*നഴ്സിങ് കോളജ് യാഥാർഥ്യമാകുന്നു; സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി*
പുതുച്ചേരി സർക്കാരിന്റെ കീഴിൽ ആരംഭിക്കുന്ന മദർ തെരേസ പോസ്റ്റ‌് ഗ്രാജേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നഴ്സിങ് കോളജ് യാഥാർഥ്യമാവുന്നു.
ഇത് സംബന്ധിച്ച സർക്കാർ വിജ്‌ഞാപനം ഇന്നലെ ഗവർണർ കെ.കൈലാഷ്‌നാഥൻ പുറത്തിറക്കി. സംസ്‌ഥാന സർക്കാർ കോളജിനു ആവശ്യമായ ഫണ്ടും മറ്റ് തസ്‌തികകളിലുള്ള നിയമനം ഉടനെ പൂർത്തിയാക്കാൻ വിജ്‌ഞാപനം വഴി സാധ്യമാകും.
സംസ്ഥാനത്തെ പ്രൊഫഷനൽ കോളജ് പ്രവേശനത്തിനുള്ള പൊതുസംവിധാനം (സെന്റാക്ക്) വഴി നഴ്സിങ് പ്രവേശനത്തിനുളള ഈ വർഷത്തെ നടപടി ക്രമവും ആരംഭിച്ചു. 40 സീറ്റിൽ ആണ് ആദ്യ വർഷം പ്രവേശനം നടത്തുക. 32 സീറ്റ് സെന്റാക്ക് വഴിയും 5 സീറ്റ് മറ്റ് സംസ്‌ഥാനത്തെ വിദ്യാർഥികൾക്കും ഒരു സീറ്റ് എൻആർഐ സംവരണവും ആണ്.
സെന്റാക്ക് ഒന്നാം ഘട്ടത്തിൽ ഉള്ള പ്രവേശന സംവിധാനം കഴിഞ്ഞ ദിവസം പൂർത്തിയായതിനാൽ രണ്ടാംഘട്ട പ്രവേശനത്തിൽ മാഹി നഴ്സിങ് കോളജ് ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് പുതുച്ചേരി, കാരിക്കാൽ എന്നീ മേഖലകളിൽ ആണ് നിലവിൽ നഴ്സിങ് കോളജ് പ്രവർത്തിക്കുന്നത്. മാഹിയിൽ നഴ്സിങ് കോളജ് യാഥാർഥ്യമായതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാഹി മികവ് നേടി. നഴ്സിങ് കൗൺസിൽ നിർദേശം അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും കോളജിൽ ലഭ്യമാവും.
വിപുലമായ ലൈബ്രറി സംവിധാനം ഉൾപ്പെടെ മികവ് നിലനിർത്തുന്ന രീതിയിൽ സെപ്റ്റംബറിൽ പ്രവേശനം പൂർത്തിയാക്കി ഒക്ടോബറിൽ ക്ലാസ് ആരംഭിക്കാനാണ് ലക്ഷ്യം.
ആവശ്യമായ അധ്യാപകരും അനുബന്ധ ജീവനക്കാരും ഇതിനകം തസ്‌തിക അനുസരിച്ച് പൂർത്തിയാക്കി.
Post a Comment