*പുതുച്ചേരിക്ക് രണ്ടാം ഇന്ത്യ റിസർവ് ബറ്റാലിയൻ അനുവദിച്ചു*
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ രണ്ടാം ഇന്ത്യ റിസർവ് ബറ്റാലിയൻ (IRBn) സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 മെയ് 15-നാണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ അനുമതി അറിയിച്ചത്.
2003-ൽ പുതുച്ചേരിക്ക് ആദ്യ ഇന്ത്യ റിസർവ് ബറ്റാലിയൻ അനുവദിച്ചിരുന്നു. തുടർന്ന് 2004-ൽ വിവിധ തസ്തികകളിലായി 1007 ഒഴിവുകൾ സൃഷ്ടിക്കുകയും നിലവിൽ 896 പേർ സേവനത്തിലുമുണ്ട്.
ജനസംഖ്യ വർധന, വിമാനത്താവള വികസനം, വ്യവസായ വളർച്ച, ടൂറിസം രംഗത്തെ പുരോഗതി, തീരസുരക്ഷാ സംവിധാനങ്ങളുടെ ശക്തീകരണം എന്നിവയെ തുടർന്ന് പുതുച്ചേരിയിൽ നിയമ-സമാധാന ചുമതലകൾ വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ പൊലീസ് സേനയുടെ ആവശ്യകത ഉയർന്നത്.
ഇതിനെ തുടർന്നാണ് പുതുച്ചേരി മുഖ്യമന്ത്രി രണ്ടാം ഇന്ത്യ റിസർവ് ബറ്റാലിയൻ രൂപീകരിക്കണമെന്ന ശുപാർശ കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. ലഫ്‌റ്റനന്റ് ഗവർണറുടെ മുൻകൂർ അനുമതിയോടെ 2025 നവംബർ 20-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ പദ്ധതി സമർപ്പിച്ചിരുന്നു.
പുതുച്ചേരി സർക്കാരിന്റെ നിർദേശം അനുകൂലമായി പരിഗണിച്ച കേന്ദ്ര സർക്കാർ, പുതിയ ബറ്റാലിയൻ രൂപീകരണത്തിന് ഒറ്റത്തവണ ധനസഹായമായി 50 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. കൂടാതെ ബറ്റാലിയൻ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന 30 കോടി രൂപ കേന്ദ്ര സർക്കാർ നിബന്ധനകൾക്ക് വിധേയമായി തിരിച്ചുനൽകുമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ടാം ഇന്ത്യ റിസർവ് ബറ്റാലിയൻ നിലവിൽ വരുന്നതോടെ വിവിധ തസ്തികകളിലായി ഏകദേശം 1007 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതോടെ പുതുച്ചേരിയിലെ പൊലീസ്-സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുകയും യുവാക്കൾക്ക് വലിയ തൊഴിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും.

Post a Comment