*പൊതു സ്ഥലത്തെ മാലിന്യ കൂമ്പാരത്തിന് പ്രതിവിധി; അഴിയൂർ പഞ്ചായത്ത് 16ആം വാർഡിലെ മോഡൽ നേന്ത്രവാഴ കൃഷിയിൽ നൂറുമേനി*
അഴിയൂർ: ദേശീയപാതക്കരികിൽ കാടുമൂടിക്കിടന്ന പൊതുസ്ഥലത്ത് നടത്തിയ നേന്ത്രവാഴ കൃഷി മാതൃകയായി. അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ് അണ്ടികമ്പനി ഭാഗത്താണ് പഴയ ദേശീയപാതയോട് ചേർന്ന പൊതുസ്ഥലത്ത് വാർഡ് മെമ്പർ സാലിം പുനത്തിലിൻ്റെ നേതൃത്വത്തിൽ പ്രദേശവാസിയായ പ്രശാന്തിയിൽ ഉമ്മർ പുളിഞ്ഞോളി എന്നവർ നേന്ത്രവാഴ കൃഷി നടത്തിയത്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ നിന്നും മറ്റും ഇവിടങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. ഇതിനൊക്കെ പരിഹാരമായിട്ടാണ് നേന്ത്രവാഴ കൃഷി എന്ന ആശയം ഉടലെടുത്തത്. കൃഷിയുടെ പരിപാലനവും വളപ്രയോഗങ്ങളും ഉമ്മർ പുളിഞ്ഞോളിയാണ് നടത്തിയത്. എട്ട് മാസം കൊണ്ട് നല്ല ആരോഗ്യമുള്ള നേന്ത്രകുലകളാണ് കായ്ച്ചത്. കൃഷിസ്ഥലത്ത് നനയ്ക്കലും ആൾ പെരുമാറ്റങ്ങളും വന്നതോടെ മാലിന്യ നിക്ഷേപത്തിനും അറുതിയായി. അഴിയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ സ്വരൂപ് പി എസ്, അസിസ്റ്റൻറ് ഓഫീസർ ദീപേഷ് സിഎം എന്നിവർ കൃഷി സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
Post a Comment