ശിശുദിനത്തിൽ വേറിട്ട പരിപാടിയുമായി ജി.എൽ.പി.എസ് പാറക്കൽ
ജി.എൽ.പി.എസ് പാറക്കൽ ഈ വർഷത്തെ ശിശുദിനാഘോഷം പുതുമകൾകൊണ്ടും സ്നേഹസന്ദേശങ്ങളോടെയും സമൃദ്ധമാക്കി. പതിവ് പരിപാടികൾക്ക് പുറമെ, തണൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികൾ അതിഥികളായി എത്തിയതോടെ ആഘോഷങ്ങൾക്ക് പ്രത്യേകത കൂടി.
വിദ്യാർത്ഥികളും തണൽ സെന്റർ അതിഥികളും ചേർന്ന് അവതരിപ്പിച്ച സംയുക്ത കലാപരിപാടികൾ കുട്ടികളിൽ വലിയ കൗതുകവും ആവേശവും സൃഷ്ടിച്ചു. പാറക്കൽ ഗവൺമെന്റ് എൽ.പി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സുമതി ശിശുദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് തണൽ ട്രെയിനറും, മനഃശാസ്ത്രജ്ഞയുമായ ശ്രീമതി നയന കുട്ടികൾക്ക് ശ്രദ്ധേയമായ ക്ലാസ് എടുത്തു.
കുട്ടികൾ തമ്മിൽ ഉപഹാരങ്ങൾ കൈമാറിയും തണൽ വിദ്യാർത്ഥികൾ കൊണ്ടുവന്ന സമ്മാനങ്ങൾ ഏറ്റുവാങ്ങിയും സ്നേഹവും സൗഹൃദവും പങ്കിട്ട നിമിഷങ്ങൾ ദിനാഘോഷത്തെ കൂടുതൽ സ്മരണീയമാക്കി. ശിശുദിനത്തിന്റെ യഥാർത്ഥ അർത്ഥവും മൂല്യങ്ങളും കുട്ടികളുടെ മനസുകളിൽ പകർത്തുന്നതിൽ ഈ പരിപാടികൾ വലിയ പങ്ക് വഹിച്ചു.

Post a Comment