ശ്രീ ഗുരുവായൂരപ്പൻ സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പുതുച്ചേരിയിൽ ആദ്യമായി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
പുതുച്ചേരി: നാടെങ്ങും ഭഗവാൻ കൃഷ്ണൻ്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ശ്രീ ഗുരുവായൂരപ്പൻ സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പുതുച്ചേരിയിലും ശ്രീകൃഷ്ണ ജയന്തി ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുയവർ പാളയം നവനീതകൃഷ്ണൻ തിരുകോവിലിൽ വച്ച് നടന്ന ആഘോഷത്തിൽ രാധാകൃഷ്ണ വേഷത്തിൽ ബാലികാ ബാലൻമാർ കണ്ണിന് കുളിർമയേകി. രാവിലെ 9 ന് അഭിഷേകപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വൈകിട്ട് 3 മണിയോടെ ശോഭായാത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശേഷം വിവിധ കലാപരിപാടികളോടെ നടന്ന ആഘോഷം പുതുച്ചേരിയിലെ മലയാളി സമൂഹത്തിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയായി. അഷ്ടമിരോഹിണിപൂജയ്ക്ക് ശേഷം സുനിത പങ്കജ്, രജിത രാജീവ് എന്നിവരുടെ നേതൃത്വത്തിൽ താളലയം ആർട്സ് & കൾച്ചറിൻ്റെ ഭാഗവത പാരായണം, ജ്ഞാനപ്പാന പാരായണം , ഡോ. ബാലമുരളി & അപർണ ബാലമുരളി എന്നിവരുടെ ഭക്തിഗാനസുധ, ഡോ .കുട്ടികൃഷ്ണൻ്റെ ഓടക്കുഴൽ വായന, മാസ്റ്റർ അംഗിത് രാജിൻ്റെ ഭഗവത് ഗീതാപാരായണം, വിവിധ ഭക്തരുടെ കൃഷ്ണ ഭക്തി ഗാനാലാപനം, രാധാകൃഷ്ണവേഷത്തിൽ നൃത്തച്ചുവടുകൾ വച്ച ബാലികാ ബാലൻമാർ എന്നിങ്ങനെ വിവിധ കലാപരിപാടികളോടെ ആയിരുന്നു ആഘോഷം. ഡോ. പ്രിൻസ് സി.പി, സിഗേഷ് എൻ പി, രതീഷ് കുമാർ വി.എം, റെജീഷ് കുട്ടാമ്പള്ളി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment