o രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് മാഹിയിൽ തുടക്കം; സെൽഫ് എന്യൂമറേഷൻ ഉദ്ഘാടനം ചെയ്തു
Latest News


 

രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് മാഹിയിൽ തുടക്കം; സെൽഫ് എന്യൂമറേഷൻ ഉദ്ഘാടനം ചെയ്തു

 *രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് മാഹിയിൽ തുടക്കം; സെൽഫ് എന്യൂമറേഷൻ ഉദ്ഘാടനം ചെയ്തു*




മാഹീ : രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി നടപ്പാക്കുന്ന സെൽഫ് എന്യൂമറേഷൻ പദ്ധതിയുടെ മാഹി തല ഉദ്ഘാടനം ശനിയാഴ്ച രാവിലെ നടന്നു. മാഹി റീജിണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് അഡ്മിനിസ്ട്രേറ്ററുടെ ഔദ്യോഗിക വസതിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

തുടർന്ന് പ്രശസ്ത സാഹിത്യകാരൻ എം . മുകുന്ദൻ തന്റെ വസതിയിൽ സെൽഫ് എന്യൂമറേഷൻ നടപടിയിൽ പങ്കെടുത്തു. ഈ അവസരത്തിൽ റീജിണൽ അഡ്മിനിസ്ട്രേറ്റർ എം. മുകുന്ദനെ ആദരിക്കുകയും ചെയ്തു. ചടങ്ങിനിടെ എം. മുകുന്ദന്റെ പ്രശസ്ത കൃതിയായ On the Banks of the Mayyazhi എന്ന ഇംഗ്ലീഷ് വിവർത്തന പുസ്തകം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി.

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടം 2026 ജൂൺ 1 മുതൽ 30 വരെ നടക്കും. ഈ ഘട്ടത്തിൽ ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റർമാർ 34 ചോദ്യങ്ങൾ ചോദിച്ച് വിവരങ്ങൾ സ്മാർട്ട്ഫോണിലെ ആപ്പ് വഴി ശേഖരിക്കും. വീടുകളുടെ പട്ടികപ്പെടുത്തലും ഭവന സെൻസസുമാണ് ആദ്യഘട്ടത്തിൽ നടത്തുക. വീടിന്റെ സ്ഥിതി, മേൽക്കൂരയുടെ സ്വഭാവം, കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.

ഇതിന് മുമ്പായി പൊതുജനങ്ങൾക്ക് പോർട്ടൽ വഴി സ്വന്തം നിലയിൽ സെൽഫ് എന്യൂമറേഷൻ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ പ്രക്രിയ 2026 മേയ് 17 മുതൽ 31 വരെയാണ്. സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന അക്നോളജ്‌മെന്റ് ഭവന സന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് കൈമാറിയാൽ മതിയാകും.

രണ്ടാം ഘട്ട സെൻസസ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും. ഇതിൽ ജനസംഖ്യാ വിവരങ്ങളാണ് ശേഖരിക്കുക. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടും. സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യസ്വഭാവമുള്ളതും ഇന്ത്യൻ നിയമപ്രകാരം സംരക്ഷിതവുമാണെന്ന് അധികൃതർ അറിയിച്ചു.

സെൻസസ് ചാർജ് ഓഫീസറും ഡെപ്യൂട്ടി തഹസിൽദാറുമായ മനോജ് വളവിൽ, സെൻസസ് ചാർജ് ക്ലർക് അബ്ദുള്ള നഷീദ്, പുതുച്ചേരി സെൻസസ് വകുപ്പ് ഉദ്യോഗസ്ഥരായ കെ. എസ്. അമ്പിളി, എ. അഹിന ദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




Post a Comment

Previous Post Next Post