o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



🔘 ശരീര സൗന്ദര്യമത്സര വിജയി ഷിനു ചൊവ്വയെ പൊലീസ് ഇന്‍സ്പെക്ടറായി നിയമിച്ചതില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയെന്നും പരിശീലനം നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അനര്‍ഹര്‍ക്ക് നിയമനം നല്‍കാന്‍ പാടില്ല. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നും ചെന്നിത്തല വ്യക്തമാക്കി.

2026 | ജൂണ്‍ 18 , വ്യാഴം 

1201 | മിഥുനം 4, പൂയം

.തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി വഴിയില്‍ തര്‍ക്കമുണ്ടായ സംഭവത്തിൽ ജോലി നഷ്ടമായ കെഎസ്ആര്‍ടിസിയിലെ താൽക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം നല്‍കി യുഡിഎഫ് സര്‍ക്കാര്‍. നിയമസഭയിലെ ബസിലാണ് താല്‍ക്കാലിക നിയമനം നല്‍കിയത്. ജീവനക്കാരെ കൊണ്ടുപോകുന്ന ബസ്സിന്റെ ഡ്രൈവറായാണ് നിയമനം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കുകയായിരുന്നു. ഇന്നലെ മുതല്‍ യദു ജോലിയില്‍ പ്രവേശിച്ചു.




🔘 സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂണ്‍ 30 വരെ വൈകീട്ട് ആറു മുതല്‍ 12 വരെ മിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ടായതാണു കാരണം.  പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസംമൂലം താപനില ഉയര്‍ന്നതും വൈദ്യുതി ഉപയോഗം വര്‍ധിച്ചതും പ്രതിസന്ധിക്ക് കാരണമായെന്നു കെഎസ്ഇബി.


🔘 എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു യുഡിഎഫ് സര്‍ക്കാര്‍. രണ്ട് ഉപാധികളോടെ പദ്ധതി നടപ്പാക്കാനാണു മന്ത്രിസഭാ തീരുമാനം. സ്‌കൂള്‍ പാഠ്യപദ്ധതി തീരുമാനിക്കാനും പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുമുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനു വേണമെന്നതാണ് ഉപാധി. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കാന്‍ മന്ത്രതല ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 99 കോടി രൂപ വാങ്ങുകയും കേന്ദ്രം 106 കോടി രൂപകൂടി അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.


🔘 സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ 75 കാരിയാണ് മരിച്ചത്. 105 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തൃശൂരിലും കണ്ണൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂര്‍ അരിമ്പൂരില്‍ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന ഡെങ്കി രോഗബാധ 100 കടന്നു. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.


🔘 പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായുള്ള യോഗത്തിലാണ് നിര്‍ദേശം.


🔘 മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയെ എന്‍ഫോഴ്സ്മെന്റ് ഒന്‍പതു മണിക്കൂറോളം  ചോദ്യം ചെയ്തു. മാധ്യമങ്ങളുടെ ചോദ്യങ്ങളോടു വീണ പ്രതികരിച്ചില്ല. ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.


🔘 പിഎം ശ്രീയില്‍ കേരളത്തിന്റെ തുടര്‍ നടപടികള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കത്തയച്ചിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.


🔘 ബിജെപിയുടെ ഇംഗിതങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണു കേരളത്തിലെതെന്ന് സിപിഎം നേതാവ് കെഎന്‍ ബാലഗോപാല്‍ എംഎല്‍എ. പി.എം ശ്രീ പദ്ധതിയുടെ പണം എല്‍ഡിഎഫ് സര്‍ക്കാര്‍ കൈപ്പറ്റിയെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.


🔘 കേന്ദ്ര സര്‍ക്കാരിന്റെ 'പിഎം ശ്രീ' പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ആര്‍എസ്എസ് അജണ്ടയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ വഞ്ചനയ്ക്ക് കേരളം മാപ്പ് നല്‍കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


🔘 പിഎം ശ്രീ പദ്ധതി എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. അധികാരത്തിലെത്തിയാല്‍ പദ്ധതി റദ്ദാക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.


🔘 സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നുവെന്നു വിമര്‍ശനം ഉയര്‍ന്നു. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ സ്ഥാനാര്‍ത്ഥിത്വം വീതിച്ചെടുത്തുവെന്നും അവതാര പരാമര്‍ശം അപക്വമാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് അനാവശ്യമാണെന്നും  വിമര്‍ശനമുണ്ടായി.


🔘 കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലുള്ള ജില്ലാ ഓഫീസില്‍ സാമ്പത്തിക തിരിമറി. ഓഫീസിലെ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അജാനൂര്‍ അടോട്ട് വീട്ടില്‍ ജയന്‍ കെ. (49), കാഞ്ഞങ്ങാട് മൂവാരിക്കുണ്ട് ഐങ്ങോത്ത് വീട്ടില്‍ ഋത്വിക് വി. (29) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.


🔘 തിരുവനന്തപുരം - ബെംഗളൂരു റൂട്ടിലോടുന്ന മൂന്നു സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂലൈ മാസംകൂടി സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്കുള്ളതിനാലാണ് 06523/06524, 06547/06548, 06555/06556 എന്നീ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരു  മാസത്തേക്കുകൂടി നീട്ടിയത്.


🔘 ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ അഞ്ചു പോലീസുകാരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള എസ്ഐടി അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ആയിരുന്ന അനില്‍ കല്ലിയൂര്‍, സന്ദീപ് അടക്കമുള്ള അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആലപ്പുഴ ജില്ലാ ജഡ്ജി ഹണി എം വര്‍ഗീസ് ജാമ്യം അനുവദിച്ചത്.


🔘 മഫ്തിയില്‍ എത്തിയ പോലീസുകാരോട് ഐഡി കാര്‍ഡ് ആവശ്യപ്പെട്ട യുവാവിനെ മര്‍ദ്ദിച്ച് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ സിഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കെതിരെ കോടതി കേസെടുത്തു. കുണ്ടറ പോലീസ് സ്റ്റേഷനിലെ മുന്‍ എസ്എച്ച്ഒ രതീഷ്, എസ്ഐ അമ്പരീഷ്, പോലീസുകാരായ അരുണ്‍, മനു എന്നിവര്‍ക്കെതിരെയാണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. 2023 ല്‍ നടന്ന മര്‍ദനത്തിന് കരിക്കോട് സ്വദേശി സനിലാല്‍ നല്‍കിയ പരാതിയിലാണു നടപടി.


🔘 പുനലൂര്‍ പോലീസ് സ്റ്റേഷനിലെത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മൂക്കിടിച്ചു തകര്‍ത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കരവാളൂര്‍ സ്വദേശി വിജോയിയാണ് പിടിയിലായത്. ആക്രമണത്തില്‍ പരിക്കേറ്റ എസ്എച്ച്ഒ സന്തോഷ് കുമാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കോടതി വാറന്റുള്ളതിനാല്‍ പോലീസ് കസ്റ്റഡിയിലെടുത്ത പുനലൂര്‍ സ്വദേശി ഷൈജുവിന്റെ വിവരങ്ങള്‍ അന്വേഷിക്കാനാണു വിജോയ് എത്തിയത്.




🔘 കൊച്ചിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനെ കാപ്പ നിയമപ്രകാരം വീണ്ടും കരുതല്‍ തടങ്കലിലാക്കി. മുന്‍പ് കാപ്പ ചുമത്തി പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നതിനെ തുടര്‍ന്നാണ് ഇയാളെ എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്.


🔘 ശബരിമലയിലെ ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയില്‍ വീണത് നെയ്യാണെന്ന് സ്ഥിരീകരിച്ചു. മൂന്നിടത്തായിരുന്നു നിറ വൃത്യാസം ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ കഴുകി വൃത്തിയാക്കി. ഇതര സംസ്ഥാനത്തുനിന്നുള്ള തീര്‍ത്ഥാടകരാണ് മേല്‍ക്കൂരയിലേക്ക് നെയ്യൊഴിച്ചതെന്നും കണ്ടെത്തി.


🔘 കോതമംഗലത്ത് കോളേജില്‍ മോഷണം. നെല്ലിമറ്റം മാര്‍ ബസേലിയസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലാണ് മോഷണം നടന്നത്. ഡ്രോണും ലാപ്ടോപ്പും നഷ്ടമായതായി കോളേജ് അധികൃതര്‍ പറഞ്ഞു. ലോക്കര്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.


🔘 ഡല്‍ഹിയില്‍ വീണ്ടും ഭീകരവാദ മൊഡ്യൂള്‍ തകര്‍ത്തായി പൊലീസ്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഐഎസ്ഐ ഹാന്‍ഡ്‌ലര്‍ ഷഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള സംഘമാണ് പിടിയിലായത്. ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.


🔘 നിരോധനത്തിനെതിരെ ടെലഗ്രാം നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. കേസ് ഇന്നു രണ്ടരയ്ക്ക് വീണ്ടും പരിഗണിക്കും. കേട്ടു കേള്‍വി ഇല്ലാത്ത നടപടിയാണ് സര്‍ക്കാരിന്റേതെന്ന് കോടതി വിമര്‍ശിച്ചു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനമെന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നും കേന്ദ്രം പറഞ്ഞു.


🔘 നീറ്റ് യുജി പുനപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാമിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന് പൂട്ടിടുക എന്ന് പറയുന്നതുപോലെ ആണ് കേന്ദ്രത്തിന്റെ നടപടിയെന്ന് രാഹുല്‍ പരിഹസിച്ചു.


🔘 ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഓപ്പറേഷന്‍ സിന്ദൂറിനുള്ള തയ്യാറെടുപ്പുകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് സൈനിക വിഭാഗങ്ങള്‍ക്ക് അയച്ച കത്തെന്ന പേരില്‍ പ്രചരിക്കുന്ന കത്തു വ്യാജമാണാന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.


🔘 പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയോടേറ്റ പരാജയത്തെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപിച്ചാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ മമത ഹര്‍ജി നല്‍കിയത്.


🔘 കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ സയന്‍സസ് ആന്റ് റിസര്‍ച്ചില്‍ 11 രോഗികള്‍ മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളില്‍ 11 പേരാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കാരണമെന്ന് ആരോപിച്ച് രോഗികളുടെ കൂട്ടിരുപ്പുകാര്‍ രംഗത്തെത്തി.


🔘 ശിവസേന ഉദ്ദവ് താക്കറെ വിഭാഗം പിളരുന്നു. ആറ് ലോക്സഭാ എംപിമാര്‍ ഏക്നാഥ് ഷിന്‍ഡേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക്സഭയില്‍ പ്രത്യേക ബ്ലോക്കാകാന്‍ നീക്കം തുടങ്ങി. പോകുന്നവര്‍ രാജിവെച്ച് പോകണമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. വിമതരെ കാണാന്‍ ഏക്നാഥ് ഷിന്‍ഡേ ഡല്‍ഹിയിലെത്തി.


🔘 കോക്റോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷന് പുറത്ത് വന്‍ സ്വീകരണം. ആള്‍ക്കൂട്ടം പ്രതികളെ മുദ്രാവാക്യം വിളികളോടെ പൂമാലയിട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.


🔘 തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ബിജെപി നേതാവ് തമിഴിസൈ സൗന്ദര്‍രാജനും എതിരായ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.


🔘 ബിജെപി വിട്ട് ആരംഭിച്ച 'വി ദ ലീഡേഴ്സ്' മൂവ്മെന്റ് ജൂലൈ മാസത്തോടെ രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്ന് കെ അണ്ണാമലൈ. 'വി ദ ലീഡേഴ്സ്' മൂവ്മെന്റ് ജൂലൈയോടെ രാഷ്ട്രീയ പാര്‍ട്ടിയായി പരിണമിക്കാനുള്ള യഥാര്‍ത്ഥ ട്രാക്കിലാണെന്നും 50 ലക്ഷം അംഗത്വം നേടുക എന്നത് ലക്ഷ്യമാണെന്നും ബിജെപി തമിഴ്നാട് മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു.


🔘 പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിച്ച നടപടികളില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികരുടെ സുരക്ഷ പ്രധാനമെന്ന് ഓര്‍മ്മപ്പെടുത്തിയ മോദി, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ആഗോള സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നും ജി 7 ഉച്ചകോടിക്കിടെ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. പരസ്പരം പുകഴ്ത്തിയാണ് മോദിയും ട്രംപും സംസാരിച്ചത്. മോദിയെ പോലെയാകാന്‍ തനിക്ക് കഴിയില്ലെന്നു ട്രംപ് പറഞ്ഞു.


🔘 ഇറാന്‍- അമേരിക്ക സമാധാന കരാറിലെ ധാരണകള്‍ പുറത്ത്. യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്ക് തുറക്കുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍. അണ്വായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. ഔദ്യോഗികമായി പുറത്തുവിടാത്ത ഈ രേഖ  യുഎസ് ഉദ്യോഗസ്ഥനില്‍നിന്നാണ് ലഭിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


🔘 ലെബനനില്‍ ആക്രമണം നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താക്കീതു നല്‍കിയതിനു പിറകേ, തെക്കന്‍ ലെബനനില്‍ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. മന്‍സൂരി, ആസിയേ എന്നീ നഗരങ്ങളില്‍ ഇസ്രായേല്‍ ബോംബിട്ടു. ബരാഷിത് എന്ന സ്ഥലത്തും ഇസ്രായേല്‍ ആക്രമണം നടത്തി.


🔘 ഇറാന്‍ അനുസരിച്ചില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാനുമായി ഒപ്പുവക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് പറഞ്ഞു. ഫ്രാന്‍സിലെ എവിയന്‍ വേദിയാകുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.


🔘 ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15 നു പ്രാബല്യത്തില്‍ വരുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. ലണ്ടനിലെ സ്റ്റീല്‍ താരിഫ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണം നടപ്പിലാക്കാന്‍ വൈകിയ കരാറാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ബ്രെക്‌സിറ്റിന് ശേഷം യുകെ ഒപ്പുവക്കുന്ന ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര കരാറാണിത്.


🔘 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 'ഗ്രൂമിങ് ഗ്യാങി'നു പിന്നില്‍ പാകിസ്ഥാനികളാണെന്ന് ബ്രിട്ടീഷ് എംപി. യുകെയില്‍ പ്രവര്‍ത്തിക്കുന്ന ലൈംഗികപീഡന സംഘങ്ങളെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുകളാണ് റൂപര്‍ട്ട് ലോവ് നടത്തിയത്. യുകെയിലെ വിവാദമായ 'ഗ്രൂമിംഗ് ഗ്യാങ്' പീഡനങ്ങള്‍ക്ക് ഇരയായവരുടെ മൊഴികള്‍ അദ്ദേഹം സഭയില്‍ വായിച്ചു.


🔘 അമേരിക്കയിലെ ദക്ഷിണ ടെക്‌സസിലുള്ള തിരക്കേറിയ ഹൈവേയില്‍ ചെറുകിട ജെറ്റ് വിമാനം തകര്‍ന്നു വീണ് ഒരു മരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ജീവന്‍ പണയംവച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് അഞ്ചു ജീവനുകള്‍ രക്ഷപ്പെട്ടത്.


🔘 വിയറ്റ്നാമില്‍ കശാപ്പിനായി കൂടുകളില്‍ സൂക്ഷിച്ച അഞ്ഞൂറോളം വളര്‍ത്തുപൂച്ചകളെ പൊലീസ് രക്ഷപ്പെടുത്തി. വളര്‍ത്തുമൃഗ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ട ഒമ്പത് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. മൂന്ന് വര്‍ഷമായി തെക്കന്‍ വിയറ്റ്നാമിലെ വിവിധ നഗരങ്ങളില്‍ നിന്ന് വളര്‍ത്തുപൂച്ചകളെ കെണിവെച്ച് പിടിച്ചതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.


🔘 ഫുട്ബോളില്‍ കരുത്തരായ പോര്‍ച്ചുഗലിന് അപ്രതീക്ഷിത തിരിച്ചടി. ദുര്‍ബലരായ കോംഗോ പോര്‍ച്ചുഗലിനെ ഓരോ ഗോള്‍ വീതമുള്ള സമനിലയില്‍ തളച്ചു. ക്രിസ്റ്റിയനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവരുടെ പ്രകടനം മോശമായിരുന്നു. ആറാം മിനിറ്റില്‍ ജാവോ നെവസിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് യോവാനെ വിസ്സ കോംഗോയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു.


🔘 രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ക്രൊയേഷ്യയെ തകര്‍ത്തു. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ ജൂഡ് ബെല്ലിങ്ങാമും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. മാര്‍ട്ടിന്‍ ബട്ടുറിനയും പീറ്റര്‍ മുസയുമായിരുന്നു ക്രൊയേഷ്യയുടെ സ്‌കോറര്‍മാര്‍.


🔘 വനിതാ ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 95 റണ്‍സിന്റെ വമ്പന്‍ മാര്‍ജിനില്‍ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ 17.3 ഓവറില്‍ വെറും 114 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു. ഈ ജയത്തോടെ ഓസ്ട്രേലിയയെ മറികടന്ന് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കി.


🔘 വനിതാ ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ വിജയം ആഘോഷിച്ചെങ്കിലും, പ്രമുഖ യുവ സ്പിന്നര്‍ ശ്രേയങ്ക പാട്ടീലിനേറ്റ പരിക്ക് ഇന്ത്യക്കു തിരിച്ചടിയായി. കണങ്കാലിന് ഗുരുതരമായി പരിക്കേറ്റ താരത്തെ സ്‌ട്രെച്ചറിലാണ് മൈതാനത്തുനിന്നു പുറത്തേക്കു മാറ്റിയത്. ലോകകപ്പിലെ വരാനിരിക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ ശ്രേയങ്കയ്ക്ക് കളിക്കാന്‍ സാധിക്കുമോ എന്നു സംശയമാണ്.


🔘 അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. ലക്‌നോവിലെ ഏകനാ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 170 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് അടിച്ചുകൂട്ടിയത്. 154 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും റണ്‍സ് നേടിയ ഇഷാന്‍ കിഷന്റേയും ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. യുവതാരം ശുഭ്മാന്‍ ഗില്‍ പൂര്‍ണ്ണ ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്.


🔘 അഫ്ഗാനിസ്ഥാന്‍ എ ടീമിനെ തകര്‍ത്ത് ഇന്ത്യ എ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ പ്രവേശിച്ചു. 101 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നായകന്‍ തിലക് വര്‍മയുടെ ബാറ്റിംഗ് (59) ഇന്ത്യക്ക് തുണയായി. തിങ്കളാഴ്ച ശ്രീലങ്ക എ ടീമിനോട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടതോടെ ഇന്ത്യ എ ടീം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ നാലു പോയിന്റോടെ പട്ടികയില്‍ ഒന്നാമതെത്തി.


🔘 ആഗോള റസ്റ്റോറന്റ് വ്യവസായത്തിലെ മുന്‍നിര ബ്രാന്‍ഡായ പിസ ഹട്ട് മുറിച്ചു വിറ്റു. കെ.എഫ്.സി, ടാകോ ബെല്‍ എന്നിവയുടെ കൂടി മാതൃകമ്പനിയായ യം ബ്രാന്‍ഡ്സാണ് ചൈനയില്‍ മാത്രം പിസ ഹട്ട് നിലനിര്‍ത്തി ബാക്കി മുഴുവനായി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ലോംഗ്റേഞ്ച് ക്യാപിറ്റലിന് 150 കോടി ഡോളറിന് വിറ്റത്. 600 ഡോളറിന്റെ കടത്തില്‍ തുടങ്ങി 20,000 ഔട്ട്ലെറ്റുകളിലേക്ക് പടര്‍ന്നു പന്തലിച്ച ചരിത്രമാണ് പിസ ഹട്ടിന്റേത്. ഒടുവില്‍ 2.7 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ ഇടപാടില്‍ പിസ്സ സാമ്രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ യം ബ്രാന്‍ഡ്സ് പിസ്സ ഹട്ടിനെ രണ്ട് ഭാഗങ്ങളാക്കി വില്‍ക്കുകയാണ്. ചൈനയ്ക്ക് പുറത്തുള്ള 15,500-ത്തിലധികം റെസ്റ്റോറന്റുകളുള്ള ബിസിനസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ലോംഗ്റേഞ്ച് ക്യാപിറ്റലിന് 1.5 ബില്യണ്‍ ഡോളറിന് കൈമാറും. ചൈനയിലെ 4,375 സ്റ്റോറുകളുള്ള ബിസിനസ് യം ചൈന 1.2 ബില്യണ്‍ ഡോളറിന് സ്വന്തമാക്കും. ആകെ ഇടപാട് മൂല്യം 2.7 ബില്യണ്‍ ഡോളര്‍.


🔘 വാട്‌സ്ആപ്പില്‍ വ്യൂ വണ്‍സ് ഫീച്ചറിന് സമാനമായി ടെക്സ്റ്റ് മെസേജുകള്‍ ഒരിക്കല്‍ മാത്രം വായിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ വരുന്നു. ചാറ്റുകളിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും നിയന്ത്രണവും നല്‍കാനാണ് വാട്‌സ്ആപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു മെസേജ് ടൈപ്പ് ചെയ്ത ശേഷം അത് അയക്കാനുള്ള 'സെന്‍ഡ്' ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചാല്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാനാകും. അപ്പോള്‍ 'സെന്‍ഡ് ആസ് വ്യൂ വണ്‍സ്' എന്നൊരു ഓപ്ഷന്‍ തെളിഞ്ഞു വരും. ഇത് തെരഞ്ഞെടുത്ത് മെസേജ് അയച്ചാല്‍ സ്വീകര്‍ത്താവിന് അത് ഒരു തവണ മാത്രമേ തുറന്നു കാണാന്‍ സാധിക്കൂ. നിലവിലുള്ള വ്യൂ വണ്‍സ് ചിത്രങ്ങളെയും വീഡിയോകളെയും പോലെ തന്നെ, ഈ മെസേജുകളും കോപ്പി ചെയ്യാനോ, മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സാധിക്കില്ല. സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനും സ്‌ക്രീന്‍ റെക്കോര്‍ഡിങ് നടത്തുന്നതിനും ഇതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും.


🔘 പുറത്തിറങ്ങി 37 വര്‍ഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ ക്ലാസിക് ചിത്രം 'കിരീടം' റീ റിലീസിനൊരുങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോള്‍ തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന പേരായിരിക്കും 'കിരീടം'. സേതുമാധവന്‍ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികള്‍ നെഞ്ചേറ്റുന്നവയാണ്. ചിത്രം ജൂണില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് സിബി മലയില്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് ചിത്രം ജൂലൈയില്‍ എത്തുമെന്നാണ്. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989 ല്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 4 കെ, ഡോള്‍ബി അറ്റ്മോസില്‍ ആയിരിക്കും മലയാളികളുടെ പ്രിയ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുക.


🔘 പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത 'കരുതല്‍' ഒടിടിയിലേക്ക്. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പര്‍ശിയായ രീതിയില്‍ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒടിടി പ്ലാറ്റ്ഫോമായ ഫസ്റ്റ് ഷോസിലൂടെ ജൂണ്‍ 18 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്. ഐശ്വര്യ നന്ദന്‍, കോട്ടയം രമേശ്, സുനില്‍ സുഗത, സിബി തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമാ വിഭാഗത്തില്‍ ചിത്രത്തിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിരുന്നു. സാബു ജെയിംസ് ആണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും ഒരുക്കിയിരിക്കുന്നത്. ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


🔘 ടൊയോട്ട കമ്പനിയുടെ പുതിയ ഹിലക്സ് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തും. പുതിയ ഹിലക്സിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും വലിയ മാറ്റങ്ങള്‍ ലഭിക്കും. പുതിയ ടൊയോട്ട ഹിലക്സിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ പൂര്‍ണ്ണമായും പുതിയ മുന്‍വശത്തെ രൂപകല്‍പ്പനയായിരിക്കും. പിക്കപ്പ് ട്രക്കില്‍ വലുതും ബോള്‍ഡുമായ ഫ്രണ്ട് ഗ്രില്‍ ഉണ്ടാകും. ഇതോടൊപ്പം, ആധുനികവും ആക്രമണാത്മകവുമായ ഒരു രൂപം നല്‍കുന്ന മെലിഞ്ഞതും ഷാര്‍പ്പായിട്ടുള്ളതുമായ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ കാണാം. ടൊയോട്ട ബ്രാന്‍ഡിംഗും ഫ്രണ്ട് ഫാസിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇത് അതിന്റെ റോഡ് സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. പുതിയ ഹിലക്സില്‍ 2.8 ലിറ്റര്‍, 4-സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തില്‍, ഈ എഞ്ചിന്‍ 204 കുതിരശക്തിയും 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പുതിയ ഹിലക്സിനൊപ്പം ടൊയോട്ട 48വി മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും വാഗ്ദാനം ചെയ്തേക്കാം.


🔘 സാധാരണ ജീവിതത്തിന്റെ അലകളില്‍ നിന്നും ഹൃദയത്താല്‍ കടഞ്ഞെടുത്ത തോന്നലുകള്‍, തൂവലുകളായും ചിന്താചിറകുകളായും പറന്നുയരുമ്പോള്‍, അത് പുതിയ ഒരു വായനാപാത തുറന്നുനല്‍കുന്നു. ഒരു പഴയ സൈക്കിളിന്റെ മണിയൊച്ചയും മറന്നുപോയൊരു കത്തിന്റെ മണവും വഴിയരികില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ ഓര്‍മ്മകളും വിശാലതയിലേക്കുള്ള കടലിന്റെ വിളിയും ഈ താളുകളില്‍ വായനക്കാരെ കാത്തുനില്‍ക്കുന്നുണ്ട്. സ്വയം അടയാളപ്പെടുത്താന്‍ കഴിയാതെ സങ്കടപ്പെടുന്ന മനുഷ്യര്‍ക്ക് ഈ അക്ഷരങ്ങള്‍ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മാലാഖച്ചിറകുകളായി മാറുന്നു. ഓര്‍മ്മകള്‍ക്ക് തൂവല്‍ കിളിര്‍ത്തപ്പോള്‍ ചിറകടിച്ച പുസ്തകം. 'തോന്നലുകള്‍ തൂവലുകളാകുമ്പോള്‍'. വിജയ് പി ജോയ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 280 രൂപ.


🔘 അമ്മയുടെ രക്തത്തില്‍ നിന്ന് നേരിട്ട് ആയിരക്കണക്കിന് ജനിതക വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു രക്തപരിശോധന ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നോണ്‍-ഇന്‍വേസീവ് ഫീറ്റല്‍ സീക്വന്‍സിംഗ് എന്നറിയപ്പെടുന്ന ഈ പുതിയ സാങ്കേതികത, ഗര്‍ഭിണിയായ സ്ത്രീയുടെ രക്തത്തിലുള്ള കുഞ്ഞിന്റെ ഡിഎന്‍എയുടെ ചെറിയ കഷണങ്ങള്‍ വിശകലനം ചെയ്യുന്നു. ഈ ഡിഎന്‍എ ഗര്ഭപിണ്ഡത്തിന്റെ ജനിതക വിവരങ്ങള്‍ നല്‍കുന്നു. ഈ സാങ്കേതികവിദ്യ വളരെ പുരോഗമിച്ചതിനാല്‍ ഏതാണ്ട് മുഴുവന്‍ ജനിതക കോഡും പരിശോധിക്കാന്‍ കഴിയും. ഗര്‍ഭകാലത്ത്, കുഞ്ഞിന്റെ ഡിഎന്‍എയുടെ ഒരു ഭാഗം അമ്മയുടെ രക്തത്തിലേക്ക് പുറത്തുവിടുന്നു. ഈ രക്ത സാമ്പിള്‍ ഉയര്‍ന്ന തലത്തിലുള്ള ഡിഎന്‍എ സീക്വന്‍സിംഗിന് വിധേയമാക്കുന്നു. തുടര്‍ന്ന്, ഏതെങ്കിലും ജനിതക വൈകല്യങ്ങള്‍ ഉണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ നൂതന കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങള്‍ ഏകദേശം 23,000 ജീനുകളെ വിശകലനം ചെയ്യുന്നു. ഗവേഷകര്‍ 565 ഗര്‍ഭിണികളില്‍ ഈ പരിശോധന പരീക്ഷിച്ചു. ശരാശരി, ഗര്‍ഭത്തിന്റെ 17-ാം ആഴ്ചയിലാണ് ഈ പരിശോധന നടത്തിയത്. ഈ നടപടിക്രമങ്ങളില്‍ ഒരു സൂചി ഉപയോഗിച്ച് ഗര്‍ഭാശയത്തില്‍ നിന്ന് ഒരു സാമ്പിള്‍ എടുക്കുന്നത് ഉള്‍പ്പെടുന്നു, ഇത് ഏകദേശം 200 കേസുകളില്‍ 1 ല്‍ ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പുതിയ സാങ്കേതികവിദ്യയ്ക്ക് ഈ അപകടസാധ്യത ഇല്ലാതാക്കാന്‍ കഴിയും, കാരണം ഇതിന് ഒരു രക്ത സാമ്പിള്‍ മാത്രമേ ആവശ്യമുള്ളൂ. ഗര്‍ഭകാലത്ത് ഈ സാങ്കേതികവിദ്യ ഒരു മുന്‍നിര പരീക്ഷണമായി മാറിയേക്കാം, പ്രത്യേകിച്ച് അള്‍ട്രാസൗണ്ട് ഒരു പ്രശ്നം കണ്ടെത്തിയാല്‍.


🙏🏼*ശുഭദിനം*🪷


കാട്ടിലെ രാജാവായ സിംഹങ്ങള്‍ക്ക് വേണ്ട തീററ അവരുടെ ഗുഹയിലേക്കെത്തും.  മാനുകളാണ് ഭക്ഷണം.  ഇതാണ് ആ കാട്ടിലെ രീതി.  സിംഹത്തിന് മുന്നില്‍ കീഴടങ്ങി മാനുകള്‍ക്ക് വംശനാശം സംഭവിച്ചു.  വേട്ടയാടാതെ ഗുഹയിലിരുന്ന് തിന്ന് സിംഹത്തിനു പൊണ്ണത്തടിയായി.  ഒന്നിന്റെയും പിറകെ ഓടാതെ അവര്‍ക്ക് അനാരോഗ്യമായി.  മുയലുകളെപോലും ഓടിച്ചിട്ടുപിടിക്കാനാകാതെ, സിംഹകൂട്ടങ്ങള്‍ വിശന്നു മരിച്ചു.  അങ്ങനെ രണ്ടു കൂട്ടരും കാട്ടില്‍ നിന്നും അപ്രത്യക്ഷരായി.   അവനവന് വേണ്ടി പ്രവര്‍ത്തിക്കാത്തവരൊക്കെ അകാലത്തില്‍ അപ്രത്യക്ഷരാകും.  സ്വയം എടുക്കുന്ന തീരുമാനങ്ങളിലൂടെയും തുടരുന്ന ശീലങ്ങളിലൂടെയുമാണ് ഓരോരുത്തരും തങ്ങളുടെ വിധി തീരുമാനിക്കുന്നത്.  സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം.  സുഖാവസ്ഥ ആരേയും ഒരു നേട്ടത്തിലേക്കും എത്തിക്കില്ല.  അത് ദുരന്തങ്ങള്‍ സമ്മാനിക്കും.  എല്ലാ പരിശ്രമവും വിജയിക്കണമെന്നില്ല. പക്ഷേ, എത്ര തവണ തോറ്റാലും ആ തോല്‍വിപോലും തോറ്റവരുടെ ഊര്‍ജ്ജവും ഉന്മേഷവും നിലനിര്‍ത്തുന്നുണ്ട്.  നമുക്ക് വിശ്രമിച്ച് വീഴാതിരിക്കാം - *ശുഭദിനം.* ❣️🙏🏼






Post a Comment

Previous Post Next Post