മയ്യഴിയുടെ സമഗ്രവികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം - ലഫ് ഗവർണ്ണർ
(മയ്യഴിയിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കമായി)
മയ്യഴി: മയ്യഴിയുടെ സമഗ്രമായ വികസനമാണ് പുതുച്ചേരി സർക്കാർ ലക്ഷ്യമിടുന്നതെന്ന്
പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മാഹിയിലെത്തി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം മാഹി ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
ചാലക്കരയിലെ രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജ് ആൻ്റ് ഹോസ്പിറ്റലിൻ്റെ ഒ.പി. ഡിപ്പാർട്ട്മെൻ്റിൻ്റെയും പഞ്ചകർമ്മ ആൻ്റ് ഫിസിയോതെറാപ്പി യൂണിറ്റിന്റെയും കെട്ടിട നിർമ്മാണത്തിന് ലഫ്. തറക്കല്ലിട്ടു.
മാഹിയിൽ മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിന്റെ കീഴിലുള്ള നഴ്സിംഗ് കോളേജും
മാഹി ഗവ. ജനറൽ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച അടുക്കള ബ്ലോക്കും ലഫ്. ഗവർണ്ണർ ഉദ്ഘാടനം ചെയ്തു.
മാഹി റെയിൽവെ സ്റ്റേഷൻ റോഡിന് സമീപം എസ്.പി ഓഫീസ് കം റസിഡൻസ് ആൻഡ് വിഐപി സ്യൂട്ട് കെട്ടിട നിർമ്മാണത്തിൻ്റെ തറക്കല്ലിടലും ലഫ്. ഗവർണ്ണർ നിർവ്വഹിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ഗുണഭോക്താക്കൾക്കുള്ള വാർധക്യ, അഗതി പെൻഷൻ വിതരണവും ലഫ്. ഗവർണർ ഉദ്ഘാടനം ചെയ്തു.
മാഹി മേഖലയിൽ സർവേ വകുപ്പ്, ആധുനിക ഡിജിറ്റൽ ഭൂമി സർവേക്ക് ഡ്രോൺ പറത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്പീക്കർ ആർ. ശെൽവം അധ്യക്ഷത വഹിച്ചു.
രമേശ് പറമ്പത്ത് എം.എൽ.എ, ഡവലപ്പ്മെൻ്റ് കമ്മീഷണർ കം സെക്രട്ടറി (റവന്യു), ഹെൽത്ത് സെക്രട്ടറി യാസിൻ എം. ചൗധരി, അഡീഷണൽ സർവ്വേയർ ജനറൽ നിർമ്മലേന്ദു കുമാർ, എസ്.എസ്.പി (വിജിലൻസ്) ഇഷ സിംഗ്, സർവ്വേ ഡയറക്ടർ സി.എച്ച്. വെങ്കടേശ്വര റാവു, ഡി.എച്ച്.എഫ്.ഡബ്ളിയു.എസ്. ഡയറക്ടർ ഡോ.എസ്.സെവ്വൽ, എം.ടി.പി.ജി.ഐ.എച്ച്.എസ്. ഡീൻ കെ.അയ്യപ്പൻ, അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, പോലീസ് സൂപ്രണ്ട് ഡോ. വിനയകുമാർ ഗാഡ് ഗേ എന്നിവർ പ്രസംഗിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെ സെൻട്രൽ ഹാളിൽ നടന്ന ഉദ്യോഗസ്ഥമേധാവികൾ
പങ്കെടുത്ത വകുപ്പ് തല അവലോകന യോഗത്തിലും ലഫ്.ഗവർണർ സംബന്ധിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശവുമായി മാഹി പോലീസ് ടീമും മാഹിയിലെ യുവാക്കളുടെ ടീമും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു. ഇതിൻ്റെ ഉദ്ഘാടനവും ലഫ്. ഗവർണ്ണർ നിർവ്വഹിച്ചു.
വൈകിട്ടോടെ ലഫ്. ഗവർണ്ണറും സ്പീക്കറും പുതുച്ചേരിക്ക് തിരിച്ചു.
































Post a Comment