യു.ഡി.എഫ് ന്യൂമാഹി പഞ്ചായത്ത് കൺവെൻഷൻ നടത്തി
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി, പെരിങ്ങാടി മമ്മി മുക്കിലെ കോർണിഷ് വീട്ടിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള
14 വാർഡുകളിൽ നേരത്തെ 12 വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. വാർഡ് 2, കരീക്കുന്ന്, ദിവിത പ്രകാശൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ന്യൂമാഹി ഡിവിഷൻ കെ. റീഷ്യ എന്നിവരെയാണ് പ്രഖ്യാപിച്ചത്. യോഗത്തിൽ മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് കടവത്തൂർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ ടി.എച്ച്. അസ്ലം അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സിക്രട്ടറി അഡ്വ. ശുഹൈബ്, ബ്ലോക്ക് പ്രസിഡൻ്റ് കെ. ശശിധരൻ, ഐ.എൻ.ടി.യു.സി. ദേശീയ പ്രവർത്തക സമിതി അംഗം കെ. ഹരീന്ദ്രൻ, സുലൈമാൻ കിഴക്കെയിൽ, അഡ്വ. സി.ജി. അരുൺ, മുസ്ലീം ലീഗ് പ്രസിഡൻ്റ് പി.സി. റിസാൽ, ടി.എച്ച്. സാജിത്ത്, ടി.കെ. റഹൂഫ്. സി.വി. രാജൻ പെരിങ്ങാടി എന്നിവർ സംസാരിച്ചു.
ജനറൽ സീറ്റുകൾ വനിതകൾക്ക് നൽകി
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് രണ്ട് ജനറൽ സീറ്റുകൾ വനിതകൾക്ക് നൽകി. നിലവിലുള്ള പഞ്ചായത്ത് അംഗങ്ങളായ രണ്ട് വനിതകൾക്കാണ് ജനറൽ സീറ്റുകൾ നൽകിയത്. ഒന്നാം വാർഡ് കുറിച്ചിയിൽ ഷഹദിയ മധുരിമയും ഒമ്പതാം വാർഡ് പള്ളിപ്രത്ത് ഫാത്തിമ കുഞ്ഞിത്തയ്യിലുമാണ് സ്ഥാനാർഥികൾ. കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസിന് സീറ്റുകളില്ല. 13 അംഗ ഭരണസമിതിയിലെ മൂന്ന് യുഡിഎഫ് പ്രതിനിധികളും മുസ്ലീം ലീഗിൻ്റേതാണ്. ഇവർ മൂവരും മത്സരിക്കുന്നുണ്ട്.
ജനറൽ സീറ്റുകൾ നൽകിയ രണ്ട് വനിതകൾക്ക് പുറമെ വാർഡ് ഏഴ് പെരിങ്ങാടി ഗെയിറ്റിൽ ടി.എച്ച് അസ്ലവുമാണ് സ്ഥാനാർഥി. 2015-20 ലെ പഞ്ചായത്ത് അംഗങ്ങളായ നജ്മ നിസാർ 14-ാം വാർഡ് കുറിച്ചിയിൽ കടപ്പുറത്തും പി.പി.ഹസീന 10-ാം വാർഡ് പെരിങ്ങാടിയിലും സ്ഥാനാർഥികളാണ്. 14 വാർഡുകളിൽ കോൺഗ്രസിൻ്റെയും മുസ്ലീം ലീഗിൻ്റെയും 7 വീതം അംഗങ്ങളാണ് മത്സര രംഗത്തുള്ളത്.
നിലവിലുള്ള ബി.ജെ.പിയിലെ ഏക പഞ്ചായത്ത് അംഗം കെ.പി.രഞ്ചിനി 5-ാം വാർഡ് പെരുമുണ്ടേരിയിൽ സ്ഥാനാർഥിയാണ്.
ഇടത് മുന്നണിയിൽ സി.പി.എം 13 സീറ്റിലും സി.പി.ഐ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. പട്ടികജാതി സംവരണ സീറ്റായ 13-ാം വാർഡ് ചവോക്കുന്നിൽ സി.പി.ഐയുടെ കെ.എം. അപർണ്ണയാണ് സ്ഥാനാർഥി.
നിലവിലുള്ള ഒമ്പത് സി.പി.എം അംഗങ്ങളിൽ മൂന്ന് അംഗങ്ങൾ (സി.പി.എം) ടി.എം.ഷർമിരാജ് (3. ഈയ്യത്തുങ്കാട്), അർജുൻ പവിത്രൻ (12. അഴീക്കൽ), എം.കെ.സെയ്തു (14. കുറിച്ചിയിൽ കടപ്പുറം) എന്നിവർ സ്ഥാനാഥികളാണ്. 2015-20 ലെ അംഗം കെ. പ്രീജ വാർഡ് 4. ഏടന്നൂരിലെ സ്ഥാനാർഥിയാണ്. ബാക്കിയുള്ള ഒമ്പത് അംഗങ്ങളും പുതുമുഖങ്ങളാണ്.

Post a Comment