പക്ഷിക്കാഷ്ഠം കാരണമുള്ള ദുരിതത്തിന് പരിഹാരം: തണൽമരം മുറിച്ചു നീക്കിയതിൽ ആശ്വാസം
കാഷ്ഠമിടാതിരുന്നാൽ കൂട് കൂട്ടാം
പ്രതിഷേധം ശക്തം
ന്യൂമാഹി: ന്യൂമാഹി ടൌണിൽ പക്ഷികൾ ചേക്കേറിയ തണൽമരം മുറിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. പോലീസ് ഔട്ട് പോസ്റ്റിന് സമീപം എം.ആർ.എ ബേക്കറിയുടെ മുൻവശത്തെ തണൽമരത്തിൻ്റെ ശിവരങ്ങളും ചില്ലകളുമാണ് മുറിച്ചു നീക്കിയത്. പക്ഷി വിസർജ്യം കാരണം പൊതുജനങ്ങൾക്ക് വഴി
നടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിലുണ്ടായ ജില്ലാ പഞ്ചായത്തിൻ്റെ ഉത്തരവിനെ ത്തുടർന്നാണ് മരം മുറിച്ചത്. തടിമരം മാത്രം ബാക്കിവെച്ച് ശിഖരങ്ങളും ചില്ലകളുമാണ് മുറിച്ചുനീക്കിയത്. ഇതോടെ പക്ഷിക്കാഷ്ഠം കാരണമുള്ള ദുരിതത്തിന് താത്കാലിക പരിഹാരമായി. ജനത്തിനും വ്യാപാരികൾക്കും ഇത് ഏറെ ആശ്വാസവുമായി.
ജനങ്ങൾക്ക് പലരീതിയിൽ ഭീഷണിയായ മരം മുറിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ പഞ്ചായത്ത് അധികൃതർക്ക് ന്യൂമാഹി പഞ്ചായത്ത് നൽകിയ പരാതിയെത്തുടർന്നാണ്
മരം മുറിക്കാൻ ഉത്തരവുണ്ടായത്.
മുറിച്ച മരത്തിന് സമീപമാണ് ലിമിറ്റഡ് ബസ് കാത്തിരിപ്പ് കേന്ദ്രവും ടെമ്പോ സ്റ്റാൻ്റും സ്ഥിതി ചെയ്യുന്നത്. പക്ഷിക്കാഷ്ഠം കാരണം ജനങ്ങൾ ഏറെ ദുരിതമാണ് അനുഭവിച്ചിരുന്നത്. മരം മുറിച്ചതോടെ ജനത്തിൻ്റെ ദുരിതത്തിന് അറുതിയായി.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ജില്ലാ പഞ്ചായത്ത് മരം മുറിക്കാൻ തീരുമാനമെടുത്ത് ഉത്തരവായത്.
പൊതുമരാമത്ത് ദേശീയപാതാ വിഭാഗം, സോഷ്യൽ ഫോറസ്ട്രി, ന്യൂമാഹി വില്ലേജ്, ന്യൂമാഹി പഞ്ചായത്ത് എന്നീ അധികൃതരാണ് ട്രീ കമ്മിറ്റിയിൽ ഉള്ളത്.
അനുമതിയില്ലാതെ മരം മുറിച്ചതിൽ പ്രതിഷേധം
ഒരു മരം മുറിക്കാനുള്ള അനുമതിയുടെ മറവിൽ മുറിച്ചത് മൂന്ന് മരങ്ങൾ. പക്ഷി വിസർജ്യത്തിൻ്റെ പേരിൽ അനുമതിയില്ലാതെ ഒരു തണൽമരവും ഒരു ബദാം മരവും മുറിച്ചു. മരം പൂർണ്ണമായും മുറിച്ചു എന്ന ആക്ഷേപം ഒഴിവാക്കാൻ തടിമരം മാത്രം ബാക്കി വെച്ചിട്ടുണ്ട്. അനുമതിയില്ലാതെയും ചില അധികൃതരുടെ മൗനാനുവാദത്തോടെയും മരം മുറിച്ചതിൽ പൊതുപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധിച്ചു. സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലാണ് അനധികൃത മരം മുറി നടന്നത്. നീർക്കൊക്കുകളുടെ കണക്കെടുപ്പ് നടത്തുന്ന സമയത്താണ് ധാരാളം പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങൾ മുറിച്ചത്. മുറിക്കുന്ന മരങ്ങൾക്ക് പകരം വൃക്ഷത്തെെക്കൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കണമെന്ന ഉത്തരവും പാലിച്ചിട്ടില്ല.
പക്ഷി വിസർജ്യത്തിൻ്റെ പേരിൽ
മാഹി പാലത്തിന് സമീപത്തെ മറ്റൊരു മരം രണ്ട് മാസം മുമ്പ് മുറിച്ചതോടെ ആ തണൽ മരത്തിലെ പക്ഷികൾ സമീപത്തെ മറ്റ് തണൽ മരങ്ങളിൽ ചേക്കേറുകയായിരുന്നു. മാഹി പാലം പരിസരത്ത് പുഴയോരത്തെ മിക്ക തണൽ മരങ്ങളും പക്ഷികളുടെ വാസ കേന്ദ്രമാണ്. പക്ഷി വിസർജ്യത്തിൻ്റെ ദുരിതമൊഴിവാക്കാൻ ന്യൂമാഹി ടൗണിലെയും പരിസരത്തെയും പുഴയോരത്തെ മുഴുവൻ മരങ്ങളും സമീപ ഭാവിയിൽ തന്നെ മുറിച്ചു നീക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
................................................
അനുമതിയില്ലാതെ മരങ്ങൾ മുറിച്ചുനീക്കിയവർക്കെതിരെ നടപടി സ്വീകരിക്കണം
പക്ഷി വിസർജ്യത്തിൽ നിന്നുള്ള ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ തണൽ മരത്തിൻ്റെ ശിഖരങ്ങളും ചില്ലകളും മുറിച്ച് നീക്കിയത് ജനങ്ങൾക്ക് ആശ്വാസകരമാണ്. ജനങ്ങളും വ്യാപാരികളും പക്ഷി വിസർജ്യം കാരണം കുറെക്കാലമായി ദുരിതം അനുഭവിച്ചു വരികയായിരുന്നു. പക്ഷികളുടെ വിസർജ്യം കാരണമുള്ള പ്രശ്നത്തിന് പരിഹാരമായി എന്ന് പറയുമ്പോഴും അനധികൃതമായി മരങ്ങൾ മുറിച്ചതിനെ അംഗീകരിക്കാനാവില്ല. ഒരു മരം മുറിക്കാനുള്ള ഉത്തരവിൻ്റെ മറവിലാണ് മറ്റ് രണ്ട് മരങ്ങൾ കൂടി മുറിച്ചത്. അനുമതിയില്ലാതെ മരം മുറിച്ചു നീക്കിയവർക്കെതിരെയും ഈ നിയമ ലംഘനത്തിന് കൂട്ട് നിന്ന അധികൃതർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകും.
പക്ഷി വിസർജ്യം തടയാൻ മരങ്ങൾ മുഴുവൻ മുറിച്ചു മാറ്റുന്നത് ശാസ്ത്രീയമായ മാർഗ്ഗമാണോ എന്ന് പരിശോധിക്കണം. ജൈവ വൈവിധ്യ ബോർഡുമായി ബന്ധപ്പെട്ട് മരത്തിനടിയിൽ വലകൾ വിരിച്ച് വിസർജ്യം തടയാൻ മാർഗ്ഗമുള്ളതായാണിയുന്നത്. ഇക്കാര്യം പ്രായോഗികമാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം.
എൻ.കെ. സജീഷ്, സെക്രട്ടറി, ന്യൂമാഹി വികസന സമിതി.

Post a Comment