*മാഹി റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഇടപെടൽ:*
*ലെഫ്റ്റനന്റ് ഗവർണറെ കണ്ടു ജനപ്രതിനിധിയടങ്ങിയ സംഘം*
മാഹി: മാഹി റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് ജനപ്രതിനിധി ഉൾപ്പെട്ട സംഘം ലെഫ്റ്റനന്റ് ഗവർണറെ സന്ദർശിച്ചു.
അഴിയൂർ മാഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്ന ആവശ്യമാണ് പ്രധാനമായി ഉന്നയിച്ചത്.
മാഹി റെയിൽവേ സ്റ്റേഷൻ നാലാം വാർഡ് കൗൺസിലർ മഹിജ തോട്ടത്തിൽ, അഡ്വ. ജ്യോതിരാജ്,അഴിയൂർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ എന്നിവരടങ്ങിയ സംഘമാണ് ലെഫ്റ്റനന്റ് ഗവർണർ കൈലാസ് നാഥിനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്.
മാഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഏറെക്കാലമായി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്. സ്റ്റേഷനിൽ നിരവധി പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നതെന്ന് സംഘം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. അതിനാൽ തന്നെ യാത്രക്കാർക്ക് അത്യാവശ്യമായ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം അവർ മുന്നോട്ടുവച്ചു.
കൂടാതെ മാഹി റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നീണ്ടുപോകുന്ന റെയിൽവേ അണ്ടർപാസ് നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ തടസ്സങ്ങൾ നീക്കി പദ്ധതി യാഥാർത്ഥ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഈ പദ്ധതി നടപ്പായാൽ ഒറ്റ പെട്ട പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾക്കും ജനങ്ങളുടെ ആശങ്കകൾക്കും വലിയൊരു പരിഹാരമാകുമെന്ന് സംഘം വ്യക്തമാക്കി.
വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ച് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കാമെന്നും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കൈലാസ് നാഥ് ജനപ്രതിനിധി ഉൾപ്പെട്ട സംഘത്തിന് ഉറപ്പ് നൽകിയതായി അറിയിച്ചു.
ഇത് പ്രദേശത്തിന്റെ ദീർഘകാല ആവശ്യങ്ങളിലൊന്നായ മാഹി റെയിൽവേ സ്റ്റേഷൻ വികസനത്തിനുള്ള നടപടികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതായി സംഘം അഭിപ്രായപ്പെട്ടു.

Post a Comment