o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 


◾  ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം താനാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങളില്‍ മൂന്നാം കക്ഷി ഇടപെടലിന് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്നും ദാര്‍ പറഞ്ഞു. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ തയ്യാറാണെങ്കിലും ഇന്ത്യ അതിന് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

2025  സെപ്റ്റംബർ 17  ബുധൻ 

1201  കന്നി 1   പുണർതം 

1447  റ : അവ്വൽ 24


◾ ഒന്നര മാസത്തെ കടുത്ത ഭിന്നതയ്ക്ക് ശേഷം ഇന്ത്യ അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമായി. അമേരിക്കന്‍ ഉപ വാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് ദില്ലിയില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട് ചര്‍ച്ച നടത്തി. കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ അടക്കമുള്ള വിഷയങ്ങള്‍ യുഎസ് ചര്‍ച്ചയില്‍ ഉന്നയിച്ചു. ഉഭയകക്ഷി വ്യാപാര കരാറില്‍ നടന്ന ചര്‍ച്ചകള്‍ ശുഭസൂചകമായിരുന്നുവെന്ന് യുഎസ് എംബസി വക്താവ് ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ഇന്ത്യ അമേരിക്കയോട് വിട്ടുവീഴ്ച ചെയ്യരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.


◾ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫിന് ശേഷം തുടങ്ങിയ ഇന്ത്യ - അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് വന്‍ നേട്ടമായി. ഇന്ത്യ - അമേരിക്ക വ്യാപാര ചര്‍ച്ച ദില്ലിയില്‍ തുടങ്ങിയത് മുതല്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു. രാവിലെ മുതല്‍ തുടങ്ങിയ മുന്നേറ്റം വന്‍ നേട്ടത്തിലാണ് അവസാനിച്ചത്.


◾  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍. എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി 21 ഭാഷകളില്‍ ഗാനം തയ്യാറാക്കിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. സാമൂഹികമാധ്യമമായ എക്സിലാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഗാനം പങ്കു വെച്ചത്.


◾  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹി നിയമസഭ അദ്ദേഹത്തിന്റെ 'ജീവിതയാത്ര' പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. 'നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയുക' എന്ന പേരിലാണ് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വിധാന്‍സഭാ പരിസരത്ത് പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ 2 വരെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഡല്‍ഹി സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത പറഞ്ഞു. പ്രദര്‍ശനം ഒരു ആഘോഷം മാത്രമല്ലെന്നും, പുതിയ ഇന്ത്യയുടെ കഥയില്‍ നിന്ന് വേര്‍തിരിക്കാനാകാത്ത ദാര്‍ശനികനായ നേതാവിനോടുള്ള ആദരവാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.


◾  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോള്‍ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുവെന്നും അദ്ദേഹം ഗംഭീരമായ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു. ട്രംപിനെപ്പോലെ തന്നെ ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും മോദി പറഞ്ഞു.

◾  തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും കര്‍ക്കശ നിലപാട് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിലെ പോലീസിനെ ഗുണ്ടകള്‍ക്ക് അകമ്പടി സേവിക്കുന്ന വിഭാഗമാക്കി മാറ്റിയത് ആരായിരുന്നു എന്നും ചോദിച്ചു. 1947ന് ശേഷം കേരളത്തില്‍ ഏറ്റവുമധികം പോലീസ് മര്‍ദനത്തിനിരയാകേണ്ടി വന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ അതിക്രമവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ചരിത്രം ഓര്‍മ്മിപ്പിച്ച് സംസാരിച്ചത്. രാജ്യത്തെ മികച്ച സേന കേരള പൊലീസ് ആണെന്നും ഒരു സംഭവം പറഞ്ഞു. സേനയാകെ മോശമെന്ന് പറയാന്‍ ആകില്ലെന്നും രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സേന കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയെ പ്രശംസിച്ചും പ്രതിരോധിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.


◾  സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോ?ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈവര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 66 പേര്‍ക്കാണ്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളില്‍ ഏഴുപേരും മരിച്ചു. നിലവില്‍ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയിലുള്ളത്.


◾  അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ജാഗ്രത വേണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ കേസുകള്‍ തിരിച്ചറിയപ്പെടുന്നുണ്ടെന്നും ഇതിലൂടെ കൃത്യമായ ചികിത്സ നല്‍കി രോഗം മാറ്റി കൊണ്ടുവരാനും സാധിക്കുന്നുവെന്നും ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമില്ലെന്നും ഉറവിടം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.


◾  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാഷ്ട്രീയ കേസുകള്‍ ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോയെന്നും ആ മാനദണ്ഡം വെച്ചാണെങ്കില്‍ അങ്ങും കേസുകളില്‍ പ്രതിയല്ലായിരുന്നോയെന്നും രാഹുല്‍ ചോദിച്ചു. അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാരും അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ എംഎല്‍എമാരും പ്രതികള്‍ അല്ലേയെന്നും അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോയെന്നും രാഹുല്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മര്‍ദ്ദിച്ച വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

◾  സ്ത്രീ ക്ലീനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്താണെന്നും ശാരീരികമായ ബുദ്ധിമുട്ടുകള്‍ ആരും അവഗണിക്കരുതെന്നും ജീവിതത്തിന്റെ മുന്‍ഗണനയില്‍ ആരോഗ്യവും ഉള്‍പ്പെടണമെന്നും 6 മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം എന്നും മന്ത്രി പറഞ്ഞു.


◾  കെടി ജലീലിനെതിരെ ആരോപണവുമായി വീണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. മലയാളം സര്‍വ്വകലാശാല ഭൂമി തട്ടിപ്പിന് കൂട്ട് നില്‍ക്കാത്തതിനെ തുടര്‍ന്നാണ് മുന്‍ വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ മാറ്റിയതെന്ന് പികെ ഫിറോസ് ആരോപിച്ചു. രവീന്ദ്രനാഥിനെ മാറ്റിയാണ് കെടി ജലീലിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആക്കിയത് എന്നും ഫിറോസ് ആരോപിച്ചു.


◾  യൂത്ത്ലീഗിന്റെ ഫണ്ട് മുക്കി, സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാട്ടായ 'മായാവി', മലയാളം സര്‍വകലാശാലാ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തന്റെ കയ്യിലുള്ള 'എല്ലാ രേഖകളും' മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കും തിരൂര്‍ MLA കുറുക്കോളി മൊയ്തീനും ഉടന്‍ കൈമാറട്ടെയെന്ന് കെ.ടി.ജലീല്‍ എം.എല്‍.എ. സഭ നടക്കുന്ന സമയമായതിനാല്‍ അടിയന്തിര പ്രമേയമായി അവരത് സഭയില്‍ കൊണ്ടു വരട്ടെയെന്നും യഥാര്‍ത്ഥ വസ്തുതകള്‍ നിരത്തി മന്ത്രി ആധികാരികമായി മറുപടി പറയുമെന്നും ഇത് അങ്ങാടിയില്‍ പറഞ്ഞ് തീര്‍ക്കേണ്ട വിഷയമല്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പി.കെ ഫിറോസിന്റെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അനാവശ്യ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനുള്ള മായാവിയുടെ കൗശലമാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.


◾  അമിതവേഗതയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിര്‍ദ്ദേശം മറികടന്ന് അമിതവേഗതയില്‍ ബസ് ഒടിച്ച സംഭവത്തിലാണ് നടപടിയുണ്ടായത്. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞമാസം 25ന് പെരിന്തല്‍മണ്ണ താഴെക്കോട് വെച്ചായിരുന്നു സംഭവം.


◾  വെളിച്ചെണ്ണയുള്‍പ്പെടെ സപ്ലൈകോ വഴി നല്‍കുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി. പി എസ് സുപാല്‍ എംഎല്‍എയ്ക്ക് നല്‍കിയ മറുപടിയിലാണ് ഭക്ഷ്യ വകുപ്പുമന്ത്രി ജി ആര്‍ അനില്‍ ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.


◾  സമസ്ത മുശാവറ അംഗം ഡോ ബഹാഉദ്ദീന്‍ നദ്വിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സിപിഎം പ്രാദേശിക നേതാവിനെ മഹല്ല് കമ്മിറ്റി ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖീല്‍ അഹമ്മദിനെയാണ് മടവൂര്‍ സിഎം മഖാം മഹല്ല് കമ്മിറ്റിയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.


◾  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി പ്രസംഗവുമായി കെഎസ്യു കോഴിക്കോട് ജില്ല പ്രസിഡന്റ് വി ടി സൂരജ്. കോഴിക്കോട് ടൗണ്‍ മുന്‍ എസിപി ബിജു രാജിന്റെയും കസബ മുന്‍ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയര്‍ത്തിയത്. കെഎസ്യുവിന്റെ സമരങ്ങളെ ഇനി തടയാന്‍ വന്നാല്‍ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് അക്രമങ്ങള്‍ക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലാണ് വി ടി സൂരജ് ഭീഷണി പ്രസംഗം നടത്തിയത്.


◾  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി പ്രസംഗം നടത്തിയ കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെതിരെ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ തലയടിച്ചു പൊട്ടിക്കും എന്ന് പ്രസംഗിച്ചതിനാണ് കേസ്. ഭീഷണിപ്പെടുത്തല്‍, പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്താനുള്ള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നടക്കാവ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.


◾  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണ ക്ഷാമമെന്ന് പരാതി. പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി കാര്‍ഡിയോളജി മേധാവി കത്ത് നല്‍കി. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് കത്ത് നല്‍കിയത്.


◾  കണ്ണനല്ലൂരില്‍ എല്‍സി സെക്രട്ടറി സജീവിനെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ എഫ്ഐആര്‍ നമ്പര്‍ മറ്റൊരു കേസിന്റേതാണ്. തെറ്റായ കാര്യങ്ങള്‍ എഴുതിക്കൊടുത്ത് പൊലീസ് മുഖ്യമന്ത്രിയെ കബളിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം ആവശ്യപ്പെട്ടു.


◾  പാലക്കാട് പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് പൂച്ചിറ സ്വദേശി അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 10 നായിരുന്നു 29 കാരിയായ മീര എന്ന യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


◾  ജീവനക്കാര്‍ പണിമുടക്കിയതോടെ തൃശ്ശൂര്‍ നഗരത്തില്‍ മൂന്ന് മണിക്കൂര്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതിനെതിരെയാണ് പണിമുടക്കിക്കൊണ്ട് ജീവനക്കാര്‍ സമരം ചെയ്തത്. 229 ജീവനക്കാരെ 103 ആക്കി കുറച്ചുകൊണ്ടുള്ള നടപടിക്കെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതോടെ തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയറെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചു. 45,000 ഉപഭോക്താക്കളാണ് പണിമുടക്കിനെ തുടര്‍ന്ന് ദുരിതത്തിലായത്.


◾  പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാലുപേര്‍ അറസ്റ്റിലായി. കല്‍പ്പാത്തിയില്‍ നിന്ന് വാഹന പരിശോധനയ്ക്കിടെയാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമന്‍കുട്ടി, ഉമേഷ്, മണ്ണാര്‍ക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഉമേഷിന്റെ പോക്കറ്റില്‍ നിന്നാണ് റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെത്തിയത്.


◾  കോട്ടയം വൈക്കം റോഡ് സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന് മുകളില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി എസ് ആര്‍ അദ്വൈത് ആണ് മരിച്ചത്. 18 വയസായിരുന്നു. ഈ മാസം 9 നാണ് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി പാളം കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റത്.ഗുരുതരമായി പൊള്ളലേറ്റ അദ്വൈത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്.


◾  പീച്ചി സ്റ്റേഷനില്‍ വച്ച് ഹോട്ടല്‍ ഉടമയുടെ മകനയെും ജീവനക്കാരനെയും മര്‍ദ്ദിച്ച എസ്എച്ച്ഒ പിഎം രതീഷിന് സസ്പെന്‍ഷന്‍. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് നടപടിയുണ്ടായത്. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ദക്ഷിണമേഖല ഐജിയുടെ നടപടി. സസ്പെന്‍ഷനല്ല, രതീഷിനെ പിരിച്ചുവിടണമെന്ന് ഹോട്ടലുടമയും പരാതിക്കാരനായ ഔസേപ്പ് ആവശ്യപ്പെട്ടു.


◾  കേരളത്തില്‍ വീണ്ടും ഇടിമിന്നലോടെയുള്ള ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം 3 ദിവസത്തേക്ക് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.


◾  ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധു ബാബുവിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാ പത്രം. കുറുവാ സംഘത്തെ പിടികൂടി കേരളത്തില്‍ എത്തിക്കാന്‍ പ്രവര്‍ത്തിച്ചതിന് സംഘത്തിലെ 18 പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് അംഗീകാരം ലഭിച്ചത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പ്രശംസാ പത്രം. എന്നാല്‍, ആലപ്പുഴ ഡിവൈഎസ്പിയായ എംആര്‍ മധുബാബു കടുത്ത ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുമ്പോഴാണ് ഈ പ്രശംസ തേടി എത്തുന്നത്.


◾  കോഴിക്കോട് വില്യാപ്പള്ളിയില്‍ ആര്‍ജെഡി നേതാവിനെ വെട്ടിയ കേസിലെ പ്രതി പിടിയില്‍.വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പൊലീസ് തൊട്ടില്‍പ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. ബെംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസിന്റ പിടിയിലായത്.  തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.ടി.കെ സുരേഷിന് നേരെ ആക്രമണം നടന്നത്.


◾  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബര്‍ 28, 29 തീയ്യതികളില്‍ വാദം കേള്‍ക്കാനാണ് മാറ്റിയത്. ഇടക്കാല ഉത്തരവുള്ളതിനാല്‍ സിഎംആര്‍എല്‍ കേസ് മാറ്റാന്‍ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു.


◾  റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന കുടുംബത്തിന്റെ പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. വേടന്റെ സഹോദരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. വേടനെതിരെ തുടരെത്തുടരെ ക്രിമിനല്‍ കേസുകള്‍ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പരാതി. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു.


◾  കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകീട്ട് 7.30-ഓടെയായിരുന്നു സംഭവം. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്ക് അടയ്ക്കാന്‍ നേരത്ത് സൈനിക യൂണിഫോമിലെത്തിയ കവര്‍ച്ച സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ഒമ്പതോളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. ഇവര്‍ മുഖം മറച്ചിരുന്നു. കൈയില്‍ തോക്കും മറ്റ് മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു.


◾  ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ ശൂചീകരണ തൊഴിലാളി ചിന്നയ്യയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ബെല്‍ത്തങ്കടി കോടതിയുടേതാണ് തീരുമാനം. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും എന്ന എസ്ഐടി വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. ധര്‍മസ്ഥല വെളിപ്പെടുത്തലിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന എന്ന സംശയത്തിലാണ് എസ്ഐടി.


◾  ദില്ലി സര്‍വകലാശാലയില്‍ എന്‍എസ്യുഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലമാക്കാന്‍ എബിവിപി പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം വിദ്യാര്‍ത്ഥികളെ ആക്രമിച്ചതാണെന്ന് എന്‍എസ്യുഐ ആരോപിച്ചു.


◾  തിങ്കളാഴ്ച രാത്രിയിലുണ്ടായ മേഘവിസ്‌ഫോടനം ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളില്‍ കനത്ത നാശം വിതച്ചു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. ഹിമാചലിലെ മണ്ഡി ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീട്ടിലെ അമ്മയും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

◾  ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 15 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മാനനഷ്ട കേസ് നല്‍കിയത്. നിരന്തരം അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നു എന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കമല ഹാരിസിനെ പിന്തുണച്ച ടൈംസിന്റെ മുഖപ്രസംഗം എടുത്തുകാട്ടിയ ട്രംപ് ടൈംസിന്റെ നാല് റിപ്പോര്‍ട്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് കേസ് കൊടുത്തിരിക്കുന്നത്.


◾  ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ ബഹാവല്‍പൂര്‍ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഭീകര സംഘടന ആദ്യമായി സമ്മതിച്ചു. വൈറലായ ഒരു വീഡിയോയില്‍, ജെയ്ഷ് കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരി ഭീകര സംഘടനയ്ക്കുണ്ടായ നഷ്ടങ്ങള്‍ തുറന്നു സമ്മതിച്ചു. മെയ് ഏഴിന് ബഹാവല്‍പൂരിലെ ജമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് എന്ന ജെയ്‌ഷെ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അസറിന്റെ കുടുംബം 'ചിതറിപ്പോയി' എന്ന് കശ്മീരി പറഞ്ഞു.


◾  പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പാക് സൈനിക മേധാവി അസിം മുനീറും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


◾  ബിഹാറില്‍ മഹാസഖ്യത്തിന് യാതൊരുതരത്തിലുള്ള ആശയക്കുഴപ്പവും ഇല്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സമയമാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലത്തെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബി.ജെ.പി തയ്യാറെടുക്കുകയാണ്.


◾  ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുല്‍ ഗാന്ധിക്കൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. ഇന്ത്യയുടെ ശത്രുക്കള്‍ കോണ്‍ഗ്രസിനെ പ്രശംസിക്കുമ്പോള്‍, കോണ്‍ഗ്രസ് ഇന്ത്യയ്‌ക്കെതിരാണെന്ന് തിരിച്ചറിയണമെന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിച്ച പശ്ചാത്തലത്തിലാണിത്. ഇന്ത്യയിലെ സര്‍ക്കാര്‍ എല്ലായ്‌പ്പോഴും മുസ്ലീം-ഹിന്ദു കാര്‍ഡ് ഇറക്കി അധികാരം നിലനിര്‍ത്തുന്നുവെന്നും എന്നാല്‍ വളരെ നല്ല ചിന്താഗതിയുള്ളയാളാണ് രാഹുല്‍ ഗാന്ധിയെന്നും ചര്‍ച്ചകളിലാണ് അദ്ദേഹം വിശ്വസിക്കുന്നത് എന്ന് അഫ്രീദി ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.


◾  ഗാസയില്‍ രൂക്ഷമായ ഇസ്രയേല്‍ ആക്രമണം. ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയില്‍ ഗ്രൗണ്ട് ഓപ്പറേഷന്‍ തുടങ്ങിയതായി ഇസ്രയേല്‍ സേന അറിയിച്ചു. പകല്‍ നടക്കുന്ന ആക്രമണങ്ങളില്‍ വിവിധ ഇടങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ അറുപതിലേറെ പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ പലായനം ചെയ്യുന്നുണ്ട്.


◾  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ജേഴ്സി സ്പോണ്‍സറായി അപ്പോളോ ടയേഴ്സ്. 2027 വരേയാണ് കരാര്‍. 579 കോടിയുടെ കരാറാണ് അപ്പോളോ ടയേഴ്സുമായി ബിസിസിഐക്കുള്ളതെന്ന് റിപ്പോര്‍ട്ട്. ഡ്രീം ഇലവന്‍ ആയിരുന്നു നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി സ്പോണ്‍സര്‍ഷിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതിനു പിന്നാലെ കരാര്‍ അവസാനിപ്പിച്ചിരുന്നു.


◾  ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്. ജയത്തോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനും ബംഗ്ലാദേശിനായി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.


◾  17 ലക്ഷം കോടി രൂപ (200 ബില്യന്‍ ഡോളര്‍) മൂല്യം കണക്കാക്കി റിലയന്‍സ് റീട്ടെയില്‍ പ്രാരംഭ ഓഹരി വില്‍പ്പനക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഐ.പി.ഒ അടുത്ത വര്‍ഷമുണ്ടാകും. ജിയോക്ക് പിന്നാലെ 2027ല്‍ റിലയന്‍സ് റീട്ടെയിലിന്റെയും ഐ.പി.ഐയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി എഫ്.എം.സി.ജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിനെ റിലയന്‍സ് റീട്ടെയില്‍ നിന്ന് വേര്‍തിരിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേരിട്ടുള്ള സബ്‌സിഡിയറിയായി ഇതിനെ മാറ്റും. ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ചാല്‍ ഈ മാസത്തിന്റെ അവസാനത്തോടെ റിലയന്‍സ് കണ്‍സ്യൂമറിന്റെ വേര്‍പെടുത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 30ലെ കണക്ക് അനുസരിച്ച് രാജ്യത്ത് 19,592 സ്റ്റോറുകളാണ് റിലയന്‍സ് റീട്ടെയിലിനുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) 3,30,870 കോടി രൂപയുടെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. 25,053 കോടി രൂപയാണ് കമ്പനിയുടെ നികുതിക്കും ലാഭത്തിനും മുമ്പുള്ള വരുമാനം. 35.8 കോടി ഉപയോക്താക്കള്‍ ഉണ്ടെന്നും റിലയന്‍സ് റീട്ടെയില്‍ വെബ്‌സൈറ്റ് പറയുന്നു.


◾  ധ്യാന്‍ ശ്രീനിവാസനും ലുക്മാന്‍ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു വള മൂലം പലരുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുന്‍നിര്‍ത്തി ഏറെ രസകരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 19 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിലെത്തും. മുഹാഷിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹര്‍ഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രവീണ രവി, ശീതള്‍ ജോസഫ് എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ വിജയരാഘവനും ശാന്തികൃഷ്ണയും എത്തുന്നുണ്ട്. ഹാസ്യത്തില്‍ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രമെന്നാണ് സൂചന. പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നുമുണ്ട്. അബു സലിം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


◾  നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പുറത്ത്. ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസിനൊപ്പം ചേര്‍ന്നാണ് ബേസില്‍ ജോസഫ് ആദ്യ ചിത്രം നിര്‍മ്മിക്കുന്നത്. 'മാസ്സ് ബങ്ക് അടിക്കാന്‍ പറ്റിയ മാസ്സ് പിള്ളേര്‍ വേണം' എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ള യുവതി - യുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ അവരുടെ ഫോട്ടോസ്, 1 മിനിറ്റില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോ എന്നിവ ഒക്ടോബര്‍ 10 നുള്ളില്‍ basilananthuproduction01@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാന്‍ ആണ് കാസ്റ്റിംഗ് കോളില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍, ബേസില്‍ അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.


◾  ഇന്ത്യയില്‍ പത്ത് ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉല്‍പ്പാദിപ്പിച്ചതായി ഒല ഇലക്ട്രിക്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് പത്ത് ലക്ഷാമത്തെ വാഹനം പുറത്തിറക്കിയതെന്നും കമ്പനി അറിയിച്ചു. 2021 ല്‍ ഒല ഇലക്ട്രിക് ഉത്പാദനം ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എസ്1 തുടങ്ങി അടുത്തിടെ പുറത്തിറക്കിയ റോഡ്സ്റ്റര്‍ എക്സ് ഇലക്ട്രിക് മോഡലുകള്‍ക്ക് വരെ ആവശ്യക്കാര്‍ ഏറെയാണ്. ഡ്യുവല്‍ ടോണ്‍ സീറ്റ്, റിമ്മുകള്‍, ബാറ്ററി പായ്ക്ക് എന്നിവയില്‍ സ്പോര്‍ട്ടി റെഡ് ആക്സന്റുകളുള്ള, മിഡ്‌നൈറ്റ് ബ്ലു നിറത്തിലുള്ള സ്‌പെഷല്‍ പതിപ്പ് റോഡ്സ്റ്റര്‍ എക്സ്+ കമ്പനി പുറത്തിറക്കി. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്യാനും എഞ്ചിനീയറിംഗ് ചെയ്യാനും നിര്‍മ്മിക്കാനും കഴിയുമെന്ന് തെളിയിച്ചുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.


◾  അഗസ്തികാട് ഗ്രാമം സദാമണീപുരമായി വളരുന്നതിന്റെ കഥ. ഒന്നുമില്ലായ്മയില്‍നിന്ന് ഒരു ഗ്രാമം സാങ്കേതികമികവിന്റെ ഉന്നതിയില്‍ എത്തപ്പെടുന്നതിന്റെ കഥയെന്നോ, നാട് വളരും  നന്മതിന്മകളും തര്‍ക്കവിതര്‍ക്കങ്ങളും അതിലേറെ വളരും എന്നതിന്റെ ദൃഷ്ടാന്തമെന്നോ, ആചാര-അനാചാരങ്ങളുടെ ആവിര്‍ഭാവത്തിന്റെയും വളര്‍ച്ചയുടെയും അവിദിതചരിതമെന്നോ, ഒരൊറ്റവീഴ്ചയുടെ പേരില്‍ കാലാകാലം പഴികേള്‍ക്കേണ്ടിവന്ന അമ്മയുടെയും മകളുടെയും കദനമെന്നോ, പ്രണയവസ്തുവിനോടുള്ള അദമ്യഭ്രമത്തിന്റെയും അന്ധവിശ്വാസത്തിന്റെയും വിവരണമെന്നോ, നിഷ്‌കളങ്കസ്‌നേഹത്തിന്റെ സൗന്ദര്യംപേറുന്ന

വ്യക്തിബന്ധങ്ങളുടെ ആവിഷ്‌കാരമെന്നോ, പ്രവാസത്തിന്റെ പ്രയാസങ്ങളെ നാടിനോടു ചേര്‍ത്തുവെക്കുന്ന അനുഭവമെന്നോ പല തരത്തില്‍ വായിച്ചെടുക്കാവുന്ന, പല അടരുകളിലൂടെ മനുഷ്യജീവിതത്തിന്റെ പുത്തന്‍ വ്യാഖ്യാനമാകുന്ന നോവല്‍. 'സദാമണീപുരം'. ജാന്‍ അബുദാബി. മാതൃഭൂമി. വില 391 രൂപ.


◾  ജാതിക്ക ഔഷധമായി ആയുര്‍വേദത്തില്‍ ഉപയോഗിക്കാറുണ്ട്. നീര്‍വീക്കം, സന്ധി വേദന, പേശി വേദന, വ്രണങ്ങള്‍ എന്നിവയെ ചികിത്സിക്കാനും ആരോഗ്യത്തിനുമൊക്കെ ജാതിക്ക ബസ്റ്റാണ്. സമ്മര്‍ദം കുറയ്ക്കുന്നതിനും ജാതിയ്ക്ക ഏറെ സഹായകരമാണ്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജാതിക്കയുടെ തൊലിയും അത് പൊടിച്ചെടുക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ചര്‍മത്തിന്റെ നിറ വ്യത്യാസം മാറി നല്ല തിളക്കം ലഭിക്കാന്‍ ജാതിയ്ക്ക നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സിയാണ് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നത്. ഇതിലെ നാരുകള്‍ മലവിസര്‍ജ്ജനത്തെ സഹായിക്കും. 100 ഗ്രാം ജാതിക്കയില്‍ 2.9 ഗ്രാം മാംഗനീസ് അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങളില്‍ പറയുന്നത്. കൂടാതെ, ജാതിക്കയിലെ മസെലിഗ്നാന്‍ എന്ന സംയുക്തം ദന്തക്ഷയങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഗുണങ്ങള്‍ കാരണം, ചില ടൂത്ത് പേസ്റ്റ് ഫോര്‍മുലേഷനുകളിലും ജാതിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളില്‍ നിന്നും വൃക്കകളില്‍ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജാതിക്ക മികച്ചതാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ വായില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു.


*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ പൊന്നുപോലെയാണ് ആ പ്രാപ്പിടിയനെ സംരക്ഷിച്ചിരുന്നത്.  ഒരു ദിവസം യാത്രകഴിഞ്ഞെത്തിപ്പോള്‍ ആ പക്ഷിയെ കാണാനില്ല.  പ്രാപ്പിടിയന്‍ ചെന്നെത്തിയത് ഒരു വയോധികയുടെ വീട്ടിലായിരുന്നു.  വയോധിക അതിനെ അവിടെ കെട്ടിയിട്ടു.  അതിന്റെ ചിറകുകള്‍ ചീകിയൊതുക്കുമ്പോള്‍ ചില തൂവലുകള്‍ക്ക് നീളവ്യത്യാസം കണ്ടു.  അവര്‍ അത് വെട്ടിയൊതുക്കി.  പിന്നെ അതിന്റെ വളര്‍ന്നു നില്‍ക്കുന്ന നഖങ്ങളും ഒതുക്കി വെടിപ്പാക്കി.  വയോധിക നല്‍കുന്ന ഭക്ഷണം അതിന് ഇഷ്ടപ്പെടാതെയായി.  കുറച്ച് നാള്‍കഴിഞ്ഞ് വയോധിക അതിനെ അഴിച്ചുവിട്ടു.  പറന്നുയാന്‍ പക്ഷി ശ്രമിച്ചെങ്കിലും അത് തലയിടിച്ചു നിലത്തുവീണു.  വളര്‍ത്തുന്നവരുടെ പ്രാപ്തിയാണ് വളരുന്നവരുടെ കരുത്ത്.  ജന്മം നല്‍കുന്നതിനേക്കാള്‍ പ്രധാനമാണ് പരിപാലനം.  രണ്ടുവിധത്തില്‍ ഒരാളെ വളര്‍ത്താം.  വളര്‍ത്തുന്നവര്‍ ആഗ്രഹിക്കുന്നരീതിയിലും.  വളരുന്നവര്‍ ആഗ്രഹിക്കുന്ന രീതിയിലും.  ഇതില്‍ രണ്ടാമത്തേതില്‍ വളരേണ്ടരീതിയില്‍ വളര്‍ച്ചയുണ്ടാകും.  പരിപാലനം പ്രധാനമാണ്. പക്ഷേ, അത് വളരുന്നവര്‍ക്ക് ബാധ്യതയായി മാറാതിരിക്കാന്‍ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കുക - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post