*തെരുവുനായകൾക്ക് തീറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള നിർദേശങ്ങൾ സമർപ്പിച്ചു*.
തെരുവുനായ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ ഉത്തരവിനനുസരിച്ച് പൊതു പ്രവർത്തകരിൽനിന്നും സഘടനകളിൽ നിന്നും ഉചിതമായ നിർദേശങ്ങൾ ക്ഷണിച്ചുകൊണ്ട് മാഹി നഗരസഭ അറിയിപ്പിൻ പ്രകാരം മാഹിയിലെ വിവരാവകാശ-പൊതു പ്രവർത്തകനായ മുനാസ് കണ്ടോത്ത് ഉചിതമായ നിർദ്ദേശങ്ങൾ തയ്യാറാക്കി സമർപ്പിച്ചു.
മുനാസ് കണ്ടോത്തിൻ്റെയും, മാഹി റസിഡൻസ് അസോസിയേഷന്റെയും ഉൾപ്പെടെ രണ്ടു മൂന്നു നിർദേശങ്ങൾ മാത്രമാണ് ഇതേവരെ സമർപ്പിക്കപ്പെട്ടത്.
തെരുവു നായകളെ ക്രൂരമായി കൊന്നു കളയുന്നതിനും അശാസ്ത്രീയമായി വന്ധീകരണം നടത്തി ദുരിതത്തിലാക്കുന്നതിനും പകരം അവയെ ശരിയായ നിലയിൽ പുനഃരധിവാസം ചെയ്യേണ്ടുന്നതിന്റെ ആവശ്യകത ഉന്നയിച്ച് മുനാസ് കണ്ടോത്ത് മൂന്നു മാസങ്ങൾക്കു മുമ്പു തന്നെ ഒരു നിവേദനം മാഹി റീജിണൽ അഡ്മിനിസ്ട്രേറ്റർക്കു സമർപ്പിച്ചിരുന്നു.
മാഹിയിലെ മാലിന്യ നിർമാർജന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, ഭക്ഷ്യ മാലിന്യങ്ങൾ വീടുകൾക്ക് പുറത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളുക, തെരുവുനായകളെ
പൊതു ജനങ്ങൾക്ക് ശല്യമുണ്ടാകാത്തവിധം ശാസ്ത്രീയമായി പുനഃരധിവസിപ്പിച്ച് സംരക്ഷിക്കുന്നതിന് സ്ഥലം കണ്ടെത്തി ഉചിതമായ സൗകര്യം ഒരുക്കുക, വീടുകളിൽ വളർത്തുന്ന നായകൾ ഉപേക്ഷിക്കപ്പെടാതിരിക്കാനും സംരക്ഷിക്കപ്പെടാനും വേണ്ടുന്ന കർശന മോണിറ്ററിംഗ്-റെക്കോർഡ് സംവിധാനം ഉണ്ടാക്കുക, മാഹിയിലെ എല്ലാ പൊതു ജനാരോഗ്യ കേന്ദ്രങ്ങളിലും നായകളിൽനിന്നും മറ്റിതര ജന്തുക്കളിൽ നിന്നും കടിയേൽക്കുന്നവരെ ചികിൽസിച്ചു ഭേദപ്പെടുത്താനുതകുന്ന ഫലപ്രദമായ ആധുനിക അണു വിമുക്‌തീകരണ മരുന്നുകൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നിവേദനം സമർപ്പിച്ചിരുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവുണ്ടാകുന്നരത്തിനു മുമ്പായിരുന്നു ഈ നിവേദനം സമർപ്പിച്ചിരുന്നത്.
ഇപ്പോൾകോടതിയുടെ ഉത്തരവും കണക്കിലെടുത്തുള്ള മാർഗ നിർദേശങ്ങളാണ് മാഹി നഗരസഭയിൽ സമർപ്പിച്ചിരിക്കുന്നത്.

Post a Comment