o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾  നൈജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ മൈഡുഗുരിയിലെ മുസ്ലീം പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മൈഡുഗുരിയിലെ ഗാംബോറു മാര്‍ക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ഇന്നലെ വൈകുന്നേരം സ്ഫോടനം നടന്നത്. സന്ധ്യാ നിസ്‌കാരത്തിനായി വിശ്വാസികള്‍ മസ്ജിദിലെത്തിയ സമയത്തായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.



2025  ഡിസംബർ 25  വ്യാഴം 

1201  ധനു 10  അവിട്ടം 

1447  റജബ് 04



◾ കേരളത്തില്‍ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കാനാണ് ഈ നീക്കമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് തീരുമാനം. ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ, സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാക്കുന്ന തരത്തിലുള്ള കാര്‍ഡായിരിക്കും ഇത്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിന്‍ബലത്തോടുകൂടിയ ആധികാരിക രേഖ ആയിട്ടാകും നേറ്റിവിറ്റി കാര്‍ഡ് നല്‍കുകയെന്നും മുഖ്യമന്ത്രി വിവരിച്ചു.


◾ കേരളത്തില്‍ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അപകടകരമായ വിഘടനവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്ത് നടത്തുന്ന വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖ നല്‍കാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


◾  കരോള്‍ സംഘങ്ങളെ ആക്രമിക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ ദേശത്ത് വര്‍ദ്ധിച്ച് വരികയാണെന്നും രാജ്യത്തും ലോകത്തും ഇത്തരം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും ക്ലീമിസ് കത്തോലിക്കാ ബാവ. ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടതെന്നും അവരുടെ ഹൃദയങ്ങള്‍ക്ക് വെളിച്ചം കൊടുക്കേണമേയെന്ന് പ്രാര്‍ത്ഥിക്കാമെന്നും ഭയമില്ലാത്ത, സന്തോഷത്തിന്റെ നല്ല അനുഭവത്തില്‍ ക്രിസ്തുമസ് ആഘോഷിക്കാമെന്നും ക്ലിമീസ് ബാവ പറഞ്ഞു.


◾  ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയിലും പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായ അക്രമത്തിനെതിരെയായാണ്  കടുത്ത പ്രതിഷേധമുയരുന്നത്. കേരളത്തില്‍ ഇത്തരം ശക്തികള്‍ തല പൊക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

◾  കേരളത്തോട് കേന്ദ്രം മനപ്പൂര്‍വമായ അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രത്യേകിച്ച് കഴിഞ്ഞ 5 വര്‍ഷമായി കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനമാണ് കിഫ്ബി വായ്പകളെ സംസ്ഥാനവായ്പയായി പരിഗണിച്ചു കൊണ്ട് 2021-22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരളത്തിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


◾  കേരളത്തിന് ലഭിക്കാനുള്ള പതിനേഴായിരം കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തെ മാത്രം ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഇങ്ങനെ ശ്വാസം മുട്ടിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ചെയ്ത പാതകമെന്തെന്നും ദില്ലിയിലെത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കണ്ട ബാലഗോപാല്‍ ചോദിച്ചു. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയില്‍ പുനഃപരിശോധന വേണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായും ബാലഗോപാല്‍ വ്യക്തമാക്കി.


◾  തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതല്ലെന്നും തിരുത്തല്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശന്‍ കാറില്‍ കയറിയത് മഹാ അപരാധമായി ചിലര്‍ ചിത്രീകരിക്കുന്നുവെന്നും പമ്പയില്‍ പരിപാടി നടക്കുമ്പോള്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് അപരാധം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളെ തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


◾  വിസി നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടായ സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ തന്നെ ഫോണില്‍ വിളിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യം ഉന്നയിച്ചു. സമവായ നിര്‍ദേശം മുന്നോട്ടുവെച്ചത് ഗവര്‍ണറാണ്. സര്‍വകലാശാലയില്‍ ശാന്തമായ അന്തരീക്ഷം ആഗ്രഹിച്ചാണ് ഇത്തരമൊരു നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  ഒറ്റപ്പാലം ലക്കിടിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ ക്രൂരമായി മര്‍ദിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. ലക്കിടി ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ അംഗവുമായ അനില്‍കുമാര്‍, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിന്‍സ് എന്നിവരാണു പിടിയിലായത്. ലക്കിടി തെക്കുംചെറോട് സ്വദേശിയും പാര്‍ട്ടി അംഗവുമായ സുരേന്ദ്രന്‍ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്.


◾  വിവാദമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സര്‍ക്കാരിന്റെ നയമല്ലെന്നും പരാതിയില്‍ പൊലീസ് കേസെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും പിണറായി പറഞ്ഞു. കേസ് കേസിന്റെ വഴിക്ക് പോകുമെന്നും സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നയമുണ്ടെന്നും ആ നയം ഇത് പോലുള്ള കാര്യങ്ങളെ കേസുകൊണ്ട് നേരിടുക എന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


◾  കൊച്ചി മേയര്‍ തര്‍ക്കത്തിന് പിന്നാലെ തൃശൂരിലും മേയര്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം. ലാലി ജെയിംസിനും ഡോ നിജി ജസ്റ്റിനുമായാണ് തര്‍ക്കം ഉടലെടുത്തത്. ലാലി ജെയിംസ് മേയര്‍ ആവണമെന്ന് ഒരു കൂട്ടം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഡോ. നിജി ജസ്റ്റിനായി കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം ഇടപെട്ടു.വിഷയം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വോട്ടിനിടാനും സമ്മര്‍ദമുണ്ട്.


◾  കൊച്ചി കോര്‍പറേഷനിലെ മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം തള്ളി എറണാകുളം ഡിസിസി. കെപിസിസിയില്‍ നിന്ന് അത്തരം ഒരു നിര്‍ദേശം കിട്ടിയിട്ടില്ലെന്ന് ഡിസിസി അധ്യക്ഷന്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടാന്‍ ധാരണ ഇല്ലെന്നും വിശദീകരണം. കോര്‍പറേഷനില്‍ ഒരു വര്‍ഷം ഡെപ്യൂട്ടി മേയര്‍ പദവി ഉറപ്പാക്കിയതായി ലീഗ് അറിയിച്ചിരുന്നു. ഈ അവകാശ വാദങ്ങളാണ് ഇപ്പോള്‍ എറണാകുളം ഡിസിസി തള്ളിയിരിക്കുന്നത്.


◾  കണ്ണമ്മൂല വാര്‍ഡില്‍നിന്ന് സ്വതന്ത്രനായി മത്സരിച്ച് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട പാറ്റൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫേയ്സ്ബുക്കിലൂടെ രാജീവ് ചന്ദ്രശേഖര്‍തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാധാകൃഷ്ണനുമൊത്തുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.


◾  പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖാപിച്ചു. 30 ലക്ഷം രൂപ സഹായം നല്‍കാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ കള്ളന്‍ എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.


◾  പാലക്കാട് പട്ടാമ്പിയില്‍ യാത്രക്കിടെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് വീണു. പള്ളിപ്പുറം - പട്ടാമ്പി സ്റ്റേഷനുകള്‍ക്ക് ഇടയിലെ ഉരുളാന്‍പടി എന്ന സ്ഥലത്ത് വെച്ചാണ് തൊഴിലാളി തെറിച്ചുവീണത്. ട്രോമ കെയര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


◾  നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നടിയെ ആക്രമിച്ച വാഹനത്തില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നു. സമാന ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടുവെന്നും ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നു.


◾  തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. തിരുവനന്തപുരത്ത് വിജയിച്ച ഇടത് കൗണ്‍സിലര്‍ അഖില ജിഎസിന് സത്യപ്രതിജ്ഞാ ചടങ്ങില്‍ ജയ് ഹിന്ദ് എന്ന് പറഞ്ഞതുകൊണ്ട് സൈബര്‍ ആക്രമണം നേരിട്ടു. അവര്‍ക്ക് മാപ്പ് പറയേണ്ടി വന്നു. ഇത്തരം മാനസികാവസ്ഥയെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ബിജെപി വലിയ വിജയം നിയമസഭാ തെരഞ്ഞെടുപ്പലിടക്കം നേടുമെന്നും അനില്‍ ആന്റണി ദില്ലിയില്‍ പറഞ്ഞു.


◾  പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും ഇന്ന് ഡല്‍ഹിയിലെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. സിഎന്‍ഐ ആസ്ഥാനമായ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷനിലാണ് മോദിയുടെ സന്ദര്‍ശനം. രാവിലെ എട്ടരയ്ക്കുള്ള പ്രാര്‍ത്ഥന ചടങ്ങ് നടക്കുന്ന സമയത്താണ് മോദി പള്ളിയില്‍ എത്തുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള നേതാക്കള്‍ ഒപ്പമുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷന്‍ ദില്ലിയിലെ ന്യൂദില്ലി ചാപ്ലിനിലെ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ക്രൈസ്തവര്‍ക്കൊപ്പം പങ്കെടുക്കും.


◾  ആരവല്ലി മലനിരകളില്‍ പുതിയ ഖനനാനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഖനനാനുമതി നല്‍കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അനധികൃത ഖനനം തടയാനും ആരവല്ലി മലനിരകളുടെ സംരക്ഷണം ലക്ഷ്യമിട്ടുമാണ് നിര്‍ദേശം. ഖനനം തടയേണ്ട പുതിയ മേഖലകള്‍ കണ്ടെത്താന്‍ ഐസിഎഫ്ആര്‍ഇക്ക് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്രം അറിയിച്ചു. നിലവിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും കേന്ദ്രം അറിയിച്ചു.


◾  അയോധ്യയില്‍ കര്‍ണാടക ശൈലിയിലുള്ള രാമവിഗ്രഹം സ്ഥാപിക്കാനൊരുങ്ങുന്നു. ഡിസംബര്‍ 29-ാം തീയതി സന്ത് തുളസീദാസ് ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്ത് അംഗദ് തിലയുടെ ദിശയിലാണ് വിഗ്രഹം സ്ഥാപിക്കുക.


◾  ഉന്നാവ് പീഡനക്കേസ് പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതീജീവിതയുടെ മാതാവ്. സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും അതീജീവിതയുടെ മാതാവ് വ്യക്തമാക്കി. ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം രാത്രി ഇന്ത്യാ ഗേറ്റിന് സമീപം കൊടും തണുപ്പിലാണ് അതിജീവിത പ്രതിഷേധം നടത്തിയത്.


◾  ഉന്നാവ് പീഡനക്കേസ് പ്രതിയുടെ ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചതിലും അതിജീവിതയ്ക്കും മാതാവിനും നേരെയുണ്ടായ അതിക്രമത്തിലും അതിരൂക്ഷ വിമര്‍ശനവുമുയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 'ഇതാണോ അതിജീവിത അര്‍ഹിക്കുന്ന നീതി? നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതാണോ അവള്‍ ചെയ്ത തെറ്റ്' - എന്നാണ് അതിജീവിതയെയും മാതാവിനെയും കണ്ടതിന് ശേഷം രാഹുല്‍ എക്സില്‍ പോസ്റ്റ് ചെയ്തത്. അതിജീവിത ഭയത്തിലും പീഡനത്തിലും കഴിയുമ്പോള്‍ കോടതികളില്‍ നിന്നുള്ള ഇത്തരം നടപടികള്‍ നിരാശാജനകവും ലജ്ജാകരവുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.


◾  രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. നഗരത്തിലെ വായു ഗുണനിലവാര സൂചിക 'വളരെ മോശം' മുതല്‍ 'ഗുരുതരം' വരെ രേഖപ്പെടുത്തുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിക്കിടെ എയര്‍ പ്യൂരിഫയറുകള്‍ക്കു മേല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കുന്നതിനെ കോടതി ചോദ്യംചെയ്തു. ഇവയുടെ നികുതി എന്തുകൊണ്ട് ഉടന്‍ കുറയ്ക്കാനാകില്ലെന്ന് അടിയന്തരമായി വിശദീകരിക്കാനും കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.



◾  ഇന്ത്യ- ശ്രീലങ്ക ടി 20 പരമ്പരയ്ക്കായി തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം. തലസ്ഥാന നഗരിയില്‍ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂര്ണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങള്‍ എത്തിയത്. ഡിസംബര്‍ 26 , 28 , 30 തീയതികളില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. വിശാഖ പട്ടണത്തില്‍ നടന്ന ആദ്യ രണ്ട മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.


◾  ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നര മടങ്ങോളം വളര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് കണക്ക്. 2011-12ല്‍ കേരളത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 3.64 ലക്ഷം കോടി രൂപയായിരുന്നു. 2024-25ല്‍ 2011-12നെ അപേക്ഷിച്ച് മൂന്നര മടങ്ങ് വര്‍ധിച്ച് 12.49 ലക്ഷം കോടി രൂപയായി. ഉല്‍പ്പന്നങ്ങളും സേവനങ്ങളും അടക്കം സംസ്ഥാനത്തെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഎസ്ഡിപി. കഴിഞ്ഞ വര്‍ഷം ഇത് 11.35 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് ബാധിച്ച 2020-21ല്‍ മാത്രമാണ് 14 വര്‍ഷത്തിനിടെ സമ്പദ് വ്യവസ്ഥയില്‍ ഇടിവുണ്ടായത്. 2019-20ല്‍ 8.31 ലക്ഷം കോടി രൂപയായിരുന്നത് 2020-21ല്‍ 7.72 ലക്ഷം കോടിയായി കുറഞ്ഞു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇത് 9.24 ലക്ഷം കോടിയായി ഉയര്‍ന്നു. പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളെയും കോവിഡിനെയും കേരളം അതിജീവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കണക്ക്. 2022-23ല്‍ 10.39 ലക്ഷം കോടി രൂപയാണ് കേരളത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം. 2020-21 ഒഴിച്ച് 2011-12 മുതല്‍ ആഭ്യന്തര ഉല്‍പ്പാദനം പടിപടിയായി ഉയരുന്നതാണ് കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്.


◾  ലോകമെമ്പാടുമുള്ള മാര്‍വല്‍ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' ടീസര്‍ എത്തി. അവഞ്ചേഴ്സ് സൂപ്പര്‍ ഹീറോസില്‍ ഏറ്റവുമധികം ആരാധകരുള്ള ക്യാപ്റ്റന്‍ അമേരിക്കയുടെ തിരിച്ചുവരവാകും ഡൂംസ്ഡേയുടെ ഹൈലൈറ്റ്. പുറത്തിറങ്ങിയ ടീസറിലും സ്റ്റീവ് റോജേഴ്സിനെ കാണാം. കഴിഞ്ഞ ആഴ്ച ഇതേ ടീസര്‍ ഓണ്‍ലൈനിലൂടെ ലീക്ക് ആയി പുറത്തുവന്നിരുന്നു. അവഞ്ചേഴ്സ് എന്‍ഡ് ഗെയിമില്‍ ടൈം ട്രാവല്‍ ചെയ്ത് പെഗി കാര്‍ട്ടെറിനൊപ്പം ജീവിതം ആസ്വദിക്കുന്ന സ്റ്റീവിനെയും അദ്ദേഹത്തിന്റെ കുഞ്ഞിനെയും ടീസര്‍ പരിചയപ്പെടുത്തുന്നു. റൂസോ സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന ഡൂംസ് ഡേ അടുത്ത വര്‍ഷം ഡിസംബര്‍ 18ന് തിയറ്ററുകളിലെത്തും.


◾  പുതുമുഖ ബാലതാരം ആദി കേശവനെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സിദ്ധു' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. 30-ാം ഐഎഫ്എഫ്കെ വേദിയില്‍ വച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ബാലാജി ശര്‍മ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ശ്വേത വിനോദ്, കാര്‍ത്തിക, ശാലിനി, വിബില തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിജു ശങ്കര്‍ എഴുതിയ വരികള്‍ക്ക് സാനന്ദ് ജോര്‍ജ്, ഡി ശിവപ്രസാദ് എന്നിവര്‍ സംഗീതം പകരുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിദ്ധു ജനുവരി അവസാന വാരം പ്രദര്‍ശനത്തിനെത്തും.


◾  ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇടത്തരം എസ്യുവിയായ ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാം നമ്പര്‍ കോംപാക്റ്റ് എസ്യുവിയായ ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ എട്ട് മാസമായി, ഏപ്രില്‍ മുതല്‍ നവംബര്‍ വരെ, ഹ്യുണ്ടായി ക്രെറ്റയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ജിഎസ്ടി 2.0 പ്രകാരം വില കുറച്ചതിനുശേഷം മൂന്ന് മാസമായി നെക്‌സോണ്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ്. 135,070 യൂണിറ്റുകളുമായി, ഈ സാമ്പത്തിക വര്‍ഷം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി ക്രെറ്റ തുടരുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ക്രെറ്റ ഇതിനകം തന്നെ ജനപ്രിയമാണ്, കൂടാതെ അതിന്റെ ഇലക്ട്രിക് പതിപ്പും ഈ വര്‍ഷം പുറത്തിറക്കി. ഹ്യുണ്ടായിയുടെ മൊത്തം പാസഞ്ചര്‍ കാര്‍ വില്‍പ്പനയായ 375,912 യൂണിറ്റുകളില്‍ 36% വും 263,019 യൂണിറ്റുകളില്‍ 51% വും ക്രെറ്റയാണ് സംഭാവന ചെയ്തത്.


◾  സ്വപ്നവിഹാരിണികളും പ്രണയവിവശകളും കാമമോഹിതകളും വിരഹപീഡിതകളും പ്രതികാരദുര്‍ഗകളുമാണ് രജനിയുടെ പെണ്ണുങ്ങള്‍. പുരുഷനെ ഭ്രമിപ്പിക്കുന്ന കിളിമൊഴിക്കും പൊന്‍നിറത്തിനും ചേതോഹരാംഗങ്ങള്‍ക്കും അപ്പുറം അവരുടെ ഹൃദ്‌സ്പന്ദനങ്ങളുടെ താളത്തിനും താളപ്പിഴകള്‍ക്കും ചെവിയോര്‍ക്കുകയാണ് കഥാകാരി 'പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല, ആണായ നിങ്ങള്‍ വിറയ്ക്കുന്നതെന്തേ?' എന്ന ചോദ്യമാണ് ഈ സമാഹാരത്തിന്റെ ഉള്‍ത്തടങ്ങളില്‍ മാറ്റൊലിക്കൊള്ളുന്നത്. 'ഗന്ധമോഹിനി'. രജനി സുരേഷ്. എച്ച് & സി ബുക്സ്. വില 150 രൂപ.


◾  വൈറ്റമിന്‍ ബി12 അഭാവം നിര്‍ണ്ണയിക്കപ്പെടുന്നവരുടെ എണ്ണം ഇന്ത്യയില്‍ നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാര്യം നമ്മുടെ ശരീരത്തിന് ചെറിയ അളവില്‍ മാത്രം മതിയാകുന്ന പോഷണമാണ് വൈറ്റമിന്‍ ബി12. എന്നാല്‍ അത് കൃത്യമായി ലഭിച്ചില്ലെങ്കില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും. രക്തത്തെയും തലച്ചോറിനെയും നാഡീവ്യൂഹത്തെയുമെല്ലാം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ബി12. ഇതിന്റെ അഭാവം ക്ഷീണം, കൈകാലുകളില്‍ മരവിപ്പ്, മൂഡ് മാറ്റങ്ങള്‍, ഓര്‍മ്മക്കുറവ്, മങ്ങിയ ചര്‍മ്മം, തലകറക്കം, അസ്ഥിരമായ നടത്തം, പെട്ടെന്നുള്ള ദേഷ്യം, ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍, കുട്ടികളുടെ മുരടിച്ച വളര്‍ച്ച, ശ്രദ്ധക്കുറവ് എന്നിവയുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. പലരും ദൗര്‍ഭാഗ്യവശാല്‍ ഇതെല്ലാം വൈറ്റമിന്‍ ബി12 അഭാവം മൂലമാണെന്ന് തിരിച്ചറിയുന്നില്ല. സസ്യാഹാരികളില്‍ മാത്രമല്ല മാംസാഹാരികളിലും ഇന്ത്യയില്‍ വൈറ്റമിന്‍ ബി12 അഭാവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ പാചകരീതി പലപ്പോഴും ദീര്‍ഘനേരം വറുക്കലും ചൂടാക്കലുമൊക്കെ ഉള്‍പ്പെടുന്നതാണ്. ഇത് ഭക്ഷണത്തിലെ വൈറ്റമിന്‍ തോത് കുറയ്ക്കാന്‍ കാരണമാകാം. ലളിതമായ രക്തപരിശോധനയിലൂടെ വൈറ്റമിന്‍ ബി12  അഭാവം  നിര്‍ണ്ണയിക്കാന്‍ സാധിക്കും.  പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകളുടെയോ ഇഞ്ചക്ഷനുകളുടെയോ നേസല്‍ സ്‌പ്രേയുടെയോ രൂപത്തിലുള്ള സപ്ലിമെന്റുകള്‍ എടുക്കാവുന്നതാണ്. വൈറ്റമിന്‍ ബി12 തോത് സാധാരണ നിലയിലേക്ക് വന്നാല്‍ ചെറിയ പ്രതിദിന ഡോസുകളിലൂടെ ഇത് നിലനിര്‍ത്താന്‍ സാധിക്കും. വൈറ്റമിന്‍ ബി12 -നാല്‍ സമ്പുഷ്ടീകരിക്കപ്പെട്ട ആട്ട, പ്രഭാതഭക്ഷണ സിറിയലുകള്‍, സസ്യാധിഷ്ഠിത പാലുകള്‍, ന്യൂട്രീഷണല്‍ യീസ്റ്റ് എന്നിവയും വിപണിയില്‍ ലഭ്യമാണ്. 


*ശുഭദിനം*

*കവിത കണ്ണന്‍*

അന്ന് ക്രിസ്മസ് രാവായിരുന്നു..നഗരം മുഴുവന്‍ വിളക്കുകളുടേയും നക്ഷത്രങ്ങളുടേയും തിളക്കം.  പള്ളികളില്‍ കരോളുകള്‍.. എന്നാല്‍ ആ തിരക്കിനിടയിലും അയാളുടെ ജീവിതം ഇരുട്ടിലായിരുന്നു.  ജോലി നഷ്ടപ്പെട്ടു, കടങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു, സ്വന്തക്കാരെന്ന് കരുതിയവരെല്ലാം അകലെയായി.  ക്രിസ്തുമസ് എന്ന കേട്ടാല്‍ പോലും ഹൃദയം വേദനിക്കുന്ന അവസ്ഥ.  ആ രാത്രി, അയാള്‍ നിരാശയോടെ നടക്കുമ്പോള്‍, ഒരു ചെറിയ പളളി കണ്ടു.  അകത്ത് മെഴുകുതിരികള്‍ തെളിഞ്ഞു കത്തുന്നു.. ഒരു കുഞ്ഞ് യേശുവിന്റെ പ്രതിമ, അതിനുമുമ്പില്‍ പ്രാര്‍ത്ഥനയില്‍ നില്‍ക്കുന്ന കുറച്ച് ആളുകള്‍.. അയാളും ആ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അവരിലൊരാള്‍ അയാളോട് പറഞ്ഞു. ക്രിസ്തുമസ് സമ്മാനങ്ങളുടേയോ ആഘോഷങ്ങളുടേയോ ദിനമല്ല.. നമ്മുടെ ഉള്ളില്‍ പ്രതീക്ഷകള്‍ വീണ്ടും ജനിക്കുന്ന ദിവസമാണ്.. ആ വാക്കുകള്‍ അയാളുടെ ഹൃദയത്തില്‍ തട്ടി.  യേശു ജനിച്ചത് കൊട്ടാരത്തിലല്ല, ഒരു പുല്‍ത്തൊഴുത്തിലാണ്.. അവിടെയും പ്രതീക്ഷ ജനിച്ചു.. ആ രാത്രി അയാള്‍ ഒരു തീരുമാനം എടുത്തു.  ഇനി പരാതി പറയില്ല.. ചെറിയതെങ്കിലും എന്തെങ്കിലും ജോലി വീണ്ടും കണ്ടെത്തണം.  അടുത്ത ദിവസം മുതല്‍ ചെറിയ ജോലി കണ്ടെത്തി.. വീണ്ടും ചെറിയ ശ്രമങ്ങള്‍ തുടങ്ങി.. തന്നില്‍ ചെറുതായി വിശ്വാസവും വന്നു തുടങ്ങി.. വീണ്ടുമയാളിലേക്ക് സ്വപ്നങ്ങള്‍ കടന്നെത്തി..  നമ്മള്‍ എവിടെയാണെന്നതല്ല, നമുക്കുള്ളിലെ പ്രതീക്ഷയ്ക്ക് ജീവനുണ്ടോ എന്നതാണ് പ്രശ്‌നം.. ഇന്ന് നാം തളര്‍ന്നിരിക്കാം, ഒറ്റപ്പെട്ടിരിക്കാം.. പക്ഷേ, ഈ ക്രിസ്തുമസ്സ് നമ്മുടെ ഉള്ളിലും ഒരു പുതു പ്രതീക്ഷകള്‍ വളര്‍ത്തട്ടെ, സ്വപ്നങ്ങള്‍ നിറക്കട്ടെ. പ്രതീക്ഷയുളളിടത്താണ് പുതിയജീവിതം തുടങ്ങുന്നതും - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post