o നിയമസഭയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മയ്യഴിയുടെ സാന്നിധ്യമായി, സി. കെ. രാജലക്ഷ്മിയും പൂക്കുട്ടിച്ചാത്തനും
Latest News


 

നിയമസഭയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മയ്യഴിയുടെ സാന്നിധ്യമായി, സി. കെ. രാജലക്ഷ്മിയും പൂക്കുട്ടിച്ചാത്തനും

 *നിയമസഭയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മയ്യഴിയുടെ  സാന്നിധ്യമായി, സി. കെ. രാജലക്ഷ്മിയും പൂക്കുട്ടിച്ചാത്തനും




കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച നാലാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മയ്യഴി സ്വദേശിനിയും എഴുത്തുകാരിയുമായ സി. കെ. രാജലക്ഷ്മി പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പുസ്തകോത്സവത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ എഴുത്തുകാരും ചിന്തകരും സാന്നിധ്യം വഹിക്കുന്നു.



മാഹിയിൽ നിന്നുമെത്തിയ യുവാക്കൾ ചേർന്ന് ആചാരാനുഷ്ടാനങ്ങളോടെ അരങ്ങിലേറ്റിയ പൂക്കുട്ടിച്ചാത്തൻ കാണികളുടെ മനം കവർന്നതോടൊപ്പം മയ്യഴിയുടെ യശ്ശസുമുയർത്തി.

അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സി. കെ. രാജലക്ഷ്മി പറഞ്ഞു. മയ്യഴിയുടെ സാഹിത്യ ലോകത്തിന് ഇത് അഭിമാന നിമിഷമാണെന്നും അവർ അഭിപ്രായപ്പെട്ടു.

പാലക്കാട് അഗ്രഹാരത്തെ ആസ്പദമാക്കിയ ‘ദേവപദം തേടി’ എന്ന കൃതിയും ഇ. വി. രാമസ്വാമി നായിക്കാറുടെ ജീവിതവും ചിന്തകളും പ്രതിഫലിപ്പിക്കുന്ന ‘പകുത്തറിവ്’ എന്ന കൃതിയും ഉൾപ്പെടെ അവരുടെ രചനകളായ രണ്ട് പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം മയ്യഴിയിലെ എഴുത്തുകാരായ പ്രദീപ് കൂവ, ഡെലിഷ മുരളി, മൻസൂർ പള്ളൂർ എന്നിവരുടെ പുസ്തകങ്ങളും പുസ്തകോത്സവത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതുവഴി മയ്യഴിയിലെ സാഹിത്യ സൃഷ്ടികൾക്ക് ദേശീയ–അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാൻ അവസരം ലഭിച്ചതായി സാംസ്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.

200-ലധികം പ്രസാധകരുടെ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്ന പുസ്തകോത്സവത്തിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ വായനക്കാർക്കായി ലഭ്യമാണ്. പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, സാഹിത്യ ചർച്ചകൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, വിവിധ സാംസ്കാരിക അവതരണങ്ങൾ എന്നിവയും പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

മയ്യഴിയിലെ സാഹിത്യ ലോകത്തിനും എഴുത്തുകാർക്കും ഈ പങ്കാളിത്തം വലിയ പ്രചോദനമായെന്ന് സാംസ്കാരിക രംഗത്തെ പ്രമുഖർ വിലയിരുത്തി.

ജനുവരി 13 വരെ നീളുന്ന പുസ്തകോത്സവം പൊതുജനങ്ങൾക്ക് തുറന്നതാണ്.



Post a Comment

Previous Post Next Post