*ഗുരുവായൂരിൽ തിരുവാതിര അവതരിപ്പിക്കാൻ മയ്യഴിയിൽ നിന്നുള്ള ദീപ്തം തിരുവാതിര ഗ്രൂപ്പിന് സുവർണ്ണാവസരം*
കേരളത്തിന്റെ ഭക്തിയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായ ഗുരുവായൂർ അമ്പലത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി മാർച്ച് 5ന് നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ മാഹി ദീപ്തം ഗ്രൂപ്പിന്റെ “തിരുവാതിര” ടീമിന് അവസരം ലഭിച്ചു.
ഉത്സവ വേദിയിൽ അവതരണം നടത്തുന്നതിനായി നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 2000 അപേക്ഷകളാണ് ലഭിച്ചത്. അതിൽ നിന്നുള്ള നറുക്കെടുപ്പിലാണ് മാഹി ദീപ്തം ഗ്രൂപ്പിന്റെ പേര് തിരഞ്ഞെടുക്കപ്പെട്ടത്. നിരവധി കലാസംഘങ്ങൾ ആഗ്രഹിച്ച വേദിയിൽ മാഹിയിൽ നിന്നും ആദ്യമായാണ് ഒരു തിരുവാതിര സംഘത്തിന് അവസരം ലഭിക്കുന്നത്. .
പരമ്പരാഗത തിരുവാതിരയുടെ ഭംഗിയും ഏകോപനവും കാത്തുസൂക്ഷിച്ച് പ്രവർത്തിച്ചു വരുന്ന സംഘമാണ് മാഹി ദീപ്തം ഗ്രൂപ്പ്. വിവിധ വേദികളിൽ നിന്നുള്ള മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി കൊണ്ട് ശ്രദ്ധേയമായ അവതരണങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഇവർക്ക് ഗുരുവായൂരിലെ വിശിഷ്ട വേദിയിൽ കലാപ്രകടനം നടത്താനുള്ള അവസരം ലഭിച്ചത് ശ്രദ്ധേയ നേട്ടമായി വിലയിരുത്തപ്പെടുന്നു.
മികച്ച രീതിയിൽ തിരുവാതിര അവതരിപ്പിക്കാൻ സംഘം ശക്തമായ പരിശീലനത്തിലാണ്. ഗുരുവായൂർ ഉത്സവ വേദിയിൽ മാഹിയുടെ സാന്നിധ്യം അറിയിക്കാൻ സംഘാംഗങ്ങൾ ആത്മവിശ്വാസത്തോടെ ഒരുങ്ങുന്നു. ടീമിന് വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചുവരുന്നു.

Post a Comment