o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 ◾  എക്സില്‍ നിന്ന് പിന്‍വലിച്ച ഗണഗീതം വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ. ഗണഗീതത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് പുതിയ പോസ്റ്റ്. എറണാകുളം സൗത്ത് ബെംഗളുരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടുന്ന വീഡിയോ നേരത്തെ ദക്ഷിണ റെയില്‍വേ എക്സില്‍ നിന്ന് പിന്‍വലിച്ചിരുന്നു. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാര്‍ഥികള്‍ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്.



2025 | നവംബർ 9 | ഞായർ 

1201 | തുലാം 23 |  തിരുവാതിര l 1447 l ജമാഅത്തുൽഅവ്വൽ 18

      ➖➖➖➖➖➖➖➖


◾  ആര്‍എസ്എസ് ഗണഗീതം സംസ്ഥാനത്ത് വീണ്ടും വിവാദമാകുന്നു. എറണാകുളം - ബംഗളൂരു വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .



◾  രാജ്യത്തെ പൊതുസംവിധാനത്തെ കാവിവത്കരിച്ച്, ആര്‍എസ്എസിന്റെ നുകത്തില്‍ കെട്ടാനുള്ള നീചമായ ശ്രമത്തിന്റെ ഭാഗമാണ് വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിക്കുകയും അത് ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുകയും ചെയ്ത നടപടിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. ദേശീയഗാനം മുഴങ്ങിക്കേള്‍ക്കേണ്ട വേദികളില്‍ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണെന്നും കുട്ടികളെ വര്‍ഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കണ്ടേതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.


◾  വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ഗണഗീതം പാടിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സില്‍ നടത്തിയ വിമര്‍ശനത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കുട്ടികള്‍ അവര്‍ക്ക് ഇഷ്ട്ടുള്ള ദേശഭക്തി ഗാനം പാടിയതാണോ പ്രശ്നമെന്നും കുട്ടികളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അപലപിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ തന്നെ ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടല്ലോ എന്നും എക്‌സില്‍ രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.


◾  നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പാലക്കാട് മൂന്ന് യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് ദാരുണമായി മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്. ചിറ്റൂരില്‍ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ച കാര്‍ പിന്നീട് വയലിലേക്ക് മറിയുകയായിരുന്നു. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


◾  ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട് വാമനപുരത്ത്വെച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. മന്ത്രിയും കാറിലുണ്ടായിരുന്ന മറ്റുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു


◾  ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ ആരോപണ വിധേയനായ ഇന്‍സ്പെക്ടറെ ഉള്‍പ്പെടുത്തി. എഡിജിപി എച്ച് വെങ്കിടേഷിന്റേതാണ് നടപടി. പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്തതില്‍ വീഴ്ചവരുത്തിയ എസ്എച്ച്ഒ ശിവകുമാറിനെയാണ് എസ്ഐടിയില്‍ ഉള്‍പ്പെടുത്തിയത്. ശിവകുമാര്‍ ഇന്നലെ എസ്ഐടിക്കൊപ്പം ചേര്‍ന്നു. എന്നാല്‍, നിയമനം വിവാദമായതിനു പിന്നാലെ ഇയാളെ പിന്‍വലിക്കുന്നതായി എഡിജിപി അറിയിച്ചു.


◾  വോട്ട് ചോരിക്കെതിരെ 15 ലക്ഷം ഒപ്പുകള്‍ കേരളത്തില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടക്കുന്നതായും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.


◾  പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി കടുപ്പിച്ച് ഇഡി. കേരളത്തിലെ ഗ്രീന്‍ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി. 67 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. പന്തളത്തെ എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.


◾  സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാര്‍ത്ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നുവെന്നും ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.


◾  സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പൊതുജനങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. 250 രൂപ മുടക്കിയാല്‍ രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും ഇരുചക്ര വാഹന യാത്രികരെയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.


◾  ആലപ്പുഴ പറവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി വിദ്യാഭ്യാസ മന്ത്രി. മുന്‍ മന്ത്രിയും ആലപ്പുഴയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി സുധാകരന് അയച്ച കത്തിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. ആലപ്പുഴ പറവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് വിഎസിന്റെ പേര് നല്‍കണമെന്ന് നേരത്തെ ജി സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.


◾  കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വമെടുത്തു. മുന്‍പ് കോണ്‍ഗ്രസിലായിരുന്ന സുനിത ഡിക്‌സണ്‍ 2010 ല്‍ വൈറ്റിലയില്‍ നിന്ന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


◾  ബിജെപിക്കെതിരെ കടുത്ത മുന്നറിയിപ്പും പരിഹാസവുമായി മുതിര്‍ന്ന നേതാവ് എംഎസ് കുമാര്‍. തന്റെ സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്ത ബിജെപി നേതാക്കളുടെ പേരുകള്‍ പുറത്തുവിടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആത്മഹത്യ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരാണ് നേതാക്കളായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ബിജെപിയുടെ ഭാഗമല്ലെന്ന അഡ്വ എസ് സുരേഷിന്റെ പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടായിരുന്നു കുമാറിന്റെ പ്രതികരണം.


◾  ഗോള്‍ഡന്‍ വാലി നിധി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാമെന്ന ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ മുഖ്യപ്രതിയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. ഗോള്‍ഡന്‍വാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ എം.താര എന്ന താര കൃഷ്ണനെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.


◾  പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തില്‍ കുടുംബത്തിന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപയാണ് അനുവദിച്ചത്. ധനസഹായം ആശ്വാസമേയല്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത് എന്നും കുട്ടിയുടെ അമ്മ പറഞ്ഞു .ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും വീഴ്ചയ്ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ലെന്നും സസ്പെന്‍ഷന്‍ അല്ല ഡോക്ടര്‍മാരെ പുറത്താക്കുകയാണ് വേണ്ടത് എന്നും അമ്മ പറഞ്ഞു.


◾  മദര്‍ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസലിക്കയില്‍ നടന്ന ചടങ്ങില്‍ മാര്‍പ്പാപ്പയുടെ പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി അറിയപ്പെടുന്ന മദര്‍ ഏലീശ്വ രാജ്യത്തെ ആദ്യ തദ്ദേശിയ കര്‍മലീത്താ സന്യാസിനി സഭയുടെ സ്ഥാപകയുമാണ്


◾  പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്. മുക്കാലിയില്‍ നിന്നും നാല് കിലോമീറ്റര്‍ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം.


◾  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കൂടുതല്‍ ഓഡിയോ സന്ദേശം പുറത്ത്. തനിക്ക് എന്തെങ്കിലും സംഭിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏല്‍ക്കുമോയെന്നും കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവര്‍ക്ക് നികത്താനാകുമോയെന്നും സന്ദേശത്തില്‍ ചോദിക്കുന്നുണ്ട്. ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നതെന്നും വേണു അയച്ച ഓഡിയോയില്‍ പറയുന്നുണ്ട്.


◾  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിനെതിരേ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. പ്രധാനമന്ത്രിക്കെതിരേ പാട്ടെഴുതിയതിനാലാണ് സര്‍ക്കാര്‍ വേടന് അവാര്‍ഡ് നല്‍കിയതെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.


◾  ശാരീരിക വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച തളിക്കുളം സ്വദേശിനി അനീഷ അഷ്റഫ് പ്രത്യേകാനുമതിയോടെ വീട്ടിലിരുന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് ശരീരം തളര്‍ന്നിട്ടും, പഠനത്തോടുള്ള അനീഷയുടെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഇളവ് നല്‍കുകയായിരുന്നു.


◾  ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്നും രാജ്യത്തിന്റെ ഉത്തരവാദിത്വംഹിന്ദുക്കള്‍ക്കാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ശതാബ്ദി ആഘോഷിക്കുന്ന ആര്‍എസ്എസിനെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ഭാഗവത്. നമ്മള്‍ പുരാതനമായ ഒരു രാഷ്ട്രമാണെന്നും നമുക്കൊരു അടിസ്ഥാന സംസ്‌കാരമുണ്ടെന്നും അതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏത് വാക്കും ഹിന്ദു എന്ന പദത്തിലേക്ക് നയിക്കുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസില്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു,


◾  ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസ് ചില്ലില്‍ ഇടിച്ച് പരുന്ത് അകത്തേക്ക് വീണതിനെ തുടര്‍ന്ന് പൈലറ്റിന് പരുക്കേറ്റു. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. ബാരാമുള്ള - ബനിഹാല്‍ ട്രെയിനിന്റെ എഞ്ചിന്റെ മുന്‍വശത്തെ ഗ്ലാസ് ചില്ല് തകര്‍ത്താണ് പരുന്ത് അകത്തേക്ക് വീണത്. ബിജ്ബെഹാര റെയില്‍വെ സ്റ്റേഷനും അനന്ത്‌നാഗ് റെയില്‍വെ സ്റ്റേഷനും ഇടയില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്.


◾  വായു മലീനീകരണം രൂക്ഷമായതോടെ ദില്ലി സര്‍ക്കാരിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ അന്‍പത് ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണവും വരുത്തി. പുതിയ സമയക്രമം ശൈത്യകാലമായ നവംബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് പ്രാബല്യത്തില്‍ വരുന്നത്.


◾  ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍പിടിക്കാനായി രാഹുല്‍ഗാന്ധി കുളത്തിലേക്കിറങ്ങിയ സംഭവം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മുങ്ങിത്താഴാന്‍ പരിശീലിക്കുകയാണെന്നാണ് മോദി പരിഹസിച്ചത്. ബിഹാറിലെ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിന് മുന്നോടിയായി സീതാമഡിയില്‍ പൊതു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പരിഹാസം.


◾  തീവണ്ടിക്കുള്ളിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ചു ചെന്ന യാത്രക്കാരന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍ .നേത്രാവതി എക്സ്പസില്‍ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരന്‍ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. സംഭവത്തില്‍ പാര്‍ട്രികാര്‍ മനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.


◾  ബിഹാറിലെ സമസ്തിപൂരില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ നടുറോഡില്‍ കണ്ടെത്തിയത് വിവാദമാകുന്നു. വലിയ അളവില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ ചിതറിക്കിടക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണിതെന്ന് ആര്‍ജെഡി ആരോപിച്ചു. എന്നാല്‍, ഈ സ്ലിപ്പുകള്‍ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാര്‍ത്ഥ വോട്ടെടുപ്പിന് മുന്‍പ് നടത്തിയ മോക്ക് പോളില്‍ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.


◾  കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ പുതിയ രാഷ്ട്രീയ വിവാദം തലപൊക്കി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കൊടും ക്രിമിനലുകള്‍ക്കടക്കം പ്രത്യേക പരിഗണനയും സുഖസൗകര്യങ്ങളും നല്‍കുന്നതിന്റെ, ജയിലിന് അകത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 20 സ്ത്രീകളെ പീഡിപ്പിക്കുകയും ഇതില്‍ 18 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ഉമേഷ് റെഡ്ഡിയുടെ അടക്കം വീഡിയോ ദൃശ്യങ്ങളാണ് ഉള്ളത്. സംഭവം വിവാദമായതോടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു.


◾  ഡല്‍ഹിയില്‍ ദിനംപ്രതി വായുഗുണനിലവാരം മോശമാകുന്നതില്‍ ഡല്‍ഹി സര്‍ക്കാരിനെ പരിഹസിച്ച് ശശി തരൂര്‍ എംപി.  ഡല്‍ഹിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള തന്റെ ഒരു പഴയ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവെച്ച്, ഇപ്പോഴും പോസ്റ്റ് പ്രസക്തമാണെന്ന് കുറിച്ചുകൊണ്ടാണ് തരൂരിന്റെ പരിഹാസം.


◾  മുഹമ്മദ് യൂനുസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ഷെയ്ഖ് ഹസീന. ഇന്ത്യ ബംഗ്ലാദേശ് ബന്ധം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ഷെയ്ഖ് ഹസീന ആരോപിച്ചു. തനിക്ക് അഭയം നല്‍കിയ ഇന്ത്യയോട് എന്നും കടപ്പാടുണ്ടെന്നും ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് അവാമി ലീഗ് പ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിക്കുമെന്നും തനിക്കും പാര്‍ട്ടിക്കുമെതിരായ കോടതി നടപടികള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.


◾  ഇന്ത്യയുമായി നടന്ന ഏറ്റുമുട്ടലിലെ തിരിച്ചടിയേ തുടര്‍ന്ന് പുതിയ സൈനിക തന്ത്രങ്ങള്‍ മെനഞ്ഞ് പാകിസ്താന്‍. സംയുക്ത കമാന്‍ഡ് സ്ഥാപിക്കുന്നതിനും മൂന്ന് സായുധ സേനാവിഭാഗങ്ങള്‍ക്കും ഇടയില്‍ മികച്ച ഏകോപനം ഉറപ്പാക്കുന്നതിനുമായി 'കമാന്‍ഡര്‍ ഓഫ് ഡിഫന്‍സ് ഫോഴ്‌സസ്' എന്ന പദവി അവതരിപ്പിക്കാന്‍ പാകിസ്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.  


◾  വംശഹത്യ ആരോപിച്ച്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി. തുര്‍ക്കിയുടെ നടപടിയെ വളരെ പുച്ഛത്തോടെ കാണുന്നുവെന്ന് ഇസ്രയേല്‍ മറുപടി പ്രസ്താവനയില്‍ പറഞ്ഞു.


◾  കിഴക്കന്‍ യുക്രൈനിലെ പോക്രോവ്‌സ്‌ക് നഗരം റഷ്യ കീഴടക്കിയതായി റിപ്പോര്‍ട്ട്. 21 മാസമായി തുടരുന്ന യുദ്ധത്തില്‍ ഏറെനാളിന് ശേഷം റഷ്യ നേടുന്ന നിര്‍ണായക മുന്നേറ്റമായാണ് ഈ വിജയം കണക്കാക്കുന്നത്. യുക്രൈന്റെ പ്രതിരോധത്തെ തകര്‍ത്ത് റഷ്യന്‍ സൈന്യം നഗരത്തില്‍ പ്രവേശിച്ചു കഴിഞ്ഞു.


◾  ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലമെഡലുകളും സ്വന്തമാക്കി. ഒളിമ്പ്യന്‍ ഇളവേണില്‍ വളരിവന്‍ വെങ്കലം സ്വന്തമാക്കിയപ്പോള്‍ രവീന്ദര്‍ സിങ് സ്വര്‍ണം നേടി.


◾  ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഓസീസ് ഒരു മത്സരം ജയിച്ചു. രണ്ട് മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചു. നേരത്തേ ഓസീസിനെതിരായ ഏകദിനപരമ്പര ഇന്ത്യക്ക് നഷ്ടമായിരുന്നു. ഗാബയില്‍ നടന്ന അവസാനമത്സരവും മഴ മുടക്കിയതോടെയാണ് ഇന്ത്യയുടെ പരമ്പരനേട്ടം. മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങിനിടെയാണ് മഴയെത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.5 ഓവറില്‍ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്.


◾  പ്രമുഖ ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ നികുതിക്കു ശേഷം 270 കോടി രൂപ മൊത്ത ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തെയപേക്ഷിച്ച് ലാഭം 16 ശതമാനം വര്‍ധിച്ചു. ഓഹരിയൊന്നിന് 1.5 രൂപ വീതം ഇടക്കാല ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫീസ്, കമ്മീഷന്‍ ഇനങ്ങളിലായി 341 കോടി രൂപയുടെ എക്കാലത്തേയും ഉയര്‍ന്ന വരുമാനമാണ് രണ്ടാം പാദത്തില്‍ കമ്പനി നേടിയത്. മുന്‍വര്‍ഷം സമാന കാലയളവിനേക്കാള്‍ 20 ശതമാനം വളര്‍ച്ചയുണ്ടായി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 26 ശതമാനം ഉയര്‍ന്ന് 32,021 കോടി രൂപയുടേതായി. മ്യൂച്വല്‍ ഫണ്ട് ശരാശരി ആസ്തി 30 ശതമാനം ഉയര്‍ന്ന് 14,902 കോടി രൂപയായി. എസ്ഐപിയിലൂടെ പ്രതിമാസം 115 കോടി രൂപയാണ് ലഭിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 59 ശതമാനം അധികമാണിത്. ഭവന വായ്പ ആസ്തി 28 ശതമാനം വളര്‍ന്ന് 3,031 കോടി രൂപയായി. ഉപഭോക്താക്കളുടെ എണ്ണത്തില്‍ 29 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രഥമിക ഓഹരി വില്‍പനയിലൂടെയുള്ള ധന വിനിമയം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 56 ഐപിഒ അഭ്യര്‍ത്ഥനകളിലൂടെ 1,20,000 കോടി രൂപയാണ് വിനിമയം ചെയ്യപ്പെട്ടത്.


◾  വിജയിയുടെ കരിയറിലെ അവസാന ചിത്രമായ 'ജന നായകനി'ലെ ഫസ്റ്റ് സിംഗിള്‍ റിലീസ് ചെയ്തു. ദളപതി കച്ചേരി എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് ആണ്. അനിരുദ്ധും അറിവും വിജയിയും ചേര്‍ന്നാണ് ഗാനം അലപിച്ചിരിക്കുന്നത്. അറിവിന്റേതാണ് വരികള്‍. പുജാ ഹെഗ്ഡെയും മമിത ബൈജും വിജയ്ക്ക് ഒപ്പം ആടിത്തിമിര്‍ക്കുന്നത് വീഡിയോയില്‍ കാണാം. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം 2026 ജനുവരി 9ന് തിയറ്ററുകളില്‍ എത്തും. രണ്ട് ദിവസം മുന്‍പ് ആയിരുന്നു ജന നായകന്റെ റിലീസ് തിയതി പുറത്തുവന്നത്. പൊങ്കല്‍ റിലീസായാണ് ജനുവരി 9ന് ചിത്രം തിയറ്ററുകളില്‍ എത്തുക. ജനനായകനിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണുള്ളത്.


◾  മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' എന്ന ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്. എട്ട് മാസങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ മമ്മൂട്ടി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. വിനായകനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. നവംബര്‍ 27 ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിനായകന്റെ പോസ്റ്ററാണ് ഇന്ന് പുറത്തുവന്നത്. നേരത്തെ വന്ന പോസ്റ്ററുകളെല്ലാം തന്നെ വലിയ നിഗൂഢതകള്‍ നിറഞ്ഞുനില്‍ക്കുന്നവയായിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്. ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജീഷ വിജയന്‍, ആര്‍ജെ സൂരജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.


◾  മഹീന്ദ്ര ബിഇ6 ബാറ്റ്മാന്‍ എഡിഷന്‍ സ്വന്തമാക്കി തമിഴ് സിനിമ താരം മൃണാളിനി രവി. ക്രിസ്റ്റഫര്‍ നോളന്റെ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ഇലക്ട്രിക് എസ്യുവിയുടെ ലിമിറ്റഡ് എഡിഷന്‍. തുടക്കത്തില്‍ 300 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ ഇറക്കുള്ളൂ എന്നു പറഞ്ഞ കമ്പനി വമ്പന്‍ പ്രതികരണത്തെ തുടര്‍ന്ന് 999 കാറുകള്‍ വില്‍പ്പനക്കെത്തുമെന്ന് പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. 27.79 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഈ മോഡല്‍ പാക്ക് ത്രീ 79 കിലോവാട്ട് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മിര്‍ണാലിനി, ഗദ്ദലകൊണ്ട ഗണേഷ്, ചാമ്പ്യന്‍, എനിമി, കോബ്ര എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അറിയപ്പെടുന്നത്. ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ സിനിമ നടിയാണ് മൃണാളിനി.


◾  ഇറാഖിലും ബ്രിട്ടനിലുമായി ജീവിക്കുന്ന ഒരു അമ്മയുടെയും മകളുടെയും കണ്ണുകളിലൂടെ ഉരുത്തിരിയുന്ന ഇറാഖിലെ സമീപകാല സാമൂഹിക, രാഷ്ട്രീയ സ്ഥിതിഗതികള്‍. ഒരു ഇറാഖി ബ്രിട്ടീഷ് മനശ്ശാസ്ത്രജ്ഞയായ മോണാ ഹദ്ദാദിന്റെ അനുഭവങ്ങളിലൂടെ ആരംഭിക്കുന്ന നോവല്‍ അമ്മയായ ഡയാനയുടെ ചെറുപ്പകാലത്തെ ഇറാഖി ജീവിതവഴികളിലൂടെ സഞ്ചരിക്കുന്നു. ഇറാഖിലെ രാജകുടുംബത്തിലെ ആയയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്ന ഡയാനയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗവും. ഡയാനയുടെ കുടുംബവുമായി ഇടപെടുന്ന മനുഷ്യരുടെ പല തലങ്ങളിലും വ്യാപ്തിയിലും ഉള്ള സ്വഭാവവൈചിത്യങ്ങള്‍. 'ബാഗ്ദാദിലെ അപരിചിത'. എലിസബത്ത് ലൗഡന്‍. പരിഭാഷ - ഹരിത സാവിത്രി. ഗ്രീന്‍ ബുക്സ്. വില 522 രൂപ.


◾  ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ പ്രവര്‍ത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. ഡിഎന്‍എയുടെ രൂപപ്പെടലിനും ബി12 ആവശ്യമാണ്. ഭക്ഷണത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ബി 12 ഇല്ലാത്ത അവസ്ഥ, വയറിന്റെ ഭിത്തികളില്‍ നീര് വയ്ക്കുന്ന ഗ്യാസ്ട്രിറ്റിസ്, ദഹനപ്രശ്നങ്ങള്‍, മദ്യപാനം എന്നിവയെല്ലാം വിറ്റാമിന്‍ ബി 12 അഭാവത്തിലേയ്ക്ക് നയിക്കാറുണ്ട്. വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. അതുപോലെ മനംമറിച്ചില്‍, ഛര്‍ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ചര്‍മ്മത്തിലെ മഞ്ഞനിറം തുടങ്ങിയവയെല്ലാം ഒരുപക്ഷേ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്. വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോള്‍ ലക്ഷണങ്ങളും കൂടുതല്‍ സങ്കീര്‍ണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാന്‍ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരല്‍, പെരുമാറ്റത്തില്‍ വ്യതിയാനങ്ങള്‍ എന്നിവ ചിലരില്‍ ഉണ്ടാകാം. പാല്‍, മുട്ട, മത്സ്യം, യോഗര്‍ട്ട്, ബീഫ്, സാല്‍മണ്‍, ചൂര, ചീസ്, മത്തി, പാലുല്‍പന്നങ്ങള്‍, സോയ മില്‍ക്ക്, അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.


*ശുഭദിനം*

*കവിത കണ്ണന്‍*

1991 ല്‍ ആന്ധ്രപ്രദേശിലെ സീതരാമപുരമെന്ന ഗ്രാമത്തിലാണ് ശ്രീകാന്ത് ബൊല്ല ജനിച്ചത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത കുഞ്ഞായിരുന്നു ശ്രീകാന്ത്.  ദാരിദ്ര്യം നിറഞ്ഞ ജീവിതത്തില്‍ ഈ കുഞ്ഞൊരു ബാധ്യതയാകുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞെങ്കിലും, അച്ഛനും അമ്മയും അവനെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല.  കാഴ്ചയില്ലാത്ത അവന്റെ കണ്ണുകളായി അവര്‍ മാറി.  പത്താം ക്ലാസ്സ് പരീക്ഷയില്‍ 90% മാര്‍ക്കോടെ അവന്‍ പാസ്സായി.  പ്ലസ് വണ്ണിന് സയന്‍സ് സിലബസ് പഠിക്കാന്‍ ആഗ്രഹിച്ച അവന് നല്ല മാര്‍ക്കുണ്ടായിട്ടും അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു.  കണ്ണ് കാണാത്ത ഒരാള്‍ക്ക് ഗ്രാഫുകളും ചിത്രങ്ങളും ഒക്കെ പഠിക്കാന്‍ ബുദ്ധിമുട്ടാകും എന്ന് പറഞ്ഞാണ് അവര്‍ അവനെ ഒഴിവാക്കിയത്.  അവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയില്‍ കേസ് നല്‍കി.  അങ്ങനെ ആറുമാസത്തെ നിയമപോരാട്ടത്തിനു ഒടുവില്‍ കോടതി അവന്റെ കൂടെ നിന്നു.  പഠിക്കാന്‍ അനുവദിച്ചു.  അത് പക്ഷേ, വെറുതെയായില്ല.  പ്ലസ്ടു പാസ്സായപ്പോള്‍ അവന്റെ സര്‍ട്ടിഫിക്കറ്റില്‍ ഒരു സംഖ്യയുണ്ടായിരുന്നു. 98% മാര്‍ക്ക് എന്ന സംഖ്യ.  തുടര്‍ന്ന് ഐഐടി പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും അവിടെയും അവന്റെ അന്ധത തടസ്സമായി മാറി.  അവനെ എന്‍ട്രസ് എഴുതാന്‍ അനുവദിച്ചില്ല. തനിക്കല്ല നാട്ടിലെ ചിലര്‍ക്കാണ് അന്ധത എന്ന് തിരിച്ചറിഞ്ഞ അയാള്‍ തോല്‍ക്കാന്‍ തയ്യാറായില്ല.  രാജ്യത്തിന് പുറത്ത് അയാള്‍ തന്റെ സാധ്യത തിരയാന്‍ തുടങ്ങി.  നാല് വിദേശ യൂണിവേഴ്‌സിറ്റികള്‍ അവന്റെ അപേക്ഷ സ്വീകരിച്ചു.  അതില്‍ അമേരിക്കയിലെ യിലെ എംഐടി അവന്‍ തിരഞ്ഞെടുത്തു,  അവന്റെ കുടുംബത്തിന് അവിടേക്കുളള ചിലവ് വഹിക്കാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ യൂണിവേഴ്‌സിറ്റി അവന് സ്‌കോളര്‍ഷിപ്പ് അനുവദിച്ചു.  വന്‍കിട കോര്‍പേറ്റ് കമ്പനികളില്‍ നിന്നും ജോലിക്ക് ഓഫറുകള്‍ ലഭിച്ചപ്പോഴും അതെല്ലാം ഉപേക്ഷിച്ച് തന്റെ സ്വപ്നത്തിലേക്ക് യാത്ര തുടങ്ങി.  2012 ല്‍ നാട്ടിലേക്ക് വന്ന അവന്‍ ഹൈദ്രാബാദില്‍ ചെറിയ ഒരു വീട് വാടകയ്‌ക്കെടുത്ത് Bollant Industries എന്ന സ്ഥാപനം ആരംഭിച്ചു.  പരിസ്ഥിതി സൗഹൃദായ പാക്കിങ്ങ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുക.  വിദ്യാഭ്യാസമില്ലാത്ത , തൊഴില്‍ അറിയാത്ത, വൈകല്യം ഉളളവര്‍ക്ക് ജോലി നല്‍കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.  കമ്പനി വളരാന്‍ തുടങ്ങി.  2016 ല്‍ രത്തന്‍ ടാറ്റാ കമ്പനിയില്‍ നിക്ഷേപം നടത്തി.  2018 ല്‍ കമ്പനിയുടെ വിറ്റുവരവ് 100 കോടി പിന്നിട്ടു.  ലോക്ഡൗണ്‍ കമ്പനിക്ക് തിരിച്ചടി നല്‍കിയെങ്കിലും വീണ്ടും അവന്‍ ഒന്നില്‍ നിന്നും ആരംഭിച്ചു.  ഇന്ന് ഈ കമ്പനിക്ക് ഏകദേശം 500 കോടിയുടെ വിറ്റുവരവ് ഉണ്ട്.  നിലവില്‍ കമ്പനിയില്‍ ഏകദേശം 500 ലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്.  ഇതില്‍ 60% ത്തിന് മുകളില്‍ ഏതെങ്കിലും രീതിയില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്.  ഇതിലും നന്നായിട്ട് എങ്ങിനെയാണ് ഒരാള്‍ക്ക് പ്രതികാരം ചെയ്യാന്‍ സാധിക്കുക.. അല്ലേ.. ചില കഥകള്‍ അങ്ങിനെയാണ് നമുക്ക് സത്യമാണെന്ന് വിശ്വസിക്കുക അത്ര എളുപ്പമല്ല - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post