◾ ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ ദേവാലയത്തിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ സിഎന്‍ഐ സഭാ ദേവാലയത്തില്‍ ക്രൈസ്തവ സമൂഹത്തിലെ നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്ന പ്രധാനമന്ത്രി, സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും സന്നിഹിതനായി. ഡല്‍ഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങില്‍ നടന്നു.
◾ കണ്ണൂരില്‍ റീല്‍ ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. എറണാകുളം - പൂനെ ഓഖ എക്സ്പ്രസാണ് റീല്‍ ചിത്രീകരിക്കുന്നതിനായി നിര്‍ത്തിച്ചത്. രണ്ട് പേരെയും കണ്ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
2025 | ഡിസംബർ 26 | വെള്ളി
1201 | ധനു 11 | ചതയം |റജബ് 05
◾ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യന് എതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്. 'പിണറായിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അഗാധമായ ബന്ധമുണ്ടാകാന്‍ കാരണം എന്തായിരിക്കും' എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനാണ് കലാപശ്രമത്തിന് കേസ് എടുത്തിരിക്കുന്നത്.
◾ ശബരിമലയിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെയും വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തിയെന്നും പിന്നില്‍ വന്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ യഥാര്‍ത്ഥ തൊണ്ടി മുതല്‍ എവിടെയാണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
◾ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസിനെതിരെ തുടര്‍ന്നും രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം. തന്ത്രപ്രധാനമായ സുരക്ഷയുള്ള സോണിയ ഗാന്ധിയെ പോറ്റി എങ്ങനെ നേരില്‍ കണ്ടുവെന്നും ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നുമാണ് സിപിഎം മുന്നോട്ട് വെക്കുന്ന ആവശ്യം.
◾ സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ അടൂര്‍ പ്രകാശ് കൃത്യമായ മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അടൂര്‍ പ്രകാശ് മറുപടി പറയാത്തതിനാല്‍ സംഭവങ്ങളില്‍ കൂടുതല്‍ ദുരൂഹതയേറുന്നെന്നും പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിര്‍മിതമാണെന്നും അദ്ദേഹം പറഞ്ഞു.
◾ ശബരിമല സ്വര്‍ണക്കൊള്ളയിലെ ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂര്‍ പ്രകാശ്. ആറ്റിങ്ങല്‍ എംപി ആയപ്പോള്‍ പോറ്റി തന്നെ വന്നു കണ്ടിരുന്നുവെന്നും മണ്ഡലത്തിലെ ഇടതുപക്ഷ എംഎല്‍എയും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നുവെന്നും തന്നെ വന്ന് കാണും മുമ്പ് പോറ്റി കണ്ടത് മുഖ്യമന്ത്രിയെ ആണെന്നും സോണിയ ഗാന്ധിയെ കാണാന്‍ പോറ്റിയെ കൊണ്ടുപോയത് താനല്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
◾
ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരെന്ന് പ്രവാസി വ്യവസായിയുടെ മൊഴി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കടത്താനും നീക്കമെന്നും എസ്ഐടിയോട് വെളിപ്പെടുത്തല്‍. അതേസമയം സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഡി മണി, ദിണ്ടിഗല്‍ സ്വദേശിയായ ബാലമുരുഗന്‍ ആണെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്. ഇടനിലക്കാരനായ ശ്രീകൃഷ്ണനെയും എസ്ഐടി തിരിച്ചറിഞ്ഞു.
◾ 2025-ലെ ക്രിസ്മസ് അഭൂതപൂര്‍വമായ ഉത്കണ്ഠയോടെയാണ് കടന്നുപോകുന്നത് എന്നത് വേദനാജനകമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രാദേശികമായി ഉണ്ടായ ചില അനിഷ്ട സംഭവങ്ങളും ദേശീയതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുമാണ് ഇതിന് കാരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോള്‍ ഭൂരിപക്ഷം നിശബ്ദരായ കാഴ്ചക്കാരായി നിന്നാല്‍ സമാധാനം നിലനില്‍ക്കില്ലെന്നും അതുകൊണ്ടാണ് ഈ ക്രിസ്മസ് നാളില്‍ താന്‍ ഇതെക്കുറിച്ച് സംസാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
◾ ക്രൈസ്തവര്‍ക്കെതിരായ അതിക്രമത്തില്‍ ക്രിസ്മസ് ദിനത്തില്‍ ആശങ്കകള്‍ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷന്‍മാര്‍. വെറുപ്പുണ്ടാക്കുന്നവരുടെ ഹൃദയത്തിലും വെളിച്ചം വീശട്ടെയെന്ന് കര്‍ദ്ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു. ഇന്ത്യയെ മതരാഷ്ട്ര പട്ടികയിലേക്ക് മാറ്റാന്‍ ആരോ ശ്രമിക്കുകയാണെന്ന് സിറോ മലബാര്‍സഭ പ്രതികരിച്ചു
◾ ക്രിസ്മസ് ആഘോഷങ്ങള്‍ക്കതിരെ നടന്ന അതിക്രമ സംഭവങ്ങള്‍ ബിജെപിയുടെ തലയില്‍ വെയക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും നോക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. എല്ലാവര്‍ക്കും ആഘോഷിക്കാന്‍ അവകാശം ഉണ്ടെന്നും അതിക്രമം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും 140 കോടി ജനങ്ങളില്‍ വട്ടുള്ള ചിലര്‍ ഉണ്ടാകുമെന്നും അക്രമണം നടത്തിയവര്‍ക്ക് വട്ടാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ഭരണഘടനക്കും മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണെന്ന് മന്ത്രി പി രാജീവ്. ക്രിസ്മസ് കേക്കുമായി ചെന്ന ആളുകള്‍ കരോള്‍ കണ്ടാല്‍ ആക്രമിക്കുന്ന രീതിയിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.
◾ സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്. മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുകള്‍ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്. പഞ്ചായത്തുകളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.
◾ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസില്‍ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് ചരിത്ര വിജയം നേടിയ ബി ജെ പി ഒടുവില്‍ കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. കണ്ണമ്മൂല വാര്‍ഡില്‍നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബി ജെ പി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചത്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടന്‍ തിരുവനന്തപുരത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും മോദി എത്തുക. കൗണ്‍സിലര്‍മാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
◾ കൊച്ചി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ്. മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി തീരുമാനിച്ച വികെ മിനിമോള്‍ക്കും ഷൈനി മാത്യുവിനും പിന്തുണയര്‍പ്പിച്ച് കൊണ്ട് ദീപ്തി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ്തിയുടെ പിന്തുണ.
◾ പാലക്കാട് നഗരസഭയില്‍ നിര്‍ണ്ണായക നീക്കവുമായി ബിജെപി. പി സ്മിതേഷ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയും ടി. ബേബി വൈസ്. ചെയര്‍പേഴ്സണുമാവും. മുരുകണി വാര്‍ഡില്‍ നിന്നാണ് പി സ്മിതേഷ് ഇത്തവണ ജയിച്ചത്. നിലവില്‍ ബിജെപി ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. അതേസമയം, ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യതയുണ്ടായിരുന്ന സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസിനെ അവസാന നിമിഷം മാറ്റിയെന്നാണ് വിവരം.
◾ ഷൊര്‍ണൂര്‍ നഗരസഭയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര പി നിര്‍മല ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ആകും. സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഏരിയ കമ്മിറ്റിയുടെ തീരുമാനം ഇടതുമുന്നണിയുടെ ഷൊര്‍ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ പാലാ നഗരസഭയിലെ ഭരണസമിതിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം. യുഡിഎഫിനായിരിക്കും പുളിക്കണ്ടം കുടുംബത്തിന്റെ പിന്തുണ. ഒരാഴ്ചയിലധികം നടന്ന ചര്‍ച്ചക്കൊടുവിലാണ് കുടുംബം അന്തിമ തീരുമാനത്തിലെത്തിയത്. ചര്‍ച്ചയില്‍ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങള്‍ യുഡിഎഫ് അംഗീകരിക്കുകയായിരുന്നുയുഡിഎഫിനും തനിച്ചു ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയില്‍ ബിനു പുളിക്കക്കണ്ടവും മകള്‍ ദിയയും സഹോദരന്‍ ബിജുവുമാണ് ഒരു കുടുംബത്തില്‍നിന്ന് സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചത്. ആദ്യ രണ്ടുവര്‍ഷം 21 വയസുകാരിയായ ദിയ പുളിക്കക്കണ്ടത്തിനു ചെയര്‍പഴ്സന്‍ സ്ഥാനം നല്‍കിയാണ് യുഡിഎഫ് പിന്തുണ ഉറപ്പാക്കിയത്. ഇതോടെ പാലാ നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് (എം) പ്രതിപക്ഷ സ്ഥാനത്തെത്തി എന്ന പ്രത്യേകതയുമുണ്ട്.
◾ കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് വിമതന്‍ ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും. ഇടത് വലത് മുന്നണികള്‍ അംഗബലത്തില്‍ തുല്ല്യനിലയിലായതോടെയാണ് ഇവിടെ കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണ്ണായകമായത്. ഭരണസമിതിയുടെ ആദ്യ രണ്ടര വര്‍ഷം ജിതിന്‍ പല്ലാട്ടും ബാക്കി കാലയളവില്‍ കോണ്‍ഗ്രസ് പ്രതിനിധിയും അധ്യക്ഷനാകാനാണ് ധാരണ.
◾ മുന്‍ എംഎല്‍എ കെ സി രാജഗോപാലന്റെ പഞ്ചായത്തില്‍ 28 കാരന്‍ പ്രസിഡന്റ് ആകും. പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നെജോ മെഴുവേലിയെ പ്രസിഡന്റ് ആക്കുന്നത്.20 വര്‍ഷത്തിന് ശേഷം ആണ് മെഴുവേലി പഞ്ചായത്തില്‍ യുഡിഎഫ് ഭരണത്തില്‍ ഏറുന്നത്.
◾ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള അലയന്‍സ് വിമാനം തുടര്‍ച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇന്നലെ രാവിലെ 9.15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് റദ്ദാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിമാനം പുപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരെത്തിയപ്പോഴേക്കും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
◾ കൊല്ലത്ത് എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയില്‍. ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡന്റായ പട്ടത്താനം സ്വദേശി റെനീഫ്, ഇരവിപുരം പുത്തന്‍ചന്ത സ്വദേശി ഷാരുഖ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. വില്‍പനയ്ക്ക് എത്തിച്ച 4.24 ഗ്രാം എംഡിഎംഎ പ്രതികളില്‍ നിന്ന് ഇരവിപുരം പൊലീസ് പിടിച്ചെടുത്തു. പുത്തന്‍ചന്ത റെയില്‍വേഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായത്.
◾ വാളയാര്‍ ആള്‍കൂട്ടകൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഇയാള്‍ ഒളിവിലായിരുന്നു. മര്‍ദനത്തില്‍ പങ്കെടുത്തുവെന്നാണ് നിഗമനം. കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. മോഷ്ടാവാണെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
◾ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാന്‍ ഉന്നാവ് പീഡന കേസിലെ അതിജീവിത. കേസില്‍ പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറില്‍ നിന്ന് ഭീഷണി തുടരുകയാണെന്നും നീതി വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടിരുന്നു. കുല്‍ദീപ് സിംഗ് സെന്‍ഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതീജീവിതയുടെ മാതാവ് പ്രതികരിച്ചിരുന്നു.
◾ ദില്ലി മെട്രോയുടെ അഞ്ചാം ഘട്ട വിപുലീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മൂന്ന് റൂട്ടുകളിലായി ഏകദേശം 16 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് വിപുലീകരണ പദ്ധതി നടപ്പിലാക്കുക. 12,015 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
◾ മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയില്‍ 3 ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ദില്ലി പൊലീസ് ആണ് കേസെടുത്തത്. സൗരഭ് ഭരദ്വാജ്, സഞ്ജീവ് ജാ, ആദില്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സാന്താ ക്ലോസിനെ അവഹേളിക്കുന്നു എന്ന് കാട്ടിയാണ് പരാതി
◾ ദില്ലിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടതോടെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. ഗ്രാപ് നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. സ്‌കൂളുകളില്‍ ആറ് മുതലുള്ള ക്ലാസുകള്‍ക്ക് പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കി. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹൈബ്രിഡ് മോഡില്‍ ക്ലാസുകള്‍ തുടരും.
◾ ബിജെപി അനുകൂല പ്രതികരണങ്ങള്‍ തുടരുന്നതിനിടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ അനുസ്മരിച്ച് ശശി തരൂര്‍ എംപി. എബി വാജ്പേയിയുടെ നൂറ്റിയൊന്നാം ജന്മദിനത്തിലാണ് തരൂര്‍ അദ്ദേഹത്തെ അനുസ്മരിച്ചത്. വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തെയും, ഭരണ നൈപുണ്യത്തെയും പുകഴ്ത്തി അദ്ദേഹം മരിച്ച വേളയില്‍ തന്റെ ബ്ലോഗിലെഴുതിയ ലേഖനം തരൂര്‍ വീണ്ടും പങ്ക് വച്ചിട്ടുമുണ്ട്.
◾ കര്‍ണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തില്‍ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റി. ശനിയാഴ്ചയായിരുന്നു സംഭവം. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും വീടുകള്‍ പൊളിച്ചുമാറ്റിയത്. പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
◾ മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബലൂണ്‍ വില്‍പ്പനക്കാരന്‍ ഉപയോഗിച്ചിരുന്ന ഹൈഡ്രജന്‍ ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി 8.45-ഓടെയാണ് സംഭവം. ബലൂണ്‍ വില്‍പ്പനക്കാരനും ഇദ്ദേഹത്തിന്റെയടുത്ത് ബലൂണ്‍ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
◾ തായ്‌ലന്‍ഡ് സൈന്യം വിഷ്ണു വിഗ്രഹം തകര്‍ക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് തുടര്‍ന്ന് ഇന്ത്യ അപലപിച്ചതിന് പിന്നാലെ വിശദീകരണവുമായി തായ്ലന്‍ഡ്. തായ്-കംബോഡിയന്‍ അതിര്‍ത്തി പ്രദേശമായ ചോങ് ആന്‍ മായിലാണ് തായ് മേഖലയുടെ മേല്‍ നിയമവിരുദ്ധമായി പരമാധികാരം അവകാശപ്പെടാന്‍ കംബോഡിയന്‍ പട്ടാളക്കാര്‍ പ്രതിമ സ്ഥാപിച്ചുവെന്നും സുരക്ഷാ കാരണങ്ങളാലാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നും തായ്ലന്‍ഡ് അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും മതങ്ങളുടെ വിശ്വാസം വ്രണപ്പെടുത്താനോ പവിത്രമായ സ്ഥാപനങ്ങളെ അനാദരവ് പ്രകടിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല നടപടിയെന്നും, മറിച്ച് തായ്‌ലന്‍ഡിന്റെ പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും സുരക്ഷയ്ക്കും വേണ്ടി മാത്രമായിരുന്നു നടപടികളെന്നും അവര്‍ വ്യക്തമാക്കി.
◾ ക്രിസ്മസ് ദിനത്തിലും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. ഇത് ഒരു ക്രിസ്മസ് ആശംസയാണോ അതോ രാഷ്ട്രീയ ആക്രമണമാണോ എന്ന ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതായിരുന്നു ട്രംപിന്റെ ക്രിസ്മസ് സന്ദേശം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' പങ്കുവെച്ച സന്ദേശത്തില്‍, രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന 'തീവ്ര ഇടതുപക്ഷ മാലിന്യങ്ങള്‍' ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു എന്നാണ് ട്രംപ് കുറിച്ചത്.
◾ ബംഗ്ലാദേശില്‍ മറ്റൊരു ഹിന്ദു യുവാവിനെക്കൂടി ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ധാക്കയില്‍ നിന്ന് ഏകദേശം 200 കിമീ അകലെയുള്ള രാജ്ബാരിയിലെ പങ്ഷ ഉപജില്ലയിലെ 29 കാരനായ അമൃത് മൊണ്ടല്‍ എന്ന സാമ്രാട്ടാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം സാമ്രാട്ട് 'സാമ്രാട്ട് ബഹിനി' എന്ന ക്രിമിനല്‍ സംഘത്തിന്റെ നേതാവായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
◾ രണ്ട് ദശാബ്ദത്തെ പ്രവാസ ജീവിതത്തിന് ശേഷം ഖാലിദ സിയയുടെ മകനും ബിഎന്‍പി ആക്ടിങ് ചെയര്‍മാനുമായ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തി. ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ വിജയം നല്‍കി പ്രധാനമന്ത്രിയാകുക എന്നതായിരിക്കും താരിഖ് റഹ്‌മാന്റെ ലക്ഷ്യം.
◾ സൗദി തലസ്ഥാന നഗരത്തില്‍ ആദ്യമായി ക്രിസ്തുമസ് കരോള്‍, പുതുവത്സര ആഘോഷം സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസി. റിയാദില്‍ നടന്ന ആഘോഷം പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് ആഹ്ലാദകരമായ ഒരു ചരിത്ര മുഹൂര്‍ത്തമായി. റിയാദിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയത്.
◾ കംബോഡിയയിലെ ഹിന്ദു ദൈവത്തിന്റെ വിഗ്രഹം തായ് സൈന്യം തകര്‍ത്ത സംഭവത്തെ അപലപിച്ച് ഇന്ത്യ. തായ്വാന്‍-കംബോഡിയ സൈനിക സംഘര്‍ഷം തുടരുന്നതിനിടെ, ഇത്തരം അനാദരവ് നിറഞ്ഞ പ്രവൃത്തികള്‍ ലോകമെമ്പാടുമുള്ള ഹിന്ദുമതാനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അത് നടക്കാന്‍ പാടില്ലാത്തതാണെന്നും ഇന്ത്യ പറഞ്ഞു.
◾ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശ് സംഘര്‍ഷ മേഖലയായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിന് മേല്‍ ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നാണ് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ 'നശിച്ചുപോകട്ടെ' എന്ന് പ്രാര്‍ഥിച്ച്യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി. ക്രിസ്മസ് തലേന്ന് എക്‌സില്‍ പോസ്റ്റുചെയ്ത വീഡിയോ സന്ദേശത്തിലാണ് നമ്മുടെയെല്ലാവരുടേയും സ്വപ്നവും ആഗ്രഹവും പോലെആ വ്യക്തി നശിച്ചുപോകട്ടേഎന്ന് പുതിന്റെ പേര് പരാമര്‍ശിക്കാതെ സെലന്‍സ്‌കി പുതിന്റെ അവസാനത്തിനായിപ്രാര്‍ഥിച്ചത്.
◾ ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ടെക് എനര്‍ജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപം നടത്തി. 1.8 ഓഹരികളാണ് അദ്ദേഹം സ്വന്തമാക്കിയത്. 3.6 കോടി രൂപയാണ് നിക്ഷേപം. കമ്പനിയുടെ മൊത്തം ഓഹരികളുടെ രണ്ട് ശതമാനമാണ് ഇതോടെ സച്ചിന് ലഭിക്കുക. ട്രൂസോണ്‍ സോളാര്‍ എന്ന ബ്രാന്‍ഡിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നവീനവും പുതുമയാര്‍ന്നതുമായ കമ്പനികളില്‍ സച്ചിന്‍ നിക്ഷേപം നടത്തുന്നത് ഇതാദ്യമല്ല. 2023ല്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആസാദ് എന്‍ജിനിയറിംഗ് എന്ന കമ്പനിയില്‍ അദ്ദേഹം ഓഹരിപങ്കാളിത്തം നേടിയിരുന്നു. ഇതിനു മുമ്പ് 2016ല്‍ സ്മാര്‍ട്‌റോണ്‍ എന്ന കമ്പനിയിലും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. 2030ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് സോളാര്‍ കമ്പനികളിലൊന്നായി മാറാനൊരുങ്ങുന്ന ട്രൂസോണ്‍ സോളാറിന് സച്ചിന്റെ വരവ് ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.
◾ ആസിഫ് അലിയുടെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക'. ബോളിവുഡിലെ വമ്പന്‍ കമ്പനിയായ ടി സീരീസ് ആദ്യമായി നിര്‍മ്മാണ പങ്കാളിയാകുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവര്‍ക്കൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും സിനിമയുടെ നിര്‍മ്മാണ പങ്കാളികളാണ്. നസ്ലെന്‍, ലുക്മാന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങള്‍. നായികമാരായി വാമിഖ ഗബ്ബി, സഞ്ജന നടരാജ എന്നിവരും എത്തുന്നു. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കുമിത്. ഗുല്‍ഷന്‍ കുമാര്‍, ഭുഷന്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ക്കൊപ്പം വെല്‍മെയ്ഡ് പ്രൊഡക്ഷന്സും അഡ്വഞ്ചേഴ്സ് കമ്പനിയും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നാവിസ് സേവിയര്‍, റാം മിര്‍ ചന്ദനി, രാജേഷ് മേനോന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.
◾ പ്രേക്ഷകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍. ജയിലര്‍ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് കിങ് ഷാരുഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. നേരത്തെ രജനികാന്ത്- ലോകേഷ് ചിത്രമായ കൂലിയില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച വേഷത്തിലേക്ക് ഷാരൂഖിനെ പരിഗണിച്ചിരുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
കാടിനു സമീപം മേയാനിറങ്ങിയതായിരുന്നു ഒരു പശു. മേഞ്ഞു മേഞ്ഞ് അത് കാടിനുള്ളിലെത്തിപ്പെട്ടു. ഒരു സിംഹം തന്നെ പിന്തുടരുന്നതായി പശുവിനു മനസ്സിലായി. അത് ഓടാന്‍ തുടങ്ങി. സിംഹവും പുറകേ കൂടി. പശു അടുത്തുള്ള ഒരു ചതുപ്പിലേക്ക് എടുത്തു ചാടി. സിംഹവും ഒപ്പം ചാടി. രണ്ടു പേരും ചെളിയില്‍ പുതഞ്ഞു. പശുവിനു രക്ഷപ്പെടാനോ സിംഹത്തിന് പശുവിന്റെ അടുത്തെത്താനോ കഴിഞ്ഞില്ല. പശു സിംഹത്തോടു ചോദിച്ചു: 'നിനക്കൊരു യജമാനനുണ്ടോ?' സിംഹം പറഞ്ഞു: 'എനിക്ക് യജമാനനില്ല, ഞാന്‍ തന്നെയാണ് യജമാനന്‍. ഞാന്‍ രാജാവാണ്.' പശു പറഞ്ഞു: 'എനിക്കൊരു യജമാനനുണ്ട്. അയാള്‍ വന്ന് എന്നെ രക്ഷിക്കും.'കുറച്ചു കഴിഞ്ഞപ്പോള്‍ ഉടമസ്ഥന്‍ പശുവിനെ തേടിയെത്തി, അയാളുടെ പശുവിനെ രക്ഷിച്ചു കൊണ്ടുപോയി. സിംഹം താമസിയാതെ ചതുപ്പില്‍ മുങ്ങിത്താണു. വഴികാട്ടുകയും വഴിവിളക്കാകുകയും വഴി തെറ്റി കുഴിയില്‍ വീണുപോയാല്‍ രക്ഷിച്ചെടുക്കുകയും തിരിച്ചു കൊണ്ടുവരികയും ചെയ്യുന്ന ഒരു രക്ഷകന്‍ ഉണ്ടാകുന്നത് ഒരു അനുഗ്രഹമാണ്. അതുപോലെ മറ്റുള്ളവര്‍ക്കും രക്ഷകനാകാനും നമുക്ക് സാധിക്കട്ടെ- ശുഭദിനം.
________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment