യുദ്ധം തുടർന്നാൽ ഇന്ധന വില കൂടിയേക്കും -പാചക വാതക സിലിണ്ടറുകൾ ബുക്കിംങ് ഇരട്ടിയായി
മാഹി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിൽ ഇന്ധന വില വർധിക്കുകയില്ലെങ്കിലും യുദ്ധം നീണ്ടാൽ വില കൂടുമെന്ന് സൂചന. പെട്രോൾ പമ്പുകളിൽ ഇന്ധനത്തിനായെത്തുന്ന ഉപഭോക്താക്കൾ പമ്പ് ജീവനക്കാരോട് അന്വേഷിക്കുന്നത് വില കൂടുമൊ, ഇന്ധന ക്ഷാമം ഉണ്ടാകുമൊ എന്നതാണ്.
25 ൽ പരം പെട്രോൾ പമ്പുകൾ പ്രവൃത്തിക്കുന്ന മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ. ഗണേശൻ പറയുന്നത് തൽക്കാലം വില കൂടുമെന്ന സാഹചര്യം ഇല്ലെന്നാണ്. എന്നാൽ യുദ്ധം നീണ്ടു പോയാൽ വില കൂടും, ക്ഷാമവും നേരിടും.കരുതൽ ശേഖരം ഉള്ളതിനാൽ 25 ദിവസമെങ്കിലും പിടിച്ചു നിൽക്കാൻ കഴിയുമെന്നാണ് സൂചന.
നിലവിൽ മാഹിയിലേയും, കേരളത്തിലേയും പെട്രോൾ പമ്പുകളിൽ ആവശ്യത്തിനനുസരിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് ഇന്ധനവുമായി ടാങ്കർ ലോറികൾ എത്തുന്നുണ്ട്. പെട്രോൾ പമ്പുകളിൽ സാധാരണ തിരക്ക് മാത്രമെ അനുഭവപ്പെടുന്നുള്ളു.കന്നാസിൽ കൊണ്ടു പോകുന്നത് വിരളമാണ്.
ഹോർമോസ് കടലിടുക്ക് അടച്ചതാണ് ആശങ്ക. മാഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.92 രൂപയാണ്. ഡീസൽ 83.90 ,കണ്ണൂർ പെട്രോൾ 105.78, ഡീസൽ 94.78. എന്നിങ്ങനെയാണ് വില നിലവാരം . അതേ സമയം പാചക വാതക സിലിണ്ടറുകളുടെ ബുക്കിംങ്ങ് ഇരട്ടിയായതായതായി ഏജൻസികളുടെ കണക്ക്.റംസാൻ കാലവും എല്ലാം കണക്കിലെടുത്ത് വീട്ടമ്മമാർ ധൃതി പിടിച്ച് ഓർഡർ നൽകി സിലിണ്ടറുകൾ കരുതി വെക്കുകയാണ്.ഈ മേഖലയിലും നിലവിൽ ക്ഷാമമില്ല.

Post a Comment