പക്ഷിക്കാഷ്ഠം: തണൽമരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റി
ന്യൂമാഹി: ന്യൂമാഹി ടൗണിലെ രണ്ട് തണൽമരങ്ങളുടെ ചില്ലകളും തടിമരവും ധാരാളമായി വെട്ടിമാറ്റി. ബുധനാഴ്ച രാവിലെയാണ് ഇവ മുറിച്ചുനീക്കിയത്. തണൽമരങ്ങളിൽ കൂട് കൂട്ടിയ പക്ഷികളുടെ കാഷ്ഠം കാരണം പൊതു ജനങ്ങൾക്ക് വഴി നടക്കാൻ സാധിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് അധികൃതർ മരത്തിൻ്റെ കുറെ ചില്ലകൾ മുറിച്ചുമാറ്റിയത്. മരച്ചില്ലകൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് മരത്തിലുണ്ടായിരുന്ന പക്ഷിക്കുഞ്ഞുങ്ങളും മുട്ടകളും നശിച്ചു. കാൽനടയാത്രക്കാർക്ക് പക്ഷിക്കാഷ്ഠത്തിൻ്റെ ശല്യം ഒഴിവായിക്കിട്ടിയതിൻ്റെ ആശ്വാസം. അതേസമയം പഞ്ചായത്ത് അധികൃതർ മരച്ചില്ലകൾ മുറിച്ചുമാറ്റി പക്ഷികളുടെ ആവാസ വ്യവസ്ഥയെ നശിപ്പിച്ച നടപടിയിൽ പരിസ്ഥിതി പ്രവർത്തകൾ പ്രതിഷേധിച്ചു.
എത്രയോ കാലമായി സമാധാനത്തോടെ ജീവിച്ചു വന്ന നൂറു കണക്കിന് പക്ഷി കുടുംബങ്ങൾ മനുഷ്യൻ്റെ ക്രൂരതക്കിരയായി എല്ലാം നഷ്ടപ്പെട്ടുവെന്ന് പാരിസ് മോഹൻകുമാർ പ്രതികരിച്ചു. പക്ഷികളുടെ കുഞ്ഞുങ്ങളും വിരിയാനിരുന്ന മുട്ടകളും നിലംപരിശായി. അധികൃതരുടെ നടപടി അങ്ങേയറ്റം ക്രൂരവും പ്രതിഷേധാർഹവുമാണ്.
Post a Comment