ജനാഭിലാഷത്തിന്റെ നാൾവഴികൾ’ ഫെബ്രുവരി 27ന് സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് പ്രകാശനം ചെയ്യും.
മയ്യഴി: അഭിഭാഷകനും പൊതുപ്രവർത്തകനുമായ ടി. അശോക് കുമാർ രചിച്ച മയ്യഴി: ജനാഭിലാഷത്തിന്റെ നാൾവഴികൾ എന്ന പുസ്തകം ഫെബ്രുവരി 27ന് പ്രകാശനം ചെയ്യും. നെയ്തൽ പതിപ്പകം പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് പ്രകാശനം ചെയ്യും.
വൈകുന്നേരം 5 മണിക്ക് ഹോട്ടൽ തീർത്ഥ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദൻ പുസ്തകം ഏറ്റുവാങ്ങും. ചലച്ചിത്ര ശബ്ദകലാകാരിയും സാമൂഹ്യപ്രവർത്തകയുമായ ഭാഗ്യലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും.
പുതുച്ചേരി സംസ്ഥാനത്ത് മുപ്പത്തിയെട്ട് വർഷമായി മുടങ്ങിക്കിടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുവാനായി പൊതുതാൽപര്യഹരജിയിലൂടെ കഠിനപ്രയത്നം നടത്തുന്നത് അഡ്വ. ടി. അശോക് കുമാറാണ്. മയ്യഴി ബൈപാസിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടെ മയ്യഴിയിലെ നിരവധി പൊതുപ്രശ്നങ്ങൾ മദ്രാസ് ഹൈക്കോടതി, ഇന്ത്യയുടെ സുപ്രീം കോടതി എന്നിവിടങ്ങളിൽ ഫയൽ ചെയ്ത കേസുകളിലൂടെ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടങ്ങളുടെ അനുഭവങ്ങളും മയ്യഴിയുടെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലവും ആവിഷ്‌കരിക്കുന്ന കൃതിയാണ് ഈ പുസ്തകം.
അഡ്വ. എ. പി. അശോകൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നെയ്തൽ പതിപ്പകം എഡിറ്റർ ഡോ. മഹേഷ് മംഗലാട്ട് പുസ്തകപരിചയം നടത്തും. പുതുച്ചേരി മുൻ ഡപ്യൂട്ടി സ്പീക്കർ പി. കെ. സത്യാനന്ദൻ, ഡോ. വി. രാമചന്ദ്രൻ, വടക്കൻ ജനാർദ്ദനൻ എന്നിവർ ആശംസകൾ അർപ്പിക്കും. സ്വാഗതസംഘം ചെയർമാൻ അനിൽ പള്ളൂർ സ്വാഗതവും കൺവീനർ വിജേഷ് പുത്തലത്ത് നന്ദിയും പറയും.
ഇരുന്നൂറ് രൂപ വിലയുള്ള പുസ്തകം റിലീസ് ദിനത്തിൽ അമ്പത് ശതമാനം കിഴിവിൽ റിലീസ് വേദിയിലെ നെയ്തൽ പതിപ്പകത്തിന്റെ കൗണ്ടറിൽ ലഭ്യമാകും.
പത്രസമ്മേളനത്തിൽ അനിൽ പള്ളൂർ, മഹേഷ് മംഗലാട്ട്, അഡ്വ. ടി. അശോക് കുമാർ, പി. പി. റിയാസ് മാഹി, വിജേഷ് പുത്തലത്ത്, പി. കെ. വത്സരാജ് എന്നിവർ പങ്കെടുത്തു.

Post a Comment