o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾  കന്യാകുമാരിക്കടുത്ത് കടലിന് സമീപത്തായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളിലാണ് നിലവില്‍ ഇത് സ്ഥിതിചെയ്യുന്നത്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

    


2025 | നവംബർ 26 | ബുധൻ 

1201 | വൃശ്ചികം 10 |  തിരുവോണം l 1447 l ജമാഅത്ത്ത്താനി 05

     ➖➖➖➖➖➖➖➖

◾  ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീടെന്നത് അപകടകരമായ സ്ഥലമായി തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്നും ഒരുദിവസം ശരാശരി 137 പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം ലോകത്ത് 83,000 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 50,000 പേര്‍ പങ്കാളിയുടെയോ ബന്ധുവിന്റെയോ കൈകൊണ്ടാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിയപ്പെട്ടവരാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ആഫ്രിക്കയിലാണെന്നും തെക്കും വടക്കും അമേരിക്കകളും, ഓഷ്യാനിയയും പിന്നിലുണ്ടെന്നും ഏഷ്യ മൂന്നാംസ്ഥാനത്താണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


◾  പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്നതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. കേരളം റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് മൂന്നാഴ്ച സമയം നല്‍കി. ഈ സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


◾  കേരളത്തില്‍ പ്രൈമറി സ്‌കൂളുകള്‍ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകള്‍ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകള്‍ സ്ഥാപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂളും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ അപ്പര്‍ പ്രൈമറി സ്‌കൂളും ഇല്ലെങ്കില്‍ അവ സ്ഥാപിക്കണമെന്നുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.


◾  ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശബരിമല അയ്യപ്പന്റെ ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടു കൂടാ എന്നതാണ് നിലപാടെന്നും സ്വര്‍ണക്കൊള്ളയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് എല്‍ഡിഎഫ് മുമ്പും ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


◾  ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയില്‍ വിധി പറയും. എന്‍.വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു.


◾  ശബരിമല അന്നദാനത്തിന് കേരള സദ്യ നല്‍കാന്‍ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. പായസത്തോട് കൂടിയുള്ള സദ്യയായിരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. എരുമേലിയില്‍ സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാനായി യോഗം വിളിക്കുമെന്നും ഡിസംബര്‍ 18ന് ബോര്‍ഡ് അവലോകന യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.


◾  എസ്എസ്‌കെ ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കേരളത്തിന്റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു. എസ്എസ്‌കെ ഫണ്ട് ഉടന്‍ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായിബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്.രണ്ടര വര്‍ഷകാലമായി കേന്ദ്രസര്‍ക്കാര്‍ എസ് എസ് കെ ഫണ്ട് അനുവദിക്കുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ടും ഉടന്‍ അനുവദിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.


◾  കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഒരു കോടിയിലധികം ഫോമുകള്‍ ബിഎല്‍ഒമാര്‍ ഡിജിറ്റൈസ് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 1,06,81,040 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്.  കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം 2,81,608 ആയി ഉയര്‍ന്നെന്നും ഡോ. രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.


◾  എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതാണെന്ന് കെ സി വേണുഗോപാല്‍ എംപി. പ്രചരണം നടത്തുന്നത് സംബന്ധിച്ച് നോക്കേണ്ടത് പാര്‍ട്ടി പ്രാദേശിക നേതാക്കന്മാരാണ്. ഏറ്റവും ശക്തമായ നടപടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി എടുത്തത്. രാഹുലിനെതിരെ ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു. എന്നാല്‍ സ്വര്‍ണ്ണപ്പാളി കേസില്‍ എന്താണ് സിപിഎമ്മിന്റെ നിലപാടെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.


◾  രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ ഗര്‍ഭഛിദ്ര ആരോപണത്തില്‍ ഇരയായ യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രം മുന്നോട്ടുപോകാന്‍ ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യുവതി പരാതിയുമായി എത്തുമോയെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്.


◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരന്‍ രാഹുല്‍ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താന്‍ വേദി പങ്കിടുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.


◾  എസ് എസ് കെ ഫണ്ടുകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ബി.ജെ.പി. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതൃത്വവും ഫണ്ട് തടയാന്‍ ശ്രമിക്കുന്നുവെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ ആരോപണം ബിജപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തള്ളി.സംസ്ഥാന സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ഒന്നും ചെയ്യാതിരുന്നതിനെ ന്യായീകരിക്കാനുള്ള 'കഥകള്‍' മാത്രമാണ് ഈ ആരോപണങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


◾  നടിയെ ആക്രമിച്ച കേസില്‍ പിടി തോമസിന്റെ ഇടപെടല്‍ ഓര്‍മിപ്പിച്ച് ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമ തോമസ്. സ്വന്തം മകള്‍ക്കൊരു പ്രശ്നം വന്നത് പോലെ ആയിരുന്നു പിടിയുടെ ഇടപെടല്‍. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും അതുകൊണ്ട് തന്നെ തക്കതായ ശിക്ഷ ഇതില്‍ ഇടപെട്ടവര്‍ക്ക് ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഉമ തോമസ് പറഞ്ഞു.


◾  ശബരിമലയിലെ സ്വര്‍ണക്കൊള്ളയടക്കമുള്ള അഴിമതി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന് രേഖാമൂലം വിജിലന്‍സ് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്. എന്നാല്‍, വിജിലന്‍സ് നല്‍കിയ ഈ ശുപാര്‍ശ നടപ്പായില്ലെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായിരുന്ന ജേക്കബ് പുന്നൂസ് പറഞ്ഞു. കലാകൗമുദിയില്‍ പ്രസിദ്ധീകരിക്കുന്ന സര്‍വീസ് സ്റ്റോറിയിലാണ് ജേക്കബ് പുന്നൂസിന്റെ വെളിപ്പെടുത്തല്‍.


◾  മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയില്‍ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് കേസെടുത്തത്.


◾  കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി പ്രവീണ്‍കുമാര്‍ (36) ആണ് അറസ്റ്റിലായത്. പ്രതാപ്ഗര്‍ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വയലന്‍സ് ഓഫീസറാണ് പിടിയിലായ പ്രതി. കേസിലെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെയും സഹായിയായി പ്രവര്‍ത്തിച്ച രണ്ടാം പ്രതി അഹമ്മദാബാദ് സ്വദേശി ഹിരാല്‍ ബെന്‍അനൂജ് പട്ടേലിനെയും മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.




◾  നാവികസേനയുടെ ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷന്‍ നടക്കുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളുടെ സമയത്തില്‍ മാറ്റം. നവംബര്‍ 27 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഏഴ് ദിവസങ്ങളിലായി വ്യോമമേഖല അടച്ചിടുന്നതിനാലാണ് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ വൈകുന്നേരം നാല് മണി മുതല്‍ ആറേകാല്‍ വരെയാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക.


◾  കണ്ണൂരില്‍ യുഡിഎഫ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. കണ്ണൂര്‍ കോര്‍പറേഷനിലെ കാപ്പാട്, തിലാനൂര്‍ ഡിവിഷനുകളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. രാത്രിയില്‍ അജ്ഞാതര്‍ ബോര്‍ഡുകള്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.


◾  വോട്ടര്‍ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കായി എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൊതുപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാനമായ പരീക്ഷകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, 10 ദിവസത്തിലധികം വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തി വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


◾  തൃശൂര്‍ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ വെട്ടിയ രണ്ടു ഗുണ്ടകള്‍ പിടിയില്‍. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ സിജോയും ഗുണ്ടകള്‍ക്ക് കാറുകള്‍ തരപ്പെടുത്തിയ മൂന്നു പേരും ഇന്നലെ പിടിയിലായിരുന്നു. മൂന്നു ലക്ഷം രൂപയ്ക്ക് പ്രവാസി വ്യവസായിയാണ് ആണ് ക്വട്ടേഷന്‍ നല്‍കിയത്. സിനിമാ സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.


◾  കോഴിക്കോട് മാമി തിരോധാന കേസ് അട്ടിമറിച്ചതില്‍ ഉന്നതരുടെ പങ്കു കൂടി വെളിച്ചത്ത് വരണമെന്ന് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും. കുടുംബം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിവെക്കുന്നതാണ് ലോക്കല്‍ പൊലീസിന് അന്വേഷണത്തില്‍ വീഴ്ച വന്നെന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടെന്നും പ്രാഥമിക ഘട്ടത്തില്‍ കുടുംബം നല്‍കിയ പല നിര്‍ണായക വിവരങ്ങളും നടക്കാവ് പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.


◾  തൃശൂര്‍ മുണ്ടൂരില്‍ 75കാരിയെ മകളും അയല്‍വാസിയായ കാമുകനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്നു. 45 കാരിയായ മകള്‍ സന്ധ്യയും 27 കാരനായ കാമുകന്‍ നിതിനും തമ്മിലുള്ള അടുപ്പമാണ് 75 കാരിയായ തങ്കമണിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. നിതിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് സന്ധ്യ അമ്മ തങ്കമണിയെ കൊന്നത്. സന്ധ്യ അമ്മയോട് ആഭരണങ്ങള്‍ ഊരിത്തരണമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിക്കായതോടെ കൊലപ്പെടുത്തുകയായിരുന്നു. സ്വാഭാവിക മരണമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചെങ്കിലും ആഭരണങ്ങള്‍ കാണാതായത് സംശയത്തിന് ഇടയാക്കി. തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.


◾  26/11 മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫഹീം അന്‍സാരിക്ക്, പൊലീസ് ക്ലിയറന്‍സ് അഥവാ സ്വഭാവ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഏത് ജോലിയും ചെയ്യാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍. 166 പേരുടെ മരണത്തിനും 300-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ 17-ാം വാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.


◾  ഉത്തര്‍പ്രദേശില്‍ എസ്ഐആര്‍ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ മരിച്ചു. ഗോണ്ടയിലെ അധ്യാപകന്‍ വിപിന്‍ യാദവാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് വിപിന്‍ യാദവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുന്‍പ് വിപിന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.


◾  ഉത്തര്‍പ്രദേശില്‍ എസ്ഐആര്‍ സൂപ്പര്‍വൈസര്‍ ആത്മഹത്യ ചെയ്തു. ഫത്തേപ്പൂര്‍ ജില്ലയിലെ റവന്യൂ ക്ലാര്‍ക്കായ സുധീര്‍ കുമാര്‍ കോരി ആണ് ഇന്ന് വിവാഹം നടക്കാനിരിക്കെ ഇന്നലെ ത്മഹത്യ ചെയ്തത്. വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെ ലീവ് ചോദിച്ചിട്ടും നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ കര്‍ശനമായ അന്വേഷണം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.


◾  ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വരാനിരിക്കുന്ന എസ്‌ഐആര്‍ നടപടിയില്‍ യഥാര്‍ത്ഥ വോട്ടര്‍മാരെ നീക്കം ചെയ്യുകയാണെങ്കില്‍ രംഗത്തിറങ്ങുമെന്നും ബംഗാളില്‍ തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യം വച്ചാല്‍ രാജ്യവ്യാപകമായി തെരുവിലിറങ്ങി മുഴുവന്‍ രാജ്യത്തെയും ഇളക്കിമറിക്കുമെന്നും മമത ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും മുന്നറിയിപ്പ് നല്‍കി.


◾  അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് സ്ഥലം എംപി അവധേഷ് പ്രസാദ്. ദളിതനായതുകൊണ്ടാണ് തന്നെ അവഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും ചിലരുടെ സങ്കുചിത മനസ്ഥിതിയാണ് തന്നെ ക്ഷണിക്കാതിരിക്കാന്‍ കാരണമെന്നും ഫൈസബാദ് എം പി പറഞ്ഞു. അതേസമയം നാട്ടുകാര്‍ക്കും അവസരം ലഭിച്ചിട്ടില്ലെന്നും ക്ഷണിച്ചാല്‍ നഗ്നപാദനായി ചടങ്ങില്‍ പങ്കെടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


◾  ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസം നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സുബീന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.


◾  അരുണാചല്‍ പ്രദേശ് ഇന്ത്യയുടേതല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. എത്ര നിരാകരിച്ചാലും അരുണാചല്‍ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അരുണാചല്‍ വനിതയെ ഷാങ്ഹായി വിമാനത്താവളത്തില്‍ ട്രാന്‍സിറ്റിനിടെ തടഞ്ഞു വെച്ചതില്‍ കടുത്ത പ്രതിഷേധം അറിയിച്ചെന്നും ഇന്ത്യ അറിയിച്ചു.യുവതിയെ ശല്യപ്പെടുത്തിയില്ലെന്നും അരുണാചല്‍ പ്രദേശ് ചൈനയുടേതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം നേരത്തെ പതികരിച്ചിരുന്നു.


◾  പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന കവര്‍ച്ചയില്‍ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കൊള്ളയില്‍ ആകെ 4 പേരാണ് പിടിയിലായിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണം ഇതേവരെ കണ്ടെത്താനായില്ല. നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ അമൂല്യ വജ്രാഭരണങ്ങള്‍ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.


◾  പാക് വ്യോമാക്രമണത്തില്‍ 10 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി താലിബാന്‍ ഭരണകൂടം. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്റെ കരാര്‍ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിച്ചു.


◾  ബാവുല്‍ ഗായകന്‍ അബുള്‍ സര്‍ക്കാരിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വീണ്ടും വന്‍ പ്രതിഷേധം. വിദ്യാര്‍ത്ഥികളും കലാകാരന്മാരും പ്രതിഷേധവുമായി തെരുവിലിങ്ങി. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം രാജ്യത്ത് ഫാസിസത്തിന്റെ പുതിയ രൂപം ഉയര്‍ന്നുവരികയാണെന്നാണ് വിമര്‍ശനം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് കീഴില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ആരോപിച്ചാണ് യുവാക്കളില്‍ ഒരു വിഭാഗമടക്കം തെരുവിലിറങ്ങിയിരിക്കുന്നത്.


◾  സുഡാനിലേക്ക് ഭക്ഷ്യസഹായവുമായി പോയ വിമാനം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ദക്ഷിണ സുഡാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ജീവകാരുണ്യ സംഘടന സമരിറ്റന്‍സ് പഴ്സിനുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ വിമാനമാണ് തകര്‍ന്നത്.


◾  ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടി വച്ചത് സുരക്ഷാ ആശങ്ക കൊണ്ടല്ലെന്ന് ഇസ്രയേല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള സുരക്ഷയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. പുതിയ സന്ദര്‍ശന തീയതി തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ചെങ്കോട്ട സ്ഫോടനത്തെ തുടര്‍ന്നുള്ള സുരക്ഷാ ആശങ്ക കാരണം നെതന്യാഹു ഇന്ത്യയിലേക്ക് വരുന്നത് മാറ്റിവച്ചു എന്ന തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഇസ്രയേല്‍.


◾  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പരാജയ ഭീതിയുമായി ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 549 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടിന് 27 റണ്‍സെന്ന നിലയിലാണ്. യശസ്വി ജയ്‌സ്വാളിന്റേയും കെ.എല്‍ രാഹുലിന്റേയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരു ദിവസവും എട്ടു വിക്കറ്റും ശേഷിക്കേ ജയത്തിലേക്ക് ഇന്ത്യക്കിനിയും 522 റണ്‍സ് കൂടി വേണം. നേരത്തേ രണ്ടാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.


◾  ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ഐസിസി ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ ഔദ്യോഗികമായി പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് വരുന്നത്. ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലില്‍ ഒരു ടീമായി പാകിസ്താന്‍ വന്നാല്‍ കൊളംബോ ആയിരിക്കും വേദി. ടൂര്‍ണമെന്റ് ഫെബ്രുവരി ഏഴിന് ആരംഭിച്ച്, മാര്‍ച്ച് എട്ടിന് അവസാനിക്കും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍.


◾  ഇന്ത്യന്‍ ഓഹരി വിപണിയില്‍ നവംബര്‍ ആദ്യ പകുതിയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ നിക്ഷേപം പ്രധാനമായും രണ്ട് മേഖലകളില്‍ വ്യത്യസ്തമായ രീതിയിലാണ് പ്രതിഫലിച്ചത്. ഈ കാലയളവില്‍ വിപണിയില്‍ മൊത്തം 5.2 കോടി (52 മില്യണ്‍) ഡോളറിന്റെ അറ്റ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപം ഏറ്റവും അധികം ഒഴുകിയെത്തിയ മേഖലയായി ടെലികമ്മ്യൂണിക്കേഷന്‍ മാറി. ഈ രംഗത്തേക്ക് 1,061 മില്യണ്‍ ഡോളറിന്റെ വന്‍കിട നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയത്. ഇതിന് പിന്നാലെ സോവറിന്‍ ഡെറ്റ് ഫണ്ടുകള്‍ (454 മില്യണ്‍ ഡോളര്‍), ഓയില്‍, ഗ്യാസ്, കണ്‍സ്യൂമബിള്‍ ഫ്യുവല്‍സ് (337 മില്യണ്‍ ഡോളര്‍) എന്നീ മേഖലകളിലേക്കും കാര്യമായ നിക്ഷേപം എത്തി. എന്നാല്‍, ഈ കാലയളവിലെ ഏറ്റവും വലിയ മേഖലാപരമായ പുറത്തേക്കുള്ള ഒഴുക്ക് ഐടിയിലാണ് രേഖപ്പെടുത്തിയത്- 518 മില്യണ്‍ ഡോളര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഏകദേശം 8,572 മില്യണ്‍ ഡോളറാണ് ഐടിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഐടിക്ക് പുറമെ ഉപഭോക്തൃ സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലും കാര്യമായ വില്‍പ്പന നടന്നു.


◾  ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പരാശക്തിയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. 'രത്നമാല..' എന്ന് തുടങ്ങുന്ന ഗാനത്തന് സംഗീതം ഒരുക്കിയത് ജി വി പ്രകാശ് കുമാറാണ്. അദ്ദേഹം തന്നെയാണ് ഈ മനോഹര മെലഡി ഗാനം ആലപിച്ചിരിക്കുന്നതും. ജയശ്രീ മതിമാരന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. തെലുങ്ക് വരികള്‍ എഴുതിയത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രി ആണ്. ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ, ശ്രീലീല എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പരാശക്തി സംവിധാനം ചെയ്യുന്നത് സുധാ കൊങ്കരയാണ്. 1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്റെയും മറ്റും പാശ്ചതലത്തിലുള്ള ഒരു ചിത്രമാണ് പരാശക്തി എന്നാണ് വിവരം. ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് പരാശക്തി. ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് വിവരം.


◾  വെട്രിമാരന്‍- സിമ്പു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'അരസനി'ല്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നു. 'വടചെന്നൈ' യൂണിവേഴ്‌സില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിമ്പുവിന്റെ വില്ലനായാണോ വിജയ് സേതുപതി എത്തുന്നതെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാന കാര്യം. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് വെട്രിമാരന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും വടക്കന്‍ ചെന്നൈയിലെ അധോലോക കഥയുമായി വെട്രിമാരന്‍ എത്തുമ്പോള്‍ തമിഴ് സിനിമയിലെ മറ്റൊരു ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് തുടക്കമാവുന്നത്. റിയലിസ്റ്റിക് ആഖ്യാന ശൈലിയില്‍ വളരെ വലിയ ബഡ്ജറ്റിലാവും ചിത്രമൊരുങ്ങുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.


◾  പുതിയ സിയാറ പുറത്തിറക്കി ടാറ്റ, 11.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഒരു മോഡലിന്റെ വില മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ  മുംബൈ നടന്ന ചടങ്ങില്‍  പുത്തന്‍ സിയാറയുടെ പ്രൊഡക്ഷന്‍ മോഡലുകള്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. ഡിസംബര്‍ 16 മുതല്‍ പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുന്നതോടെ ജനുവരി 15 മുതല്‍ സിയാറ ഉപഭോക്താക്കളുടെ കൈകളിലെത്തും. പുതിയ 1.5 ലീറ്റര്‍ ടിജിഡിഐ എന്‍ജിനുമായിട്ടാണ് സിയാറ എത്തുന്നത്. 160 ബിഎച്ച്പി കരുത്തും 255 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റര്‍, 4 സിലിണ്ടര്‍ ഡയറക്ട്-ഇന്‍ജക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ് ഇത്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. കൂടാതെ 106 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് വേരിയന്റും ലഭ്യമാണ്, ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ലഭിക്കും. ഡീസല്‍ മോഡലില്‍ 118 എച്ച്പി കരുത്തുള്ള 1.5 ലിറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഇതിന് 6-സ്പീഡ് മാനുവല്‍ കൂടാതെ 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളും ലഭ്യമാണ്.


◾  അറബ് വംശജരുടെ പൗരുഷത്തേയും സ്വവര്‍ഗ്ഗരതിയേയും കുറിച്ചുള്ള ഒരു തുറന്നെഴുത്തിലൂടെ രൂപംകൊള്ളുന്ന ഈ രചന സിറിയയില്‍നിന്നുള്ള ഖാലിദ് അലെസ്മയിലിന്റെ ആദ്യനോവലാണ്. ഇരുപതുകാരനായ ഫുറാത്ത് എന്ന സിറിയന്‍ വംശജന്‍ പഴയ ഡമാസ്‌കസിലെ ഒരു പൊതുസ്‌നാനഘട്ടത്തിലെത്തുന്നു. സ്വവര്‍ഗ്ഗാനുരാഗികളുടെ സമാഗമസ്ഥലമായ ഹമ്മാമില്‍ സോപ്പു മണത്തിനും നീരാവിയുടെ ആവരണങ്ങള്‍ക്കുമിടയില്‍ ആനന്ദം കണ്ടെത്തുന്ന പുരുഷനഗ്നതയില്‍ ഫുറാത്ത് സ്വത്വം തിരിച്ചറിയുന്നു. 'പുരുഷന്മാരുടെ ഇടം'. ഖാലിദ് അലെസ്മയില്‍. പരിഭാഷ - സുരേഷ് എം.ജി. ഗ്രീന്‍ ബുക്സ്. വില 230 രൂപ.


◾  മത്തി അല്ലെങ്കില്‍ ചാള മലയാളികളുടെ സ്ഥിരം വിഭവങ്ങളില്‍ ഒന്നാണ്. രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും മത്തി മുന്നില്‍ തന്നെയാണ്. വൈറ്റമിന്‍ ഡി, എ, ബി 12, പ്രോട്ടീന്‍ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. ഇവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും മത്തി പതിവായി ഡയറ്റില്‍ ഉള്ളത് നല്ലതാണ്. കാല്‍സ്യവും വിറ്റാമിന്‍ ഡിയും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. വൈറ്റമിന്‍ ഡി, എ, ബി 12, പ്രോട്ടീന്‍ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. ഇവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും മത്തി പതിവായി ഡയറ്റില്‍ ഉള്ളത് നല്ലതാണ്. കാല്‍സ്യവും വിറ്റാമിന്‍ ഡിയും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.


*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ യുവാവ് തന്റെ ഗുരുവിനോട് ചോദിച്ചു: 'എന്തുകൊണ്ടാണ് കാരുണ്യമുള്ള പ്രവൃത്തി ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണെന്ന് അങ്ങ് പറയുന്നത്?' ഗുരു പറഞ്ഞു: 'നിങ്ങള്‍ ഒരു തെരുവിലൂടെ നടക്കുമ്പോള്‍ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടെന്നു കരുതുക. നിങ്ങള്‍ അവളെ നോക്കുമോ?'  യുവാവ് പറഞ്ഞു: 'ഉവ്വ്,   എത്ര സമയം ആ സ്ത്രീയുടെ മുഖത്തു നോക്കും?'ഒരു അഞ്ചോ പത്തോ മിനിറ്റ് നേരത്തേക്ക്...' യുവാവ് പറഞ്ഞു.  ഗുരു തുടര്‍ന്നു :  'കുറച്ചുകഴിഞ്ഞ് നിങ്ങള്‍ റോഡ് മുറിച്ചുകടക്കുകയാണെന്ന് കരുതുക. ഒരു വാഹനം നിങ്ങളുടെ നേര്‍ക്ക് വേഗത്തില്‍ വരുന്നു. വാഹനം വരുന്നത് നിങ്ങള്‍ അറിയുന്നില്ല. ഒരു നല്ല മനുഷ്യന്‍ ഓടിവന്ന് നിങ്ങളെ വാഹനമിടിക്കുന്നതിന് മുന്‍പായി പിടിച്ചുമാറ്റുന്നു. നിങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് നിങ്ങള്‍ അയാളോട് അങ്ങേയറ്റം നന്ദി പറയുന്നു. എത്രകാലം നിങ്ങള്‍ ആ സംഭവം ഓര്‍ക്കും? എത്രകാലം നിങ്ങള്‍ക്ക് അയാളോട് നന്ദിയുണ്ടാകും?' യുവാവ് പറഞ്ഞു:  'എന്റെ ജീവിതാവസാനം വരെ ഞാന്‍ ആ സംഭവം ഓര്‍ക്കും. എന്നെന്നും എനിക്കയാളോട്  നന്ദിയുണ്ടാകും. അതില്‍ യാതൊരു സംശയവുമില്ല...'   അപ്പോള്‍ ഗുരു  പറഞ്ഞു: 'മനോഹരമായ ഒരു മുഖം ഏതാനും നിമിഷത്തേക്ക് മാത്രം ഓര്‍മ്മിക്കപ്പെടുന്നു. എന്നാല്‍ നല്ല പ്രവൃത്തികള്‍ വളെരെക്കാലം ഓര്‍മ്മിക്കപ്പെടും.  അതിനാല്‍ കാരുണ്യമുള്ള പ്രവൃത്തി തന്നെയാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യം.'  മറ്റുള്ളവരോട് കരുണ കാട്ടുമ്പോഴാണ് നമ്മള്‍ ഏറ്റവുമധികം സംതൃപ്തി അനുഭവിക്കുന്നത്. മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്നതല്ല, മറിച്ച് അത് ഒഴിവാക്കാന്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രയത്നമാണ് യഥാര്‍ത്ഥ കാരുണ്യം- ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post