മാഹി ബൈപ്പാസ് സർവീസ് റോഡുകളിൽ തെങ്ങിൻ മണ്ടകളിലും പമ്പ് പരസ്യം
സർവീസ് റോഡിൽ പമ്പുകളുടെ ബാഹുല്യം
മാഹി: എങ്ങും കാണാത്ത കാഴ്ചയാണ് മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പാതയിലെ ഈസ്റ്റ് പള്ളുർ ഭാഗത്തെ സർവീസ് റോഡിൽ.6 പെട്രോൾ പമ്പുകൾ പ്രവർത്തനം തുടങ്ങിയതോടെ സർവീസ് റോഡിന് തൊട്ട സമീപത്തെ പറമ്പുകളിൽ വാഹന ഉടമകളെ ആകർഷിക്കാൻ പരസ്യ പ്രളയമാണ്. തെങ്ങിൻ മണ്ടയിൽ ഡീസൽ എന്നെഴുതി വില രേഖപ്പെടുത്തിയ ബോർഡുകൾ കാഴ്ച്ചയായി മാറുകയാണ്.കൂടാതെ വെൽക്കം റ്റു മാഹി ബോർഡുകളും,ഓഫർ ബോർഡുകളും സർവീസ് റോഡുകളെ ശ്വാസം മുട്ടിക്കുകയാണ്. പ്രവൃത്തികൾ പൂർത്തിയായാൽ ഈ പ്രദേശത്ത് പമ്പുകളുടെ എണ്ണം 17 കടക്കും.
ബൈപ്പാസ് പാതയിലെ പെരിങ്ങാടി സിഗ്നൽ ഭാഗം അടച്ചതിനാൽ സർവീസ് റോഡ് വഴിയാണ് ഭാരവാഹനങ്ങളടക്കം തിരിച്ചു വിടുന്നത്. സർവീസ് റോഡ് വീതി കുറവായതിനാൽ അപകടങ്ങൾ പെരുകുകയാണ്.വാഹനങ്ങൾ സർവീസ് റോഡുകളിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ കയറുന്നിടത്തെല്ലാം ഗതാഗതക്കുരുക്കാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് റോഡിലെ ചെങ്കുത്തായ കയറ്റത്തിൽ പോലും പമ്പുകളാണ്. ഇവിടെ ഭാരവണ്ടികൾ കയറ്റം കയറാനാകാതെ നിയന്ത്രണം വിടുമ്പോൾ ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവർ ഭീതിയിലാണ്.പുതുച്ചേരി കലക്ടർ പുതുച്ചേരിയിലിരുന്നാണ് പമ്പുകൾക്ക് ഇങ്ങനെ അനുമതി നൽകുന്നത്. പ്രദേശത്ത് ഇനിയും പമ്പുകൾ വരാൻ മണ്ണിട്ട് നികത്തുന്ന സ്ഥലത്തെ പരിസരത്തെ വീട്ടുകാർ പൊടിയിൽ കുളിക്കുകയാണ്. സർവീസ് റോഡിൽ കൂട്ടത്തോടെ പമ്പുകൾ ഉയരുമ്പോൾ പരിഭ്രാന്തരാകുന്നത് വർഷങ്ങളായി താമസിച്ചു വരുന്ന പരിസരത്തെ മാഹിക്കാരായ വീട്ടുകാരാണ്. അതിനിടെ പെരിങ്ങാടി അടിപ്പാത പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങൾ ഏറെ ദൂരം സർവീസ് റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഗതാഗത കുരുക്കും - തുടർന്ന് ടോൾ പ്ലാസയിൽ ഈ സാഹചര്യത്തിൽ ടോൾ പിരിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

Post a Comment