ഇരുൾ മൂടിയ ടാഗോർ പാർക്കും മാഹി പുഴയോര നടപ്പാതയും
ഓണാഘോഷം കൂരിരുട്ടിൽ മാഹി: ഉത്തര കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മാഹിയിൽ തിരുവോണനാൾ ആഘോഷിക്കാൻ കുടുംബവുമായി എത്തിയ ആയിരങ്ങൾ കൂരിരുട്ടിൽ തപ്പി. സന്തോഷം പങ്കുവെക്കാൻ ഉത്രാടം, തിരുവേണം നാളുകളിലെത്തിയ കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തോളം പേരാണ് ടാഗോർ പാർക്കിലും നടപ്പാതയിലുമെത്തിയത്. സന്ധ്യ മയങ്ങിയതോടെ കൂരിരുട്ടിലമർന്ന പാർക്കും നടപ്പാതയുമെല്ലാം ദൂര ദേശങ്ങളിൽ നിന്നുള്ള ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഒരു ഭാഗത്ത് തെരുവ് പട്ടികളും ഭീഷണി ഉയർത്തുന്നുണ്ടായിരുന്നു. മദ്യപിച്ച് ഓണമാഘോഷിക്കാനെത്തിയവരും കുറവായിരുന്നില്ല. സാമൂഹ്യ വിരുദ്ധ ശല്യമുണ്ടായേക്കുമോയെന്ന ഭയത്തോടെയാണ് ജനങ്ങൾ പാർക്കിൽ കഴിഞ്ഞത്. ഭാഗ്യം കൊണ്ട് മാത്രമാണ് സ്ത്രീകൾക്കും കുട്ടികൾക്കും ആഭരണങ്ങളും മറ്റും നഷ്ടപ്പെടാതിരുന്നതെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നതെന്നും പാർക്കിലെത്തി തിരിച്ചു പോകുന്നവർ പറഞ്ഞു. ടാഗോർ പാർക്കിലെ റൈഡുകളിൽ കുട്ടികൾ ഇരുട്ടിലാണ് കളിച്ചത്. പാർക്കിൽ ഇഴജന്തുക്കൾ ഉണ്ടെങ്കിൽ കുട്ടികൾ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടുകയല്ലാതെ മറ്റ് മാർഗങ്ങൾ അധികൃതർ ചിന്തിക്കുന്നു പോലുമുണ്ടാവില്ലെന്ന് കുട്ടികളുമായെത്തിയ രക്ഷിതാക്കൾ പറഞ്ഞു. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള പാർക്കിൽ നാല് ഊഞ്ഞാലുകളിൽ മൂന്നെണ്ണം പൊട്ടിയതാണ്. പാർക്കിൻ്റ ഇരുവശങ്ങളിൽ നിന്നും അകത്ത് കയറാൻ പോലും വെളിച്ചമില്ല. സമീപത്തെ വീട്ടിൽ നിന്നുള്ള നേരിയ വെളിച്ചം മാത്രമായിരുന്നു ആശ്രയമായി തെല്ലെങ്കിലും വെട്ടം പകർന്നിരുന്നത്. മയ്യഴി ഭരണ സിരാ കേന്ദ്രത്തിന് തൊട്ടു മുന്നിലാണ്. മാഹിയിലെ പ്രധാന റോഡായ റെയിൽവെ സ്റ്റേഷൻ റോഡിലും മാഹി ബസലിക്കക്ക് സമീപവുമുള്ള ലോമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് നാളുകളായി. മാഹി വൈദ്യുതി വകുപ്പ്, പുതുച്ചേരി ടൂറിസം വകുപ്പ്, നഗരസഭ എന്നിവയുടെ നിയന്ത്രണത്തിലാണ് തെരുവ് വിളക്കുകൾ കത്തിക്കുന്നത്. ഇതിന് ഒരു ഏകീകരണമില്ലാത്തതാണ് പലഭാഗത്തുംഇരുൾ മൂടാൻ ഇടയാക്കിയത്. മൂന്നാഴ്ചക്കകം സെൻ്റ് തെരേസാ ബസലിക്കയിൽ 18 നാൾ നീണ്ടുനിൽക്കുന്ന മാഹി തിരുനാളിൽ സംബന്ധിക്കാൻ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജനങ്ങൾ എത്തുന്നത് പുഴയോര നടപ്പാതയുടെ ഭംഗി ആസ്വദിക്കാൻ കൂടിയാണ്. പുഴയോര നടപ്പാതയിലെ ചപ്പും ചവറും വൃത്തിയാക്കി മനോഹരമാക്കിയാൽ ഇത്രയും മനോഹരമായ പുഴയും കടലും ഒത്തുചേരുന്ന സായാഹ്നങ്ങളിലെ ദൃശ്യം അപൂർവവും അതി മനോഹരവുമായിരിക്കും.
Post a Comment