മാഹി പോളിടെക്നിക് താൽക്കാലിക ജീവനക്കാർ പെരുവഴിയിൽ
മാഹി: പുതുച്ചേരി സർക്കാറിന്റെ ഗവ. ഇന്ദിര ഗാന്ധി പോളിടെക്നിക് കോളജിൽ ഒന്നര ദശാബ്ദത്തിലേറെയായി അധ്യാപക-അനധ്യാപക തസ്തികയിൽ ജോലി ചെയ്തിരുന്നവർ പെരുവഴിയിലായി. അധ്യയന വർഷം തുടങ്ങി ഉത്തരവും ശമ്പളവുമില്ലാതെ രണ്ടുമാസം ജോലി ചെയ്തവരോട് ഈ മാസം ഒന്ന് മുതൽ പുതുക്കിയ ഓർഡർ ഇല്ലാത്തതിനാൽ സർക്കാർ ഭാഗത്തുനിന്ന് ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി ജോലിയിൽ പ്രവേശിക്കരുതെന്ന് പ്രിൻസിപ്പൽ സന്താനസാമി അറിയിച്ചു. ലെക്ചറർമാർ, ലാബ് അസിസ്റ്റൻറ്, ലാബ് അറ്റൻഡൻറ് ഉൾപ്പെടെ 21 പേരാണ് പെരുവഴിയിലായത്.
ഈ അധ്യായന വർഷത്തിൽ മുഴുവൻ സീറ്റുകളിലും അഡ്മിഷൻ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടി. ഈ കോളജിലെ നിശ്ചിതകാല കരാർ ജീവനക്കാർക്ക് 2018 മുതൽ ഇന്‍ക്രിമെന്റ് ലഭിക്കുന്നില്ല.
അതേസമയം, പുതുച്ചേരിയിൽ മറ്റ് സ്ഥാപനങ്ങളിലെ നിശ്ചിതകാല കരാർ ജീവനക്കാർക്ക് 2022 മുതൽതന്നെ ഇൻക്രിമെൻറ് ലഭിക്കുന്നതും ചേർത്തുവായിക്കുമ്പോൾ പുതുച്ചേരി സർക്കാർ മാഹി മേഖലയോട് കാണിക്കുന്നത് ചിറ്റമ്മ നയമാണെന്ന് ജീവനക്കാർ ആരോപിച്ചു.
Post a Comment