o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 


◾  ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ലെന്ന സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

2025 | ഓഗസ്റ്റ് 7 | വ്യാഴം 

1200 | കർക്കിടകം 22 |  പൂരാടം 


➖➖➖

➖➖➖➖➖➖➖➖


◾ ഇന്ത്യയുടെ കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ തീരുവ 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് ട്രംപിന്റെ ഉത്തരവ്. അതേസമയം ഇന്ത്യയെക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നല്‍കിയിരിക്കുന്നത്.


◾ കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയില്‍ യുഎസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. യുഎസ് നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.


◾ ട്രംപിന്റെ അന്‍പതുശതമാനം കയറ്റുമതി തീരുവ സാമ്പത്തിക ബാക്ക്‌മെയില്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 'ഇന്ത്യയെ ന്യായരഹിതമായ വ്യാപാരക്കരാറിലേക്ക് ഭീഷണിപ്പെടുത്തി ഒതുക്കാനുള്ള നീക്കമാണിതെന്നും തന്റെ ദൗര്‍ബല്യത്തെ, ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങളെ മറികടക്കാന്‍ പ്രധാനമന്ത്രി മോദി അനുവദിക്കരുതെന്നും സാമൂഹികമാധ്യമമായ എക്‌സില്‍ രാഹുല്‍ കുറിച്ചു.


◾  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 'നിര്‍ജീവമെന്ന്' വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതികരിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ സംഭാവന 18 ശതമാനമാണെന്നും എന്നാല്‍ യുഎസിന് ഇത് 11 ശതമാനം മാത്രമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.


◾  തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കും അപേക്ഷ നല്‍കാനുളള തീയതി നീട്ടുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വൈകീട്ട് തീരുമാനമെടുക്കും. നിലവില്‍ ഇന്നാണ് അപേക്ഷിക്കാനുളള അവസാന തീയതി. ഓഗസ്റ്റ് അവസാന വാരം വരെ സമയം നീട്ടണമെന്ന് കോണ്‍ഗ്രസും സിപിഐയും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.


◾  സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിഷയത്തിലെ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരില്‍ നിര്‍ണായക നീക്കത്തിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ഡിജിറ്റല്‍ സര്‍വകലാശാല ആക്റ്റില്‍ ഭേദഗതി വരുത്താനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വി സി നിയമന വ്യവസ്ഥകളില്‍ അടക്കം മാറ്റം വരുത്തുന്നതാകും ഓര്‍ഡിനന്‍സ്. യു ജി സി നിര്‍ദേശവും സുപ്രീം കോടതി വിധിയും അനുസരിച്ച് മാറ്റം വരുത്താനാണ് തീരുമാനം.


◾  തൊഴിലാളികള്‍ക്കുള്ള ഓണക്കാലത്തെ ബോണസ് വിതരണവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഈ വര്‍ഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.


◾  വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കയെന്ന് കെസിബിസി. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുക്കപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ടെന്നും കെസിബിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇത് ഭീതിതമായ സാഹചര്യമാണെന്നും കന്യാസ്ത്രീകളുടെ പേരിലുള്ള കേസ് പിന്‍വലിക്കണമെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.


◾  മലയാള സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നതിന്റെ സ്ഥിരീകരണമല്ലേ നടി ശ്വേതമേനോനെതിരായ കേസ് വ്യക്തമാക്കുന്നതെന്ന് നടി രഞ്ജിനി. നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിനെതിരായ നീക്കങ്ങളേയും രഞ്ജിനി വിമര്‍ശിച്ചു. അധികാരം പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ക്ക് കൈമാറാന്‍ 'അമ്മ'യോ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലോ തയ്യാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും നമ്മള്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും രഞ്ജിനി ചോദിച്ചു.


◾  ബലാത്സംഗ കേസില്‍ പരാതി നേരിടുന്ന റാപ്പര്‍ വേടന്റെ ശനിയാഴ്ച നടക്കാനിരുന്ന സംഗീത പരിപാടി മാറ്റിവച്ചതായി വിവരം. കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റി വെച്ചത്. വേടന്‍ ഒളിവില്‍ പോയതോടെയാണ് പരിപാടി മാറ്റിയത്. പരിപാടിക്കെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.


◾  അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.


◾  കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐ നിലനിര്‍ത്തി. അഞ്ച് ജനറല്‍ സീറ്റുകളടക്കം ആറുസീറ്റുകള്‍ എസ്എഫ്‌ഐ നേടി. തുടര്‍ച്ചയായ 26-ാം തവണയാണ് കണ്ണൂര്‍ സര്‍വകലാശാല യൂണിയനിലേക്ക് എസ്എഫ്‌ഐ വിജയിക്കുന്നത്. ചരിത്രത്തിലാദ്യമായി രണ്ടുസീറ്റുകള്‍ എംഎസ്എഫ് - കെ.എസ്.യു സഖ്യമായ യുഡിഎസ്എഫ് എസ്എഫ്‌ഐയില്‍നിന്ന് പിടിച്ചെടുത്തു. കാസര്‍കോട്, വയനാട് ജില്ലാ എക്‌സിക്യൂട്ടിവ് സീറ്റുകളാണ് യുഡിഎസ്എഫ് പിടിച്ചെടുത്തത്. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷമാണ് ബുധനാഴ്ച രാവിലെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അരങ്ങേറിയത്. യുഡിഎസ്എഫ് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുകളുമുണ്ടായി.


◾  മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത പുനരധിവാസം ലക്ഷ്യമിട്ട് പുനര്‍ഗേഹം പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ മുട്ടത്തറയില്‍ നിര്‍മിച്ച ഫ്ളാറ്റുകളുടെ താക്കോല്‍  ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ വലിയ പ്രൊജക്ടാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.


◾  ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അടൂരിന്റെ പ്രസംഗത്തില്‍ എസ്ഇ-എസ്ടി വിഭാഗങ്ങള്‍ക്കെതിരെ പരാമര്‍ശമില്ലെന്നും ഫണ്ട് നിര്‍ത്തലാക്കണമെന്നോ, ഫണ്ട് നല്‍കുന്നത് ശരിയില്ലെന്നോ അടൂര്‍ പറയുന്നില്ല എന്നുമാണ് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നത്.


◾  ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി സംഘടനകള്‍. ഡബ്ല്യുസിസി, ദിശ, അന്വേഷി ഉള്‍പ്പെടെയുള്ള വനിതാ സംഘടനകളാണ് പരാതി നല്‍കിയത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് പരാതിയിലെ ആവശ്യം. സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് അടൂരിനെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കണമെന്നും അടൂരിന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.


◾ ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക.


◾ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തും. പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും.


◾ കോതമംഗലം അന്‍സില്‍ കൊലപാതകക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. കൊലപാതകവും ആസൂത്രണവും യുവതി തനിച്ചാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുളളത്. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ യുവതിയെ റിമാന്‍ഡ് ചെയ്തു.


◾ പള്ളിപ്പുറം തിരോധാന കേസില്‍ സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്. ഇവരുടെ കോഴിഫാമിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് സെബാസ്റ്റ്യന്റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. റോസമ്മയുടെ വീടിന്റെ ഭാഗത്തും സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് റോസമ്മയുടെ വീടിന്റെ പരിസരവും കുഴിച്ച് പരിശോധിക്കാനാണ് തീരുമാനം.


◾ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പോസ്റ്റിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച് സഹപാഠികളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍. തൃശൂര്‍ കാരമുക്ക് എസ്.എന്‍.ജി.എച്ച്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് സഹപാഠിയെ മര്‍ദിച്ചത്. സംഘം ചേര്‍ന്നായിരുന്നു ക്രൂരമര്‍ദനം. പതിനാറുകാരനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ അന്തിക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.


◾ കോഴിക്കോട് മുക്കം പെരുമ്പടപ്പില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടും. മുക്കം നഗരസഭ ഭരണസമിതി യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ നല്‍കിയ ലൈസന്‍സ് റദാക്കും. ബിവറേജസ് ഔട്ട്‌ലറ്റ് പൂട്ടണം എന്നാവശ്യപ്പെട്ട് മുക്കം അഗസ്ത്യമുഴി സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരനെയും ബിവറേജ് അധികൃതരെയും കേട്ട് തീരുമാനമെടുക്കാന്‍ മുക്കം നഗരസഭയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.


◾ മോഷണക്കുറ്റം ആരോപിച്ച് 11കാരനെ പൊളളലേല്‍പ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി. ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് അയല്‍വാസിയായ കുട്ടിയുടെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഇക്കാര്യം മറച്ചുവെച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തിരുവനന്തപുരം കുളത്തൂര്‍, പൊഴിയരിലെ തങ്കപ്പന്റെ മകന്‍ ടൈറ്റസ് എന്നു വിളിക്കുന്ന ജോര്‍ജ് ടൈറ്റസിനാണ് തിരുവനന്തപുരം അഡീഷണല്‍ കോടതി 20 വര്‍ഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചത്. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.


◾ ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തില്‍ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണില്‍ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. വാഹനം ലൊക്കേറ്റ് ചെയ്തതായി ബന്ധുക്കളും അറിയിച്ചു.


◾  ഗംഗാനദിയിലെ ജലനിരപ്പുയര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുന്നത് പുണ്യനദിയില്‍നിന്നുള്ള അനുഗ്രഹമാണെന്ന്  ഉത്തര്‍പ്രദേശിലെ ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ്. കാന്‍പുര്‍ ദെഹാത്തിലെ വെള്ളപ്പൊക്ക ബാധിതമേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് മന്ത്രി നാട്ടുകാര്‍ക്ക് മുന്നില്‍ വിവാദപരാമര്‍ശം നടത്തിയത്.  അതേസമയം, വെള്ളപ്പൊക്കം അനുഗ്രഹമാണെങ്കില്‍ മന്ത്രിയും ഉദ്യോഗസ്ഥരും ഗ്രാമത്തില്‍ വന്ന് താമസിക്കണമെന്ന് വയോധിക പ്രതികരിച്ചെന്നും റിപ്പോര്‍ട്ടുകള്‍.


◾  പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലെത്തും. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്.


◾  ഗോവ വിമാനത്താവളത്തിലെ ബാഗേജ് വെയ്ങ് സ്‌കെയിലുകള്‍ തമ്മില്‍ ഭാരത്തില്‍ വലിയ വ്യത്യാസമുണ്ടെന്നും ഇത് കാരണം ഇന്‍ഡിഗോ തന്റെ കയ്യില്‍ നിന്ന് അമിതമായി പണം ഈടാക്കിയെന്നും ആരോപിച്ച് ചണ്ഡീഗഡ് സ്വദേശി. എന്നാല്‍ ആരോപണം ഇന്‍ഡിഗോ നിഷേധിച്ചു. ഗോവയില്‍ നിന്ന് ചണ്ഡീഗഡിലേക്ക് യാത്ര ചെയ്യുകയായിരുന്ന രത്തന്‍ ധില്ലനാണ് വിമാനക്കമ്പനിക്കെതിരെ 'എക്സി'ല്‍ പോസ്റ്റിട്ടത്.


◾  ധര്‍മ്മസ്ഥല കേസില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്ത് വന്നേക്കുമെന്ന് സൂചന. സാക്ഷിയും പരാതിക്കാരനുമായ ആള്‍ മൃതദേഹം കുഴിച്ചിടുന്നത് കണ്ടു എന്ന് മൊഴി നല്‍കാന്‍ സാധ്യതയുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. 6 സാക്ഷികള്‍ രംഗത്ത് വന്നേക്കും എന്നാണ് സൂചന. അന്വേഷണത്തെ സഹായിക്കാന്‍ തയ്യാറെന്ന് ഇവര്‍ എസ്ഐടിയെ അറിയിച്ചതായാണ് വിവരം.

◾  തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് നിലവിലെ മുഖ്യമന്ത്രിയുടെയും മുന്‍മുഖ്യമന്ത്രിമാരുടെയും പേരും ചിത്രവും ഉപയോഗിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


◾  ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നു മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ നീക്കം സൈനികരെ കെണിയിലാക്കുമെന്നും ശേഷിക്കുന്ന ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി സേനാമേധാവി ഇയാല്‍ സമീര്‍ എതിര്‍ത്തിരുന്നു. ഗാസ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ ഐക്യരാഷ്ട്രസംഘടനയും യൂറോപ്യന്‍ യൂണിയനും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


◾  അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന്റെ സൂചകമായ ഇ-വേ ബില്ലുകളുടെ കണക്കില്‍ ജൂലൈയില്‍ റെക്കോഡ്. ഏകദേശം 13.99 കോടി ഇ-വേ ബില്ലുകളാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ഇ-വേ ബില്ലുകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനയുണ്ടായി. ജൂണിലെ കണക്ക് പരിശോധിച്ചാല്‍ ഇത് 10.4 ശതമാനം വരും. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്. ചരക്കുനീക്കം സാധാരണ കുറയുന്ന മണ്‍സൂണ്‍ കാലത്തുണ്ടായ മാറ്റം പ്രാദേശിക വിപണിയില്‍ ഡിമാന്‍ഡ് കൂടിയതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു. ജൂലൈയിലെ ജി.എസ്.ടി വരുമാനവും ഇതിനെ ശരിവെക്കുന്നതാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി വരുമാനം 9.7 ശതമാനവും പ്രാദേശിക ഇടപാടുകളില്‍ നിന്നുള്ള വരുമാനം 6.7 ശതമാനവും ഉയര്‍ന്നു. ഇക്കൊല്ലം പതിവിലും കൂടുതല്‍ മണ്‍സൂണ്‍ ലഭിച്ചതിലൂടെ കാര്‍ഷിക - പ്രാദേശിക സാമ്പത്തിക രംഗത്തും ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ രണ്ടാം പാദത്തിലും നടപ്പുസാമ്പത്തിക വര്‍ഷത്തിലും 6.5 ശതമാനം വളര്‍ച്ച നേടുമെന്നും ആര്‍.ബി.ഐ വിശദീകരിക്കുന്നു.


◾  മമ്മൂട്ടിയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമ 'കളങ്കാവല്‍' ഒക്ടോബറില്‍ 9ന് റിലീസ് ചെയ്യും. വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചനകള്‍. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ വില്ലന്‍ അഥവ കരിയറിലെ മറ്റൊരു വേറിട്ട വേഷം കാണാന്‍ കാത്തിരിക്കുകയാണ് മലയാളിത്.കള്‍. വെഫറര്‍ ഫിലിംസ് വിതരണം ചെയ്യുന്ന കളങ്കാവല്‍ ഒക്ടബറിലെത്തുമെന്ന് തിയറ്റര്‍ പാര്‍ട്ടികളാണ് അറിയിച്ചിരിക്കുന്നതെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയുടെ വലിയൊരു തിരിച്ചു വരവായിരിക്കും കളങ്കാവല്‍. ജിതിന്‍ കെ ജോസും വിഷ്ണു ശ്രീകുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ടര്‍ബോ, ഡൊമനിക്ക് ആന്റ് ലേഡീസ് പേഴ്സ് എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍.



*ശുഭദിനം*

*കവിത കണ്ണന്‍*

തടവിലാക്കപ്പെട്ട കുറ്റവാളികളെ എല്ലാ ദിവസവും വൈകുന്നേരം രാജാവും ജയില്‍ അധികാരിയും കൂടി സന്ദര്‍ശിക്കുക പതിവായിരുന്നു.  ഇങ്ങനെ പതിവ് സന്ദര്‍ശന വേളയില്‍ ഒരു നാള്‍ ചങ്ങലക്കിട്ട ഒരു തടവുകാരനെ രാജാവ് കാണുകയുണ്ടായി. അയാളുടെ വധശിക്ഷ അടുത്ത ദിവസം നടപ്പാക്കേണ്ടതാണ്.  വധശിക്ഷ കാത്ത് വിഷണ്ണനായി തടവറ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന കുറ്റവാളിയോട് രാജാവ് പറഞ്ഞു:  'നിനക്ക് രക്ഷപ്പെടാന്‍ ഞാന്‍ ഒരു അവസരം തരുന്നു. നീ കിടക്കുന്ന ഈ തടവറയില്‍ കാവല്‍ക്കാരനില്ലാത്ത ഒരു രക്ഷാമാര്‍ഗം ഉണ്ട്.  അത് കണ്ടെത്തി നിനക്ക് രക്ഷപ്പെടാം. അതിന് സാധിച്ചില്ലെങ്കില്‍ നാളെ സൂര്യോദയത്തിനു മുന്‍പ് ആരാച്ചാര്‍ നിന്നെ വന്ന് കൊണ്ടുപോകുകയും തൂക്കിലേറ്റുകയും ചെയ്യും' രാജാവിന്റെ നിര്‍ദേശ പ്രകാരം  ജയില്‍ അധികാരി തടവുകാരന്റെ ചങ്ങല ക്കെട്ടുകള്‍ അഴിച്ചു മാറ്റി. തടവറവാതില്‍ അടച്ച് രാജാവും ജയില്‍ അധികാരിയും സ്ഥലം വിട്ടു. ജീവിതം തിരിച്ചു കിട്ടുമല്ലോ എന്ന സന്തോഷത്തില്‍ തടവുകാരന്‍ ആ ഇടുങ്ങിയ തടവറയില്‍ മുഴുവന്‍ കണ്ണോടിച്ചു. മുകളില്‍ കണ്ട ഒരു ഇരുമ്പ് ജാലകത്തിലൂടെ രക്ഷപ്പെടാന്‍ പറ്റുമോ എന്ന് നോക്കി. പക്ഷേ അത് മുറിച്ചു കടക്കാന്‍ സാധ്യമല്ലാത്ത വിധം ഉറപ്പുള്ളതായിരുന്നു. അപ്പോഴാണ് താഴെ തറയില്‍ ഒരു ഭാഗത്ത് ജീര്‍ണിച്ച ഒരു പരവതാനികൊണ്ട് മൂടിയ ഒരു മാന്‍ ഹോള്‍ കണ്ടത്. അതിലൂടെ താഴത്തെ നിലയിലേക്ക് പോകാനുള്ള ഒരു ഗോവണി കണ്ടു. അതില്‍ക്കൂടെ ഇറങ്ങി ചെന്നപ്പോള്‍ അതില്‍ നിന്ന് മറ്റൊരു നിലയിലേക്കുള്ള ഗോവണി ശ്രദ്ധയില്‍ പെട്ടു. അത് കയറി ചെന്നപ്പോള്‍ എത്തിയത് ഒരു നിലവറക്കുള്ളിലായിരുന്നു. നിലവറക്കുള്ളിലെ ഗോവണി കയറിച്ചെന്നപ്പോള്‍ പുറത്ത് നിന്നുള്ള വായു സഞ്ചാരവും വെളിച്ചവും കാണാന്‍ തുടങ്ങി. മുന്നില്‍ കണ്ട വഴിയിലൂടെ നടന്നപ്പോള്‍ എത്തിപ്പെട്ടത് ഒരു കോട്ടയ്ക്കുള്ളിലായിരുന്നു.   കോട്ടയെ ചുറ്റി നല്ല ആഴമുള്ള ഒരു നദി ഒഴുകുന്നുണ്ടായിരുന്നു. കോട്ടയുടെ ഒരു ഭാഗത്തു കണ്ട ചെറിയ ഇരുമ്പ് കവാടം തുറന്നാല്‍ നദിയില്‍ ചാടി രക്ഷപ്പെടാം. എന്നാല്‍ അയാള്‍ ആ രാത്രി മുഴുവന്‍ കിണഞ്ഞു ശ്രമിച്ചിട്ടും ആ ഇരുമ്പ് കവാടം തുറക്കാനായില്ല.  പിറ്റേന്ന് രാവിലെ നിരാശനായി താന്‍ വന്ന വഴിയിലൂടെ തിരിച്ചു നടന്ന് അയാള്‍ തടവറക്കുള്ളിലെത്തി. അപ്പോള്‍ തടവറക്ക് പുറത്ത് രാജാവും ജയില്‍ അധികാരിയും നില്‍ക്കുന്നതാണ് അയാള്‍ കണ്ടത്. അയാള്‍ നിരാശയോടെ പറഞ്ഞു: 'രാജാവ് എന്നെ  പറഞ്ഞു പറ്റിക്കുകയായിരുന്നു. കാവല്‍ക്കാരനില്ലാത്ത ഒരു രക്ഷാ മാര്‍ഗം ഉണ്ടായിരുന്നെങ്കിലും അത് ആര്‍ക്കും തുറക്കാനാവാത്ത വിധം ബലമുള്ളതായിരുന്നു.'  ഉടന്‍ രാജാവ് പറഞ്ഞു:  'നീ എന്ത് വിഡ്ഢിയാണ്? കാവല്‍ക്കാരനില്ലാത്ത രക്ഷാമാര്‍ഗം ഈ തടവറ വാതില്‍ തന്നെയായിരുന്നു. ഞാന്‍ ഇന്നലെ അത് താഴിട്ട് പൂട്ടിയിരുന്നില്ല.' തടവുകാരന്‍ സ്തബ്ധനായി നിന്നുപോയി. ആരാച്ചാര്‍ വന്ന് അവനെ തൂക്കിലേറ്റാന്‍ കൂട്ടിക്കൊണ്ട് പോയി.  ലളിതമായ ചിന്തകള്‍ കൊണ്ട് നേടിയെടുക്കാന്‍ കഴിയുന്ന പല കാര്യങ്ങളും നമുക്ക് മുമ്പിലുണ്ടെങ്കിലും അവ കണ്ടെത്തുവാന്‍ പലപ്പോഴും നമ്മള്‍ ശ്രമിക്കാറില്ല. പ്രശ്നങ്ങള്‍ എങ്ങനെയെങ്കിലും പരിഹരിക്കാനുള്ള വ്യഗ്രതയില്‍ പലരും കണ്ടെത്തുന്നത് ഒരു പക്ഷേ ദുര്‍ഘടമായതും സാഹസികവുമായ വഴികളായിരിക്കും. ഒട്ടും ആലോചിക്കാതെ കണ്ടെത്തുന്ന ആ രക്ഷാമാര്‍ഗങ്ങള്‍ ഇരുളടഞ്ഞവയുമായിരിക്കും. ചിന്തകളെ കൂടുതല്‍ സൂക്ഷ്മവും ലളിതവും ആക്കാന്‍ ശീലിക്കാം -   ശുഭദിനം.

________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment

Previous Post Next Post