o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ






◾ ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അല്‍-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി അംഗവും കശ്മീരി ഡോക്ടറുമായ മുസമ്മിലാണെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിദ്യാസമ്പന്നരായ മുസ്ലീങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ താന്‍ ബോധപൂര്‍വം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി മുസമ്മില്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ സമൂഹത്തില്‍ സ്വീകാര്യതയുള്ളവര്‍ക്ക് സ്ഥാപനങ്ങളില്‍ സംശയം ജനിപ്പിക്കാതെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ബുദ്ധിജീവികളായ പുതിയ അംഗങ്ങളാണ് ജിഹാദിന്റെ ഭാവിയെന്ന് ഇവരെ നിയന്ത്രിച്ചിരുന്നവര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.  പ്രത്യയശാസ്ത്രപരമായ തീവ്രത, അക്കാദമിക് അധികാരം, പ്രവര്‍ത്തനങ്ങളിലെ വൈദഗ്ദ്ധ്യം എന്നിവ സംഘത്തിലെ അപകടകാരിയായ അംഗമായി മുസമ്മിലിനെ മാറ്റിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.


◾  പതിനാറുകാരനെ ഭീകരവാദ സംഘടനയില്‍ ചേരാന്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് നിര്‍ബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും. വെഞ്ഞാറമൂട് പൊലീസ് കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ എടുത്ത യുഎപിഎ കേസ് ദേശീയ ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കണ്ണൂര്‍ കനകമല തീവ്രവാദ ഗൂഡാലോചന കേസിലെ പ്രതിയുമായുള്ള കുട്ടിയുടെ അമ്മയുടെ ബന്ധം ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു

◾ ചെങ്കോട്ട സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രണം നടന്ന കേന്ദ്രമായി അന്വേഷണ സംഘം കരുതുന്ന ഹൈദരാബാദിലെ അല്‍ ഫലാ സര്‍വകലാശാലയില്‍ നിന്ന് പത്ത് പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ മൂന്ന് പേര്‍ കശ്മീരികളെന്നാണ് വിവരം. എല്ലാവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജമ്മു കശ്മീര്‍-ഹരിയാന പൊലീസ് സേനകള്‍ അല്‍ ഫലാ സര്‍വകലാശാല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.


◾  ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജയ്ഷെ മുഹമ്മദ് പ്രവര്‍ത്തക ഷഹീന്‍ ഷാഹിദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 സ്ത്രീകള്‍ക്കായി തിരച്ചില്‍ തുടങ്ങി അന്വേഷണ ഏജന്‍സികള്‍. കാണ്‍പുരിലും സമീപ ജില്ലകളിലുമായുള്ള സംശയനിഴലിലുള്ള19 സ്ത്രീകള്‍ക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഷഹീന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായി തീവ്രവാദ ആശയങ്ങളിലേക്ക് സ്വാധീനിക്കപ്പെട്ടവരാണ് ഇവരെന്നാണ് സംശയം.

2025 | നവംബർ 20 | വ്യാഴം 

1201 | വൃശ്ചികം 4 |  വിശാഖം 

🌹🦚🦜➖➖➖

➖➖➖➖➖➖➖➖

◾ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് കുറക്കുന്നതിന് കൂടുതല്‍ നിയന്ത്രണം വരുന്നു. ശബരിമലയില്‍ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെര്‍ച്വല്‍ ക്യു ബുക്കിംഗ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.


◾  ശബരിമലയില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂര്‍ റീജിയണല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് ഇവരെ നിലവില്‍ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ച് പേരാണ് ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നത്.


◾  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലുള്ള മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിശദമായ വാദം കേള്‍ക്കാന്‍ ഇന്നത്തേക്ക് മാറ്റി. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു. ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മുരാരി ബാബുവിന് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന രീതിയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് മുരാരി ബാബു വാദിക്കുന്നത്.


◾  സംസ്ഥാനത്തെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണപ്രക്രിയയുമായി ബന്ധപ്പെട്ട എന്യൂമറേഷന്‍ ഫോം വിതരണം 99% പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ലഭ്യമായ കണക്കാണിത്. വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകളുടെ എണ്ണം 60,344 ആയി ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടര്‍മാരുടെ 0.22% വരുമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയില്‍ പരാതികള്‍ ഉണ്ടാവാതിരിക്കുന്നതിനും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍, നാമനിര്‍ദ്ദേശം ചെയ്ത ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ചേര്‍ന്ന് അടിയന്തരമായി യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ ബി.എല്‍.ഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.


◾  തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് നീക്കിയ നടപടി റദ്ദാക്കി.


◾  തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇത് നിയമവാഴ്ചയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.


◾  സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും കോടതിക്ക് നന്ദിയുണ്ടെന്നും തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷ്. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് പിന്നാലെയാണ് വൈഷ്ണയുടെ പ്രതികരണം.


◾  കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സംവിധായകനുമായ വി എം വിനുവിന്റെ വാര്‍ഡിലെ കൗണ്‍സിലര്‍ കെ പി രാജേഷ് കുമാര്‍ രാജിവെച്ചു. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് രാജേഷ് ഡിസിസിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജേഷിന്റെ രാജി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും രാജേഷിന്റെ രാജിക്കത്തില്‍ പറയുന്നു.


◾  കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും ഭാര്യയും സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായിരുന്ന തോബി തോട്ടിയാനും ഭാര്യയും പുതുക്കാട് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗവുമായ ടീനയുമാണ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്തിലെ മുന്‍ അംഗമാണ് തോബി തോട്ടിയാന്‍.


◾  തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍ ഓമനക്കുട്ടന്‍.


◾  തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന്റെ വിമത സ്ഥാനാര്‍ത്ഥിയായ കെ ശ്രീകണ്ഠനെതിരെ പാര്‍ട്ടി നടപടി. ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠനെയാണ് സിപിഎം പുറത്താക്കിയത്. ഉള്ളൂരില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശ്രീകണ്ഠന്‍ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.


◾  വയനാട്ടില്‍ സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍. ജില്ലാ പഞ്ചായത്ത് സീറ്റ് നിഷേധിച്ചതില്‍ ആണ് പ്രതിഷേധം. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്ന് ജഷീര്‍ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


◾  തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. കോഴിക്കോട് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.


◾  കണ്ണൂരില്‍ ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മുസ്ലിം ലീഗീന്റെ പാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി അംഗമായ ഉമര്‍ ഫാറൂഖ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ഉമര്‍ ഫാറൂഖിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഉമര്‍ മാധ്യമങ്ങളോട് പറഞ്ഞു.


◾  വടകര നഗരസഭയില്‍ ലീഗിന് വിമത സ്ഥാനാര്‍ത്ഥി. വാര്‍ഡ് 2 ലാണ് ലീഗ് വിമതന്‍ ജനവിധി തേടുന്നത്. വി സി നാസര്‍ മാസ്റ്ററാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത്. മുസ്ലീം ലീഗ് വീരഞ്ചേരി ശാഖ പ്രസിഡന്റാണ് വി സി നാസര്‍. പുറത്തുള്ള ആളെ ഇറക്കി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് നാസര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.


◾  കൊല്ലം പുനലൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ബിജെപി പ്രവര്‍ത്തകനായ രതീഷിന് വെട്ടേറ്റു. പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്.


◾ കോതമംഗലത്ത് സുഹൃത്തിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി സിജോയെയാണ് സുഹൃത്ത് ഫ്രാന്‍സിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. മദ്യ ലഹരിയില്‍ സിജോയെ ഫ്രാന്‍സി കോടാലികൊണ്ട് തലക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.


◾  സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു. വ്യാജ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.


◾ യുഡിഎഫിനെ പ്രകോപിപ്പിക്കാതെ പി വി അന്‍വറിന്റെ കരുതല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യവസ്ഥകള്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കുലര്‍ പുറത്തിറക്കി. യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കീഴ്ഘടകങ്ങള്‍ക്ക് പാര്‍ട്ടി കണ്‍വീനറാണ് സര്‍ക്കുലര്‍ അയച്ചത്.

.


◾ ഇറാന്‍ അവയക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ കൊച്ചിയിലെ എന്‍ഐഎ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അവയവക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും ഇന്ത്യയില്‍ നിന്ന് അവയക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടു പോയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി.


◾  ബിഹാറിലെ കാറ്റ് താന്‍ വരുന്നതിനു മുന്‍പേ തമിഴ്നാട്ടില്‍ എത്തിയെന്നും ഗംചകള്‍ വീശി കര്‍ഷകര്‍ തന്നെ സ്വാഗതം ചെയ്തപ്പോള്‍ ബിഹാറിലെ ആഘോഷങ്ങള്‍ ഓര്‍മ്മ വന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോയമ്പത്തൂരിലെ കര്‍ഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തല്‍.


◾  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുന്നതിനിടെ പശ്ചിമ ബംഗാളില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് സിപിഎം ആയിരം കിലോമീറ്റര്‍ നീളുന്ന ബംഗ്ലാ ബചാവോ യാത്ര സംഘടിപ്പിക്കും. ഈ മാസം 29 ന് ആരംഭിക്കുന്ന യാത്ര 19 ദിവസം നീണ്ടുനില്‍ക്കും. മുഹമ്മദ് സലിം, സുജന്‍ ചക്രവര്‍ത്തി അടക്കം മുന്‍നിര നേതാക്കളെ അണിനിരത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്.


◾ മാസത്തിലൊരിക്കല്‍ വീതം മൂന്നുമാസം തലാക്ക് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്ന ആചാരത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. പരിഷ്‌കൃതസമൂഹത്തിന് തുടരാന്‍ കഴിയുന്നതാണോ ഇതെന്നും കടുത്ത വിവേചന രീതികള്‍ ഉണ്ടെങ്കില്‍ ഇടപെടുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 2025 ലും ഇക്കാര്യങ്ങള്‍ അനുവദിക്കണോ എന്ന് ചോദിച്ച കോടതി വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടുമെന്ന സൂചനയും നല്‍കി.


◾  യക്ഷഗാന കലാകാരന്മാരില്‍ പലരും സ്വവര്‍ഗാനുരാഗികളാണെന്ന വിവാദ പരാമര്‍ശത്തില്‍ പുകഞ്ഞ് കര്‍ണാടക. പരാമര്‍ശം നടത്തിയ കന്നഡ ഭാഷാ ഡെവലപ്പ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ പുരുഷോത്തമ ബിലിമാലെയെ സര്‍ക്കാര്‍ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദൈവികമായ കലാരൂപത്തെ ആകെ അധിക്ഷേപിക്കുന്ന പരാര്‍മര്‍ശമാണ് ഇതെന്ന് കലാകാരന്മാരുടെ സംഘടനയും കുറ്റപ്പെടുത്തി. പ്രസ്താവന വിദാമായതോടെ മാപ്പുചോദിച്ച് പുരുഷോത്തമ ബിലിമാലെ രംഗത്തെത്തി.


◾  ബെംഗളൂരുവില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടി രൂപ കൊള്ളയടിച്ചു. നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവര്‍ച്ചക്കാര്‍ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവര്‍ പണവും വാനിലെ ജീവനക്കാരെയും കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.


◾  ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആര്‍സിബിക്കെന്ന് പൊലീസ്. കര്‍ണാടക പൊലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.


◾  ദില്ലിയെ ശ്വാസം മുട്ടിച്ച് അതിരൂക്ഷ വായുമലിനീകരണം. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. 392 ആണ് ഇന്നലെ ദില്ലിയില്‍ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. 15ലധികം സ്ഥലത്ത് ഇത് 400 ന് മുകളില്‍ തുടരുകയാണ്. വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രാപ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ദില്ലിയില്‍ തുടരാന്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് നിര്‍ദേശം നല്‍കി.


◾  ഓപ്പറേഷന്‍ സിന്ദൂറിനിടെ സംഘര്‍ഷം വര്‍ധിച്ചതിനാല്‍ ഇന്ത്യയുമായി സമ്പൂര്‍ണ്ണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രാജ്യത്തിന് നേരെയുള്ള അഫ്ഗാന്‍ ആക്രമണങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.


◾  അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി അഫ്ഗാന്‍ വാണിജ്യ-വ്യവസായ മന്ത്രി നൂറുദ്ദീന്‍ അസീസി. ഇന്ത്യന്‍ വാണിജ്യ മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.


◾  തെക്കന്‍ ലബനനില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളാണ് ആക്രമിക്കുന്നതെന്നും അതിര്‍ത്തി മേഖലയില്‍ ഹിസ്ബുല്ല ശക്തി പ്രാപിക്കുന്നത് തടയാനാണ് ആക്രമണമെന്നും ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം ഹിസ്ബുല്ല വീണ്ടും ആയുധങ്ങള്‍ സംഭരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ ആരോപിച്ചു.


◾  പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ വീണ്ടും കനത്ത നഷ്ടത്തിലേക്ക്. 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) കമ്പനിയുടെ അറ്റനഷ്ടം 1,357 കോടി രൂപയായി ഉയര്‍ന്നു. 4 ജി നെറ്റ്വര്‍ക്ക് വിന്യാസത്തിനായി നടത്തിയ വന്‍ മൂലധന നിക്ഷേപമാണ് നഷ്ടം കൂടാന്‍ പ്രധാന കാരണം. മുന്‍പാദത്തില്‍ 1,048 കോടി രൂപയും മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ 1,241.7 കോടി രൂപയുമായിരുന്നു നഷ്ടം. 2025 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപയുടെ മൂലധനച്ചെലവ് കമ്പനി നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഫലമായി രണ്ടാം പാദത്തില്‍ മൂല്യശോഷണ ഇനത്തില്‍ മാത്രം 2,477 കോടി രൂപയുടെ വലിയ വര്‍ധനവുണ്ടായി. നഷ്ടം ഉയര്‍ന്നപ്പോഴും കമ്പനിയുടെ പ്രവര്‍ത്തന വരുമാനം വര്‍ധിച്ചത് ആശ്വാസമായി. രണ്ടാം പാദത്തില്‍ പ്രവര്‍ത്തന വരുമാനം 5,166.7 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.6 ശതമാനത്തിന്റെയും മുന്‍പാദത്തെ അപേക്ഷിച്ച് 2.8 ശതമാനത്തിന്റെയും വളര്‍ച്ചയാണിത്.


◾  നിവിന്‍ പോളിയും സംവിധായകന്‍ അഖില്‍ സത്യനും ഒന്നിക്കുന്ന പുതിയ ചിത്രം 'സര്‍വ്വം മായ'യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് ദിനമായ ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. ഫാന്റസി ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. നിവിന്‍ പോളിയും അജു വര്‍ഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വംമായ'ക്കുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍, സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഫയര്‍ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ സത്യന്‍ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്.


◾  ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'തേരേ ഇഷ്‌ക് മേ'യുടെ തമിഴ് ട്രെയിലര്‍ റിലീസ് ചെയ്തു. പ്രണയവും വിരഹവും പറയുന്ന ഒരു പക്ക റൊമാന്റിക് ത്രില്ലറാണ് സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കൃതി സനോണ്‍ നായികയായി എത്തുന്ന ചിത്രം നവംബര്‍ 28ന് തിയറ്ററുകളില്‍ എത്തും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'തേരേ ഇഷ്‌ക് മേ' റിലീസ് ചെയ്യുന്നത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തേരേ ഇഷ്‌ക് മേ'. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൌസും ടിസീരിസിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷന്‍ കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാന്‍ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നു. രാഞ്ജാന എന്ന ചിത്രത്തില്‍ മുന്‍പ് ഇതേ കൂട്ട്കെട്ട് ഒന്നിച്ചിരുന്നു. ഹിമാന്‍ഷു ശര്‍മ്മയും നീരജ് യാദവും ചേര്‍ന്ന് എഴുതിയ ഈ ചിത്രത്തില്‍ രാഞ്ജനയിലെ പോലെ തന്നെ വികാരാധീനമായ പ്രണയവും അതിന്റെ തീവ്രതയും നിലനിര്‍ത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്.


*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിടത്ത് ഒരു ജന്മി ഉണ്ടായിരുന്നു. അധികം വിളവ് ലഭിക്കാത്ത തന്റെ ഒരു എസ്റ്റേറ്റ് വില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു കവിയായ തന്റെ സുഹൃത്തിനോട്,  പത്രത്തില്‍ പരസ്യം ചെയ്യാന്‍ ഒരു മാറ്റര്‍ തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് തന്നെ കവിസുഹൃത്ത് പരസ്യ വാചകം എഴുതി നല്‍കി. അത് ഇങ്ങിനെയായിരുന്നു: വില്‍പ്പനക്ക്:  കിളികളുടെ സംഗീതം കൊണ്ട് ശബ്ദ മുഖരിതമായ പ്രഭാതം സമ്മാനിക്കുന്ന, ഉദയസൂര്യന്റെ മൃദു കിരണങ്ങള്‍ പതിക്കുന്ന, അരുവിയുടെ കളകളാരവം മുഴങ്ങുന്ന, തണല്‍ ഏറ്റുകിടക്കുന്ന സ്ഥലം വില്‍പ്പനക്ക്.' കുറേ ദിവസങ്ങള്‍ക്കു ശേഷം ജന്മിയും കവിയും കണ്ടുമുട്ടി. സംഭാഷണമദ്ധ്യേ കവി ആ സ്ഥലം വില്‍പ്പന ചെയ്തോ എന്നന്വേഷിച്ചു. ജന്മി മറുപടി പറഞ്ഞു: ഞാന്‍ ആ സ്ഥലം വില്‍ക്കുന്നില്ല എന്ന് തീരുമാനിച്ചു. താങ്കളെഴുതിയ ആ പരസ്യ വാചകം എന്റെ കണ്ണ് തുറപ്പിച്ചു. ഇത്രയധികം സവിശേഷതകളുള്ള ഒരു സ്ഥലം ഞാന്‍ എന്തിനാണ് വിറ്റുകളയുന്നത്? എന്റെ കൈയ്യിലിരിക്കുന്നത് ഒരു നിധിയാണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ഏറെ വൈകിപ്പോയി...' മനുഷ്യ ബന്ധങ്ങളുടെ കാര്യവും ഇതുപോലൊക്കെ തന്നെയാണ്. നഷ്ടപ്പെടുമ്പോഴാണ് പല വ്യക്തികളുടേയും സൗഹൃദങ്ങളുടേയും സാധനങ്ങളുടേയുമൊക്കെ വില നമ്മള്‍ മനസ്സിലാക്കുന്നത്.  വ്യക്തികളെക്കുറിച്ചും വ്യക്തി ബന്ധങ്ങളെ ക്കുറിച്ചും നമുക്ക് നമ്മുടേതായ കാഴ്ചപ്പാടുകളുണ്ട്. മറ്റുള്ളവരുടെ കുറവുകളിലേക്കാണ് നമ്മുടെ കണ്ണുകള്‍ ആദ്യമെത്തുക. രണ്ടുപേര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ അവര്‍ മുന്‍പ് ചെയ്ത ചീത്തക്കാര്യങ്ങള്‍ മാത്രമാണ് പരസ്പരം വിളിച്ചു പറയുക. അതുവരെ ചെയ്ത നല്ല കാര്യങ്ങള്‍  മനസ്സില്‍ വരികയേയില്ല. നമ്മില്‍ പലരും മറ്റുള്ളവരുടെ സൗഭാഗ്യങ്ങളെ നോക്കി നെടുവീര്‍പ്പിടാറുണ്ട്. അപ്പോഴും നമ്മുടെ ഉള്ളിലേക്ക് നോക്കി നമുക്ക് ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ചോ അനുഗ്രഹങ്ങളെക്കുറിച്ചോ ചിന്തിക്കാന്‍ നാം മിനക്കെടാറില്ല. നമ്മുടെ മൂല്യം എന്താണെന്ന് നാം തിരിച്ചറിയാറില്ല. നമ്മുടെ ചില കാഴ്ചപ്പാടുകള്‍ അങ്ങിനെയാണ്. നമ്മിലും നമുക്ക് ചുറ്റുമുള്ളവരിലും ഉള്ള നന്മകളെ തിരിച്ചറിയാന്‍ നമ്മുടെ അകക്കണ്ണുകളെ നാം തുറന്നുവെക്കാം.  മറ്റുള്ളവരുടെ കുറവുകളെ മാത്രമല്ല, അവരിലെ നിറവുകളെക്കൂടി തിരിച്ചറിയാന്‍ നമുക്ക് ശ്രമിക്കാം.  -ശുഭദിനം.

Post a Comment

Previous Post Next Post