശി ഹേമചന്ദ്രനെ (54) ഹണി ട്രാപ്പില്‍ കുടുക്കി തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തില്‍ കൊന്ന് കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിനിയായ ലീബയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായത്.


◾  അന്തര്‍ദേശീയ ലഹരി മരുന്നു ശൃംഖലയിലെ മുഖ്യ പ്രതികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം സ്വദേശി ഹരികൃഷ്ണന്‍ (25), പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രെസ്ജിത്ത്(40), ഒറ്റപ്പാലം പനമണ്ണ സ്വദേശി ശ്രീജേഷ്(41), ഒറ്റപ്പാലം ചളവറ സ്വദേശി സഞ്ജയ്(22) എന്നിവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പൊലീസ് പിടികൂടിയത്.


◾  അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ വീടുകളില്‍ പോലീസ് ഒരേസമയം റെയ്ഡ് നടത്തി. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സമ്പാദിച്ച വസ്തുവകകളുടെ വിവരങ്ങള്‍ അന്വേഷണ സംഘം തേടി. ആഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയുടെയും വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്.


◾  അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ളക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റില്‍ പുതിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയെ 11 ന് പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങി. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്ണ മോഹന്‍ എന്നിവരുടെ പേരുകളാകും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക.


◾  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാര്‍ട്ടി നിരാഹാര സമരം ആരംഭിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കുമടക്കമുള്ളവര്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.


◾  രാജസ്ഥാനില്‍ പതിമ്മൂന്നുകാരിയെ അഞ്ചു ദിവസത്തിനിടെ  ബലാത്സംഗംചെയ്തത് മുപ്പതിലേറെ പേര്‍. ശ്രീ ഗംഗാനഗറിലെ കുട്ടിയാണു പീഡനത്തിനിരയായത്. പൊലീസ് എട്ടുപ്രതികളെ അറസ്റ്റു ചെയ്തു.


◾  കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസില്‍ ഡല്‍ഹി ആരോഗ്യവിഭാഗം മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. വത്സല അഗര്‍വാള്‍ അറസ്റ്റിലായി.  ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറലായിരിക്കെ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും ഉള്‍പ്പെടെ വാങ്ങിയതില്‍ വന്‍ അഴിമതി കണ്ടെത്തിയിരുന്നു.


◾  മുംബൈയിലെ ബൈക്കുള പ്രദേശത്ത് നടന്ന മുഹറം ഘോഷയാത്രയ്ക്കിടെ വേദനസംഹാരിയെന്ന വ്യാജേന  പ്രതി ഫയ്യാസ് പ്രേംജി വിതരണം ചെയ്ത ഗുളികകളില്‍ മാരകമായ 'സിങ്ക് ഫോസ്ഫൈഡ്' അഥവാ എലിവിഷം അടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നെന്നും വേദനസംഹാരിയെന്നും പറഞ്ഞാണ് ഇയാള്‍ ഗുളികകള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. 'പുണ്യപ്രവൃത്തി' ആണെന്നാണു മറ്റുള്ളവരെ വിശ്വസിപ്പിച്ചതെന്നും പോലീസ്.


◾  ചെലവു നിയന്ത്രിക്കാന്‍ താന്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ ആവേശ പൂര്‍വം ഏറ്റെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വര്‍ണ്ണം വാങ്ങുന്നത് കുറച്ചു കാലത്തേക്ക് നിര്‍ത്തുക, കാര്‍ പൂളിംഗ്, വര്‍ക്ക് ഫ്രം ഹോം, വിദേശ യാത്രകള്‍ കുറയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്ക് നല്ല പ്രതികരണം കിട്ടിയെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 135 -ാമത്തെ എപ്പിസോഡില്‍ പ്രധാനമന്ത്രി അറിയിച്ചു.


◾  ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ 'കാണാനില്ലെന്ന്' പോസ്റ്ററുകള്‍. ഞായറാഴ്ചയാണ് ഡല്‍ഹിയിലെ വിവിധഭാഗങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രം സഹിതമുള്ള 'മിസ്സിങ്' പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.


◾  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. രാഷ്ട്രീയം മുഴുവന്‍ സമയ ജോലിയായി കാണണമെന്ന് ശര്‍മിഷ്ഠ മുഖര്‍ജി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തില്‍നിന്ന് ഇടയ്ക്ക് അപ്രത്യക്ഷനാകുന്ന രാഹുലിന്റെ പ്രവണതയ്ക്കെതിരെയാണ് ശര്‍മിഷ്ഠ മുഖര്‍ജിയുടെ വിമര്‍ശനം.


◾  ഭൂകമ്പം തകര്‍ത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ 'ഓപ്പറേഷന്‍ അമിസ്റ്റാഡ്' എന്ന പേരില്‍ മെഡിക്കല്‍ സംഘത്തെ അയച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.   എഴുപതിനായിരത്തോളം പേരെ കാണാതായെന്നാണു റിപ്പോര്‍ട്ട്.


◾  സെയ്ഷെല്‍സ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  പരമോന്നത ബഹുമതിയായ 'ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍' സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകള്‍ക്കുമുള്ള ആദരവായാണ് സെയ്ഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനി പുരസ്‌കാരം സമ്മാനിച്ചത്.


◾  പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി. പശ്ചിമേഷ്യയിലെ എട്ടു യുഎസ് താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. തെക്കന്‍ ഇറാനിലെ ഖിഷം ദ്വീപിലും സിരിക്, ബന്തര്‍ലന്‍ക തീരനഗരങ്ങളിലും യുഎസ് ബോംബിട്ടതിനു പിറകേ ഇന്നലെ ബഹറിനിലും കുവൈറ്റിലും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണമുണ്ടായി. ഖത്തറില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ നാവികന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഖത്തര്‍ സ്വദേശിയാണ് മരിച്ചത്.


◾  സൗദി അറേബ്യയില്‍ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം. റാസ് തനൂറയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച 14 പേരും സൗദി പൗരന്മാരാണ്.


◾  ജനങ്ങള്‍ പട്ടിണിയിലായിരിക്കുമ്പോള്‍ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ലോക നേതാക്കളെ വിമര്‍ശിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. പട്ടിണിയെ നേരിടാനാകണം ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടത.് യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതിക്കുള്ള സഹായം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച വെട്ടിക്കുറച്ചിരുന്നു.


◾  പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉഗാണ്ടന്‍ സൈനിക മേധാവിയുടെ നിര്‍ദേശം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് സൈനിക മേധാവി മുഹൂസി കൈനെരുഗാബ എക്സിലൂടെ നിര്‍ദേശം നല്‍കിയത്.


◾  സൗദി വടക്കുപടിഞ്ഞാറന്‍ ഭാഗമായ തബൂക്ക് മേഖലയിലുള്ള ഹഖ്ല്‍ സെക്ടറില്‍ അതിര്‍ത്തി രക്ഷാസേന നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 3,53,000 ആംഫെറ്റാമൈന്‍ ലഹരിഗുളികകള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഈജിപ്ഷ്യന്‍ പൗരനെ കോസ്റ്റല്‍ പട്രോളിങ് വിഭാഗം പിടികൂടി.


◾  മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ സഹോദരന്‍ ഷാഹിദ് അക്തറിന്റെ സംസ്‌കാര ചടങ്ങില്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ നേതാക്കള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്.


◾  ലോകകപ്പില്‍ പ്രീ-ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി കാനഡ. റൗണ്ട് ഓഫ് 32 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിനു കാനഡ കീഴടക്കി. 92-ാം മിനിറ്റിലെ ഇഞ്ചുറി ടൈമില്‍ കാനഡയുടെ സ്റ്റീഫന്‍ എസ്റ്റക്വിയോയാണ് വലകുലുക്കിയത്. ഇതാദ്യമായാണ് കാനഡ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിലെത്തുന്നത്.


◾  ലോകകപ്പ് ഗ്രൂപ്പ് മല്‍സരത്തില്‍ ജോര്‍ദാനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്റീനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ജോര്‍ദാന്‍ തിരിച്ചടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ നായകന്‍ ലിയോണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്റീന ജയമുറപ്പിച്ചു.


◾  ഗ്രൂപ്പ് ജെ യില്‍നിന്ന് അര്‍ജന്റീനയെ കൂടാതെ ഓസ്ട്രിയയും, അള്‍ജീരിയയും നോക്കൗട്ട് റൗണ്ടിലേക്ക്. കാന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഓസ്ട്രിയ- അള്‍ജീരിയ പോരാട്ടത്തില്‍ ഇരുടീമുകളും മൂന്നു ഗോള്‍ വീതമടിച്ച് പിരിഞ്ഞതോടെ മൂന്നാം സ്ഥാനത്തുള്ള മികച്ച എട്ട് ടീമുകളുടെ പട്ടികയില്‍നിന്ന് ഇറാന്‍ പുറത്ത്.


◾  ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ടി20 പരമ്പരയില്‍ തൂത്തുവാരി അയര്‍ലന്‍ഡ്. രണ്ടാം മത്സരത്തില്‍ ഒരു റണ്ണിന് ജയിച്ചതോടെയാണ് അയര്‍ലന്‍ഡ് ചരിത്ര പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. 53 റണ്‍സെടുത്ത ഹാരി ടെക്റ്ററാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.


◾  വനിത ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക മത്സരത്തില്‍ ആറു വിക്കറ്റിനു പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഓസീസിനൊപ്പം ദക്ഷിണാഫ്രിക്കയും സെമിയില്‍ കടന്നു.


◾  ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ട്രെന്റ് ബ്രിഡ്ജിലെ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തോടെ സ്റ്റോക്‌സ് തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുയാണെന്ന് അറിയിച്ചു.


◾  ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 88,678 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 297 പോയിന്റ് ആണ് മുന്നേറിയത്. ഐസിഐസിഐ ബാങ്കിന് മാത്രം വിപണി മൂല്യത്തില്‍ 29,588 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 9,95,610 കോടിയായാണ് ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 24,718 കോടി, റിലയന്‍സ് 12,043 കോടി, ബജാജ് ഫിനാന്‍സ് 11,580 കോടി, എസ്ബിഐ 9,322 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ഭാരതി എയര്‍ടെലിന് മാത്രം വിപണി മൂല്യത്തില്‍ 35,615 കോടിയുടെ നഷ്ടം നേരിട്ടു. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെ മുന്നില്‍ നില്‍ക്കുന്നത്.


◾  എ.ഐ വിപണയില്‍ ഗൂഗിളിന് വന്‍ മുന്നേറ്റം സാധ്യമാക്കിയ 'ജെമനൈ' മോഡലിന്റെ ഏറ്റവും ആധുനിക പതിപ്പായ ജെമനൈ 3.5 പ്രോയുടെ അവതരണം വീണ്ടും നീട്ടിവെച്ചു. ജൂണില്‍ മോഡല്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കലും ജൂലൈയിലേക്ക് നീളുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ട പരീക്ഷണ ഉപയോക്താക്കളില്‍നിന്ന് കൂടുതല്‍ ഫീഡ്ബാക്ക് ശേഖരിക്കുകയും മോഡലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായാണ് റിലീസ് വൈകിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ആന്റിഗ്രാവിറ്റി പ്ലാറ്റ്ഫോമിലൂടെയും എ.െഎ ബെഞ്ച്മാര്‍ക്കിങ് വെബ്‌സൈറ്റായ എല്‍.എം അറീന വഴിയും  തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് നിലവില്‍ 3.5 പ്രോ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫീഡ്ബാക്കുകള്‍ ഉപയോഗിച്ച് ദൈര്‍ഘ്യവും സങ്കീര്‍ണതയമുള്ള ജോലികള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ മോഡലിനെ സജ്ജമാക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈയിടെ പുറത്തിറക്കിയ ജെമനൈ 3.5 ഫ്ലാഷ് മോഡലിന്റെ ഉപയോക്തൃ ഫീഡ്ബാക്കുകളും അനുസരിച്ചാണ് പ്രോ ഒരുക്കുന്നത്.


◾  മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന പത്താം ചിത്രത്തിലേക്ക് നായികയെ തേടുന്നു. ഈ ചിത്രത്തിലേക് നായികയെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കോളും ഔദ്യോഗികമായി പുറത്തു വിട്ടിട്ടുണ്ട്. തമിഴ് ഭാഷ നല്ല ഒഴുക്കോടെ സംസാരിക്കാന്‍ സാധിക്കുന്ന 30 - 35 വയസ്സ് പ്രായ പരിധിയിലുള്ളവരെയാണ് നായികാ വേഷം ചെയ്യാനായി അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. മലയാളവും തമിഴും ഒരേപോലെ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുന്നവര്‍ക്കാണ് മുന്‍ഗണന. താല്പര്യമുള്ളവര്‍ തങ്ങളുടെ ഫുള്‍ സൈസ് ഫോട്ടോഗ്രാഫ്, ബയോഡാറ്റ, ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോ (തമിഴില്‍), ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പെര്‍ഫോമന്‍സ് വീഡിയോ എന്നിവ casting@mammoottykampanyproduction10.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ജൂലൈ 31 നു മുന്‍പ് അയക്കാന്‍ ആണ് കാസ്റ്റിംഗ് കോളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


◾  കൗതുകമാര്‍ന്ന ടൈറ്റിലോടെ ഒരു പുതിയ സിനിമ കൂടി എത്തുന്നു. 'കളസ ബന്ധിതം' ടൈറ്റില്‍ ലോഞ്ച് നടന്നു. പുതുമുഖ സംവിധായകന്‍ നിഷാദ് കെ. സലീം സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 20ന് ഷൂട്ടിംഗ് ആരംഭിക്കും. പ്രമുഖ താരങ്ങളായ വിനീത് തട്ടില്‍, ബിജുക്കുട്ടന്‍, സുധീര്‍ പറവൂര്‍ ,ജയശങ്കര്‍, നന്ദു പൊതുവാള്‍, പൗളി വല്‍സന്‍, കുടശനാട് കനകം, ബേബി, ലത ദാസ്, ആര്‍. ജെ. അഞ്ജലി എന്നിവരെ കൂടാതെ പുതുതലമുറയുടെ ആവേശമായി മാറിയ ബേബി ജീന്‍, അബു സലീം, ഫ്രാങ്കോ ഫ്രാന്‍സിസ്, ഗോവിന്ദ് വി. പൈ, അനു മാര്‍വന്‍, അനു സാഫ്,അമൃത വര്‍ഷിണി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. 90 'കളിലെ സ്‌കൂള്‍ കാലഘട്ടം അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള കഥാ സന്ദര്‍ഭങ്ങളും നര്‍മ്മ മുഹൂര്‍ത്തങ്ങളും ഉള്ള ഒരു നൊസ്റ്റാള്‍ജിക് ഹ്യൂമര്‍ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്.


◾  മാരുതി സുസുക്കി ഇന്ത്യ വിക്ടോറിസ് എസ്യുവിയുടെ വില കുറച്ചു. അരീന ഷോറൂമുകളില്‍ വില്‍ക്കുന്ന വിക്ടോറിസ് കമ്പനിയുടെ ഏറ്റവും പ്രീമിയം കാറാണ്. ചില വകഭേദങ്ങളുടെ വില 38,900 രൂപ വരെ കുറച്ചിട്ടുണ്ട്. അതേസമയം വിക്ടോറിസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില മുമ്പത്തെപ്പോലെ തന്നെ തുടരും. 10,49,900 രൂപയാണ് ബേസ് വേരിയന്റിന്റെ എക്സ് ഷോറൂം വില. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വികോടറിസ് വാഗ്ദാനം ചെയ്യുന്നത്: 103 ബിഎച്പി ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍, 4-സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, 116 ബിഎച്പി  ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍, 3-സിലിണ്ടര്‍ സ്ട്രോങ് ഹൈബ്രിഡ് സജ്ജീകരണം, 89 ബിഎച്പി  ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷന്‍. പെട്രോള്‍ എഞ്ചിന് 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോയും, സ്ട്രോങ് ഹൈബ്രിഡിന് ഇ-സിവിടിയും, സിഎന്‍ജി വേരിയന്റിന് 5-സ്പീഡ് മാനുവലും ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.


◾  അനുഷ്ഠാനവിജ്ഞാന രചനകള്‍ അന്തര്‍വൈജ്ഞാനിക സാധ്യതകളുള്ള പാഠങ്ങളാണ്. പുടയൂര്‍ഭാഷ എന്ന പ്രാചീന തന്ത്രഗ്രന്ഥത്തിലൂടെ ഇത്തരം ജ്ഞാനമേഖലകളെ കണ്ടെത്താന്‍ ശ്രമിക്കുന്ന പഠനമാണ് ഈ പുസ്തകം. ഒപ്പം അനുഷ്ഠാനനിര്‍മിതികള്‍ നല്‍കുന്ന വ്യത്യസ്ത അറിവിടങ്ങളെക്കൂടി ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു. 'പുടയൂര്‍ഭാഷ ഒരു വ്യവഹാരവിശകലനം'. ഡോ. നേതല്ലൂര്‍ ഹരികൃഷ്ണന്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 228 രൂപ.


◾  സ്തനാര്‍ബുദ സാധ്യതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പലപ്പോഴും ജനിതകപരമായ കാരണങ്ങളെക്കുറിച്ചോ കുടുംബപാരമ്പര്യത്തെക്കുറിച്ചോ മാത്രമാണ് നാം ആശങ്കപ്പെടാറുള്ളത്. എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതശൈലിയും ഭക്ഷണരീതികളും സ്തനാര്‍ബുദ സാധ്യതയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. രോഗത്തെ തടയാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്. ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് മദ്യപാനമാണ്. കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നത് പോലും സ്തനാര്‍ബുദ സാധ്യത ഉയര്‍ത്തുന്നു. പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അളവ് കുറയ്ക്കുന്നത് ഗുണം ചെയ്യും. വല്ലപ്പോഴും പായ്ക്കറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് വലിയ പ്രശ്നമല്ല. എന്നാല്‍ ദൈനംദിന ഭക്ഷണക്രമത്തില്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ സ്ഥിരമാക്കുന്നത് അപകടസാധ്യത കൂട്ടും. ക്യാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, നട്സ്, വിത്തുകള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം. ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിനപ്പുറം, കൃത്യമായ വ്യായാമങ്ങള്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് നിയന്ത്രിക്കാനും, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാനും സഹായിക്കുന്നു. പ്രായോഗികമായ ഭക്ഷണരീതിയും വ്യായാമവും ശീലമാക്കുന്നതിനൊപ്പം, നിങ്ങളുടെ വ്യക്തിപരമായ ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള കൃത്യമായ മെഡിക്കല്‍ സ്‌ക്രീനിംഗുകളും പരിശോധനകളും നടത്തുന്നത് സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണ്.


*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ മൊബൈല്‍ മെക്കാനിക്കിനോട് തന്റെ ഫോണ്‍ കൊടുത്തിട്ടുപറഞ്ഞു:  ഈ ഫോണിനെന്തോ തകരാറുണ്ട്.. ഒന്ന് പരിശോധിക്കണം.. പരിശോധനയില്‍ മൊബൈലിന് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും ആ വൃദ്ധന്‍ സമ്മതിച്ചുകൊടുത്തതേയില്ല. അവസാനം അയാള്‍ പറഞ്ഞു:  രണ്ടുവര്‍ഷമായി ഈ ഫോണിലേക്ക് എന്റെ മകന്റെ കോള്‍ മാത്രം വരുന്നില്ല.  ശരിക്കും ഇതിനെന്തോ തകരാറുണ്ട്.. താങ്കള്‍ ഇതൊന്നുകൂടി നോക്കൂ.. വൃദ്ധന്‍ അപേക്ഷിച്ചു.. നിസ്സഹായനായി ആ മെക്കാനിക്ക് മൊബൈലിനേയും അയാളേയും നോക്കി..  വളര്‍ത്തി വലുതാക്കിയവരെ വിലകുറച്ച് കാണുന്നതാണ് ഏറ്റവും നിന്ദ്യമായ തെററ്.. വളര്‍ന്നവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചോ, ഇഷ്ടങ്ങള്‍ക്കനുസരിച്ചോ സഞ്ചരിക്കാന്‍ വളര്‍ത്തുന്നവര്‍ക്ക് കഴിയണമെന്നില്ല..  ഓര്‍ക്കുക. തണല്‍ മരങ്ങള്‍ക്കും ഇലപൊഴിയും കാലമുണ്ട്.. അവരെയും വേനല്‍ ബാധിക്കും.. അവര്‍ക്കും ക്ഷതങ്ങളേല്‍ക്കും.. എല്ലാ പ്രതിസന്ധികളേയും നേരിട്ടുതന്നെയാണ് അവര്‍ മുന്നോട്ട് പോയത്.. അപ്പോഴെല്ലാം, തങ്ങള്‍ കൊണ്ട വെയിലിനേക്കാള്‍ താഴെയുളളവര്‍ അനുഭവിക്കേണ്ട തണലായിരുന്നു അവര്‍ക്ക് മുഖ്യം.. അങ്ങനെ തളരാതെ നിന്നവര്‍ ഉപേക്ഷിക്കപ്പെടരുത്.. ശുഭദിനം.

Post a Comment

Previous Post Next Post