◾ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ കൊണ്ട് അവസാനിച്ച ഒരു ട്രെയിലര്‍ മാത്രമായിരുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഭാവിയില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണ്. അവസരം നല്‍കിയാല്‍, ഒരു അയല്‍ രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെ പഠിപ്പിക്കുമെന്നും ജനറല്‍ ദ്വിവേദി ദില്ലിയില്‍ നടന്ന 'ചാണക്യ ഡിഫന്‍സ് ഡയലോഗ്സ്' എന്ന പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
2025 നവംബർ 18 ചൊവ്വ
1201 വൃശ്ചികം 2 ചോതി
1447 ജ : അവ്വൽ
◾ ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ ഉത്തരവാദികളായവരെ ഏത് പാതാളത്തില്‍ ഒളിച്ചാലും കണ്ടെത്തുമെന്നും സാധ്യമായ ഏറ്റവും കര്‍ശനമായ ശിക്ഷ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഷാ വ്യക്തമാക്കി.
◾ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍. ബംഗ്ലാദേശില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസിലാണ് നടപടി. മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞെന്നാണ് കോടതി നിരീക്ഷണം. ജൂലായ് 15 മുതല്‍ ഓഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400-ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് യുഎന്നിന്റെ കണക്ക്.
◾ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കിയ നടപടി ശ്രദ്ധയില്‍പെട്ടുവെന്നും ബംഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരും എന്നും ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന്രാജിവെച്ച് നാടുവിട്ട ഹസീന അന്നുമുതല്‍ ഇന്ത്യയിലാണ് കഴിയുന്നത്.
◾ തനിക്ക് വധശിക്ഷ നല്‍കിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചതെന്നും ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ പ്രതികരിച്ചു.
◾ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ ഉടന്‍ കൈമാറണമെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാര്‍ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് അഭയം നല്‍കുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ഇന്നോ നാളെയോ രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കും എന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
◾ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയതില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ വൈഷ്ണ നല്‍കിയ അപ്പീലില്‍ 19-നകം ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു. രണ്ടുദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ ഹൈക്കോടതി ഇടപെടുമെന്നും മറ്റ്‌നടപടികളെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 24 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ സാങ്കേതിക കാരണങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കരുതെന്നും വെറും രാഷ്ട്രീയം കളിക്കരുതെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് വെട്ടിപോകുന്നത്.
◾ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിവൈഷ്ണ സുരേഷിനെ സിപിഎം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തനടപടിയില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. 24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു കെ.എസ്.യുക്കാരിയുടെ സ്ഥാനാര്‍ഥിത്വം നിങ്ങള്‍ക്ക് ഇത്രമേല്‍ അസ്വസ്ഥത ഉണ്ടാക്കിയെങ്കില്‍ നിങ്ങളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെയെന്നാണ് രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
◾ കോഴിക്കോട് കോര്‍പ്പറേഷറന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി എം വിനുവിന് വോട്ടില്ല. പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പെട്ടത്. വി എം വിനു കല്ലായി ഡിവിഷനില്‍ പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു മലാപ്പറമ്പ് ഡിവിഷനില്‍ നിന്ന് വോട്ട് ചെയ്തിരുന്നു. വേറെ ഒരിടത്തേക്കും താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ അവിടത്തെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
◾ 45 വര്‍ഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും കോഴിക്കോട് കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വി എം വിനു. ഇതൊരു ജനാധിപത്യ രാജ്യമാണോ എന്നും വിനു ചോദിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും വിനു കൂട്ടിച്ചേര്‍ത്തു.
◾ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവുമെന്നും സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു
◾ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ പയ്യന്നൂര്‍ ഏറ്റുകുടുക്ക സ്വദേശിയായ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. പള്ളിമുക്ക് ലൂര്‍ദ് മാതാ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ ആയിരുന്നു ചടങ്ങുകള്‍. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, പയ്യന്നൂര്‍ എംഎല്‍എ മധുസൂദനന്‍, സിപിഎം നേതാവ് ഇ പി ജയരാജന്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
◾ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് അതികഠിനമായ ജോലി ഭാരമുണ്ടെന്നും ഒരാളുടേയും വോട്ടവകാശം ഇല്ലാതാകരുതെന്നും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നിയമ പോരാട്ടത്തിലാണെന്നും എം.വി.ഗോവിന്ദന്‍. ബിഎല്‍ഒയുടെ മരണത്തിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം എന്ന അരോപണം അസംബന്ധമാണെന്നും ഈ ആരോപണം ബിജെപിയെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത് അത്തരം സഹായമാണ് എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ നിര്‍ണായക ശബ്ദസന്ദേശം പുറത്തുവിട്ട് ജില്ലാ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. അനീഷും കോണ്‍ഗ്രസ് ബിഎല്‍എ വൈശാഖും തമ്മിലുള്ള ശബ്ദസന്ദേശമാണ് പുറത്തുവിട്ടത്. വീടുകള്‍ തോറുമുള്ള എസ്ഐആര്‍ ഫോം വിതരണത്തില്‍ വൈശാഖിനെ ഒപ്പം കൂട്ടരുതെന്ന് സിപിഎം ഭീഷണിപ്പെടുത്തിയതായി ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.
◾ കടുത്ത ജോലി സമ്മര്‍ദത്തില്‍ പ്രതിഷേധിച്ചു ബിഎല്‍ഒമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്കും കളക്ടറേറ്റ്കളിലേക്കും മാര്‍ച്ച് നടത്തി. ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിച്ചത്. അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
◾ ബിഎല്‍ഒമാര്‍ക്ക് ടാര്‍ഗറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. പത്തനംതിട്ട ജില്ലയിലെ ബിഎല്‍ഒമാര്‍ക്ക് ഒരു ഇആര്‍ഒ അയച്ച ശബ്ദസന്ദേശം ആണിത് . അവധി എടുക്കാന്‍ പാടില്ല, ടാര്‍ഗറ്റ് ക്യത്യമാക്കണം, സംസ്ഥാന ശരാശരിക്ക് താഴെ പോകരുത്, എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയാല്‍ അച്ചടക്കനടപടിയുണ്ടാകും എന്നീ മുന്നറിയിപ്പുകള്‍ നല്‍കുന്നതാണ് പുറത്തുവന്നിരിക്കുന്ന സന്ദേശം.
◾ പ്രാദേശിക നേതാക്കള്‍ അധിക്ഷേപിച്ചെന്നാരോപിച്ച് ആത്മഹത്യാശ്രമം നടത്തിയ നെടുമങ്ങാട്ടെ മഹിളാ മോര്‍ച്ച നേതാവ് ശാലിനി സനിലിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ പനങ്ങോട്ടേല വാര്‍ഡിലാണ് ശാലിനി സനില്‍ ജനവിധി തേടുക. കഴിഞ്ഞ ദിവസമാണ് മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയായ ശാലിനി സനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പ്രാദേശിക നേതാക്കളുടെ വ്യക്തിഹത്യയും അധിക്ഷേപവുമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്നായിരുന്നു ശാലിനി പറഞ്ഞത്.
◾ വര്‍ക്കല കസ്റ്റഡി മര്‍ദ്ദനത്തില്‍ പരാതിക്കാരന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് ഉത്തരവിറക്കിയത്. വര്‍ക്കല സ്റ്റേഷന്‍ എസ്‌ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
◾ തൃശ്ശൂര്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി സിപിഐയില്‍ നിന്ന് രാജി വെച്ചു. പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ചതെന്ന് ബീന മുരളി അറിയിച്ചു. സിപിഐ തൃശ്ശൂര്‍ മണ്ഡലം കമ്മിറ്റി അംഗമാണ്. ഇനി കൃഷ്ണാപുരം ഡിവിഷനില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ബീന മുരളി മാധ്യമങ്ങളെ അറിയിച്ചു.
◾ ആലപ്പുഴയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതി. ആലപ്പുഴ നഗരസഭ വലിയമരം വാര്‍ഡിലെ ഗൗരി പാര്‍വതി രാജാണ് പരാതിയുമായി രംഗത്തെത്തിയത്. പുനഃപ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഗൗരിയുടെ പേരില്ല. ഒഴിവാക്കിയവരുടെ ലിസ്റ്റിലാണ് ഗൗരിയുടെ പേരുള്ളത്. വലിയമരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള ആളായിരുന്നു ഗൗരി.
◾ മാനന്തവാടി നഗരസഭയില്‍ യുഡിഎഫില്‍ തര്‍ക്കം. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പയ്യമ്പള്ളി മണ്ഡലം സെക്രട്ടറി സ്ഥാനം പുത്തന്‍തറ നൗഷാദ് രാജി വെച്ചു. വരടി മൂല ഡിവിഷനില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആണ് നടപടി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പുത്തന്‍തറ നൗഷാദ് അറിയിച്ചു.
◾ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍. പാലക്കാട് കണ്ണാടിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് രാഹുല്‍ എത്തിയത്. നേരത്തെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലും രാഹുല്‍ പങ്കെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
◾ സിപിഐ വിട്ട പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ട പള്ളിക്കല്‍ ഡിവിഷനിലാണ് മത്സരിക്കുക. ഇന്നലെയാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയത്.
◾ ശബരിമലയില്‍ വൃശ്ചിക പുലരിയില്‍ നടത്തിയ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരില്‍. സന്നിധാനത്ത് രാഷ്ട്രപതി എത്തിയിരുന്നത് തുലാമാസ പൂജ വേളയിലാണ്. അന്ന് നെയ്യഭിഷേകം നടത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നലെയാണ് നെയ്യഭിഷേകം നടത്തിയത്. ഇന്നലെ മണ്ഡലകാലത്തിന്റെ ആരംഭത്തെ തുടര്‍ന്ന് ഭക്തജനങ്ങളുടെ നീണ്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വൃശ്ചികപുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നട തുറന്നത്.
◾ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഒരു ഗുണഭോക്താവിന് ഇത്തവണ 3600 രൂപ ലഭിക്കും. നേരത്തെ കുടിശ്ശികയായി നില്‍ക്കുന്ന 1600 രൂപയും നവംബര്‍ മാസം മുതല്‍ വര്‍ധിപ്പിച്ച 2000 രൂപയും ചേര്‍ന്നാണ് ഈ തുക.
◾ ആലപ്പുഴ വണ്ടാനം ഗവണ്‍മെന്റ് ഡെന്റല്‍ ആശുപത്രിയില്‍ സീലിങ് അടര്‍ന്ന് രോഗിയുടെ ദേഹത്ത് വീണു. എക്‌സ് റേ റൂമിന് മുന്നിലെ ജി ബോര്‍ഡ് കൊണ്ട് നിര്‍മിച്ച സീലിങ് ആണ് 12 മണിയോടെ അടര്‍ന്നു വീണത്. എക്‌സ്‌റേ എടുക്കാന്‍ എത്തിയ ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശി ഹരിതയ്ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
◾ തിരുവനന്തപുരം തൈക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെടാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. പേരൂര്‍ക്കട സ്വദേശി അലനാണ് കുത്തേറ്റ് മരിച്ചത്. ഏകദേശം 30ലധികം വിദ്യാര്‍ത്ഥികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുളള സംഘര്‍ഷത്തിനിടയില്‍ അലനും സുഹൃത്തുക്കളും ഇടപെട്ടതാകാം കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം.
◾ ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗര്‍ സ്വദേശിയായ ജസീര്‍ ബീലാല്‍ വാണിയാണ് അറസ്റ്റിലായത്. ഉമര്‍ നബി ഉള്‍പ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നല്‍കിയത് ഇയാളായിരുന്നു. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്ന് എന്‍ഐഎ അറിയിച്ചു.
◾ ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അല്‍ഫലാ സര്‍വകലാശാലയുടെ ചെയര്‍മാന് ദില്ലി പൊലീസ് നോട്ടീസ്. ചെയര്‍മാന്‍ ജാവേദ് അഹമ്മദിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ്യാജരേഖാ കേസിലുമാണ് നടപടി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി വിദ്യാര്‍ത്ഥികളും ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയവരും ഉള്‍പ്പെടെ 2000 പേരില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്ന് ഫരീദാബാദ് പൊലീസ് വ്യക്തമാക്കി.
◾ ആന്ധ്രയിലെയും തെലങ്കാനയിലേയും സിനിമാ പൈറസി വെബ്സൈറ്റുകളെ നിയന്ത്രിച്ചിരുന്ന സംഘത്തിലെ മുഖ്യകണ്ണിയും പൈറസി സൈറ്റായ ഐബൊമ്മയുടെ സ്ഥാപകനുമായ ഇമ്മധി രവിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിനുപിന്നാലെ സിറ്റി പോലീസ് കമ്മീഷണര്‍ സി.സി. സജ്ജനാറിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് പോലീസിന് സിനിമാമേഖലയില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
◾ എസ്‌ഐആറിനെ ചൊല്ലിയുള്ള വാക്‌പോരില്‍ നാടകീയ നീക്കങ്ങളുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. രാജ്ഭവനില്‍ അക്രമികളെ പാര്‍പ്പിച്ചെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയുടെ ആരോപണത്തിന് പിന്നാലെ ഗവര്‍ണറുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മുഴുവന്‍ വിവിധ സേനകളെ കൊണ്ട് പരിശോധിപ്പിച്ചു. എംപി മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്കി.
◾ തന്റെ കുടുംബത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങളില്‍ ശ്രദ്ധിക്കാതെ പാര്‍ട്ടിയുടെ ഐക്യത്തിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ഇതൊരു ആഭ്യന്തര കുടുംബ പ്രശ്നമാണെന്നും അത് കുടുംബത്തിനുള്ളില്‍ തന്നെ പരിഹരിക്കുമെന്നും പട്നയില്‍ ചേര്‍ന്ന പാര്‍ട്ടി നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ലാലു പ്രസാദ് പറഞ്ഞു. ഈ യോഗത്തിലാണ് ഇളയമകന്‍ തേജസ്വി യാദവിനെ ആര്‍ജെഡി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
◾ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ, 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മറ്റ് ഉന്നത നേതാക്കള്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി റാലികള്‍ നടത്തിയിട്ടും തിരിച്ചടിയുണ്ടായതാണ് സഖ്യത്തിലെ മറ്റു കക്ഷികളെ ചൊടിപ്പിച്ചിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ് പ്രതിപക്ഷ സഖ്യത്തെ നയിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി എംഎല്‍എരവിദാസ് മെഹ്‌റോത്ര ആവശ്യപ്പെട്ടു. നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി, പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി 'ഇന്ത്യ' സഖ്യത്തെ നയിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
◾ ധര്‍മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്ക് ആശ്വാസം. ധര്‍മസ്ഥല വിവാദങ്ങള്‍ക്ക് പിന്നാലെ മഹേഷ് ഷെട്ടി തിമരോടിയെ നാടുകടത്താനുള്ള ഉത്തരവ് റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയാണ് പൊലീസ് ഉത്തരവ് റദ്ദാക്കിയത്. നാടുകടത്തല്‍ നിര്‍ബന്ധമെങ്കില്‍ പുതിയ ഉത്തരവിറക്കാനാണ് കോടതിയുടെ നിര്‍ദേശം.
◾ സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച 42 ഇന്ത്യന്‍ തീര്‍ഥാടകരില്‍ 18 പേര്‍ ഒരേ കുടുംബത്തിലുള്ളവര്‍. അതില്‍ ഒന്‍പത് മുതിര്‍ന്നവരും ഒന്‍പത് കുട്ടികളുമാണുണ്ടായിരുന്നത്.
◾ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളുടെ സുരക്ഷിതത്വത്തില്‍ ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുമായി ബിബിസി. ഇന്ത്യയിലെ വന്ധ്യത, പ്രസവ ചികിത്സാ രംഗത്ത് പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഹാക്ക് ചെയ്ത് ടെലഗ്രാമില്‍ വിറ്റഴിക്കുന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. സിസിടിവി ക്യാമറകള്‍ സാധാരണമായ ഒരു രാജ്യത്ത് സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് പുറത്ത് വരുന്ന വിവരം.
◾ യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. തൊട്ടു മുന്‍പുള്ള ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ നാല് ദിവസത്തെ നീണ്ട അവധി ലഭിക്കും. 1971 ഡിസംബര്‍ രണ്ടിന് ഏഴ് എമിറേറ്റുകള്‍ സംയോജിച്ച് യുഎഇ രൂപീകരിച്ച ചരിത്ര നിമിഷത്തെയാണ് ദേശീയ ദിനം അഥവാ ഈദ് അല്‍ ഇത്തിഹാദ് ആയി ആഘോഷിക്കുന്നത്.
◾ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വലിയ തോതില്‍ കുറച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടുള്ള കണക്കുകള്‍ പുറത്ത്. അമേരിക്ക അധിക ചുങ്കം ചുമത്തിയതിന് പിന്നാലെ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചെന്നായിരുന്നു ട്രംപിന്റെ വാദം.
◾ ഡിസംബര്‍ 1 മുതല്‍ 'mCASH' ഫീച്ചര്‍ നിര്‍ത്തലാക്കുമെന്ന് എസ്ബിഐ. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി. നവംബര്‍ 30 ന് ശേഷം mCASH സേവനം ലഭ്യമാകില്ലെന്ന് ബാങ്ക് വ്യക്തമാക്കി. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ ഓണ്‍ലൈന്‍, യോനോ ലൈറ്റ് എന്നിവ വഴി mCASH ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. അക്കൗണ്ട് ഉടമകള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് mCASH സേവനം. മൊബൈല്‍ നമ്പറോ ഇ-മെയില്‍ വിലാസമോ നല്‍കി പണം അയയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ഉപഭോക്താക്കള്‍ക്ക് ചെറിയ ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്നതാണ് ഈ സേവനം. ഈ സേവനം നിര്‍ത്തലാക്കുമെന്ന് ഉപഭോക്താക്കളെ എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് mCASH സേവനം നിര്‍ത്തലാക്കുന്നത്. UPI, IMPS, NEFT, RTGS എന്നിവയിലേക്ക് മാറാനാണ് ഇടപാടുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എസ്ബിഐ ആപ്പ് അപ്ഡേറ്റ് ചെയ്യുകയും ഇതര ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും എസ്ബിഐ അറിയിച്ചു.
◾ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കാന്താ' മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് കാന്തായിലെ ടികെ മഹാദേഹവന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം കളക്ഷനിലും വമ്പന്‍ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. റിലീസ് ചെയ്ത് 3 ദിവസത്തെ ഔദ്യോഗിക ആഗോള കളക്ഷനാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. 24.50 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്നും മൂന്ന് ദിവസങ്ങള്‍ കൊണ്ട് നേടിയിരിക്കുന്നത്. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെല്‍വമണി സെല്‍വരാജിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത. 1950 കളിലെ തമിഴ് സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന്‍ എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍ പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരു പുതുമുഖ നടിയാണ് ചിത്രത്തില്‍ ഈ കഥാപാത്രം.
◾ വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത 'എക്കോ' ട്രെയ്‌ലര്‍ പുറത്ത്. കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം ബാഹുല്‍ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി എത്തുന്നത്. നവംബര്‍ 21 നാണു ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഏറെ മിസ്റ്ററി നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രേക്ഷകര്‍ക്ക് ആകാംഷയും ഉദ്വേഗവും പകരുന്ന ചിത്രമായിരിക്കും 'എക്കോ' എന്നും ടീസര്‍ സൂചിപ്പിക്കുന്നു. കഥാവഴിയില്‍ മൃഗങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങള്‍ ഉള്ള ഈ അനിമല്‍ ട്രിളജിയിലെ അവസാന ഭാഗം എന്നും 'എക്കോ'യെ വിശേഷിപ്പിക്കാം.
◾ ഇന്ത്യന്‍ ഉപഭോക്താക്കളെ അമ്പരപ്പിച്ച് ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ ഹോണ്ട. കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് CBR1000RR-R ഫയര്‍ബ്ലേഡ് എസ്പി, റെബല്‍ 500 എന്നിവ നീക്കം ചെയ്തു. CBR1000RR-R ഫയര്‍ബ്ലേഡ് മുമ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു, ഹോണ്ട അടുത്തിടെ അതിന്റെ ഉയര്‍ന്ന-സ്പെക്ക് 'SP' അവതാരത്തില്‍ അത് വീണ്ടും അവതരിപ്പിച്ചു. പക്ഷേ കമ്പനി ഇപ്പോള്‍ മോഡല്‍ വെബ്‌സൈറ്റില്‍ നിന്ന് നിശബ്ദമായി നീക്കം ചെയ്തു. ഇത് ഇനി വാങ്ങാന്‍ ലഭ്യമല്ലെന്ന് സൂചിപ്പിക്കുന്നു. റെബല്‍ 500 നും സമാനമായ വിധി നേരിടേണ്ടി വന്നു. ക്രൂയിസറിന്റെ ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക വില്‍പ്പന ആയിരുന്നു ഇത്. എന്നിട്ടും ഇതും വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. അതേസമയം ഹോണ്ട ഇന്ത്യയ്ക്കായി ഈ മോട്ടോര്‍സൈക്കിളുകളുടെ പരിമിതമായ എണ്ണം യൂണിറ്റുകള്‍ അനുവദിച്ചിരുന്നുവെന്നും ആ യൂണിറ്റുകള്‍ ഇപ്പോള്‍ വിറ്റുതീര്‍ന്നിരിക്കാമെന്നുമാണ് വിശദീകരണം. ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ് SPയില്‍ 999 സിസി, ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍-ഫോര്‍ എഞ്ചിന്‍ ആണ് ഹൃദയം. ഈ എഞ്ചിന്‍ 215 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്സും റൈഡ്-ബൈ-വയര്‍ ത്രോട്ടിലിനൊപ്പം ഒരു ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഭാരം കുറഞ്ഞ അലുമിനിയം ഡയമണ്ട് ഫ്രെയിം ഉപയോഗിച്ചാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
◾ പകല്‍ ഇടിഞ്ഞുവീണിടത്ത് ഇരുള്‍ഗോപുരം പണിയുന്ന കവിതകള്‍. കാമുകര്‍ ചുണ്ടുകളാല്‍ കൊത്തിയുണ്ടാക്കുന്ന പ്രണയശില്പംപോലെ അമൂര്‍ത്തമായ ആനന്ദം അനുഭവിപ്പിക്കുന്നവ. പലവുരു കയറിയും ഇറങ്ങിയും മറഞ്ഞും മാറിയും അറിഞ്ഞും അറിയാതെയും നീളുന്ന മലയാളത്തിലെ പുതിയ ചില്ലകളില്‍ തലകീഴായി തൂക്കിയിട്ട ജീവിതത്തിന്റെ പൊരുളുകള്‍. സൂക്ഷ്മാനുഭവവിനിമയങ്ങള്‍ തത്ത്വദര്‍ശനമായി വളരുന്ന കവിത. അസാധ്യമായ ഉള്‍ക്കാഴ്ചകളിലൂടെ നമ്മെ തെളിയിക്കുന്ന കാവ്യപുസ്തകം. മണ്ണുടല്‍, സസ്യപാഠം, ആ ചുമപ്പ് ഇപ്പോഴുണ്ടോ?, ആള്‍ കെമിസ്റ്റ്, ഖണ്ഡനം ചെയ്യപ്പെട്ട കാവ്യജീവിതം, കഴപ്പ്, മണിയക്ക എന്ന പാഠം, കിളിയും പുഴുവും തുടങ്ങിയ 35 കവിതകള്‍. 'ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം'. സാബു കോട്ടുക്കല്‍. ഡിസി ബുക്സ്. വില 142 രൂപ.
◾ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഒഴിവാക്കേണ്ട നാല് ശീലങ്ങളറിയാം. സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക, മദ്യപാനം ഒഴിവാക്കുക, ശീതളപാനീയങ്ങള്‍ ഒഴിവാക്കുക, ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. അമിതമായ മദ്യപാനവും പുകവലിയും ഉയര്‍ന്ന രക്തസമ്മര്‍ദം അഥവ ഹൈപ്പര്‍ടെന്‍ഷന് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദം ഒരു വ്യക്തിയുടെ ഹൃദയപേശികളില്‍ സമ്മര്‍ദം ചെലുത്തും, അതിന്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാം. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. ഇവയില്‍ അടങ്ങിയ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇത് പ്രമേഹ രോഗികളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ്. കൂടാതെ പാസ്ത, ബ്രെഡ്, സ്‌നാക്, കപ്പ് കേക്കുകള്‍ തുടങ്ങിയ ശുദ്ധീകരിച്ച മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കഴിക്കുമ്പോള്‍ ഇത് ശരീരം പഞ്ചസാരയാക്കി മാറ്റുകയും കൊഴുപ്പിന്റെ രൂപത്തില്‍ സംഭരിക്കുകയും ചെയ്യുന്നു. ഇത് വയറിനും ആന്തരികാവയങ്ങള്‍ക്ക് ചുറ്റം കൊഴിപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. ഇത് ഹൃദയാരോ?ഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. നെഞ്ചുവേദന, ക്ഷീണം, തലകറക്കം, വിയര്‍പ്പ്, ഓക്കാനം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും വിദഗ്ധര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
മഞ്ഞുപാളികള്‍ക്കുമുകളില്‍ കളിക്കുകയായിരുന്നു ആ കുട്ടികള്‍ രണ്ടുപേരും. അപ്പോഴാണ് അതിലൊരാള്‍ മഞ്ഞുപാളി തകര്‍ന്ന് നദിയിലേക്ക് വീണത്. മറ്റേ കുട്ടി എത്ര ശ്രമിച്ചിട്ടും നദിയിലേക്കെത്താനുമായില്ല. അവന് നീന്തല്‍ അറിയാവുന്നത് കൊണ്ട് നദിയിലേക്കെത്തിയാല്‍ തന്റെ കൂട്ടികാരനെ രക്ഷിക്കാം എന്നവന്‍ കണക്കുകൂട്ടി. അവന്‍ ഓടിച്ചെന്ന് മരത്തില്‍ നിന്നും വലിയൊരു കമ്പ് ഒടിച്ചെടുത്ത് മഞ്ഞുപാളികള്‍ തല്ലിത്തകര്‍ത്ത് നദിയിലേക്കെത്തി സുഹൃത്തിനെ രക്ഷിച്ചു. മെഡിക്കല്‍ സംഘമെത്തി അവര്‍ക്ക് പ്രഥമശുശ്രൂഷനല്‍കി. എന്നാല്‍ മെഡിക്കല്‍ സംഘത്തിന് വിശ്വസിക്കാന്‍ സാധിച്ചില്ല. ഈ ചെറിയ കുട്ടി ഇത്രവലിയ കമ്പൊടിച്ചെടുത്ത് മഞ്ഞുപാളി തകര്‍ത്ത് സുഹൃത്തിനെ രക്ഷിച്ചതെങ്ങനെയെന്ന്. അപ്പോള്‍ അവിടെനിന്ന വൃദ്ധന്‍ ഇങ്ങനെ പറഞ്ഞു: അവനിതെങ്ങനെ ചെയ്തുവെന്ന് എനിക്കറിയാം. അത്രവലിയ കമ്പൊടിച്ച് മഞ്ഞുകട്ട തല്ലിത്തകര്‍ക്കാന്‍ അവനെക്കൊണ്ടാകില്ല എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ഇവിടെയാരും ഉണ്ടായിരുന്നില്ല.. ആത്മബോധത്തേക്കാള്‍ അപരന്റെ വാക്കുകള്‍ കേള്‍ക്കുന്ന ഒരാളും അവരര്‍ഹിക്കുന്ന വിജയത്തിലേക്കെത്തില്ല. എല്ലാ കാര്യങ്ങളും ആലോചിച്ച് തീരുമാനമെടുക്കാനാകില്ല. തത്സമയബോധത്തില്‍ നിന്നുകൊണ്ട് ചടുലമായി പ്രവര്‍ത്തിക്കേണ്ടിവരും. ആത്മധൈര്യം മാത്രമാണ് അവിടെ ബലം. ആത്മധൈര്യം കൈവിടാതിരിക്കുക. ചടുലമായി പ്രവര്‍ത്തിക്കുക - ശുഭദിനം.
➖➖➖➖➖➖➖➖




Post a Comment