o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

◾  ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചനയില്‍ 'പിത്തള' എന്ന വാക്ക് മാറ്റി ചെമ്പ് എന്ന് സ്വന്തം കൈപ്പടയിലെഴുതിയതാണ് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എ. പത്മകുമാറിനെ കുരുക്കിലാക്കിയതെന്ന് സൂചന. 2019-ല്‍ ദേവസ്വം കമ്മിഷണറായിരുന്ന വാസുവും ഉദ്യോഗസ്ഥരായ മുരാരി ബാബുവും സുധീഷ്‌കുമാറും ചേര്‍ന്ന് സ്വര്‍ണംപൂശിയ ചെമ്പുപാളികള്‍ എന്നെഴുതേണ്ടതിനുപകരം പിത്തള എന്നെഴുതിയ റിപ്പോര്‍ട്ടാണ് ദേവസ്വംബോര്‍ഡിലേക്ക് എത്തിച്ചത്. ഇത് ചെമ്പാണെന്നും അതിലുള്ള സ്വര്‍ണം മങ്ങിപ്പോയെന്നും പറഞ്ഞുനില്‍ക്കാമെന്നായിരുന്നു പത്മകുമാറിന്റെ വാദം. ഇതെല്ലാം ക്രമവിരുദ്ധമാണെന്നറിഞ്ഞിട്ടും ദേവസ്വംബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസും പാലവിള വിജയകുമാറും ഇതിനെല്ലാം കൂട്ടുനിന്നു. വൈകാതെ ഇവരും അറസ്റ്റിലാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.



2025 | നവംബർ 22 | ശനി 

1201 | വൃശ്ചികം 6 |  തൃക്കേട്ട l 1447 l ജമാഅത്തുൽആഖിർ 01

➖➖➖➖➖➖➖➖



◾  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്.ഐ.ടി പരിശോധന. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാന്‍ പത്മകുമാര്‍ ദേവസ്വം മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളികളെന്ന് എഴുതിച്ചേര്‍ത്തെന്നാണ് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍.

◾  ശബരിമലയിലെ സ്പോട്ട് ബുക്കിങില്‍ ഇളവുവരുത്തി ഹൈക്കോടതി. സ്പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നല്‍കണെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിങ് എത്രവേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് നിര്‍ദേശം. സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു.


◾  ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നു. സംഭവം സ്ഥിരീകരിച്ച് വ്യോമസേന. അപകടകാരണം എന്താണെന്ന് അറിയാന്‍ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. വ്യേമാഭ്യാസത്തിനിടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൈലറ്റ് വീരമൃത്യുവരിച്ചുവെന്നും വ്യോമസേന സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയായ വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലാണ് വീരമൃത്യു വരിച്ചത്.


◾  പുതിയ നാല് തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ മുതല്‍ പുതിയ നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ശക്തവും സമഗ്രവുമായ തൊഴില്‍ കേന്ദ്രീകൃത പരിഷ്‌കാരമെന്നും ഇതുവഴി ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് കാര്യമായ പ്രോത്സാഹനം ലഭിക്കും എന്നും മോദി പറഞ്ഞു. വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡ്, തൊഴില്‍പരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങള്‍ സംബന്ധിച്ച കോഡ് എന്നിവയാണ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നത്.


◾  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇടതുപക്ഷം ഐക്യപ്പെട്ടു നില്‍ക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും, വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നതെന്നും ജനത്തിന് വസ്തുത ബോധ്യമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. മതനിരപേക്ഷതക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടാണെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടമാകരുത് എന്ന് തന്നെയാണ് സിപിഎം നിലപാടെന്നും കുറ്റം ചെയ്ത ആര്‍ക്കും സംരക്ഷണമില്ല എന്നും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു.


◾  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തില്‍ ശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും നിലവിലെ രീതി സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി.  ആഴ്ചയില്‍ രണ്ട് ദിവസം ഓണ്‍ലൈന്‍ ബുക്കിങ് വഴി വരുന്നവര്‍ക്ക് മാത്രമായി മാറ്റിവെക്കണമെന്നും സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കണമെന്നും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, ശിശുക്കളോടൊപ്പമുള്ള അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.


◾  എന്‍ഫോഴ്സമെന്റ് ഡയറ്ക്ടറേറ്റ് മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ വീട്ടില്‍ ഇന്നലെ രാവിലെ ആറു മണിയോടെ തുടങ്ങിയ റെയ്ഡ് അവസാനിപ്പിച്ചത് രാത്രി ഒമ്പതരയോടെ. കേരള ഫൈനാന്‍സ് കോര്‍പ്പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചില്‍ നിന്ന് ഒരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലന്‍സ് കേസില്‍ അന്‍വര്‍ നാലാം പ്രതിയാണ്. അന്‍വറിന്റെ സഹായി സിയാദിന്റെ വീട്ടിലും പിവി അന്‍വറിന്റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അന്‍വറില്‍ നിന്ന് വിശദ വിവരങ്ങള്‍ തേടിയ ഇഡി ചില രേഖകളും പകര്‍പ്പുകളും കൊണ്ടുപോയി എന്നാണ് പ്രാഥമിക വിവരം.


◾  കനത്തമഴയേയും മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ ഇന്നലെ രാത്രി വഴിതിരിച്ചുവിട്ടു. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്നലെ രാത്രി എട്ടോടെ എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യാ വിമാനത്തെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്കും ഷാര്‍ജയില്‍ നിന്ന് വൈകിട്ട് 6:35ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനം കൊച്ചിയിലേക്കുമാണ് വഴി തിരിച്ചുവിട്ടത്.


◾  തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമര്‍പ്പിച്ചത്. ഇന്നാണ് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. മിക്ക ജില്ലകളിലും മൂന്ന് മുന്നണികള്‍ക്കും വിമത ഭീഷണിയുണ്ട്.


◾  തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും, കണ്ണപുരം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും സിപിഎമ്മിന് എതിരാളികളില്ല. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഈ വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു.ആന്തൂരിലെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 5,6 വാര്‍ഡുകളിലും കണ്ണപുരം പഞ്ചായത്തിലെ വാര്‍ഡ് 13, 14 വാര്‍ഡുകളിലുമാണ് സിപിഎമ്മിന് എതിരാളികളില്ലാത്തത്.


◾  ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന വ്യാജ പ്രചരണത്തില്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി സിപിഎം. റാന്നി പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാര്‍ഡ് പ്രചരിക്കുന്നത്.


◾  ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ട്രാന്‍സ് വുമണ്‍ അരുണിമ എം കുറുപ്പ് നാമനിര്‍ദേശ പത്രിക നല്‍കി. നിയമപരമായ തടസങ്ങള്‍ ഇല്ലെന്നും പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ടെന്നും അരുണിമ പ്രതികരിച്ചു. അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങള്‍ പുറത്തുവന്നിരുന്നു. ആലപ്പുഴ കളക്ടറേറ്റിലെത്തിയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.


◾  കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍. സിന്‍ഡിക്കേറ്റില്‍ നല്ല രാഷ്ട്രീയക്കാരില്ലെന്ന് വിസി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ ജയിക്കാത്തവരാണ് കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റിലുള്ളതെന്നും കേരള സര്‍വകലാശാലയില്‍ അക്കാദമിക് നിലവാരം കുറഞ്ഞതിന്റെ കാരണം രാഷ്ട്രീയക്കാരാണെന്നും മോഹന്‍ കുന്നുമ്മല്‍ വിമര്‍ശിച്ചു.


◾  വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കാനുമുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് പദവി ലഭിച്ചതോടെ ഇപ്പോള്‍ നടക്കുന്ന 'ട്രാന്‍സ്ഷിപ്‌മെന്റി'ന് പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും ക്രൂ ചെയ്ഞ്ചും ആരംഭിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലെ വിഴിഞ്ഞത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഈ അംഗീകാരം സഹായകരമാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.


◾  തൃശ്ശൂര്‍ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമ മോഹനന്‍ കാട്ടിക്കുളത്തെ കാണാനില്ല. 2022 മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നയാളാണ് മോഹനന്‍ കാട്ടിക്കുളത്ത്. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് നാട് വിട്ടതെന്ന് കുടുംബം ആരോപിച്ചു.. 67 കാരനായ മോഹനനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.


◾  യുവമോര്‍ച്ച എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെതിരെ പങ്കാളിയായ യുവതി. ഗോപു നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ചുവെന്നും ഗോപുവില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടില്‍ നിന്ന് ഇറങ്ങിയത് ജീവന്‍ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോവുമ്പോഴാണ് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചത്. പങ്കാളിയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


◾  ടിവികെ അധ്യക്ഷന്‍ വിജയ്യുടെ കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ യുവജന വിപ്ലവത്തിന് ആഹ്വാനം ചെയ്തിന് ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. നേപ്പാള്‍, ശ്രീലങ്ക മാതൃകയില്‍ ജെന്‍ സി പ്രക്ഷോഭം വേണമെന്നായിരുന്നു ആധവിന്റെ പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.


◾  രാഷ്ട്രീയ റാലികള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ മാര്‍ഗരേഖയുടെ കരട് നടന്‍ വിജയുടെ പാര്‍ട്ടിയായ ടി വി കെയ്ക്കും നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം. ടി വി കെയുടെ ആദ്യ ഹര്‍ജിയില്‍ മാര്‍ഗരേഖയുടെ പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഓരോ ഘട്ടത്തിലും ടിവികെ ആവശ്യങ്ങള്‍ വിപുലീകരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മാര്‍ഗരേഖ നിലവില്‍ വരും മുന്‍പേ തങ്ങള്‍ക്ക് മുന്നില്‍ പൊലീസ് നിബന്ധനകള്‍ വയ്ക്കുന്നതായി ടി വി കെ കോടതിയില്‍ ചൂണ്ടിക്കാട്ടി.


◾  തെലങ്കാന ആഭ്യന്തര വകുപ്പില്‍ വന്‍ അഴിച്ചുപണി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഒറ്റ ഉത്തരവില്‍ 32 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിംഗ് ചൗഹാനെ ഡിജിപി ഓഫീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പേഴ്‌സണല്‍) ആയി നിയമിച്ചു. ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


◾  കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാറിലെ നേതൃമാറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഒരു ഗ്രൂപ്പ് ഉണ്ടാക്കുക എന്നത് എന്റെ രക്തത്തില്‍ ഇല്ലെന്നും സംസ്ഥാനത്തെ 140 കോണ്‍ഗ്രസ് എംഎല്‍എമാരും എന്റെയും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെയും മന്ത്രിസഭയെയും പുനഃസംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. നിരവധി എംഎല്‍എമാര്‍ മന്ത്രിമാരാകാന്‍ താല്‍പ്പര്യപ്പെടുന്നു. അതിനായി അവര്‍ ദില്ലിയില്‍ പോയി നേതാക്കളെ കാണുന്നത് സ്വാഭാവികമാണ് എന്നും അദ്ദേഹം പറഞ്ഞു.


◾  എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎല്‍ഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാര്‍ ദേവ്‌ലി സ്വദേശിയായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അരവിന്ദ് വധേര്‍ ആണ് മരിച്ചത്. ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും താങ്ങാന്‍ ആവുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇന്നലെ രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


◾  ബിഹാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാന്‍ ജെഡിയു വിമുഖത കാണിച്ചതിനെ തുടര്‍ന്ന് എന്‍ഡിഎ സഖ്യകക്ഷികള്‍ക്കിടയിലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ താല്‍ക്കാലികമായി സ്തംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


◾  അടുത്ത അഞ്ച് വര്‍ഷത്തേക്ക് തന്റെ വരുമാനത്തിന്റെ 90 ശതമാനവും പ്രസ്ഥാനത്തിന് സംഭാവനയായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. ബിഹാറിലെ വെസ്റ്റ് ചമ്പാരനിലുള്ള ഭിതിഹാര്‍വ ഗാന്ധി ആശ്രമത്തില്‍ നടത്തിവന്ന ഒരു ദിവസത്തെ മൗനോപവാസം അവസാനിപ്പിച്ചു കൊണ്ടായിരുന്നു പ്രശാന്തിന്റെ പ്രഖ്യാപനം. ഡല്‍ഹിയിലെ കുടുംബവസതിയൊഴികെ തന്റെ ഭൂരിഭാഗം സ്വത്തുക്കളും തന്റെ പ്രസ്ഥാനത്തിന് സംഭാവനയായി നല്‍കുമെന്നാണ് പ്രശാന്ത് അറിയിച്ചിരിക്കുന്നത്. അതേസമയം വന്‍തോതിലുള്ള വോട്ട് കച്ചവടത്തിലൂടെ എന്‍ഡിഎ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്നും ഇന്ത്യയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാരും കോടിക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ വോട്ടുകള്‍ 10,000 രൂപ വീതം നല്‍കി വാങ്ങിയിട്ടില്ലെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.


◾  മഹാരാഷ്ട്രയില്‍ പ്രധാന രാഷ്ട്രീയ ശക്തിയായി മാറാന്‍ ഉദ്ധവ് താക്കറെയും രാജ് താക്കറെയും തയ്യാറെടുക്കുന്നതായി സൂചന. ശിവസേന നേതാവ് ഉദ്ദവ് താക്കറെ, കസിനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവനുമായ രാജ് താക്കറെയുമായി സഖ്യമുണ്ടാക്കാനുള്ള ലക്ഷ്യത്തിലേക്ക് അടുത്തുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.


◾  ചെങ്കോട്ട സ്ഫോടന കേസില്‍ അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി. ഗ്രൈന്‍ഡിംഗ് മെഷീന്‍ അടക്കമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കം പൊടിക്കാന്‍ ഇതുപയോഗിച്ചെന്നാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ടാക്സി ഡ്രൈവറുടെ ഫരീദാബാദിലെ വീട്ടില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.


◾  ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ച രണ്ട് പേരെ മാല്‍പെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള വിവരങ്ങളാണ് ഇവര്‍ കൈമാറിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ രോഹിത് (29), ശാന്ത്രി (37) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സിഇഒ സമര്‍പ്പിച്ച പരാതി പ്രകാരമായിരുന്നു അറസ്റ്റ്.


◾  ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് മോദി ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. ഇന്ത്യന്‍ സമൂഹം മോദിക്ക് വന്‍ സ്വീകരണം നല്കി. ഈജിപ്തില്‍ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയില്‍ നിന്നും മലേഷ്യയിലെ ആസിയാന്‍ ഉച്ചകോടിയില്‍ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉച്ചകോടിക്കെത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.


◾  ഓപ്പറേഷന്‍ സിന്ദൂര്‍ നിറുത്തിയതായി മോദി തന്നെ നേരിട്ട് വിളിച്ചറിയിച്ചു എന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ്. ട്രംപ് പങ്കെടുക്കാത്തതിനാല്‍ സുരക്ഷിതമെന്ന് കണ്ടാണ് മോദി ജി 20 ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഈജിപ്തില്‍ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയില്‍ നിന്നും മലേഷ്യയിലെ ആസിയാന്‍ ഉച്ചകോടിയില്‍ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പരിഹാസം


◾  വര്‍ഷങ്ങളായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു. 2011 ല്‍ ദുരന്തത്തെ തുടര്‍ന്ന് അടച്ച ഫുക്കുഷിമയിലെ കാഷിവാസാക്കി - കരിവ ആണവ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ഫുക്കുഷിമയിലെ തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കി. പ്ലാന്റ് ഉള്‍പ്പെടുന്ന നിഗറ്റ പ്രവിശ്യയുടെ ഗവര്‍ണറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.


◾  വിയറ്റ്നാമില്‍ ഇടതടവില്ലാതെ മഴ. മരിച്ചത് 41 പേര്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ ആരംഭിച്ച മഴയാണ് വിയറ്റ്നാമില്‍ നിര്‍ത്താതെ പെയ്യുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളപ്പൊക്കത്തില്‍ 52000 വീടുകള്‍ മുങ്ങിപ്പോയി. തുടര്‍ച്ചയായ മഴയ്ക്ക് പിന്നാലെ അരലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി നിലച്ച അവസ്ഥയാണുള്ളത്. പതിനായിര കണക്കിന് ആളുകളെയാണ് പ്രളയബാധിത മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.


◾  കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ ഒരു പ്രധാന ചരിത്രകേന്ദ്രം പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതായി സര്‍ക്കാര്‍ രേഖകള്‍ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം പാലസ്തീന്‍ ഭൂമി ഇസ്രായേല്‍ അനധികൃതമായി കൈവശപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ സംഭവമാണെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നത്.


◾  ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറും തന്റെ നിശിതവിമര്‍ശകനുമായ സൊഹ്റാന്‍ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മംദാനിയെ പ്രശംസിക്കുകയും ചെയ്തു. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി.


◾  റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ സെമി ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി ഇന്ത്യ. സൂപ്പര്‍ ഓവറിലേക്കു നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണു നേടിയത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ഒരു റണ്‍സ് പോലും നേടാനാകാതിരുന്ന സൂപ്പര്‍ ഓവറിലെ മോശം പ്രകടനം ഇന്ത്യയെ തോല്‍വിയിലേക്കു തള്ളി വിടുകയായിരുന്നു. നാളെ നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാന്‍ ബംഗ്ലദേശിനെ നേരിടും.


◾  ചരിത്രത്തില്‍ ആദ്യമായി മ്യൂച്ച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 50 ലക്ഷം കോടി കടന്നു. ഒക്ടോബര്‍ അവസാനത്തോടെ മ്യൂച്ച്വല്‍ ഫണ്ട് ആസ്തി 50.6 ലക്ഷം കോടി രൂപയാണ്. രണ്ട് വര്‍ഷത്തിനിടെയാണ് ആസ്തി ഇരട്ടിയായത്. 15 മാസത്തിനുള്ളില്‍ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകിയത് 10 ലക്ഷം കോടി രൂപയാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത് മ്യൂച്ച്വല്‍ ഫണ്ടുകളാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍  ജനപ്രിയമായതോടെയാണ് മ്യൂച്ച്വല്‍ ഫണ്ടുകളുടെ ആസ്തി കുതിച്ചുയര്‍ന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്ക് 2.9 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ഒക്ടോബറില്‍ മാത്രം എസ്.ഐ.പി നിക്ഷേപം 29,529 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം 4.3 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയത്. എന്നാല്‍, ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നിക്ഷേപം നാല് ലക്ഷം കോടി രൂപയിലെത്തി. ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യുന്ന കമ്പനികളുടെ മൊത്തം വിപണി മൂലധനത്തില്‍ 11 ശതമാനം മ്യൂച്ച്വല്‍ ഫണ്ട് കമ്പനി നിക്ഷേപമാണ്.


◾  കോരിത്തരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബ്' തിയറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലര്‍ വാനോളം പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശവുമായി എത്തുകയാണ് ചിത്രത്തിലെ ആദ്യ ഗാനമായ റിബല്‍ സാബ്. ജനുവരി 9 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. തമന്‍ എസ് ഒരുക്കിയിരിക്കുന്ന റിബല്‍ സാബ് ഗാനം അത്യന്തം ത്രസിപ്പിക്കുന്നതായിരിക്കുമെന്നാണ് സൂചന. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിംഗ് നിമിഷങ്ങളുമൊക്കെയായാണ് പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ 'രാജാസാബ്' തിയറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമാന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.


◾  ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' എന്ന ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തിറക്കി. 'രാവിന്റെ ഏകാന്ത സ്വപ്നങ്ങളായ്' എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കഥാംശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കി അഭയ് ജോധ്പുര്‍കാര്‍, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ പാടിയിരിക്കുന്ന മനോഹരമായ ഒരു മെലഡി ഗാനമാണിത്. ഇടപ്പള്ളി വനിതാ തീയറ്ററില്‍ ഡോള്‍ബി അറ്റ്മോസിലാണ് പാട്ട് പുറത്തിറക്കിയത്. ചിത്രത്തിലെ നായിക യാമി സോന, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്, സംവിധായകന്‍ എ.ബി ബിനില്‍, ചിത്രത്തിലെ മറ്റൊരു താരം ഇന്ദ്രജിത്ത്, ഡോള്‍ബി അറ്റ്മോസ് ടീം എന്നിവരും ലോഞ്ചില്‍ പങ്കെടുത്തു. ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ എത്തുന്ന 'പൊങ്കാല'യുടേതായി പുറത്തിറങ്ങിയ മറ്റു രണ്ടു പാട്ടുകളും ശ്രദ്ധേയമായിരുന്നു. എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.


◾  ഓഫ് റോഡ് മികവുകളുള്ള ഇലക്ട്രിക്ക് ക്രോസ്ഓവര്‍ 2026 റീകോണ്‍ പുറത്തിറക്കി ജീപ്പ്. അവെഞ്ചറിനും വാഗണീര്‍ എസിനു ശേഷം മൂന്നാമത്തെ ഇവി മോഡലായാണ് റീകോണിനെ ജീപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആധുനിക ഫീച്ചറുകളും സ്‌പോര്‍ട്‌സ് കാറിനെ വെല്ലുന്ന കുതിപ്പും ജീപ്പിന്റെ സവിശേഷതയായ ഓഫ്‌റോഡിങ് മികവുകളും ഒത്തുചേര്‍ന്ന മോഡലായിരിക്കും 2026 റീകോണ്‍. വളരെയെളുപ്പം ജീപ്പ് റെകോണിലെ ഡോറുകളും പിന്നിലെ ക്വാര്‍ട്ടര്‍ ഗ്ലാസും ടെയില്‍ഗേറ്റ് ഗ്ലാസുകളും എടുത്തുമാറ്റാന്‍ സാധിക്കും. ഇതിനായി പ്രത്യേകം ഉപകരണങ്ങളുടെ പോലും ആവശ്യമില്ല. മറ്റു വാഹനങ്ങള്‍ക്കില്ലാത്ത ഈ സ്വാതന്ത്ര്യമാണ് ജീപ് റെകോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഡ്യുവല്‍ പേയ്ന്‍ സണ്‍റൂഫ് സ്റ്റാന്‍ഡേഡായി എല്ലാ മോഡലുകള്‍ക്കും ലഭിക്കുന്നു.

100.5 കിലോവാട്ട് ബാറ്ററി പാക്കാണ് ജീപ്പ് റീകോണിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 402 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. വകഭേദങ്ങള്‍ക്കനുസരിച്ച് റേഞ്ചില്‍ മാറ്റം വരും.  650പിഎസ് കരുത്തും പരമാവധി 840എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന റീകോണില്‍ ഫോര്‍വീല്‍ ഡ്രൈവ് സൗകര്യവുമുണ്ട്.


◾  കുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ, എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ താളിലും തുടിക്കുന്നു... ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍ കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ് ഓരോ വരിയിലും അനുഭവിപ്പിക്കുന്നു... 'അശു'. ദേവദാസ് വി എം. മാതൃഭൂമി ബുക്സ. വില 266 രൂപ.


◾  ശരീരത്തിന് ആവശ്യമുള്ള നാരുകള്‍, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പേരയ്ക്ക. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പേരയ്ക്ക വില്ലനാകാം. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാന്‍ കാരണമാകുന്നു. പേരയ്ക്ക ഉദരത്തിലെ ആസിഡിന്റെ ഉല്‍പാദനം കൂട്ടുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അള്‍സര്‍ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. പേരയ്ക്കയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ പേരയ്ക്ക കഴിക്കുന്നത് അത്ര ആരോഗ്യകരമായിരിക്കില്ലെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. മാത്രമല്ല, പേരയ്ക്ക് അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാകാം. ചിലര്‍ക്ക് പേരയ്ക്ക അലര്‍ജിയുണ്ടാക്കാം. ചൊറിച്ചില്‍, തടിപ്പ്, വീക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകള്‍, പ്രമേഹ മരുന്നുകള്‍, രക്തസമ്മര്‍ദ മരുന്നുകള്‍ എന്നിവയുമായി പേരയ്ക്ക പ്രതിപ്രവര്‍ത്തിച്ചേക്കാം. പേരയ്ക്കയില്‍ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് പ്രമേഹമുള്ളവര്‍ക്കും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രശ്നമുണ്ടാക്കാം. പഞ്ചസാരയുടെയും ആസിഡിന്റെയും അളവ് കൂടുതലായതിനാല്‍ ശരിയായ രീതിയില്‍ വായ വൃത്തിയാക്കിയില്ലെങ്കില്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാം. മിതത്വം പാലിക്കുകയാണ് പ്രധാനം. ദിവസവും ഒന്നോ- രണ്ടോ പേരയ്ക്ക കഴിക്കുന്നതില്‍ കുഴപ്പമില്ല. നല്ലതു പോലെ പഴുത്ത പേരയ്ക്ക വേണം തിരഞ്ഞെടുക്കാന്‍. പഴുക്കാത്ത പേരയ്ക്ക കഴിക്കുന്നത് വയറുവേദന ഉണ്ടാക്കാം.


*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ ഒരു കള്ളന്‍ ഒരു ബുദ്ധമത ആശ്രമത്തില്‍ മോഷണത്തിനായി കയറി. എല്ലാ മുറികളിലും അയാള്‍ കയറിയിറങ്ങിയെങ്കിലും അയാള്‍ക്ക് ഒന്നും കിട്ടിയില്ല. ഒടുവില്‍ അയാള്‍ കയറിയത് മഠാധിപന്റെ മുറിയിലാണ്. കള്ളന്‍ കയറിയ ഉടനെ മഠാധിപന്‍ ചാടിയെഴുന്നേറ്റു. സ്വാമി എഴുന്നേറ്റു എന്ന് മനസ്സിലാക്കിയ കള്ളന്‍ അവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. സ്വാമി ഒന്ന് ഒച്ചവെച്ചാല്‍ അന്തേവാസികളെല്ലാം ഓടിവന്ന് തന്നെ കൈകാര്യം ചെയ്യുമെന്ന് കള്ളന്‍ മനസ്സിലാക്കി. അപ്പോള്‍ മഠാധിപന്‍ സൗമ്യനായി പറഞ്ഞു: 'നിങ്ങള്‍ പേടിച്ചോടുകയൊന്നും വേണ്ട... ഞാന്‍ ബഹളം  വെക്കില്ല... ഒരു നിമിഷം അവിടെ നില്‍ക്കൂ...'  ഇത്രയും പറഞ്ഞു അദ്ദേഹം തന്റെ മേശവലിപ്പ് തുറന്ന് അതില്‍നിന്നും കുറച്ച് പണമെടുത്തു കള്ളന് കൊടുത്തു. എന്നിട്ട് പറഞ്ഞു: 'നിങ്ങള്‍ മോഷ്ടിക്കരുത് എന്ന് ഞാന്‍ പറയില്ല... നിങ്ങള്‍ ഇനിയും മോഷ്ടിക്കണം. പക്ഷേ ഓരോ പ്രാവശ്യവും മോഷണത്തിനിറങ്ങും മുന്‍പ് 'ഞാനൊരു മോഷണത്തിന് പോകുകയാണ്... മോഷണം ഒരു തെറ്റാണ് ' എന്ന് മനസ്സില്‍ ഒന്ന് പറഞ്ഞിട്ടുവേണം മോഷ്ടിക്കാന്‍.'കുറേ നാളുകള്‍ക്കു ശേഷം കള്ളന്‍ വീണ്ടും മഠാധിപനെ കാണാന്‍ എത്തി. കള്ളന്‍ വന്ന ഉടനെ അദ്ദേഹത്തോട് തട്ടിക്കയറി: 'നിങ്ങള്‍ എന്റെ ജീവിതം നശിപ്പിച്ചു...'മഠാധിപന്‍ ചോദിച്ചു: 'നമ്മള്‍ തമ്മില്‍ ഒരു പ്രാവശ്യം മാത്രമല്ലേ കണ്ടിട്ടുള്ളൂ. അപ്പോള്‍ ഞാനെങ്ങനെയാണ് നിങ്ങളുടെ ജീവിതം നശിപ്പിച്ചത്?' കള്ളന്‍ പറഞ്ഞു: 'ഞാന്‍ മോഷണമൊക്കെ നടത്തി വളരെ സമാധാനമായിട്ട് ജീവിച്ചിരുന്നതാണ്. പക്ഷേ അന്നത്തെ നിങ്ങളുടെ ഉപദേശം കാരണം എനിക്കിപ്പോള്‍  മോഷ്ടിക്കാനാവുന്നില്ല...'തെറ്റാണ്... തെറ്റാണ്...' എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് എങ്ങനെയാണ് ഒരാള്‍ക്ക് തെറ്റ് ചെയ്യാനാവുക? '  തെറ്റ് ചെയ്യുമ്പോള്‍ അതിന്റെ ഭവിഷ്യത്തിനെപ്പറ്റി നമ്മുടെ മനസ്സില്‍ ഒന്ന് ചിന്തിക്കാന്‍ സാധിക്കുകയാണെങ്കില്‍ കുറേ കാലം കൊണ്ട് ആ തെറ്റില്‍നിന്ന് നമുക്കൊരു മോചനം ലഭിക്കാനിടയുണ്ട്. പുറമേ നിന്ന് കിട്ടുന്ന എല്ലാ ഉപദേശങ്ങളെക്കാളും നമ്മുടെ ഉള്ളില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങളാണ്  നമ്മുടെ ജീവിതത്തെ പാകപ്പെടുത്തുക - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post