◾ പാലത്തായി കേസില്‍ എസ്ഡിപിഐ നിലപാടെടുത്തത് പീഡിപ്പിച്ച ആള്‍ ഹിന്ദു ആയതുകൊണ്ടാണെന്ന വര്‍ഗീയ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധവുമില്ല, മുദ്രാവാക്യവും ഇല്ല. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനത്തെ വര്‍ഗീയമായി വളച്ചൊടിച്ചു എന്നാണ് പി ഹരീന്ദ്രന്റെ വിശദീകരണം.
◾ വയനാട്ടില്‍ നിക്ഷേപ തട്ടിപ്പ് നടന്ന ബ്രഹ്‌മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് സര്‍ക്കാരില്‍ നിന്ന് വീണ്ടും കോടികളുടെ ധനസഹായം. സൊസൈറ്റിക്ക് പദ്ധതിയേതരമായ പത്ത് കോടി സഹായം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ സമരം നടത്തുമ്പോഴാണ് 130 കോടിയോളം നഷ്ടത്തിലുള്ള കമ്പനിക്ക് പത്തു കോടി നല്‍കുന്നത്. ക്ഷീര വികസന വകുപ്പിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ധനസഹായം അനുവദിച്ചത്
2025 | നവംബർ 24 | തിങ്കൾ
1201 | വൃശ്ചികം 8 | പൂരാടം l 1447 l ജ:ആഖിർ 03
➖➖➖➖➖➖➖➖
◾ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്രന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്
◾ എന്യൂമറേഷന്‍ ഫോം സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കാന്‍ തിടുക്കം കാട്ടുന്നില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തീര്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നില്ലെന്നും ജില്ലകളിലെ സാഹചര്യം അനുസരിച്ച് ടാര്‍ജറ്റ് കളക്ടര്‍മാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം ഇനിയും കൂടുമെന്നും തിരുവനന്തപുരത്ത് ഫോം സ്വീകരിക്കാനുള്ള ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.
◾ എസ് ഐ ആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി ബൂത്ത് ലെവല്‍ ഓഫീസറായ ഇടുക്കിയിലെ പോളി ടെക്നിക്ക് ജീവനക്കാരന്‍ ആന്റണി. പൂഞ്ഞാര്‍ മണ്ഡത്തിലെ 110 -ാം ബൂത്തിലെ ബി എല്‍ ഒ ആയ ആന്റണി ആണ് ദയനീയാവസ്ഥ പറഞ്ഞ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം പങ്കുവെച്ചത്. തനിക്ക് ഈ സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും മാനസിക നില തകര്‍ന്നെന്നും ആത്മഹത്യ ചെയ്യാനുള്ള തോന്നലാണ് ഉള്ളതെന്നുമാണ് ബി എല്‍ ഒ ആന്റണി ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
◾ പി എം ശ്രീ പദ്ധതി നിരസിച്ചതില്‍ പരോക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. സാമ്പത്തികമായി തകര്‍ന്നു നില്‍കുമ്പോഴും മുന്നില്‍ വന്ന പദ്ധതി നിരസിച്ച് പണം നഷ്ടമായി എന്നാണ് തരൂരിന്റെ വിമര്‍ശനം. ആദര്‍ശ ശുദ്ധി തെളിയിക്കാനായിരുന്നു ശ്രമമെന്നും എന്നാല്‍, പണം നിരസിച്ചത് മണ്ടത്തരമാണമെന്നും ഇത് നമ്മുടെ പണമാണെന്നും അത് സ്വീകരിക്കണമെന്നും പി എം ശ്രീ പദ്ധതിയുടെ പേരെടുത്തു പറയാതെശശി തരൂര്‍ പറഞ്ഞു.
◾ പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി. ടോള്‍ പിരിക്കാന്‍ അനുവാദം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഗതാഗതം സുഗമമാക്കാതെ ടോള്‍ പിരിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ് എന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജി നല്‍കിയ ഷാജി കോടങ്കണ്ടത്തിന്റെ ആവശ്യം.
◾ മൂവാറ്റുപുഴയില്‍ അധ്യാപകന്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിന് എന്‍ഐഎ. 14 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വര്‍ഷം ഒളിവില്‍ തുടരാന്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
◾ സമസ്തയിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്തയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഇതാണെന്നും മത നവീകരണവാദികളുമായി അകലം പാലിക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്നും ഹമീദ് ഫൈസി പറഞ്ഞു.
◾ ശബരിമല തീര്‍ത്ഥയാത്രയില്‍ ശരണപാതയില്‍ അപകടമോ വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ സഹായത്തിന് മോട്ടോര്‍ വാഹന വകുപ്പിനെ ബന്ധപ്പെടാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല സേഫ് സോണ്‍ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ വിദേശ യാത്രകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. ഇതിനായി അറസ്റ്റിലായ പത്മകുമാറിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു. യാത്രകളുടെ ലക്ഷ്യം, കൂടിക്കാഴ്ചകള്‍ എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്. കഴിഞ്ഞ ദിവസം പത്മകുമാറിന്റെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജയറാമിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം സമയം തേടുമെന്നാണ് വിവരം. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്തു കൊണ്ടുപോയെന്നു കരുതുന്ന സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്തിരുന്നു.
◾ പാലത്തായി കേസില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹരീന്ദ്രനെ പിന്തുണച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. പി ഹരീന്ദ്രന്‍ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണെന്നും അദ്ദേഹത്തെ വര്‍ഗീയവാദിയാക്കരുതെന്നും അദ്ദേഹം അഞ്ച് തവണയെങ്കിലും ആര്‍എസ്എസ് ആക്രമണം ഏറ്റയാളാണെന്നും രാഗേഷ് പറഞ്ഞു. പരാമര്‍ശത്തില്‍ ഹരീന്ദ്രന്‍ മറുപടി പറയുമെന്നും ഹരീന്ദ്രന്‍ വര്‍ഗീയ ചിന്ത വച്ച് പരാമര്‍ശം നടത്തുന്ന ആളല്ല എന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു.
◾ പാലത്തായി പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവ് സ്‌കൂള്‍ മാനേജ്മെന്റ് പുറത്തുവിട്ടു. കേസില്‍ തലശ്ശേരി പോക്സോ കോടതി പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
◾ തദ്ദേശപൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നല്‍കാം. സ്ഥാനാര്‍ത്ഥിക്കോ നാമനിര്‍ദേശകനോ സ്ഥാനാര്‍ത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ല്‍ തയ്യാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
◾ എറണാകുളം ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സംഭവത്തില്‍ വരണാധികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍ മായാ ജോസിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മന്ത്രി പി രാജീവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന കാരണം പറഞ്ഞാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് എന്നാണ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിക്കുന്നത്.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തില്‍ വേറെ ആരും നോമിനേഷന്‍ കൊടുക്കാന്‍ പാടില്ല എന്നതാണ് സിപിഎമ്മിന്റെ സമീപനമെന്നും സിപിഎം യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നുവെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.
◾ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. ആന്തൂരിലും മലപ്പട്ടത്തും സിപിഎം ഏകാധിപത്യം അനസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ സ്വയം പിന്‍മാറിയതിന് പാര്‍ട്ടിയെ കുറ്റം പറയേണ്ടെന്നാണ് സിപിഎമ്മിന്റെ മറുപടി. മലപ്പട്ടത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതരായി മത്സര രംഗത്തുളളവര്‍ക്ക് ഇന്ന് ഉച്ച വരെ സമയം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിയില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കും, ഇല്ലെങ്കില്‍ പിന്നെ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല, പുറത്താക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചെടുക്കുന്ന പതിവ് ഇനി വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും പിന്നീട് തിരിച്ചു വരാമെന്നു കരുതി ആരും വിമതരായി മത്സരിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
◾ മുന്‍ തെരഞ്ഞെടുപ്പുകളിലേത് പോലെ തന്നെ അഡ്ജസ്റ്റ്മെന്റ് തന്ത്രവുമായി മുന്നണികളും നേതാക്കളും ട്വന്റി ട്വന്റിയെ സമീപിച്ചെന്ന് ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. അവരുടെ ചില സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഇടങ്ങളില്‍ സഹായം വേണമെന്നാണ് ആവശ്യപ്പെട്ടത്. ജനങ്ങളറിയാതെ മറ്റ് രാഷ്ട്രീയ കക്ഷികളുമായി രഹസ്യധാരണയുണ്ടാക്കുന്ന പാര്‍ട്ടിയല്ല ട്വന്റി 20 യെന്നും അതുകൊണ്ട് ജനങ്ങളറിയാതെ ഒരു തീരുമാനവും എടുക്കില്ല എന്നും സാബു എം ജേക്കബ് പറഞ്ഞു.
◾ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കൊന്നുകളയുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി രാമകൃഷ്ണനെതിരേയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വധഭീഷണി മുഴക്കിയത്. ഫാണ്‍സംഭാഷണത്തിന്റെ ശബ്ദശകലവും രാമകൃഷ്ണന്‍ പുറത്തുവിട്ടു.
◾ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയാസെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങളില്‍ നേതാക്കള്‍ ജാഗ്രതപാലിക്കണമെന്ന് സുരേഷ് ബാബു പറഞ്ഞു. വിഷയത്തില്‍ വസ്തുത പരിശോധിക്കുമെന്നും ജില്ലാസെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീഷണി മുഴക്കിയ അഗളി ലോക്കല്‍ സെക്രട്ടറിയെ തള്ളിയാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം.
◾ തിരുവല്ലയിലെ മദ്യനിര്‍മാണശാലയായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെതാത്കാലിക ജീവനക്കാരി ആശമോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായതിന്റെ പേരില്‍സിപിഎം ഭീഷണിയെന്ന് പരാതി. പത്രിക പിന്‍വലിച്ചില്ലെങ്കില്‍ മുഴുവന്‍ താത്കാലിക ജീവനക്കാരുടെയും ജോലി നഷ്ടപ്പെടുമെന്ന് സഹപ്രവര്‍ത്തകര്‍ മുഖേന സിപിഎം ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പാര്‍ട്ടി നിര്‍ദേശപ്രകാരം സഹപ്രവര്‍ത്തകരായ മറ്റുള്ളവര്‍ ആശമോള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.
◾ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്ത് വന്‍ പ്രതിഷേധം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫിന് ജയസാധ്യതയുള്ള മൂന്ന് സീറ്റുകളില്‍ മൂന്നും മുസ്ലിം ലീഗിന് വിട്ടുകൊടുത്ത തീരുമാനമാണ് കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായത്. ഇതോടെ, പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ചേര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. ഹൊസങ്കടിയില്‍ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസാണ് അടച്ചുപൂട്ടിയത്.
◾ മാനന്തവാടിയിലെ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണ കടത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് കസ്റ്റംസിന് സംശയം. കുഴല്‍പ്പണം പിടിച്ചതിന് പിന്നാലെ മുഖ്യപ്രതി സല്‍മാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു. വടക്കന്‍ കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് വിളിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.
◾ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ ജി സുധാകരനെ മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. അപകട വിവരങ്ങള്‍ തിരക്കി. അല്‍പനേരം ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് മന്ത്രി സജി ചെറിയാന്‍ മടങ്ങിയത്. ഇന്നലെ രാവിലെയാണ് കുളിമുറിയില്‍ വഴുതി വീണ് ജി.സുധാകരന്റെ കാലിന് പരിക്കേറ്റത്.
◾ പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് മരണകാരണം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
◾ കാസര്‍ഗോഡ് സംഗീത പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് നഗരത്തില്‍ ഗായകന്‍ ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.
◾ കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കര്‍ണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ (21), ഷെറിന്‍ (21) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.
◾ ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയ്ക്കെതിരെ സമരവുമായി വിദ്യാര്‍ഥികള്‍. 'കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍' എന്ന സംഘടനയിലെ പ്രവര്‍ത്തകരായ ഡല്‍ഹി സര്‍വകലാശാലയിലെയും ജെഎന്‍യുവിലെയും വിദ്യാര്‍ഥികളാണ് ഡല്‍ഹിയിലെ ഇന്ത്യാഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
◾ ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 328 കിലോ മെത്താഫെറ്റമിന്‍ പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 262 കോടി രൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
◾ കേന്ദ്ര സര്‍ക്കാരിന്റെ നാല് ലേബര്‍ കോഡുകള്‍ക്കെതിരെ പ്രതിഷധം ശക്തമാക്കാന്‍ ഈമാസം 26 ന് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയും. വിവിധ സംസ്ഥാനങ്ങളില്‍ ജില്ലാ അടിസ്ഥാനത്തിലും, ദില്ലിയില്‍ ജന്തര്‍ മന്തറിലും നോയിഡയിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.
◾ അന്താരാഷ്ട്ര തൊഴില്‍മേള സംഘടിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് വിദേശത്ത് ജോലി നേടിക്കൊടുക്കുന്നതിനായാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ബെംഗളൂരുവിലാണ് ഈ മേള നടക്കുക. ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ തൊഴില്‍ദാതാക്കള്‍ മേളയുടെ ഭാഗമായി ബെംഗളൂരുവില്‍ എത്തും. അവിടെ വെച്ച് തന്നെ ഉദ്യോഗാര്‍ത്ഥികളുടെ നിയമന നടപടികള്‍ ആരംഭിക്കുന്ന രീതിയിലാണ് തൊഴില്‍മേളയുടെ ക്രമീകരണം.
◾ കരൂര്‍ ദുരന്തത്തിന് ശേഷമുള്ള ആദ്യ പൊതുയോഗത്തില്‍ ഡിഎംകെയെ കടന്നാക്രമിച്ചും 2026ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചും നടന്‍ വിജയ്. ഡിഎംകെയുടെ നയം കൊള്ളയെന്ന് തുറന്നടിച്ച വിജയ്, ചില ക്ഷേമവാഗ്ദാനങ്ങളും മുന്നോട്ടുവച്ചു. കരൂര്‍ ദുരന്തമുണ്ടായി 57 ദിവസത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ വിജയ് കര്‍ഷകരെയും ജെന്‍സി വോട്ടര്‍മാരെയും ഒപ്പം നിര്‍ത്താനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്.
◾ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുന്‍പ് നൂറോളം സീറ്റുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെന്ന് മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷന്‍. ഡിസംബര്‍ രണ്ടിന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും പഞ്ചായത്തുകളിലേക്കും പാര്‍ട്ടിയുടെ 100 സ്ഥാനാര്‍ത്ഥികള്‍ ജയിച്ചെന്ന് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് രവീന്ദ്ര ചവാന്‍ അവകാശപ്പെട്ടത്.
◾ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിഹാറില്‍ തീവ്രവാദത്തെ വളര്‍ത്തരുതെന്നും മുസ്ലിങ്ങളടക്കമുള്ള വിഭാഗങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം 5 സീറ്റ് നേടിയിരുന്നു. ഈ വിജയത്തിന് ശേഷമാണ് സീമാഞ്ചലില്‍ നടത്തിയ പ്രസംഗത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള സഖ്യത്തിന് ഒവൈസി പിന്തുണ പ്രഖ്യാപിച്ചത്.
◾ ബിഹാര്‍ തിരഞ്ഞെടുപ്പിലെ ദയനീയമായ പ്രകടനത്തെ തുടര്‍ന്ന് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജന്‍ സുരാജ് പാര്‍ട്ടിയുടെ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള എല്ലാ സംഘടനാ യൂണിറ്റുകളും ശനിയാഴ്ച പിരിച്ചുവിട്ടു.അടുത്ത ഒന്നര മാസത്തിനുള്ളില്‍ പുതിയ യൂണിറ്റുകള്‍ രൂപവത്കരിക്കുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. അതേസമയം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണം ശരിവയ്ക്കാന്‍ നിലവില്‍ തന്റെ പക്കല്‍ തെളിവില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
◾ ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ലെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതേസമയം ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് പറഞ്ഞു.
◾ ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സ്ഥാനമേറ്റെടുക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സത്യവാചകം ചൊല്ലി കൊടുക്കും. രാവിലെ 9.15നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.
◾ തേജസ് യുദ്ധ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാലിന്റെ മൃതദേഹം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്ഡയില്‍ സംസ്‌ക്കരിച്ചു. വ്യോമസേനയില്‍ ഉദ്യോഗസ്ഥയായ ഭാര്യയടക്കം നമാംശ് സ്യാലിന് വൈകാരികമായി യാത്രാ മൊഴി നല്‍കി. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചോയെന്നത് മുതല്‍ പൈലറ്റിന്റെ ആരോഗ്യം വരെയുള്ള ഘടകങ്ങളിലാണ് വ്യോമസേനയുടെ അന്വേഷണം പുരോഗമിക്കുന്നത്.
◾ ഉത്തരാഖണ്ഡിലെ അല്‍മോറയിലെ ദാബര ഗ്രാമത്തിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് 20 കിലോഗ്രാമിലധികം ഭാരമുള്ള 161 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. ഇതോടെ സമീപ പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയതായി പൊലീസ് പറഞ്ഞു.
◾ ചണ്ഡിഗഡിനെ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കവുമായി കേന്ദ്രം. ആര്‍ട്ടിക്കിള്‍ 240ന് കീഴില്‍ ചണ്ഡിഗഡിനെ ഉള്‍പ്പെടുത്താനുള്ള ബില്ല് ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. കേന്ദ്ര സര്‍ക്കാര്‍ നീക്കം പഞ്ചാബിന്റെ അവകാശങ്ങള്‍ക്കുള്ള മേലുള്ള കടന്നു കയറ്റമെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടിയും, കോണ്‍ഗ്രസും രംഗത്തെത്തി. അതേസമയം, അന്തിമ തീരുമാനമായിട്ടില്ലെന്നും ചണ്ഡിഗഡില്‍ ലെഫ്റ്റ്നന്റ് ഗവര്‍ണറെ നിയമിക്കാനുള്ള നിര്‍ദേശം പരിഗണനയിലാണെന്നുമാണ് കേന്ദ്രം അറിയിക്കുന്നത്.
◾ ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും ഒരു കൂട്ടം കുറുക്കന്മാര്‍ ചാടിപ്പോയി. ശനിയാഴ്ച രാവിലെയാണ് സംഭവം. ഇവയെ കണ്ടെത്താനായി പ്രത്യക സംഘത്തെയാണ് തെരച്ചിലിനായി നിയമിച്ചിട്ടുള്ളത്. മൃഗശാലയിലുള്ള ജീവികളെ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര വീഴ്ച വിശദമാക്കുന്നതാണ് സംഭവം. സന്ദര്‍ശകര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും തന്നെയില്ലെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കുന്നത്.
◾ ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2026-2028 വര്‍ഷത്തേക്കുള്ള ബജറ്റിനാണ് അംഗീകാരം നല്‍കിയത്. ഈ മൂന്ന് വര്‍ഷത്തേക്കുള്ള ആകെ ചെലവ് 302.7 ബില്യണ്‍ ദിര്‍ഹമും മൊത്തം വരുമാനം 329.2 ബില്യണ്‍ ദിര്‍ഹമുമാണ്.
◾ ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വ്യോമാക്രമണത്തില്‍ വധിച്ച് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ബെയ്റൂട്ടില്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയി കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബാതബയി. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
◾ യുക്രൈനെതിരേയും യൂറോപ്പിനെതിരേയും രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ അമേരിക്ക പിന്തുണ നല്‍കിയിട്ടും യുക്രൈനിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. യു എസിലും യുക്രൈനിലും ശക്തമായ നേതൃത്വമുണ്ടായിരുന്നെങ്കില്‍ ഈ യുദ്ധം ഒരിക്കലും ഉണ്ടാകില്ലായിരുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. 2020 ലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നില്ലായിരുന്നെങ്കിലും, 'ഉറക്കം തൂങ്ങുന്ന' പ്രസിഡന്റായ ജോ ബൈഡനല്ലായിരുന്നെങ്കിലും റഷ്യ - യുക്രൈന്‍ യുദ്ധം ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് വിമര്‍ശിച്ചു. യൂറോപ്പ് ഇപ്പോഴും റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് തുടരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
◾ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സിന് പുറത്ത്. ആറുവിക്കറ്റിന് 247 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ സെനുരാന്‍ മുത്തുസ്വാമിയുടേയും സെഞ്ചുറിക്ക് ഏഴു റണ്‍സകലെ മാത്രം പുറത്തായ മാര്‍ക്കോ യാന്‍സന്റേയും ഇന്നിംഗ്സുകളിലൂടെയാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റണ്‍സെന്ന നിലയിലാണ്.
◾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ടീമിനെ പ്രഖ്യാപിച്ചു. കഴുത്തിന് പരിക്കേറ്റ് ചികിത്സയിലുള്ള ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലാണ് ടീമിനെ നയിക്കുക. ദീര്‍ഘ നാളത്തെ ഇടവേളയ്ക്കു ശേഷംഋഷഭ് പന്ത് വൈസ് ക്യാപ്റ്റനായി ഏകദിന ടീമിലേക്ക് തിരിച്ചെത്തി. യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുണ്ട്. രവീന്ദ്ര ജഡേജയും ഋതുരാജ് ഗെയ്ക്വാദുംടീമില്‍ ഇടം നേടി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ 30-ന് റാഞ്ചിയില്‍ നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ മൂന്നിനും ആറിനും റായ്പുരിലും വിശാഖപട്ടണത്തുമാണ്.
◾ കാഴ്ചപരിമിതരുടെ പ്രഥമ ടി20 ലോകകപ്പില്‍ കിരീടം നേടി ഇന്ത്യന്‍ വനിതകള്‍. കൊളംബോയില്‍ നടന്ന ഫൈനലില്‍ നേപ്പാള്‍ വനിതകളെ ഏഴു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ കിരീട നേട്ടം.
◾ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ട്വന്റി20 ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ സൂപ്പര്‍ ഓവറില്‍ തോല്‍പിച്ച പാക്കിസ്ഥാന്‍ ഷഹീന്‍സ് ചാംപ്യന്‍മാര്‍. ഇരു ടീമും 125 റണ്‍സ് നേടി തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് എ ഉയര്‍ത്തിയ വിജയലക്ഷ്യമായ 7 റണ്‍സ് നാലാം പന്തില്‍ കീഴടക്കി പാക്കിസ്ഥാന്‍ ഷഹീന്‍സ് കിരീടമുറപ്പിച്ചു.
◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.28 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 669 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സിന്റെ മാത്രം വിപണി മൂല്യത്തില്‍ 36,673 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 20,92,052 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 36,579 കോടി, ഇന്‍ഫോസിസ് 17,490 കോടി, ടിസിഎസ് 16,299 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 14,608 കോടി, എസ്ബിഐ 4,846 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ബജാജ് ഫിനാന്‍സ്, എല്‍ഐസി, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടം നേരിട്ടു. ബജാജ് ഫിനാന്‍സിന് മാത്രം വിപണി മൂല്യത്തില്‍ 8,244 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇത്തവണയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.
◾ കിഷ്‌കിന്ധാ കാണ്ഡം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ഈ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ എത്തിയ 'എക്കോ എന്ന ചിത്രത്തിന്റെ യുഎസ്പി. യുവനിരയിലെ ശ്രദ്ധേയ നടന്‍ സന്ദീപ് പ്രദീപ് നായകനാവുന്ന ചിത്രത്തിന് വമ്പന്‍ ബുക്കിംഗ് ആണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോയുടെ ശനിയാഴ്ചത്തെ കണക്കുകള്‍ എടുത്താല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രവും എക്കോ ആണ്. 24 മണിക്കൂര്‍ കൊണ്ട് 97,000 ടിക്കറ്റുകളാണ് ചിത്രം പ്ലാറ്റ്ഫോമില്‍ വിറ്റിരിക്കുന്നത്. തെലുങ്ക് ചിത്രം രാജു വെഡ്സ് റംബായ് ആണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. 70,000 ടിക്കറ്റുകളാണ് ചിത്രം ശനിയാഴ്ച വിറ്റിരിക്കുന്നത്. ബോളിവുഡ് ചിത്രം ദേ ദേ പ്യാര്‍ ദേ 2 ആണ് മൂന്നാമത്. 69,000 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് രണ്ടര കോടിക്ക് മുകളിലാണ്.
◾ മലയാള സിനിമയിലേക്ക് ഒരു സംഗീത സംവിധായിക കൂടി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആന്യ മോഹന്‍ ആണ് ആ യുവ സംഗീത സംവിധായിക. ഇന്റര്‍ യൂണിവേഴ്സിറ്റി സംഗീത മത്സരത്തിലെ നാഷണല്‍ വിന്നര്‍ കൂടിയാണ് ആന്യ മോഹന്‍. ഫുവാദ് പനങ്ങായി നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'വേറെ ഒരു കേസ്' എന്ന സിനിമയിലൂടെയാണ് ആന്യ മലയാള സിനിമയില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്. വിജയ് നെല്ലിസ്, അലന്‍സിയര്‍, ഡോ. ബിന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന വേറെ ഒരു കേസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഹരീഷ് വി എസ് ആണ്. കുറച്ചു കാലത്തിന് ശേഷം അലന്‍സിയര്‍ കരുത്തുറ്റ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
◾ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ടാറ്റ പഞ്ച് എപ്പോഴും ഒരു ജനപ്രിയ മോഡല്‍ ആണ്. 2025-ല്‍ ടാറ്റ പഞ്ചും മികച്ച വില്‍പ്പന രേഖപ്പെടുത്തി. 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഏകദേശം 140,000 പുതിയ ടാറ്റ പഞ്ച് വാങ്ങാനായി പുതിയ ഉപഭോക്താക്കള്‍ എത്തി. മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ വാങ്ങലുകള്‍ നടന്നത്. ഇക്കാലയളവില്‍ 17,714 യൂണിറ്റുകള്‍ വിറ്റു. 10 മാസത്തിനിടെ ടാറ്റ പഞ്ചിന്റെ മൊത്തം വില്‍പ്പന കൂടി ചേര്‍ത്താല്‍ ആകെ 138,769 യൂണിറ്റുകള്‍. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ക്ക് ശേഷം, ടാറ്റ പഞ്ചിന്റെ എക്സ്-ഷോറൂം വില 5.50 ലക്ഷത്തില്‍ ആരംഭിച്ച് ഏറ്റവും ഉയര്‍ന്ന മോഡലിന് 9.30 ലക്ഷം വരെ ഉയരുന്നു. 1.2 ലിറ്റര്‍, 3-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന് കരുത്ത് പകരുന്നത്, ഇത് 86 ബിഎച്പി കരുത്തും 113 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പഞ്ച് സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിനുകളിലും ലഭ്യമാണ്.
◾ കഥകള്‍ കേള്‍ക്കാനായി കാത് കൂര്‍പ്പിക്കുന്നവരാണ് കുട്ടികളില്‍ പലരും. കഥകള്‍ വിവിധ തരമുണ്ട്. ജന്തു കഥകള്‍, നാടോടിക്കഥകള്‍, ശാസ്ത്രകഥകള്‍, ചരിത്ര കഥകള്‍, വീരകഥകള്‍...ഇങ്ങനെ പോകുന്നു. നേര്‍ത്ത ചിരിയൂറാന്‍ പാകത്തിലുള്ള സരളമായ തമാശകള്‍ കുട്ടികള്‍ക്ക് എന്നും ഹൃദ്യമാണ്. ഈ പുസ്തകത്തിലെ കഥകളില്‍ തമാശ ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ് കഥാകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. ലളിത വാക്യങ്ങളിലൂടെ അവ വിടര്‍ന്നുവരുന്നത് കുട്ടികളില്‍ കൗതുകമുണര്‍ത്തുമെന്ന് തീര്‍ച്ച. 'കുഞ്ഞാപ്പി കണ്ട സ്വപ്നം'. വി എം എ ലത്തീഫ്. ക്ലിക്ക് കമ്മ്യൂണിക്കേഷന്‍. വില 100 രൂപ.
◾ ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയല്ല. ഉയര്‍ന്ന രക്തസമ്മര്‍ദം; ഉപ്പ് അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള പ്രധാന അപകട ഘടകമാണ്. അമിതമായി ഉപ്പ് കഴിക്കുന്നത് കൈകള്‍, കാലുകള്‍, കണങ്കാല്‍ എന്നിവിടങ്ങളില്‍ നീരു വരുന്നതിന് ഇടയാക്കും. ഉപ്പ് അമിതമായി കഴിക്കുന്നത് അമിത ദാഹം ഉണ്ടാക്കും. കാരണം, ശരീരം അധിക സോഡിയത്തെ നേര്‍പ്പിക്കാന്‍ കോശങ്ങളില്‍ നിന്നും രക്തപ്രവാഹത്തിലേക്ക് വെള്ളം വലിച്ചെടുക്കുന്നു. ഇത് അമിത ദാഹത്തിന് ഇടയാക്കും. വൃക്ക പ്രശ്നങ്ങള്‍; അമിതമായ ഉപ്പ് കഴിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത് രക്തത്തില്‍ നിന്ന് അധിക സോഡിയം ഫില്‍ട്ടര്‍ ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കാലക്രമേണ, ഇത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും വൃക്കരോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ക്രമരഹിതമായ ഹൃദയമിടിപ്പ്; ഉയര്‍ന്ന ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഈ അസന്തുലിതാവസ്ഥ ക്രമരഹിതമായ ഹൃദയമിടിപ്പിലേക്ക് നയിച്ചേക്കാം. ഉപ്പ് അമിതമായി കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിനും രക്തപ്രവാഹത്തിലെ മാറ്റത്തിനും കാരണമാകും. ഇത് ചിലരില്‍ തലവേദനയോ മൈഗ്രേയ്നിനോ ഇടയാക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
വഴിതെറ്റി കാട്ടിലെത്തിയ നായയെ പിടിക്കാന്‍ സിംഹം അടുത്തേക്ക് നടന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് തന്റെയടുത്ത് ചില അസ്ഥികഷ്ണങ്ങള്‍ കിടക്കുന്നത് നായ കണ്ടത്. കൗശലക്കാരനായ നായ ഉറക്കെ വിളിച്ചുപറഞ്ഞു: ആഹാ! ഈ സിംഹത്തിന്റെ ഇറച്ചിക്ക് ഇത്ര രുചിയോ? ഇത് കേട്ട് സിംഹം പേടിച്ച് പിന്മാറി. പക്ഷേ, ഇതെല്ലാം കണ്ട് മരത്തില്‍ ഒരു കുരങ്ങ് ഇരിക്കുന്നുണ്ടായിരുന്നു. സിംഹത്തോട് സത്യം പറഞ്ഞാല്‍ തനിക്ക് എന്തെങ്കിലും ഉപകാരമുണ്ടായാലോ എന്ന് കരുതി കുരങ്ങ് സിംഹത്തോട് സത്യമെല്ലാം പറഞ്ഞു: ദേഷ്യം വന്ന സിംഹം കുരങ്ങിനോട് തന്റെ പുറത്ത് കയറിയിരുന്ന് അവിടേക്ക് പോയി നമുക്ക് അവനെ പിടിക്കാമെന്നായി. തന്റെയടുത്തേക്ക് രണ്ടുപേരും വരുന്നത് കണ്ട് നായ പേടിച്ചെങ്കിലും ധൈര്യം വിടാതെ ഉറക്കെ പറഞ്ഞു: ആ കുരങ്ങനെവിടെപ്പോയി, ഒരുമണി്ക്കൂറായല്ലോ പോയിട്ട്.. ഒരു സിംഹത്തെ കൊണ്ടുവരാന്‍ ഇത്രയും സമയമോ... ഇത് കേട്ടതും കുരങ്ങനെ വലിച്ചെറിഞ്ഞ് സിംഹം ഓടിയൊളിച്ചു. ഭയക്കും എന്ന് തോന്നിയാല്‍ ഭയപ്പെടുത്താന്‍ ഒരുപാട് പേരുണ്ടാകും. തളരാനുളള സാധ്യതയുണ്ടെങ്കില്‍ തളര്‍ത്താനുളളവര്‍ എവിടെനിന്നെങ്കിലും പ്രത്യക്ഷപ്പെടും. തകരാതിരിക്കുക എന്നത് അവനവന്റെ ഉത്തരവാദിത്വം മാത്രമാണ്. എല്ലാവരും തങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയാണ് ഓടുന്നത്, അതിപ്പോള്‍ ഇര തേടുന്നവരാകട്ടെ, ഇര പിടിക്കുന്നവരാകട്ടെ.. ആര് വിജയിക്കുന്നു, ആര് അതിജീവിക്കുന്നു എന്നതിലാണ് കാര്യം. ആ ഓട്ടത്തിനിടയില്‍ തട്ടിവീഴാം, ആക്രമിക്കപ്പെടാം, കാലിടറാം, നിരാശ തോന്നാം.. ഏത് സാഹചര്യമായാലും മുന്നോട്ട് പോകാനുളള സാധ്യതകള്‍ സ്വയം കണ്ടെത്തിയേ മതിയാകൂ. സ്വയം ആര്‍ജ്ജിച്ചെടുക്കുന്ന മികവും അനുഭവസമ്പത്തുമാണ് സ്ഥായിയായ വിജയങ്ങള്‍ സമ്മാനിക്കുക - ശുഭദിനം.
➖➖➖➖➖➖➖➖

Post a Comment