o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 



◾  വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയുടെ നഷ്ടപരിഹാരത്തുക കൈമാറി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി 1.15 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. കുട്ടിയുടെയും അമ്മയുടെയും അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. ഹൈക്കോടതി കേസെടുത്തത് നിര്‍ണ്ണായകമാവുകയും ഈ മാസം 18 ന് വടകര എംഎസിടി കോടതി നഷ്ടപരിഹാരം വിധിക്കുകയുമായിരുന്നു.

◾  ഫിഫയെ വെല്ലുവിളിച്ച് ബദല്‍ ലോകകപ്പ് ടൂര്‍ണമെന്റ് നടത്താന്‍ റഷ്യ  ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2026ല്‍ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിനൊപ്പം സമാന്തര ലോകകപ്പ് നടത്താന്‍ റഷ്യയ്ക്ക് പദ്ധതിയുണ്ടെന്നാണ് അഭ്യൂഹം. യുക്രെയ്നിലെ സൈനിക നടപടിയെ തുടര്‍ന്ന് 2022 ഫെബ്രുവരി മുതല്‍ റഷ്യയ്ക്ക് ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളിലും വിലക്കുണ്ട്ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2026ല്‍ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിനൊപ്പം സമാന്തര ലോകകപ്പ് നടത്താന്‍ റഷ്യയ്ക്ക് പദ്ധതിയുണ്ടെന്നാണ് അഭ്യൂഹം. യുക്രെയ്നിലെ സൈനിക നടപടിയെ തുടര്‍ന്ന് 2022 ഫെബ്രുവരി മുതല്‍ റഷ്യയ്ക്ക് ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളിലും വിലക്കുണ്ട്


2025 | നവംബർ 27 | വ്യാഴം 

1201 | വൃശ്ചികം 11 |  അവിട്ടം 


◾ ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലുള്ള വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്സിലെ പാര്‍പ്പിട സമുച്ചയങ്ങളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 44 പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നിലക്കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. മുളകൊണ്ടുള്ള മേല്‍ത്തട്ടിയില്‍ തീ പിടിച്ചാണു ദുരന്തം. 1980കളില്‍ നിര്‍മിച്ച എട്ട് കെട്ടിടങ്ങള്‍ അടങ്ങുന്ന ഈ ഭാഗത്ത് രണ്ടായിരത്തോളം പാര്‍പ്പിട സമുച്ചയങ്ങളുണ്ട്. ഇവിടെ 4800 പേര്‍ താമസിച്ചിരുന്നു.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് സംഭവം. മുപ്പതു വര്‍ഷത്തിനിടയില്‍ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് അധികൃതര്‍ പറഞ്ഞു.


◾ മുന്‍കൂറായി പണം അടയ്ക്കാത്തതിന്റെപേരില്‍ ജീവന്‍രക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. അടിയന്തരഘട്ടങ്ങളില്‍ ഓരോ ആശുപത്രിയും സൗകര്യത്തിനനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവ ആശുപത്രികളുടെ ഉത്തരവാദിത്വമാക്കുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമവും ചട്ടവും ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് ബെഞ്ചിന്റെ മാര്‍ഗനിര്‍ദേശം.കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.


◾ പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം. കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെമൂന്നാംക്ലാസ് വിദ്യാര്‍ഥിനി തൂമ്പാക്കുളം സ്വദേശിനിആദിലക്ഷ്മി(7) യദുകൃഷ്ണന്‍(4) എന്നിവരാണ്മരിച്ചത്. സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പത്തനംതിട്ട കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്.  


◾  ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്. ഈ രണ്ട് കേസിലും ജാമ്യാക്ഷേ തള്ളുകയായിരുന്നു. ഗൂഢാലോചനയില്‍ അടക്കം പ്രതിക്ക് പങ്കുണ്ടെന്നും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്


◾  ലേബര്‍ കോഡില്‍ പ്രതികരിച്ച് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത കൊടുക്കുന്നുവെന്ന് ശിവന്‍കുട്ടി വിമര്‍ശിച്ചു. കോഡ് അതേപടി നടപ്പാക്കാന്‍ കേരളം തയ്യാറായില്ലെന്നും ഇന്ന് ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായി എന്നും എന്നാല്‍ കോഡ് അതേപടി നടപ്പാക്കാന്‍ കേരളം തയ്യാറായില്ലെന്നും ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


◾  യുഡിഎഫ് മുന്നണിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി ഇല്ലെന്നും എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും പ്രധാനപ്പെട്ട സിപിഎം നേതാക്കള്‍ ജയിലിലായിട്ടും നടപടി എടുക്കാത്തത് അതുകൊണ്ടാണെന്നും സതീശന്‍ പറഞ്ഞു. ബോംബ് എറിഞ്ഞ കേസില്‍ ജയിലില്‍ പോയ പ്രതിക്ക് ഒരു കുഴപ്പം ഇല്ലെന്നാണ് സിപിഎം പറയുന്നത്. അയാളെ സ്ഥാനാര്‍ഥിത്വത്തില്‍ തുടരാന്‍ അനുവദിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു.


◾  തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പേരിനൊപ്പമുള്ള 'ഐപിഎസ്' നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായ ടി. എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 'ഐപിഎസ്' എന്ന പദവി പേരിനൊപ്പം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


◾  സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മ. ചിറ്റയം ഗോപകുമാര്‍ തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ആയതിനാല്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുന്നതും ആലോചിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.


◾  ബാധ്യതയുണ്ടെന്ന പേരില്‍ കല്‍പ്പറ്റ നഗരസഭയിലെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സംഭവത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രഥമദൃഷ്ട്യാ തന്നെ വരണാധികാരിയുടെ നടപടി നിമയമവിരുദ്ധമെന്ന് കോടതി പറഞ്ഞു. സ്റ്റേ ഉത്തരവും കാലഹരണപ്പെട്ട നടപടിയെന്ന ഓഡിറ്ററുടെ കത്തും ഉണ്ടായിട്ടാണ് കെ ജി രവീന്ദ്രന്റെ പത്രിക തള്ളിയത്. വിശദീകരണം നല്‍കാനുള്ള സമയം പോലും നല്‍കിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.


◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സസ്‌പെന്‍ഷന്‍ തീരുമാനം തന്റെ അറിവോടെയല്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവുമായ കെ സുധാകരന്‍. നടപടി എടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഓരോ നേതാക്കള്‍ക്കും അവരുടെ അഭിപ്രായം ഉണ്ടാകുമെന്നും പാര്‍ട്ടി എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു. രാഹുലിന്റെ കാര്യത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ കെ സുധാകരന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാറണമെന്നും ശൈലി മാറ്റണമെന്നും ആവശ്യപ്പെട്ടു.


◾  13 വര്‍ഷം മുമ്പ് പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതിക്കായി പ്രചാരണം ഏറ്റെടുത്ത് ഡിവൈഎഫ്ഐ രംഗത്ത്. പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡില്‍ മത്സരിക്കുന്ന വികെ നിഷാദിനായാണ് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണം ഏറ്റെടുത്തത്. കേസില്‍ തളിപ്പറമ്പ് കോടതി ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വികെ നിഷാദിനെയും ടിസിവി നന്ദകുമാറിനെയും 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.


◾  വിമത സ്ഥാനാര്‍ഥിക്കെതിരെ വധഭീഷണി മുഴുക്കിയ അഗളി ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീറിനെതിരെ ഒടുവില്‍ കേസെടുത്തു. അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ വിമത സ്ഥാനാര്‍ഥി രാമകൃഷ്ണനെയാണ് ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് രാമകൃഷ്ണന്‍ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.


◾  കൊച്ചി കളമശേരിയിലെ പുതിയ ഹൈക്കോടതി കെട്ടിടം അടങ്ങുന്ന നിര്‍ദ്ദിഷ്ട ജുഡീഷ്യല്‍ സിറ്റിക്കായി എച്ച് എം ടിയുടെ 27 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സുപ്രീംകോടതിയുടെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് ഇക്കാര്യത്തിലെ നിലപാട് അറിയിക്കാനായി എച്ച് എം ടിക്ക് നോട്ടീസയച്ചു. ഭൂമിയില്‍ തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് നീക്കി, പകരം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കിന്‍ഫ്ര എന്നിവയ്ക്ക് സമാനമായി എച്ച് എം ടി ഭൂമി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.


◾  പാലത്തായി പീഡനക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും ആരോപണവുമായി മുന്‍ ഡിവൈഎസ്പി റഹീം. കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ കള്ളക്കഥയെന്നാണ് മുന്‍ ഡിവൈഎസ്പിയുടെ ആരോപണം. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. റിട്ടയേര്‍ഡ് എസിപി രത്നകുമാറിനെതിരെയാണ് ആരോപണങ്ങള്‍.


◾  അനാരോഗ്യത്തെ തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിങ്കിപ്പനി ബാധിച്ച വേടനെ തീവ്രപരിചരണവിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം വേടന്‍ തന്നെയാണ് സമൂഹമാധ്യത്തിലൂടെ അറിയിച്ചത്. ഇതേ തുടര്‍ന്ന് നാളെ ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റി വച്ചു. അടുത്ത മാസം 12ന് ഈ പരിപാടി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


◾  എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വര്‍ക്കല തുമ്പോട് സ്വദേശി ബിനു (26)ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം 18നാണ് വിനോദയാത്രക്കെന്ന പേരില്‍ കുട്ടിയുമായി നാടുവിട്ടത്. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതി പിടിയിലായത്.



◾  പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ സെഷന്‍സ് കോടതി തള്ളി. കണ്ണൂര്‍ പഴയങ്ങാടി എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ് പിന്‍വലിക്കാനായി സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയാണ് തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍സ് കോടതി തള്ളിയത്. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 13 സിപിഎം പ്രവര്‍ത്തകര്‍ പ്രതിയായ കേസിലാണ് കോടതി ഉത്തരവ്.


◾  സുപ്രീം കോടതി അതൃപ്തി അറിയിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിച്ചതില്‍ സത്യാ വാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാനം. കേരളത്തില്‍ 28 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ഇല്ലെന്നും ആകെ 518 പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ലോക്കപ്പിന് മുന്നിലെ ഇടനാഴി, റിസപ്ഷന്‍, പോലീസ് സ്റ്റേഷന്റെ പ്രവേശന കവാടം, പിന്‍ഭാഗം എന്നിവിടങ്ങളിലും സിസിടിവികള്‍ സ്ഥാപിച്ചു.


◾  പാലക്കാട് പ്രസവത്തിന് പിന്നാലെ കുട്ടി മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുട്ടി മരിച്ചത് ആശുപത്രിയുടെ ചികിത്സാ പിഴവാണെന്ന് രക്ഷിതാവാണ് ആരോപിച്ചത്. വണ്ടി താവളം സ്വദേശി നാരായണന്‍ കുട്ടിയുടെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു താലൂക്ക് ആശുപത്രിയില്‍ സിസേറിയന്‍ ചെയ്യുന്നതിനുള്ള തിയതി നല്‍കിയിരുന്നത്. ചൊവ്വാഴ്ച രാവിലെ ഭാര്യയ്ക്ക് പ്രസവ വേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് നാരായണന്‍ കുട്ടി പറയുന്നു.


◾  വരാനിരിക്കുന്ന വിവിധ സംസ്ഥാന ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. തിങ്കളാഴ്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിശദവാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.  പിന്നീട് കേസ് ഡി വൈ ചന്ദ്രചൂഡിന്റെ പരിഗണനയ്ക്ക് എത്തിയിരുന്നില്ല. തുടര്‍ന്നാണ് പുതിയ ഹര്‍ജി നല്‍കിയതും സുപ്രീം കോടതി ഇപ്പോള്‍ വിശദവാദം കേള്‍ക്കാന്‍ തീരുമാനിച്ചതും.


◾  മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. വാരനാട് സ്വദേശിനിയായ റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ എന്ന ഐഷയുടെ കൊലപാതക കേസില്‍ തെളിവെടുപ്പിന്റെ ഭാഗമായാണ് ചേര്‍ത്തല പൊലീസ് പരിശോധന നടത്തിയത്.


◾  തൃശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറുമാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്. അര്‍ച്ചന ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


◾  തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തുകാല്‍ നാറാണിയില്‍ രതീഷ്- ബിന്ദു ദമ്പതികളുടെ ഏക മകനും കാരക്കോണം പിപിഎം ഹൈസ്‌ക്കൂളിലെ വിദ്യാര്‍ഥിയുമായ അനന്തു (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ വീട്ടുകാരാണ് കണ്ടത്.


◾  തമിഴ്നാട് കോയമ്പത്തൂരില്‍ ഭീതി പരത്തിയ ആളെക്കൊല്ലി കൊമ്പന്‍ 'റോളക്സ് 'ചരിഞ്ഞു. കഴിഞ്ഞ മാസമാണ് 4 കുങ്കിയാനകളുടെ സഹായത്തോടെ റോളക്സിനെ തളച്ചത്. രണ്ടാഴ്ച മുന്‍പ് ആനമല കടുവ സങ്കേതത്തില്‍ തുറന്നുവിട്ടിരുന്നു. 4 പേരെ കൊന്നിട്ടുള്ള റോളക്സ് വ്യാപകമായി കൃഷി നശിപ്പിക്കുകയും നാട്ടുകാരെ ഉപദ്രവിക്കുകയും തുടര്‍ന്നപ്പോഴാണ് വനംവകുപ്പ് പിടികൂടാന്‍ തീരുമാനിച്ചത്.ആനയെ തുറന്നുവിട്ടെങ്കിലും ഇന്നലെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.


◾  മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷം. ആശയക്കുഴപ്പം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.


◾  ട്രെയിനില്‍ ഹലാല്‍ ഭക്ഷണം മാത്രം വിളമ്പുന്നത് വിവേചനമാണെന്നും മനുഷ്യാവകാശ ലംഘനമെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ത്യന്‍ റെയില്‍വേക്ക് നോട്ടീസ് അയച്ചു. ഇന്ത്യന്‍ റെയില്‍വേയില്‍ ഹിന്ദു ദളിത് സമൂഹങ്ങളില്‍ നിന്നുള്ള ഇറച്ചി വ്യാപാരവുമായി ബന്ധപ്പെട്ടവരെ ജോലിക്ക് നിയമിക്കുന്നില്ലെന്നും ഇത് തുല്യ അവസരത്തിന് മേലുള്ള കടന്നുകയറ്റമെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.


◾  ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കടുത്ത് വേലമ്പാട് ടൈല്‍സ് ഫാക്ടറിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. ഫാക്ടറിയില്‍ ടൈല്‍സ് നിര്‍മ്മാണത്തിനായി എല്‍പിജി സൂക്ഷിച്ചിരുന്ന ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ്് സംഭവം. ടാങ്കില്‍ ചോര്‍ച്ച സംബന്ധിച്ച് പരിശോധന നടക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം.


◾  പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയ മറുപടി മുംബൈ ഭീകരാക്രമണത്തിലും നല്‍കണമായിരുന്നുവെന്ന് മുന്‍ എന്‍എസ്ജി കമ്മാന്‍ഡോ സുരേന്ദര്‍ സിങ്. മുംബൈ ഭീകരാക്രമണത്തിന്റെ 17ാം വാര്‍ഷികത്തില്‍ നല്‍കിയ അഭിമുഖത്തിലാണ്, മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരോട് ഏറ്റുമുട്ടി ജയിച്ച എന്‍എസ്ജി കമ്മാന്‍ഡോ സംഘത്തിലെ അംഗമായ അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.


◾ കൊല്‍ക്കത്തയിലെ സ്വകാര്യ ഹോട്ടലില്‍ മുറിക്കകത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. കൊല്ലപ്പെട്ട സിഎ ആദര്‍ശ് ലൊസാല്‍ക ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട ലിവ് ഇന്‍ പങ്കാളികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പപറയുന്നു. ആദര്‍ശ് 20,000 രൂപ നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.


◾  ഭരണഘടന ദിനത്തില്‍ ഭരണഘടനയുടെ പേരില്‍ വാക് പോരുമായി ഭരണപക്ഷവും പ്രതിപക്ഷവും. ഭരണത്തിലിരുന്നപ്പോള്‍ ഭരണഘടന വാര്‍ഷികം ആഘോഷിക്കാന്‍ പോലും ചിലര്‍ മിനക്കെട്ടില്ലെന്ന് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി ഒളിയമ്പെയ്തു. ഭരണഘടനയുടെ സംരക്ഷകനാണ് താനെന്നും ഒരു ആക്രമണവും അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. കൊളോണിയല്‍ ചിന്താഗതി ഉപേക്ഷിച്ച് ദേശീയയിലേക്ക് ഭരണഘടന വഴികാട്ടുകയാണെന്ന് എഴുപത്തിയാറാം ഭരണഘട ദിനത്തില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു പറഞ്ഞു.


◾  റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക  ഖനനപദ്ധതി ആവിഷ്‌കരിച്ച് ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജം, പ്രതിരോധ മേഖല എന്നിവയിലുടനീളം ഉപയോഗിക്കുന്ന സിന്റേഡ് റെയര്‍ എര്‍ത്ത് പെര്‍മനന്റ് മാഗ്നറ്റുകളുടെ (REPMs) ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.


◾  രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിനേക്കുറിച്ചുള്ള പാകിസ്താന്റെ പരാമര്‍ശത്തിനെതിരേ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വര്‍ഗീയതയുടേയും ന്യൂനപക്ഷ അടിച്ചമര്‍ത്തലുകളുടേയും നീണ്ട ചരിത്രമുള്ള പാകിസ്താന് മറ്റുള്ളവരെ ഉപദേശിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് മന്ത്രാലയവക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. കപട പ്രസംഗങ്ങള്‍ നടത്തുന്നതിന് പകരം പാകിസ്താന്‍, ദയനീയമായ സ്വന്തം മനുഷ്യാവകാശം സംബന്ധിച്ചരേഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കു മേലുള്ള വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തിന്റെ ഭാഗവും മുസ്ലിം പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമവുമാണെന്ന് പാകിസ്താന്‍ ആരോപിച്ചിരുന്നു.


◾  പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കൊല്ലപ്പെട്ടെന്ന് പാക്ക് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. പാക്ക് ചാര സംഘടനയായ ഐഎസ്ഐയാണ് ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം, പാക്ക് സര്‍ക്കാറോ ജയില്‍ അധികൃതരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 73കാരനായ ഇമ്രാന്‍ ഖാന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ ജയിലിലാണ്.


◾  അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ 2 സൈനികര്‍ കൊല്ലപ്പെട്ടു. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

◾  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ 136 കോടി രൂപ ചെലവില്‍ ആഡംബര ഹോട്ടല്‍ നിര്‍മിക്കാന്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. 8,000 ചതുരശ്ര അടിയില്‍ 240 റൂമുകളുള്ള ഹോട്ടല്‍ നിര്‍മിക്കാനാണ് പദ്ധതി. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളത്തിലെ നിലവിലുള്ള പാര്‍ക്കിംഗ് ഏരിയയിലാണ് ആധുനിക സൗകര്യങ്ങളുള്ള ഹോട്ടല്‍ വരുന്നത്. നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ 1,300 കോടി രൂപയുടെ സിറ്റി സൈഡ് ഡവലപ്മെന്റ് അദാനി ഗ്രൂപ്പ് നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ചാക്കയിലുള്ള അന്താരാഷ്ട്ര ടെര്‍മിലിന് മുന്‍വശത്ത് ഹോട്ടല്‍ നിര്‍മിക്കുന്നത്. ഈ ഭൂമി 2021ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് 2021ല്‍ അദാനി ഗ്രൂപ്പിന് കൈമാറിയത്. അഞ്ച് നിലകളിലായിരിക്കും കെട്ടിട നിര്‍മാണം. രണ്ട് നിലകളിലായി ഭൂഗര്‍ഭ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും.


◾  മലയാള സിനിമാപ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന 'കളങ്കാവല്‍'. ആദ്യം നവംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി പിന്നീട് മാറ്റിയിരുന്നു. ഡിസംബര്‍ 5 ആണ് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ റിലീസ് തീയതി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടിയെയും വിനായകനെയും വീഡിയോയില്‍ കാണാം. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫെറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍.


◾  ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഫെമിനിച്ചി ഫാത്തിമ ഒടിടിയിലേക്ക്. ഒക്ടോബര്‍ 10-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും തമര്‍ കെവിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. തിയറ്ററുകളിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ ഫെമിനിച്ചി ഫാത്തിമ ശ്രദ്ധേയമായ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിട്ടില്ല. ഒരു പുതിയ കിടക്ക എന്ന ഫാത്തിമയുടെ അടിസ്ഥാനപരമായ ആഗ്രഹവും, അതിനായുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ കാതല്‍. തീരാപ്പണികള്‍ക്ക് ശേഷം നടുവേദനയില്ലാതെ, സമാധാനത്തോടെ ഒന്നുറങ്ങാനുള്ള അവളുടെ ആഗ്രഹം ഒരു മനുഷ്യാവകാശ പോരാട്ടമായി മാറുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് പ്രിന്‍സ് ഫ്രാന്‍സിസാണ്.


*ശുഭദിനം*

*കവിത കണ്ണന്‍*

സര്‍ക്കസ് കമ്പനിയില്‍ പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പരിശീലകന്‍ നാലഞ്ചു കടുവകളെ ഒരു ഇരുമ്പുകൂട്ടിലാക്കി.  വളരെ ആകാംക്ഷാഭരിതരായി എല്ലാവരും ഇരിക്കുമ്പോള്‍തന്നെ പരിശീലകന്‍ വാതില്‍ തുറന്ന് കൂടിന്റെ അകത്തുകയറി. ഇരുമ്പുകൂട്ടിനുള്ളില്‍ നാലഞ്ചു കൂറ്റന്‍ കടുവകളുടെ നടുവില്‍ ഈ കൊച്ചു മനുഷ്യന്‍ തനിയെ. ചാട്ടവാറുകൊണ്ടുളള അടിയുടെ ശബ്ദവും ആംഗ്യങ്ങളും മനസിലാക്കി കടുവകള്‍ വളരെ അനുസരണത്തോടെ അയാള്‍ പറയുന്നതുപോലെ എല്ലാം ചെയ്യുന്നു. ഇങ്ങനെ കൂട്ടിനുള്ളില്‍ ഓരോ പരിപാടികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു വൈദ്യുതി നിലച്ചു.  കൂരിരുട്ട്. കടുവാക്കൂട്ടില്‍ ഈ മനുഷ്യനും കടുവകളും! ഇരുട്ടില്‍ കടുവകള്‍ക്ക് ഇയാളെ കാണാം. എന്നാല്‍, ഇരുട്ടിന്റെ കാഠിന്യം കൊണ്ട് പരിശീലകന് കടുവകളെ കാണാന്‍ ഒരു നിവൃത്തിയും ഇല്ല.  നിമിഷങ്ങള്‍ നീങ്ങി. കുറേ കഴിഞ്ഞപ്പോള്‍ വെളിച്ചം വന്നു. അയാള്‍ക്കു എന്തു സംഭവിച്ചെന്നറിയാന്‍ ആളുകളെല്ലാം ചാടി എഴുന്നേറ്റ് സ്റ്റേജിലേക്ക് എത്തിനോക്കി. അപ്പോഴും അയാളും കടുവകളും തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന കസര്‍ത്തുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. പരിശീലകന്‍ ആജ്ഞാപിക്കുന്നു, ചാട്ട കൊണ്ടടിക്കുന്നു,കടുവകള്‍ അക്ഷരംപ്രതി അനുസരിക്കുന്നു! അത്ഭുതപരതന്ത്രരായിത്തീര്‍ന്ന കാണികള്‍ എല്ലാവരും ആ മനുഷ്യനെ പിന്നീട് ചോദ്യങ്ങളുമായി വളഞ്ഞു. വൈദ്യുതിപോയ സമയത്ത് നിങ്ങള്‍ എന്തു ചെയ്തു?' ജനങ്ങള്‍ അയാളോട് ചോദിച്ചു. അയാള്‍ പറഞ്ഞു:  'ഏതുനിമിഷവും ഈ കടുവകള്‍ എന്നെ കടിച്ചു കീറുമെന്ന് എനിക്കറിയാമായിരുന്നു.'ഇതുങ്ങള്‍ക്ക് എന്നെ കാണാം.പക്ഷേ, എനിക്ക് കാണാന്‍വയ്യ എന്നുളളകാര്യം അവര്‍ക്കറിയില്ല'.  അതുകൊണ്ട് വെളിച്ചം ഉണ്ടായിരുന്നതു പോലെതന്നെ അഭിനയിക്കാമെന്ന് ചിന്തിച്ച് ചാട്ടവാറുകൊണ്ട് ശബ്ദം ഉണ്ടാക്കിയും കടുവകളോട് ആജ്ഞാപിച്ചുമാണ് ഞാന്‍ രക്ഷപ്പെട്ടത്. ഭയം ഉണ്ടായി, എന്നാല്‍ ആ ഭയത്തിനു ഞാന്‍ കീഴടങ്ങിയില്ല.'നമ്മില്‍ പലരും ഭയത്തോടെ ജീവിക്കുകയാണ്. പരീക്ഷകളിലോ ജീവിതത്തിലോ പരാജയപ്പെടുമോ എന്ന് ഭയക്കുന്നു. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകനെ ഭയക്കുന്നു. കീഴുദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ  ഭയക്കുന്നു. മഹാരോഗങ്ങള്‍ വരുമോ  എന്ന് ചിലരൊക്കെ  വെറുതെ ഭയക്കുന്നു. ഭയത്തിനു കീഴടങ്ങിയാല്‍ നാം തകര്‍ന്നുപോകും. ഭയത്തെ കീഴടക്കാന്‍ കഴിയണം.  സാഹചര്യങ്ങളെയും പ്രതിസന്ധികളെയും ഭയക്കാതെ അവയെ അതിജീവിക്കുവാന്‍ കഴിയണം. അവിടെയാണു ജീവിതവിജയം - ശുഭദിനം.

________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment

Previous Post Next Post