o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ




◾  ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയില്‍ സി പി എം സ്ഥാനാര്‍ഥി. തലശ്ശേരി നഗരസഭ ചെള്ളക്കര വാര്‍ഡിലാണ് ചന്ദ്രശേഖരന്‍ മത്സരിക്കുന്നത്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയത്. 2015ല്‍ തലശ്ശേരി നഗരസഭ ചെയര്‍മാനായിരുന്നു കാരായി ചന്ദ്രശേഖരന്‍. ജാമ്യ വ്യവസ്ഥ പ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് തടസ്സം ഉണ്ടായതിനാല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെക്കുകയായിരുന്നു.




◾  എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച സംഘത്തിലെ മുന്‍ എസിപി നഗരസഭയില്‍ സിപിഎം സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ ഡിവിഷനിലാണ് മുന്‍ എസിപി ടി കെ രത്നകുമാര്‍ മത്സരിക്കുന്നത്.



2025  നവംബർ 14  വെള്ളി 

1201  തുലാം 28   പൂരം 

1447  ജ : അവ്വൽ 23


◾ ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് തുര്‍ക്കിയിലെന്ന് റിപ്പോര്‍ട്ട്. ഗൂഢാലോചനയ്ക്ക് പിന്നിലെ പ്രധാന മസ്തിഷ്‌കം 'ഉകാസ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഭീകരനാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.  ഡല്‍ഹിക്കു പുറമെ അയോധ്യയിലും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അല്‍-ഫലാഹ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഉമര്‍ നയിച്ച 'ഡല്‍ഹി മൊഡ്യൂളി'ലെ ഭീകരര്‍ക്കും ജയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കും ഇടയിലെ പ്രധാന കണ്ണിയായി ഉകാസ പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 2022-ല്‍ തുര്‍ക്കിയില്‍ വച്ച് ഗൂഢാലോചനയുടെ ആദ്യ ഘട്ടങ്ങള്‍ ആസൂത്രണം ചെയ്തതായാണ് അന്വേഷണ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.


◾ ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഡോ. ഉമര്‍ നബി മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തല്‍. ഉമറിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ്  2022 മാര്‍ച്ചില്‍ നടത്തിയ ഇയാളുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയത്.ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിനും മറ്റൊരു ഡോക്ടര്‍ സുഹൃത്തിനൊപ്പമായിരുന്നു ഉമറിന്റെ തുര്‍ക്കി യാത്ര.


◾ ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതിയായ ഡോക്ടര്‍ മുസാഫിറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിനായി ജമ്മു കശ്മീര്‍ പോലീസ് ഇന്റര്‍പോളിനെ സമീപിച്ചു. നേരത്തെ അറസ്റ്റിലായ ആദിലിന്റെ സഹോദരനാണ് ഡോ. മുസാഫര്‍. ഓഗസ്റ്റില്‍ ഇന്ത്യ വിട്ട ഇയാള്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ആണെന്നാണ് ഏജന്‍സി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇയാള്‍ക്കൊപ്പം ആണ് പ്രതികളില്‍ ചിലര്‍ തുര്‍ക്കിയില്‍ പോയത്.


◾  ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികള്‍ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷന്‍ വഴിയാണെന്നും എന്‍ക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ 'ത്രീമയാണ്' ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍. സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങള്‍, ആക്രമണ രീതികള്‍, ബോംബ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങളെല്ലാം ഈ രഹസ്യ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.  സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്.

◾  ഡല്‍ഹിയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ബന്ധപ്പെടുത്തി വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി തുര്‍ക്കി. മാധ്യമ റിപ്പോര്‍ട്ടുകള്‍ തികച്ചും വിവരക്കേടാണെന്നും തുര്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉഭയകക്ഷി ബന്ധങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നും തുര്‍ക്കിയുടെ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിസ്ഇന്‍ഫോര്‍മേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.


◾  ഡല്‍ഹി സ്ഫോടന കേസിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്ക് പരമാവധി ശിക്ഷ നല്‍കും. കുറ്റവാളികള്‍ക്കുള്ള ശിക്ഷ ലോകത്തിന് നല്‍കുന്ന സന്ദേശമായിരിക്കുമെന്നും ഇനി ആരും ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ധൈര്യപ്പെടരുതെന്നും അമിത്ഷാ പറഞ്ഞു.


◾  ഡല്‍ഹിയില്‍ നടന്ന സ്ഫോടനത്തെത്തുടര്‍ന്ന് കശ്മീരി മുസ്ലീങ്ങള്‍ക്കെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെയടക്കം ഉയരുന്ന പ്രചരണത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. ജമ്മു കശ്മീരില്‍ നിന്നുള്ള മുസ്ലിംങ്ങളെല്ലാം തീവ്രവാദിയല്ലെന്നും ഇവിടെ ജീവിക്കുന്നവരെല്ലാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരല്ലെന്നും ഉമര്‍ അബ്ദുള്ള പ്രതികരിച്ചു. ഉമര്‍ അബ്ദുള്ള സ്ഫോടനത്തെ ശക്തമായി അപലപിച്ചു. നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിനെ ഒരു മതവും ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


◾  ചെങ്കോട്ടയില്‍ ഉണ്ടായത് സുരക്ഷാ വീഴ്ച്ചയാണെന്ന  രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ എംപി. സ്ഫോടനത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജി വെക്കണമെന്നും മുംബൈ ആക്രമണം നടന്നപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി രാജി വെച്ചുവെന്നും രാജ്യ സുരക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കെസി വേണു?ഗോപാല്‍ പറഞ്ഞു.

◾  ശബരിമല സ്വര്‍ണകൊള്ള കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന എന്‍.വാസു സത്യസന്ധനെന്ന് മുന്‍ ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍. താന്‍ മന്ത്രിയായിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ വാസു സത്യസന്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കമ്മിഷണറായിരുന്ന കാലത്ത് ഒരു ഫയലില്‍ ഒപ്പിട്ടതിന്റെ പേരിലാണ് വാസു പ്രതിയായിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ നല്‍കിയ ഫയലില്‍ അദ്ദേഹം ഒപ്പിട്ടതില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും കടകംപള്ളി പറഞ്ഞു. അതേസമയം എന്‍.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെയും എസ്ഐടി 2 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.


◾  ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ നിലംപതിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. ഹരിപ്പാട് സ്വദേശിയായ രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം അറിയിച്ചു.


◾  അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ നരഹത്യക്ക് കേസെടുത്ത് പോലീസ്. ഡ്രൈവറായരാജേഷിന്റെ മരണത്തില്‍ നിര്‍മാണ കമ്പനിയുടെ ജീവനക്കാരെ പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍മാണത്തിലെ വീഴ്ച വ്യക്തമാക്കി ജാമ്യമില്ലാ കുറ്റംചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


◾  തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. മത്സരിക്കേണ്ട എന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് അവസരമുണ്ടെന്ന് ആര്യ രാജേന്ദ്രന്‍  പ്രതികരിച്ചു. ഒരാള്‍ക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാല്‍ പോരല്ലോയെന്നും ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണെന്നും പിന്‍സീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണെന്നും ആര്യ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

◾  കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി.എം. വിനു യുഡിഎഫ് സ്ഥാനാര്‍ഥി. കല്ലായി ഡിവിഷനില്‍ നിന്നാണ് വിനു മത്സരിക്കുക. വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് വിവരം. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നലെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പാറോപ്പടി ഡിവിഷനില്‍ നിന്ന് മത്സരിക്കും.


◾  സസ്പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍. പാലക്കാട് കണ്ണാടി മണ്ഡലം കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തിരുന്നു.അതേസമയം, താന്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പരിചയമുള്ള ആളുകളെ കാണുക മാത്രമാണ് ചെയ്തതെന്നുമാണ്രാഹുലിന്റെ പ്രതികരണം. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ തനിക്ക് ചെയ്യാന്‍ പറ്റുന്ന മുഴുവന്‍ കാര്യങ്ങളും താന്‍ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.


◾  സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുമെന്നും ഇല്ലെങ്കില്‍ മുഖ്യ പ്രതിപക്ഷമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


◾  സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള പാര്‍ലമെന്ററി കമ്മിറ്റികളില്‍ യൂത്ത് ലീഗ് നേതാക്കളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ ജില്ലാ പാര്‍ലിമെന്ററി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള മണ്ഡലം പാര്‍ലിമെന്ററി കമ്മിറ്റികളില്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെയും ഉള്‍പ്പെടുത്തും.


◾  തൃശ്ശൂര്‍ കോര്‍പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷീബ ബാബു ബിജെപിയില്‍ ചേര്‍ന്നു. നീണ്ട പതിനഞ്ച് വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ഷീബ ബാബുവാണ് മുന്നണി വിട്ടത്. ജെഡിഎസ് നേതാവായ ഇവര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ഇത്തവണ മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നഗരസഭയിലെ കൃഷ്ണപുരം ഡിവിഷനില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഷീബയെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു.



◾  വിയ്യൂര്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് തടവുകാരുടെ മര്‍ദനമേറ്റു. സെല്ലിനുള്ളില്‍ കയറാന്‍ ആവശ്യപ്പെട്ടതിനാണ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി നസറുദ്ദീനും മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജും ചേര്‍ന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഭിനവിനെ മര്‍ദ്ദിച്ചത്. അഭിനവിനെ രക്ഷിക്കാന്‍ ഓടിയെത്തിയ മറ്റൊരു തടവുകാരന്‍ റജികുമാറിനും ഇവരില്‍നിന്ന് മര്‍ദനമേറ്റു. അഭിനവിനെയും റജികുമാറിനെയും ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജയില്‍ അധികൃതര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കി.


◾  ഭാര്യയുടെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസില്‍ അഭിഭാഷകന്‍ ഉള്‍പ്പെടെ പ്രതികളെ കോടതി വെറുതേവിട്ടു. അഡ്വ. പ്രശാന്ത് വി. കുറുപ്പ് അടക്കം നാല് പ്രതികളെ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് വെറുതേവിട്ടത്. കസ്റ്റഡി മര്‍ദനങ്ങളില്‍ ആരോപണ വിധേയനായ ഡിവൈഎസ്പി മധുബാബു, പത്തനംതിട്ട സിഐ ആയിരുന്നപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്.


◾  ആലപ്പുഴയിലെ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ വീണ് മരിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സംഭവത്തില്‍ ദേശീയപാത അതോറിറ്റി അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രാജേഷിന്റെ മരണത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതോടെയാണ് രാജേഷിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കാമെന്ന് അറിയിച്ചത്.


◾  രണ്ട് ട്രക്കുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ പുണെയില്‍ 8 പേര്‍ മരിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. പുണെയിലെ നവലെ ബ്രിഡ്ജിന് സമീപത്തായിരുന്നു


◾  ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ച് വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി 501 കിലോ ലഡ്ഡു ഓര്‍ഡര്‍ ചെയ്തു. ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. എന്‍ഡിഎ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ആഘോഷത്തിന് തയാറെടുക്കുന്നത്.


◾  കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി. പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. വിചാരണക്കോടതി കുറ്റപത്രം പരിഗണിച്ചതും സമന്‍സ് അയച്ചതുമായ ഉത്തരവ് ശരിവെച്ചാണ് കര്‍ണാടക ഹൈക്കോടതി യെദ്യൂരപ്പയുടെ ഹര്‍ജി തള്ളിയത്. വിചാരണ നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും യെദ്യൂരപ്പയെ കോടതി ഒഴിവാക്കി.


◾  പശുവിനെ കശാപ്പ് ചെയ്തതിന് മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സെഷന്‍സ് കോടതിയുടെ വിധിയെ പ്രശംസിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ഗോസംരക്ഷണത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണിതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 2017 ലെ ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിന് കീഴിലുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ വിധി.


◾  സര്‍ക്കാര്‍ സ്‌കൂളില്‍ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിനെ എതിര്‍ത്തെന്ന് ആരോപിച്ച് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ അലിഡഗ് ജില്ലയിലെ സ്‌കൂളിലാണ് സംഭവം. ഷാഹ്പൂര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ ഷംഷുല്‍ ഹസനെയാണ് സസ്പെന്‍ഡ് ചെയ്തത്.


◾  ദില്ലിയിലെ വായു മലിനീകരണം അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി. മലിനമായ വായു ശ്വസിക്കുന്നത് സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും അതിനാല്‍ അഭിഭാഷകര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നില്ലെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ നിര്‍ദേശിച്ചു. ഓണ്‍ലൈനായി ഹാജരായാല്‍ മതിയെന്നാണ് നിര്‍ദേശം. കോടതിയില്‍ കേസുകള്‍ പരാമര്‍ശിക്കുന്നതിനിടെയാണ് നിര്‍ദേശം.


◾  തമിഴ്നാട്ടില്‍ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി. തിരുച്ചിരപ്പള്ളി -പുതുക്കോട്ട ദേശീയപാതയില്‍ പുതുകോട്ടയിലെ നാര്‍ത്തമലയില്‍ ആണ് സംഭവം. രണ്ട് ട്രെയിനി പൈലറ്റുമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിമാനം ഇറങ്ങിയതിന് സമീപത്തായി മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.


◾  ഫ്രാന്‍സിലെ വടക്കന്‍ മേഖലയിലെ നോര്‍മാന്‍ഡിയിലെ ഡൊസൂളില്‍ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശ വാദങ്ങള്‍ തള്ളി വത്തിക്കാന്‍. ലിയോ മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ ആണ് വത്തിക്കാന്റെ ഉന്നത മതസിദ്ധാന്ത വിഭാഗം 1970 മുതലുള്ള അവകാശ വാദം തള്ളിയത്. ഡൊസൂളില്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള പ്രചാരണം ആഗോള കത്തോലിക്കാ വിഭാഗത്തിന് അംഗീകരിക്കേണ്ടതില്ലെന്നാണ് വത്തിക്കാന്‍ വ്യക്തമാക്കിയത്.


◾  ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമാകാന്‍ ഏറ്റവുമാദ്യം ആഡംബര പെട്രോള്‍-ഡീസല്‍ കാറുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയല്ലേ വേണ്ടതെന്ന ചോദ്യവുമായി സുപ്രീം കോടതി. ഇ.വി നയം കാര്യക്ഷമമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ... പരിഗണിച്ച് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.


◾  ബിഹാറിലെ ജനവിധിയില്‍ എന്തെങ്കിലും വിധത്തിലുള്ള ക്രമക്കേടുണ്ടായാല്‍, ബംഗ്ലാദേശിലും നേപ്പാളിലുമുണ്ടായതിന് സമാനമായ വന്‍പ്രതിഷേധം സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ആര്‍ജെഡി നേതാവ് സുനില്‍ സിങ്. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തെത്താനിരിക്കെയാണ് ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ അംഗമായ സുനില്‍ സിങ്ങിന്റെ പ്രതികരണം.


◾  മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്. താരത്തിന്റെ കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണമായി. വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവര്‍ രാജസ്ഥാനിലേക്ക് പോകും. മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു.


◾  ദക്ഷിണാഫ്രിക്കക്കതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കുമ്പോള്‍ ടെമ്പാ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍. 9.30 മുതല്‍ മത്സരം ആരംഭിക്കും.


◾  സ്വര്‍ണ വിലയിലെ കുതിപ്പ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഗോള്‍ഡ് ഇടിഎഫുകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഗോള്‍ഡ് ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി ആദ്യമായി ഒരു ലക്ഷം കോടി കടന്നിരിക്കുകയാണ്. കഴിഞ്ഞ ആറു മാസമായി തുടര്‍ച്ചയായി ഗോള്‍ഡ് ഇടിഎഫിലേക്ക് നിക്ഷേപകര്‍ പണമൊഴുക്കുന്നുണ്ട്. ഒക്ടോബറില്‍ മാത്രം 7,743 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലേക്ക് എത്തിയതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. സെപ്റ്റംബറിലായിരുന്നു റെക്കോഡ് വളര്‍ച്ച കാഴ്ചവച്ചത്. 8,363 കോടി രൂപയുടെ നിക്ഷേപമാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 60 ശതമാനത്തിലധികമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇത് മഞ്ഞലോഹത്തിലേക്കുള്ള ആകര്‍ഷണം കൂട്ടി. ഒരു യൂണിറ്റ് ഗോള്‍ഡ് ഇടിഎഫ് 1 ഗ്രാം സ്വര്‍ണത്തിന് തുല്യമാണ്. രാജ്യത്ത് വിവിധ ഫണ്ടുഹൗസുകളുടേതായി 22 ഗോള്‍ഡ് ഇടിഎഫുകള്‍ നിലവിലുണ്ട്. ഇവയെല്ലാം ചേര്‍ന്ന് നിലവില്‍ കൈകാര്യം ചെയ്യുന്നത് 1.02 ലക്ഷം കോടി രൂപയുടെ ആസ്തിയാണ്. ഇ.ടി.എഫുകള്‍ വില്‍ക്കുമ്പോള്‍ ഇന്‍ഡെക്‌സേഷനില്ലാതെ 12.5 ശതമാനം മൂലധന നികുതി ബാധകമാണ്.


◾  മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കളങ്കാവലി'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. തിരുവനന്തപുരവും തമിഴ്നാടും അതിര്‍ത്തി പങ്കിടുന്ന കോട്ടായിക്കോണം എന്ന സ്ഥലവും അവിടെ നടക്കുന്ന അസാധാരണമായൊരു കുറ്റന്വേഷണ കഥയുമാണ് ചിത്രം പറയുന്നത്. ഒരു മിനിറ്റും 50 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആദ്യമുതല്‍ തിളങ്ങിയത് വിനായകന്‍ ആണെങ്കിലും ഏറ്റവും ഒടുവില്‍ ഷാഡോയില്‍ സിഗരറ്റും വലിച്ചിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെയും കാണാം. ഒറ്റ ഷോട്ടില്‍ മാത്രമാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മുജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഫൈസല്‍ അലി ഒരുക്കിയ ഗംഭീര ദൃശ്യങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നും ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. ചിത്രം നവംബര്‍ 27ന് തിയറ്ററുകളില്‍ എത്തും. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.


◾  കേരളത്തിലെ സ്ത്രീകളുടെ മനസ്സ് കവരാന്‍ 'അതിഭീകര കാമുകന്‍' എത്തുന്നു. മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബര്‍ 14നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ 'സുന്ദരിയേ' എന്ന് തുടങ്ങുന്ന പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുന്നത്. ബിബിന്‍ അശോക് ഈണം നല്‍കി വൈശാഖ് സുഗുണന്‍ എഴുതിയ ഗാനം രഖൂ ആണ് ആലപിച്ചിരിക്കുന്നത്. ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുമൊക്കെയായി ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് സിനിമ. അമ്മ വേഷത്തില്‍ മനോഹരി ജോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.


◾  ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ, പുതിയ 2026 പോര്‍ഷെ 911 ടര്‍ബോ എസ് ഇന്ത്യയില്‍ പുറത്തിറക്കി. എക്സ്-ഷോറൂം വില 3.80 കോടിയായി നിശ്ചയിച്ചിട്ടുണ്ട്. 911 സീരീസിലെ ഏറ്റവും ഉയര്‍ന്ന മോഡല്‍ മാത്രമല്ല, പോര്‍ഷെയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയതും ഹൈടെക് റോഡ് കാര്‍ എന്ന നിലയിലും ഈ കാര്‍ അറിയപ്പെടുന്നു. ഈ പുതിയ പതിപ്പില്‍, സാങ്കേതികവിദ്യ, പ്രകടനം, ആഡംബരം എന്നിവയുടെ അതിശയകരമായ സംയോജനമാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇത്തവണ, പോര്‍ഷെ പെട്രോള്‍ എഞ്ചിന് പകരം 911 ടര്‍ബോ എസില്‍ ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിച്ചു. ഇതില്‍ ഒരു പുതിയ 3.6 ലിറ്റര്‍ ഫ്ലാറ്റ്-സിക്സ് ട്വിന്‍-ടര്‍ബോ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്നു, ഇത് ഒരുമിച്ച് ഏകദേശം 711 ബിഎച്പി പവറും 800 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത്രയും പവര്‍ ഉപയോഗിച്ച്, കാര്‍ വെറും 2.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു, അതേസമയം അതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 322 കിലോമീറ്ററിലെത്തും.


◾  ഒരു കരിങ്കല്‍ക്കഷണത്തിനുണ്ടാകുന്ന അതിശയകരമായ പരിണാമങ്ങളുടെ കഥയാണ് ഇത്. പുഴയില്‍നിന്നും കിട്ടിയ ഒരു ''ദൈവക്കല്ല്' പറയുന്ന പഴമ്പുരാണങ്ങളുടെ ചീളുകള്‍ ആകാംക്ഷയോടെ പെറുക്കിക്കൂട്ടുകയാണ് കണ്ണനുണ്ണി. ഒരിടത്തൊരിടത്തൊരു ഗ്രാമീണബാലന്‍ മിഠായി നല്‍കി പ്രീതിപ്പെടുത്തിയിരുന്ന കല്ലുണ്ണി എന്ന ആ ചങ്ങാതിദൈവത്തിന് പിന്നീടുണ്ടായ രൂപഭാവമാറ്റങ്ങള്‍ ആര്‍ക്കും അവിശ്വസനീയമാകും. കോഴിച്ചോരയില്‍ ആറാടുന്ന കരിങ്കുട്ടിയായും, അരളിമാല ചൂടിയ കാളിയമ്മയായും, പനങ്കള്ള് നിവേദ്യമായ നീലിയമ്മയായും, ആടുമാടുകളുടെ രക്ഷകനായ മുണ്ടിയനായും, കാവല്‍മൂര്‍ത്തിയായ കറുപ്പസ്വാമിയായും, ഷാപ്പിലെ പാനീയം കട്ടുകുടിക്കുന്ന മൂക്കന്‍ ചാത്തനായും ഒക്കെ കൂടുവിട്ടു കൂടുമാറുകയാണ് ഇതില്‍ ആ കല്ല്! 'ഒരു കല്ലിന്റെ കഥ'. കെ.കെ. പല്ലശ്ശന. എച്ച് & സി ബുക്സ്. വില : 70 രൂപ.


◾  ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്നതിന് ഡോപ്പമിന്റെ ഉല്‍പാദനം വളരെ പ്രധാനമാണ്. തലച്ചോറില്‍ നിന്ന് പുറപ്പെടുന്ന ഡോപ്പമിന്‍ സമ്മര്‍ദവും ഉത്കണ്ഠയും നീക്കാനും പോസിറ്റീവ് ആയി ചിന്തിക്കാനും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനും സഹായിക്കും. ഡോപ്പമിന്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിന് 15 മിനിറ്റ് മോര്‍ണിങ് ദിനചര്യ പിന്തുടരാം. അതിന് മുന്‍പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മൊബൈല്‍ ഫോണുകള്‍ രാത്രി കിടക്കയില്‍ സൈഡില്‍ നിന്ന് ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം തകര്‍ക്കുന്ന ഒരു ദുശ്ശീലമാണ്. ഉണര്‍ന്ന ശേഷം 15 മിനിറ്റ് സ്‌ക്രീന്‍ ഒഴിവാക്കാം. ഫോണ്‍ സ്‌ക്രോള്‍ ചെയ്യുന്നതിന് പകരം, ഉണര്‍ന്ന ഉടന്‍ തന്നെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുക, ബെഡ് വൃത്തിയാക്കുന്നതും തണുത്ത വെള്ളം മുഖത്തൊഴിക്കുന്നതും പല്ലുകള്‍ ബ്രഷ് ചെയ്യുന്നതു പോലുള്ള സിംപിള്‍ ദിനചര്യ നിങ്ങളുടെ തലച്ചോറില്‍ നിന്ന് ഡോപ്പമിന്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുകും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.


*ശുഭദിനം*

*കവിത കണ്ണന്‍*

അയല്‍ക്കാരായ രണ്ടു കൂട്ടുകാര്‍ ഒരേ മരത്തിന്റെ തൈകള്‍ ഒരേ ദിവസം ഒരു മതിലിന് ഇരുവശവുമായി നട്ടുപിടിപ്പിച്ചു. രണ്ടുപേരും വളരെ നന്നായി അവരവരുടെ തൈകളെ പരിപാലിച്ചുവന്നു.  കാലങ്ങള്‍ കഴിഞ്ഞു. തൈകള്‍ വളര്‍ന്ന് വലുതായി. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി വലിയ ഒരു കാറ്റും മഴയും ഉണ്ടായി. കൂട്ടുകാരില്‍ ഒരാളുടെ മരം കടപുഴകി വീണു. അയാള്‍ക്ക് വലിയ വിഷമമായി. അയാള്‍ തന്റെ സുഹൃത്തിനോട് ചോദിച്ചു: 'നമ്മള്‍ രണ്ടുപേരും ഒരേ മരത്തിന്റെ ചെടികള്‍ ഒരേ ദിവസമല്ലേ നട്ടത്? എന്നിട്ടും എന്റെ മരം മാത്രമെന്തേ കടപുഴകി വീണത്? ഞാന്‍ നല്‍കാത്ത എന്ത് പ്രത്യേക പരിപാലനമാണ് നീ നിന്റെ ചെടിക്ക് നല്‍കിയത്?'  അതിന് സുഹൃത്ത് പറഞ്ഞ മറുപടി ഇങ്ങിനെ:  'ഞാന്‍ എന്റെ ചെടിക്ക് അത്യാവശ്യം വേണ്ടുന്ന വെള്ളവും വളവും മാത്രമേ നല്‍കിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇത് രണ്ടും അന്വേഷിച്ച് അതിന്റെ വേരുകള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങി. അതിനാല്‍ പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ അതിനായി. എന്നാല്‍ നീ നിന്റെ മരത്തിന് ആവശ്യത്തില്‍ കൂടുതല്‍ വെള്ളവും വളവും നല്‍കിയാണ് വളര്‍ത്തിയത്. അതുകൊണ്ട് അതിന്റെ വേരുപടലങ്ങള്‍ ആഴത്തില്‍ ഇറങ്ങിയില്ല. പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാകാതെ അത് കടപുഴുകി വീണു.' ആവശ്യത്തിലധികം വെള്ളവും വളവും നല്‍കി ചെടിയെ പരിപാലിച്ച കൂട്ടുകാരനെപ്പോലെയാണ് ഇന്നത്തെ മിക്ക മാതാപിതാക്കളും.  അറിവിനോടൊപ്പം ആവശ്യത്തിലധികം പണവും സുഖസൗകര്യങ്ങളും മക്കള്‍ക്ക് കൊടുക്കുമ്പോള്‍ തിരിച്ചറിവിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നവര്‍ വിരളമാണ്. അതുകൊണ്ടാണ് ചെറിയൊരു പ്രതിസന്ധിയെപ്പോലും തരണം ചെയ്യാനാവാതെ അവര്‍ വാടിത്തളര്‍ന്നു വീഴുന്നത്. തങ്ങളുടെ  കഴിവിനപ്പുറമുള്ള ജീവിത സൗകര്യങ്ങള്‍  മക്കള്‍ക്ക്  ചെയ്തു കൊടുക്കുന്നവര്‍ പ്രതിസന്ധികളോട് പടവെട്ടാന്‍ മക്കളെ പ്രാപ്തരാക്കാന്‍ മറന്നുപോകുകയാണ്. പരിലാളനകള്‍ വേണ്ടതുതന്നെ. എന്നാല്‍  ആവശ്യത്തിലധികമായാല്‍ എന്തും ആപത്ത് ക്ഷണിച്ചു വരുത്തും - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post