◾ കൊല്ലത്ത് നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്‌കൂള്‍ ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ശിവാലയ കണ്‍സ്‌ക്ട്രക്ഷന്‍സിനാണ് ദേശീയപാതയുടെ നിര്‍മാണ ചുമതലയുള്ളത്. കടമ്പാട്ടുകോണം - കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്.അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റി അധികൃതരില്‍ നിന്ന് വിശദീകരണം തേടാനാണ് നിര്‍ദേശം.
2025 | ഡിസംബർ 6 | ശനി
1201 | വൃശ്ചികം 20 | മകയിരം , തിരുവാതിര l 1447 l ജമാഅത്തുത്താനി 15
➖➖➖➖➖➖➖➖
◾ കൊല്ലം കൊട്ടിയത്ത് ദേശീയപാത നിര്‍മാണത്തിനിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണുണ്ടായ അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് നിര്‍മാണത്തിലിരുന്ന പാത ഇടിഞ്ഞുവീണത്. കുട്ടികളുമായി വന്ന സ്‌കൂള്‍ ബസ്സടക്കം ഈ സമയത്ത് സര്‍വീസ് റോഡിലുണ്ടായിരുന്നു. സ്‌കൂള്‍ ബസടക്കം നാലു വാഹനങ്ങള്‍ കുടുങ്ങി. റോഡുകള്‍ വിണ്ടു കീറിയിരിക്കുകയാണ്. നിര്‍മാണത്തിലിരുന്ന ദേശീയപാതയില്‍ മണ്ണിടിഞ്ഞ് വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇടിഞ്ഞ ഭാഗവും പാര്‍ശ്വഭിത്തിയും സര്‍വീസ് റോഡിലേക്ക് പതിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഏത് നിമിഷവും ഇടിഞ്ഞ് വീഴുന്ന തരത്തിലാണിപ്പോള്‍ പാര്‍ശ്വഭിത്തിയുള്ളത്. വെള്ളം ഒഴുകുന്ന ഒരു ഓട റോഡിനടിയിലൂടെ കടന്നുപോകുന്നുണ്ട്. മതിയായ സംവിധാനമൊരുക്കാതെ ഇതിന് മുകളിലൂടെ റോഡ് നിര്‍മാണം നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ദേശീയ പാത അതോറിറ്റിയുടെയും നിര്‍മാണ കമ്പനിയുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികളും കുറ്റപ്പെടുത്തി.
◾ കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയോടും ദേശീയപാത അതോറിറ്റി അധീകൃതരോടും ആവശ്യപ്പെട്ടുവെന്നും അശാസ്ത്രീയമായ ഉയരപ്പാതയുടെ നിര്‍മ്മാണമാണ് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും എംപി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
◾ മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും പാലമായി പ്രവര്‍ത്തിക്കുന്നതില്‍ ഒരു സിപിഎം രാജ്യസഭാംഗം അഭിമാനം കൊള്ളുമ്പോള്‍,പൊതുമരാമത്ത് മന്ത്രി റീലിട്ട് മേനി നടിച്ച ദേശീയപാതാ നിര്‍മ്മാണം മനുഷ്യക്കുരുതിക്കുള്ള പാതയാക്കുകയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. ദേശീയപാതാ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും ക്രമക്കേടും പരിശോധിച്ച് സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ടവരെ അപഹസിക്കുകയും വികസന വിരോധികളാക്കുകയും ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് ഈ വിഷയത്തില്‍ മൗനം വെടിയണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
◾ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ക്കരിക്കാണ് കത്തയച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
◾ കേരളത്തിലെ എസ്ഐആര്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്റെ തീരുമാനം. കരട് പട്ടിക 23 നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും.
◾ വര്‍ഷങ്ങളായി നടത്തുന്ന കോടികളുടെ അഴിമതികള്‍ തുടരാനാണ് ഇടതുപക്ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടുതേടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 40% കമ്മീഷന്‍ ഭരണമാണ് നഗരസഭയില്‍ നടക്കുന്നത്. നഗരവികസനത്തിനായി നല്‍കിയ ശതകോടികളുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതില്‍ സിപിഎം ഭരണസമിതി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടേണ്ടിവരും. കിച്ചണ്‍ ബിന്‍ അഴിമതി മുതല്‍ 300 കോടി രൂപയുടെ പൊതുമരാമത്ത് അഴിമതികള്‍ വരെ സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ നടന്നതിന്റെ തെളിവുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പുറത്തുവിട്ടു.
◾ കേരളം അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാനോ തുടരാതിരിക്കാനോ ഉള്ള സാധ്യതയുണ്ടോയെന്ന് പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാരായ എന്‍.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയോടായിരുന്നു ഇരുവരുടെയും ചോദ്യം. എന്നാല്‍ കേരളത്തിന്റെ പ്രഖ്യാപനം പദ്ധതിയെ ബാധിക്കില്ലെന്ന് കേന്ദ്രം മറുപടി നല്‍കി. അതേസമയം എന്‍.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാല?ഗോപാല്‍ രംഗത്തെത്തി. സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുകയും പാവങ്ങളുടെ അരിവിഹിതം തടയാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാരീചന്മാരെ തിരിച്ചറിയണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
◾ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് രാഹുലിന്റെ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
◾ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് കൊണ്ടുപോകാന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജയിലില്‍ പ്രവേശിപ്പിച്ച ശേഷവും നിരാഹാര സമരത്തിലാണ് രാഹുല്‍.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളേയും വിട്ടയച്ചു. ഫസല്‍ അബ്ബാസ്, ഡ്രൈവര്‍ ആല്‍വിന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയില്‍ വച്ചത്.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്. ഇടത് എംപിമാരെ എതിര്‍ത്ത ജയറാം രമേശ് രമേശിനോട് ഒരു സിപിഐ നേതാവിന്റെ പേര് പറഞ്ഞാല്‍ ഒരു ലക്ഷം രൂപ തരാമെന്ന് സന്തോഷ് കുമാര്‍ എംപി വെല്ലുവിളിച്ചു. ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ സ്വകാര്യ ബില്ലവതരിപ്പിച്ച കോണ്‍ഗ്രസ് എംപി ജെബി മേത്തറെ രാഹുല്‍ വിഷയം പരാമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി പരിഹസിച്ചു. പോക്സോ ബില്ലില്‍ ഭേദഗതി, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിനെതിരായ പുതിയ നിയമ നിര്‍മ്മാണം തുടങ്ങിയുള്ള സ്വകാര്യ ബില്ലവതരണ വേളയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തലിന്റെ ചെയ്തികളും രാജ്യസഭയില്‍ ചര്‍ച്ചയായത്.
◾ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം ആര്‍ട്സ് കോളേജില്‍ സണ്‍ഷേഡ് ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ തലക്ക് കാര്യമായ പരിക്കുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാല് മണിയോടെയാണ് ആര്‍ട്സ് കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലക്ക് മുകളിലെ സണ്‍ഷേഡിന്റെ ഭാഗം ഇടിഞ്ഞ് വീണത്.
◾ ശബരിമല സ്വര്‍ണ്ണ കൊള്ളയിലെ അന്വേഷണം മനപ്പൂര്‍വം നീട്ടി കൊണ്ടുപോകുന്നുവെന്നും അന്വേഷണം തൃപ്തികരമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രതികള്‍ക്ക് പാര്‍ട്ടിയുടെ രക്ഷാകവചമെന്നും എസ്ഐടി അന്വേഷണത്തിന് വേഗം പോരായെന്നും എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നുവെന്നും പ്രതികള്‍ക്ക് സല്യൂട്ട് അടിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
◾ എല്ലാ തെരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്നും വിലയിരുത്തുന്നതില്‍ തെറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു തരി സ്വര്‍ണ്ണം അയ്യപ്പന്റേത് നഷ്ടപ്പെടാന്‍ പാടില്ലെന്നും ഉത്തരവാദികള്‍ ആരാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഗോവിന്ദന്‍ പറഞ്ഞു. കരുണാകരന്‍ ഭരിക്കുന്ന സമയത്ത് ഗുരുവായൂരില്‍ തിരുവാഭരണം നഷ്ടപ്പെട്ടുവെന്നും ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ലെന്നും ആ തിരുവാഭാരണം എവിടെയെന്നും പ്രതി ജയിലില്‍ തന്നെ ആണല്ലോയെന്നും ഗോവിന്ദന്‍ ചോദിച്ചു. എന്നാല്‍ സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും മുഖം രക്ഷിക്കാന്‍ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
◾ പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണമെന്ന പരാതിയില്‍ വീട്ടിലെ സാധനങ്ങള്‍ തിട്ടപ്പെടുത്താന്‍ മോന്‍സണ്‍ ജയിലില്‍ നിന്നെത്തിയെങ്കിലും പൊലീസും ആമീനും എത്താത്തതിനാല്‍ പരിശോധന നടന്നില്ല. മോന്‍സണ്‍ ജയിലിലായിരുന്ന സമയത്താണ് കലൂരിലെ വാടക വീട്ടില്‍ നിന്ന് 20 കോടിയുടെ വസ്തുക്കള്‍ മോഷണം പോയെന്ന പരാതി ഉയര്‍ന്നത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന് കാട്ടി മോന്‍സണ്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
◾ ശബരിമലയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കേരള സദ്യ വിളമ്പുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. പുലാവും സദ്യയുമാണ് നല്‍കുന്നത്. ഒരു ദിവസം പുലാവ് നല്‍കിയാല്‍ അടുത്ത ദിവസം സദ്യ വിളമ്പും. അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വം കമ്മീഷണറെ ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം ചുമതലപ്പെടുത്തി. നിലവിലുളള ടെന്‍ഡറിനുളളില്‍ തന്നെ സാധനങ്ങള്‍ വാങ്ങുന്നതിനാല്‍ നിയമപ്രശ്നമില്ലെന്നും ഒന്‍പത് കോടി രൂപ അന്നദാന ഫണ്ടിലുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു.
◾ ഇന്‍ഡിഗോ പ്രതിസന്ധി അവസരമാക്കി മറ്റു വിമാന കമ്പനികള്‍. ടിക്കറ്റ് നിരക്കുകളില്‍ വന്‍വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇരട്ടിയിലധികം ചിലവാക്കിയാല്‍ മാത്രമെ ടിക്കറ്റ് ലഭിക്കു എന്ന സ്ഥിതിയാണ്. ദില്ലിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് വില 65000 ന് മുകളിലാണ്. മുംബൈ പൂനെ ബെംഗളൂരു സര്‍വീസുകളുടെ ടിക്കറ്റ് നിരക്കും വര്‍ദ്ധിച്ചു. ദില്ലി കൊച്ചി വിമാന ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്താണ്.
◾ പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പിട്ടതല്ല പ്രശ്നം ഇക്കാര്യം ഒളിച്ചുവെച്ചതാണ് പ്രശ്നമെന്നും കെസി വേണുഗോപാല്‍. ഇത് സിപിഎം ബിജെപി - ഡീലാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോണ്‍ ബ്രിട്ടാസ് ഇടനില നിന്നത്. പാര്‍ലമെന്റില്‍ ഏത് വിഷയമാണ് യുഡിഎഫ് എംപിമാര്‍ ഉന്നയിക്കാത്തതെന്ന് പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി നില്‍ക്കുമെന്നും എന്നാല്‍ ഡീലിന് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പൊലീസ്, സിആര്‍പിഎഫ് - ആര്‍എഎഫ്, എന്‍ഡിആര്‍എഫ്, ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡ് , സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവര്‍ ചേര്‍ന്ന് സന്നിധാനത്ത് സംയുക്ത റൂട്ട് മാര്‍ച്ച് നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്നലേയും ഇന്നും അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. ശ്രീകുമാര്‍ അറിയിച്ചു.
◾ കൊച്ചി കോര്‍പ്പറേഷനില്‍ വ്യാജ വോട്ട് ചേര്‍ത്തവര്‍ക്കെതിരെ ക്രിമിനില്‍ നടപടി സ്വീകരിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍. നാല് സ്റ്റാമ്പ് പേപ്പറുകളുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച് 15 വാടക കരാറുകള്‍ ഉണ്ടാക്കി കൊച്ചി കോര്‍പ്പറേഷന്‍ 25 ഡിവിഷനിലാണ് വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ശ്രമം നടന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയിലാണ് കളക്ടറുടെ നടപടി. എല്‍ ഡി എഫിന്റെ സംഘടിതമായ ശ്രമമാണ് ഇതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
◾ നിര്‍മ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. തൊട്ടടുത്തുള്ള കുടുംബ വീട്ടില്‍ പോകുന്നതിനിടെ അബദ്ധത്തില്‍ വീണതെന്ന് സംശയം.
◾ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ വൈകീട്ട് രാഷ്ട്രപതിഭവനില്‍ ഒരുക്കിയ ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ക്ഷണമില്ല. അതേസമയം കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം ലഭിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതിനെക്കുറിച്ച് തനിക്കറിയില്ലെന്നും തനിക്ക് ക്ഷണം നല്‍കിയതിന്റെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നും എന്നാല്‍ തനിക്ക് ക്ഷണം ലഭിച്ചതില്‍ 'സന്തോഷമുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി ടിവികെ അധ്യക്ഷന്‍ വിജയ്യുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയില്‍ വിജയ്യുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. വിജയ്യെ പ്രശംസിച്ച് മൂന്ന് ദിവസം മുന്‍പ് എക്സില്‍ പ്രവീണ്‍ പോസ്റ്റിട്ടിരുന്നു . 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ എം. കെസ്റ്റാലിനെ കണ്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
◾ രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാനങ്ങളുടെ സര്‍വീസുകള്‍ മുടങ്ങുന്നതിനിടെ മൗനം വെടിഞ്ഞ് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ്. വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുകയാണെന്നും ഇന്‍ഡിഗോയുടെ പ്രവര്‍ത്തനം ഡിസംബര്‍ 10-നും 15-നും ഇടയില്‍ സാധാരണ നിലയിലാകുമെന്നും സിഇഒ പിറ്റര്‍ എല്‍ബേഴ്‌സ് അറിയിച്ചു.
◾ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 2024 ല്‍ റോഡപകട മരണം 1.77 ലക്ഷമായി ഉയര്‍ന്നുവെന്നും പ്രതിദിനം ഏകദേശം 485 പേര്‍ മരണപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നുതെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.
◾ മുതിര്‍ന്ന വനിതകള്‍ക്കും വയോധികര്‍ക്കും ലോവര്‍ ബര്‍ത്ത് മുന്‍ഗണന നല്‍കാനുള്ള തീരുമാനവമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റെടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയിട്ടില്ലെങ്കിലും മുതിര്‍ന്ന വനിതകള്‍ക്കും വയോധികര്‍ക്കും ലോവര്‍ ബര്‍ത്ത് നല്‍കാനാണ് തീരുമാനം. സ്ലീപ്പര്‍ ക്ലാസില്‍ ഏഴുവരെ ബര്‍ത്തുകളും, തേഡ് എസിയില്‍ അഞ്ചുവരെ ബര്‍ത്തുകളും, സെക്കന്‍ഡ് എസിയില്‍ നാല് വരെ ബര്‍ത്തുകളും മുന്‍ഗണനാക്രമത്തില്‍ നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
◾ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങള്‍ക്കും ഭാവിയില്‍ ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
◾ ഫിഫ ചരിത്രത്തിലാദ്യമായി ഏര്‍പ്പെടുത്തിയ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വര്‍ണക്കപ്പും, മെഡലും, സര്‍ട്ടിഫിക്കറ്റും അടക്കം ഫിഫ പ്രസിഡന്റ് ട്രംപിന് സമ്മാനിച്ചു. ലഭിച്ച അംഗീകാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നെന്ന് ട്രംപ് പ്രതികരിച്ചു.
◾ ജൂനിയര്‍ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചിരുന്നു.
◾ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ ഓരോ മത്സരങ്ങളും ഇരു ടീമുകളും ജയിച്ചതിനാല്‍ ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ഉച്ചക്ക് 1.30 നാണ് മത്സരം ആരംഭിക്കുക.
◾ 2026 ലെ ഫിഫ ലോകകപ്പിന്റെ മത്സരക്രമം പുറത്ത്. എ മുതല്‍ എല്‍ വരെയുള്ള 12 ഗ്രൂപ്പുകളിലേക്ക് യോഗ്യത നേടിയ 42 ടീമുകളെ നറുക്കെടുത്തു. അമേരിക്ക, കാനഡ, മെക്‌സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അര്‍ജന്റീന ഗ്രൂപ്പ് ജെ യിലും, ബ്രസീല്‍ ഗ്രൂപ്പ് സിയിലും ഇടം നേടി. ഫ്രാന്‍സ് ഗ്രൂപ്പ് ഐയിലും, ഇംഗ്ലണ്ട് ഗ്രൂപ്പ് എല്ലിലും, ബെല്‍ജിയം ഗ്രൂപ്പ് ജിയിലും, നെതര്‍ലാന്‍ഡ്സ് ഗ്രൂപ്പ് എഫിലും ജര്‍മ്മനി ഗ്രൂപ്പ് ഇയിലും, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയിലും, സ്പെയിന്‍- ഗ്രൂപ്പ് എച്ചിലുമാണ് മത്സരിക്കുക. ബാക്കിയുള്ള ആറുടീമുകള്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനുണ്ട്.
◾ ഐ.ഡി.ബി.ഐ ബാങ്കിനെ സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഏകദേശം 63,000 കോടി രൂപ (7.1 ബില്യണ്‍ ഡോളര്‍) മൂല്യം വരുന്ന 60.72 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനായി ഉടന്‍ തന്നെ അപേക്ഷകള്‍ ക്ഷണിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരികളും, പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ കൈവശമുള്ള 30.24 ശതമാനം ഓഹരികളുമാണ് വിറ്റൊഴിയാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ കേന്ദ്ര സര്‍ക്കാരും എല്‍.ഐ.സിയും ചേര്‍ന്ന് ബാങ്കില്‍ ഏകദേശം 95 ശതമാനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്. ഏഷ്യയിലെ ഏറ്റവും ധനികനായ ബാങ്കര്‍ ഉദയ് കോട്ടക്കിന്റെ പിന്തുണയുള്ള കോട്ടക് മഹീന്ദ്ര ബാങ്ക് ആണ് ഐഡിബിഐ ബാങ്കിന് ബിഡ് നല്‍കാന്‍ സാധ്യതയുള്ളവരില്‍ മുന്നില്‍ നില്‍ക്കുന്നത്. അതേസമയം, ഉയര്‍ന്ന വിലയ്ക്ക് ബാങ്കിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ചര്‍ച്ചകളില്‍ കോട്ടക് സൂചന നല്‍കിയിട്ടുണ്ട്. എമിറേറ്റ്‌സ് എന്‍ബിഡിയാണ് മുന്നോട്ടു വന്നിട്ടുള്ള മറ്റൊരു സ്ഥാപനം.
◾ വധശ്രമക്കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ സിനിമാ നടന്‍ ദര്‍ശന്‍ നായകനാകുന്ന 'ഡെവിള്‍' സിനിമയുടെ ട്രെയിലര്‍ എത്തി. പ്രകാശ് വീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്നറാണ്. മഹേഷ് മഞ്ജരേക്കര്‍, അച്യുത് കുമാര്‍, രചന റായി, ശര്‍മിള മന്‍ഡ്രേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മൂന്ന് മണിക്കൂറുകള്‍ കൊണ്ട് 20 ലക്ഷത്തിനടുത്ത് ആളുകളാണ് ട്രെയിലര്‍ ഇതുവരെ കണ്ടത്. ധനുഷ് എന്ന കഥാപാത്രമായി ദര്‍ശന്‍ ചിത്രത്തിലെത്തുന്നു. അജനീഷ് ലോക്നാഥ് ആണ് സംഗീതം. ഛായാഗ്രഹണം സുദാകര്‍. ആക്ഷന്‍ റാം ലക്ഷ്മണ്‍.
◾ സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ അയ്യപ്പഭക്തി ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നു. 'ശബരിമലയിലെ സ്വാമി' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഭക്തിസാന്ദ്രമായ പശ്ചാത്തലത്തില്‍ മനോഹരമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്. ശ്രീ ചരണിന്റേതാണ് വരികള്‍. ജെ.ജെ സംഗീത് ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. മ്യൂസിക് ഷാക്കിന്റെ ബാനറില്‍ ഇന്‍ഷാദ് നസീം ആണ് ആല്‍ബം നിര്‍മിച്ചത്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഗാനത്തിന് ലഭിക്കുന്നത്. വിഡിയോയില്‍ ശബരിമലയ്ക്ക് പോകാന്‍ കറുപ്പുടുത്ത് ഇരുമുടിയേന്തുന്ന ഭക്തനായാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്.
◾ സ്‌ക്രാംബ്ലര്‍ 400എക്‌സിന് അടിപൊളി ഇയര്‍ എന്‍ഡ് ഓഫറുമായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്. സ്‌ക്രാംബ്ലര്‍ 400എക്‌സ് വാങ്ങുന്നവര്‍ക്ക് 13,300 രൂപയുടെ ആസെസറികള്‍ സൗജന്യമായി നല്‍കും. 2025 ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയത്ത് സ്‌ക്രാംബ്ലര്‍ 400 എക്‌സ് വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ലോവര്‍ എന്‍ജിന്‍ ബാറ്, മഡ്ഗാര്‍ഡ് കിറ്റ്, ഫ്‌ളൈ സ്‌ക്രീന്‍, ടാങ്ക് പാഡ്, ലഗേജ് റാക്ക് കിറ്റ്, ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ടി ഷര്‍ട്ട് എന്നിവയൊക്കെയാണ് ലഭിക്കുക. ഇവയെല്ലാം ചേരുമ്പോള്‍ 13,300 രൂപ വില വരും. ഈ മോഡലിന്റെ എക്‌സ് ഷോറൂം വില 2.68 ലക്ഷം രൂപ തന്നെയായിരിക്കും. 398 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്ത്. ഈ എന്‍ജിന്‍ 8,000ആര്‍പിഎമ്മില്‍ 39.5ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 37.5എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ്.
◾ 33928 അശ്വിന്‍ ശേഖര്‍'- ഇതൊരു ഉല്‍ക്കയുടെ പേരാണ്! ഈ ഉല്‍ക്കയ്ക്കു പേരുകിട്ടാന്‍ കാരണക്കാരനായ അശ്വിന്‍ ശേഖര്‍ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞനാണ്. അദ്ദേഹം ഉല്‍ക്കകളുടെ അദ്ഭുതലോകത്തെക്കുറിച്ച് വിവരിക്കുകയാണ് ഈ പുസ്തകത്തില്‍. ദിനോസറുകളുടെ അന്തകരായി ഭൂമിയില്‍പ്പതിച്ച ഉല്‍ക്കകള്‍ എന്ന ആകാശത്തിലെ വില്ലന്മാരുടെ വിശേഷങ്ങള്‍. ആസ്റ്ററോയിഡുകളുടെയും സ്‌പെയ്‌സ് സയന്‍സിന്റെയും ലോകത്തെ കൊച്ചുകൂട്ടുകാര്‍ക്കു പരിചയപ്പെടുത്തുന്ന കൃതി. 'ഇറ്റ് ഈസ് മൈ സ്‌പെയ്‌സ്'. അശ്വിന്‍ ശേഖര്‍. മാതൃഭൂമി. വില 127 രൂപ.
◾ മഞ്ഞുകാലമായാല്‍ പലരും നേരിടുന്ന വലിയൊരു പ്രശ്നമാണ് പാദങ്ങള്‍ വിണ്ടുകീറുന്നത്. സ്വാഭാവിക എണ്ണമയം കുറയുമ്പോഴാണ് ചര്‍മം വരണ്ടതാകുന്നത്. ഇത് പാദങ്ങള്‍ വിണ്ടുകീറാനും ഡ്രൈ ആവാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ പാദങ്ങള്‍ക്ക് ശരിയായ സംരക്ഷണം നല്‍കേണ്ടതുണ്ട്. മഞ്ഞുകാലത്ത് ചൂടുവെള്ളം കൊണ്ട് കാലുകള്‍ കഴുകുന്ന ശീലം വേണ്ട. അത് കാലുകളെ കൂടുതല്‍ വരണ്ടതാക്കും. എന്നാല്‍ ഇടയ്ക്ക് കാല് ചെറുചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതില്‍ തെറ്റില്ല. അതുപോലെതന്നെ സോപ്പിന്റെ അമിതോപയോഗവും വരള്‍ച്ച കൂട്ടും. പകരം കറ്റാര്‍വാഴ അടങ്ങിയ ലേപനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇടയിക്കിടെ കാലില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും ഫലപ്രദമാണ്. പാദങ്ങളിലെ വിണ്ടുകീറല്‍ തടയാന്‍ ഉപ്പ് സഹായിക്കും. ഇളംചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കിവയ്ക്കാം. ബേക്കിങ് സോഡയും ഉപ്പും ഇട്ട വെള്ളത്തിലും കാല് മുക്കിവയ്ക്കുന്നത് നല്ലതാണ്. ഇളം ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തുന്നതും വിണ്ടുകീറല്‍ തടയാന്‍ ഗുണകരമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരാള്‍ വീടുകള്‍തോറും കയറിയിറങ്ങി പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍ക്കുകയായിരുന്നു. ഒരു വീട്ടില്‍ ചെന്നപ്പോള്‍ ആ വീട്ടുകാരന്‍ അയാളോട് ദേഷ്യപ്പെട്ടു. 'മനുഷ്യനെ കബളിപ്പിക്കാന്‍, ഉപയോഗശൂന്യമായ വസ്തുക്കളുമായി വന്നിരിക്കുന്നു' എന്നു പറഞ്ഞ് അധിക്ഷേപിച്ചു. അല്‍പ്പ സമയം മൗനമായി നിന്ന ശേഷം അയാള്‍ ചോദിച്ചു: 'സാറിനെ പലരും കബളിപ്പിച്ചിട്ടുണ്ട്, അല്ലേ?' വീട്ടുകാരന്‍ പറഞ്ഞു:'അതേ...പലരും കബളിപ്പിച്ചിട്ടുണ്ട്... 'കച്ചവടക്കാരന്‍ പറഞ്ഞു: 'ഞാന്‍ താങ്കളെ മുന്‍പ് ഒരിക്കലും കബളിപ്പിച്ചിട്ടില്ലല്ലോ.. 'നാം തമ്മില്‍ ആദ്യമാണല്ലോ കാണുന്നത്' മറ്റുള്ളവര്‍ കബളിപ്പിച്ചതിന് എന്നോടെന്തിനാണ് ദേഷ്യപ്പെടുന്നത്? സാറിന് ഒന്നും വേണ്ടെങ്കില്‍ ഞാന്‍ പൊയ്ക്കൊള്ളാം. പക്ഷേ, 20 വര്‍ഷമായി ഞാന്‍ ഈ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. ഇന്നുവരെയും ഒരാളെപ്പോലും കബളിപ്പിച്ചിട്ടില്ല.' ഒരിക്കലെങ്കിലും കബളിപ്പിക്കപ്പെട്ടിട്ടില്ലാത്തവര്‍ ആരെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്നാല്‍, എല്ലാവരും കബളിപ്പിക്കുന്നവരല്ല. വളരെ സത്യസന്ധരായ അനേകര്‍ ഈ ലോകത്തില്‍ ഉണ്ട് എന്നതാണ് ഇന്നും ലോകം നിലനില്‍ക്കുന്നതിന്റെ കാരണം. നമ്മുടെ മുന്‍കാല അനുഭവങ്ങള്‍ നമ്മെ അനവധി പാഠങ്ങള്‍ പഠിപ്പിച്ചിരിക്കാം. എന്നാല്‍, എല്ലാവരെയും ഒരേ പോലെ തെറ്റിദ്ധരിക്കുന്നതിന് അനുഭവങ്ങളെ ഉപയോഗിച്ചു കൂടാ. വിവേചന പൂര്‍വ്വം അനുഭവങ്ങളെ മനസ്സിലാക്കിയില്ലെങ്കില്‍ നാം സ്വയം കബളിപ്പിക്കപ്പെടു വാന്‍ ഇടയാകും. ഇവിടെ ഒരു പ്രശ്നമുള്ളത്, വിശ്വസ്തരേയും കബളിപ്പിക്കുന്നവരേയും തിരിച്ചറിയുവാനുള്ള പ്രയാസമാണ്. എന്നാല്‍ നമുക്ക് ഒരു കാര്യം ചെയ്യാനാവും, ആരെയും കബളിപ്പിക്കാതെ ജീവിക്കുക. കബളിപ്പിക്കപ്പെട്ടാലും കബളിപ്പിക്കാതിരിക്കുക. ദേഷ്യപ്പെടുന്നവരോടും സമചിത്തതയോടെ ഇടപെടുവാന്‍ കഴിയുക. വെറുക്കുന്നവരെയും സ്നേഹിക്കുവാന്‍ ഇടയാകുക. ഇങ്ങനെയൊക്കെ സാധിക്കുന്നതാണ് ജീവിതത്തിന്റെ മഹത്വം. - ശുഭദിനം.
➖➖➖➖➖➖➖➖

Post a Comment