◾ റാപ്പര്‍ വേടനെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവഗായിക നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാട്ടിയത് എന്നിവയാണ് വേടനെതിരെയുള്ള കുറ്റങ്ങള്‍. 2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
⊷⊷⊶⊷❍❍⊷⊶⊷⊷
*2025 ആഗസ്റ്റ് 26*
*1447 റ:അവ്വൽ 02*
*1201 ചിങ്ങം 10*
*ചൊവ്വ | അത്തം*
⊷⊶⊷⊷❍❍⊶⊷⊷⊷
◾ ഇന്ന് അത്തം. ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയ ഘോഷയാത്ര. അത്തച്ചമയ ഘോഷയാത്രയോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളില്‍ പങ്കെടുക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വര്‍ണശഭലമായ കാഴ്ചകള്‍ക്കാകും നഗരം സാക്ഷിയാകുക.
◾ ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
◾ ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്‌കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി ഉയര്‍ത്തി. അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്കും 1450 രൂപ വീതം ലഭിക്കും. പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് 1350 രൂപ ലഭിക്കും.
◾ വെളിച്ചെണ്ണ വില വര്‍ധനയില്‍ ഫലപ്രദമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 500 രൂപയോളം വില വര്‍ധിച്ച ഘട്ടത്തില്‍ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നല്‍കി. ഇതുമൂലം മറ്റ് ബ്രാന്‍ഡുകളുടെ വില പൊതു വിപണിയില്‍ കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോ ഓണം ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഓണക്കാലത്ത് ഒരു മണി അരി പോലും അധികം കേന്ദ്രം നല്‍കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ ആഗോള അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബിജെപി. പിണറായി വിജയന്‍ 'പെരിയാര്‍' വിജയന്‍ ആകുന്നതായി തമിഴിസൈ സൗന്ദര്‍രാജന്‍ കുറ്റപ്പെടുത്തി. സ്റ്റാലിനും പിണറായിയും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും തമിഴ്നാടിലെ ഒരു ഹിന്ദുമത ചടങ്ങിലും സ്റ്റാലിന്‍ പങ്കെടുക്കാറില്ലെന്നും 35,000 ക്ഷേത്രങ്ങളില്‍ ഒന്നിലും പോകാറില്ലെന്നും പക്ഷെ കേരളത്തില്‍ പോകാന്‍ ഒരുങ്ങുന്നുവെന്നും തമിഴിസൈ പറഞ്ഞു. ഉദയനിധി സനാതനധര്‍മത്തെ ഉന്മൂലനം ചെയാന്‍ നടക്കുകയാണെന്നും പക്ഷെ വോട്ടിനായി ഇപ്പോള്‍ കേരളത്തില്‍ പോകുന്നു എന്നും തമിഴിസൈ കുറ്റപ്പെടുത്തി.
◾ അമീബിക്ക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് 'ജലമാണ് ജീവന്‍' ക്യാമ്പയിന് രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം 41 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി 18 ആക്ടീവ് കേസുകളാണുള്ളത്.
◾ അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം.ആഗസ്റ്റ് 30, 31 ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും എന്നും മന്ത്രി അറിയിച്ചു.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കാന്റോണ്‍മെന്റ് ഹൗസിന് മുന്നില്‍ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷാവസ്ഥ. പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നില്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വീടിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിക്കാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. അതേസമയം, ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നടപടി പോരെന്നും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ആവര്‍ത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. രാഹുല്‍ മാങ്കൂട്ടത്തില്‍ സൈക്കോ പാത്ത് ആണെന്നും നാട്ടുകാര്‍ക്ക് ജനാധിപത്യബോധ്യം ഉള്ളതുകൊണ്ടാണ് ജനങ്ങള്‍ പ്രതിഷേധ സദസ്സില്‍ ഒതുക്കുന്നതെന്നും അല്ലായിരുന്നുവെങ്കില്‍ പേപിടിച്ച സൈക്കോപാത്തിനെ ജനങ്ങള്‍ കല്ലെറിഞ്ഞ് ഓടിച്ചേനെ എന്നും ആര്‍ഷോ പറഞ്ഞു.
◾ രാഹുലിനെ സസ്പെന്‍ഡ് ചെയ്തത് കെണിയാണെന്ന് സജി ചെറിയാന്‍. സസ്പെന്‍ഷന്‍ സണ്ണി ജോസഫിന്റെ കുശാഗ്ര ബുദ്ധിയാണെന്നും രാഹുല്‍ ബുദ്ധിമാന്‍ ആണെങ്കില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു. കെ കരുണാകരന്റെ ഭാര്യയെ പോലും നിന്ദിച്ചയാളാണ് മാങ്കൂട്ടത്തിലെന്നും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നയാളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും രാഹുലിനെ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ ഭാഗമായാണ് രാജിക്കാര്യത്തിലെ വ്യത്യസ്താഭിപ്രായം എന്നും സജി ചെറിയാന്‍ പ്രതികരിച്ചു.
◾ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ സംസ്‌കാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യതയില്ലാത്തയാളെ പാലക്കാട് ജനത സഹിക്കണം എന്നാണോ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നതെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു.
◾ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം പി രംഗത്ത്. ശക്തമായ തീരുമാനമാണ് പാര്‍ട്ടി എടുത്തതെന്നും ഇത് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബാധകമാണെന്നുമാണ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ ഷാഫി പറഞ്ഞത്.പാര്‍ട്ടിയുടെ ഐക്യവും ശക്തിയും ഉറപ്പാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഷാഫി ആഹ്വാനം ചെയ്തു.
◾ രാഹുലിന്റെ സസ്പെന്‍ഷന്‍ കോണ്‍ഗ്രസിന് എടുക്കാന്‍ കഴിയുന്ന ഏറ്റവും മാതൃകാപരമായ തീരുമാനമെന്ന് രമേശ് ചെന്നിത്തല . ഉമ തോമസിനെതിരൊയ സൈബറാക്രമണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
◾ പാലക്കാട് കോണ്‍ഗ്രസില്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു. പാലക്കാടേക്ക് വന്ന് കയറിയവനും കൊണ്ടുവന്നവനും മുങ്ങിയെന്നാണ് വിമര്‍ശനം. ജയിപ്പിക്കാന്‍ മുന്നില്‍ നിന്നവര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് എന്നാന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടാണ് പാലക്കാടിനെ പ്രതിസന്ധിയിലാക്കിയതെന്നും കെ മുരളീധരനെ മത്സരിപ്പിച്ചെങ്കില്‍ ഈ ഗതി വരില്ലായിരുന്നുവെന്ന് വിമര്‍ശനം.
◾ സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദ്. സിപിഎമ്മിനെയോ പാര്‍ട്ടി സെക്രട്ടറിയെയോ നേതാക്കളെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഷര്‍ഷാദ് പറയുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനില്‍ നിന്ന് കത്ത് ചോര്‍ന്നു എന്നാണ് സംശയമെന്നും അത് സംശയം മാത്രമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം മറ്റു നേതാക്കള്‍ എല്ലാം രാജേഷ് കൃഷ്ണയില്‍ നിന്ന് അകല്‍ച്ച സൂക്ഷിച്ചിരുന്നുവെന്നും ഷര്‍ഷാദ് പറഞ്ഞു. മാധ്യമങ്ങളില്‍ താന്‍ പറയുന്നതിന്റെ ചില ഭാഗങ്ങള്‍ മാത്രം വരുന്നത് കൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും ഷര്‍ഷാദ് പറഞ്ഞു.
◾ പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്. കൊല്‍ക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിന്റെ സംശയം. ദമ്പതികള്‍ വീട് പൂട്ടി പോയ നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
◾ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ നാളത്തേക്ക് മാറ്റി. ബന്ധത്തിന്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടന്റെ അഭിഭാഷകന്‍ കോടതയില്‍ വാദിച്ചു. ഇരുകൂട്ടരുടെയും വാദം പൂര്‍ത്തിയായതോടെ കേസില്‍ വിധി പറയാന്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.
◾ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ വസ്തു നിഷ്ഠമായി മനസിലാക്കുന്നതിന് ജനപക്ഷ സര്‍ക്കാരിന് സ്ഥിതി വിവര കണക്കുകകള്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ , ആനുവല്‍ സര്‍വേ ഓഫ് അണ്‍ ഇന്‍ കോര്‍പ്പറേറ്റഡ് സെക്ടര്‍ എന്റര്‍പ്രൈസസ് സര്‍വേകളുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് അതിഥി മന്ദിരത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾ പാലക്കാട് ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി ചിറ്റൂര്‍ ഡിപ്പോ ഡ്രൈവര്‍ സന്തോഷ് ബാബുവിന്റെ ലൈസന്‍സ് ആണ് സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍. ഇതിന് പുറമെ, ഒരാഴ്ചത്തെ ഡ്രൈവര്‍ പരിശീലനത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ വിലക്കണമെന്ന ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിന് ആവശ്യമുണ്ടെങ്കില്‍ സമീപിക്കുമെന്ന് പോളിനോട് കോടതി പറഞ്ഞു. ഏഴ് ദിവസത്തിനകം സര്‍ക്കാര്‍ നിമിഷ പ്രിയയെ മോചിപ്പിച്ചില്ലെങ്കില്‍ താന്‍ വീണ്ടും ഇടപെടുമെന്ന് കെ എ പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ ഗുരുവായൂരിലെ പൂജകള്‍ സംബന്ധിച്ച വിധികള്‍ പുറപ്പെടുവിക്കുന്നത് കേരള ഹൈക്കോടതിയിലെ ഒരേ ബെഞ്ചാണെന്ന് സുപ്രീംകോടതി. ഉദയാസ്തമയ പൂജ, ഇല്ലം നിറ പൂജ എന്നിവ സംബന്ധിച്ച വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചുകളില്‍ ഒരേ ജഡ്ജി ഉണ്ടായിരുന്ന കാര്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ പൂജ കൊടിമരച്ചുവട്ടില്‍ നടത്താനുള്ള തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.
◾ കോഴിക്കോട് തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ കക്കട്ട് സ്വദേശി രാജനെയാണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഓഫിസില്‍ എത്തിയതായിരുന്നു. ഉച്ചയ്ക്കാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
◾ അനധികൃത സ്വത്തുസമ്പാദന പരാതിയില്‍ തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ക്ലീന്‍ചിറ്റ് തള്ളിയതെന്നും റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അജിത് കുമാര്‍ നല്‍കിയ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
◾ എലത്തൂര്‍ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കാണാതായ എലത്തൂര്‍ സ്വദേശി വിജില്‍ മരിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു. അമിതമായി ലഹരി ഉപയോഗിച്ച യുവാവ് മരിച്ചുവെന്നും പിന്നാലെ തങ്ങള്‍ അയാളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി. 2019ലാണ് യുവാവിനെ കാണാതായത്.
◾ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം. റീല്‍സ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തെ തുടര്‍ന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫറാണ് റീല്‍സ് ചിത്രീകരണത്തിനായി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സമ്പന്ധിച്ച വിവരങ്ങള്‍ പുറത്തു വിടേണ്ടെന്ന് ദില്ലി ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണം എന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി. ഫെബ്രുവരിയില്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകള്‍ പാസായതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന സിഐസി ഉത്തരവും ദില്ലി ഹൈക്കോടതി റദ്ദാക്കി. മോദിയുടെ കേസില്‍ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ ഉത്തരവും റദ്ദാക്കിയത്. സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകള്‍ പാസായ വിവരങ്ങള്‍ പുറത്തുവിടണമെന്നായിരുന്നു സിഐസി ഉത്തരവ്. ഇതിനെ മറികടന്നാണ് ഹൈക്കോടതി വിധി.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയും വിദ്യാഭ്യാസ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പൊതുതാത്പര്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വ്യക്തിഗത വിവരങ്ങളാണെന്നും ആ വ്യക്തി പൊതു പദവി വഹിക്കുന്നയാളാണെങ്കില്‍ പോലും അത് അങ്ങനെ തന്നെയാണെന്നും വിവരാവകാശ നിയമപ്രകാരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണ് വിവരാവകാശ നിയമം നടപ്പിലാക്കിയതെന്നും അല്ലാതെ കോലാഹലങ്ങള്‍ക്ക് വക നല്‍കാനല്ലെന്നും കോടതി വ്യക്തമാക്കി.
◾ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ധാര്‍മിക നിലപാടില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2013 ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് പ്രയോജനകരമാകുന്ന വിധത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വലിച്ചുകീറിയ രാഹുല്‍ പുതിയ ബില്ലിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നും ഷാ ചോദിച്ചു. ഭരണഘടനാ പദവികളിലിരിക്കുന്ന ആര്‍ക്കെങ്കിലും ജയിലില്‍ നിന്ന് ഭരണം നടത്താന്‍ അനുവാദം നല്‍കുന്നത് ന്യായമാണോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പ്രശസ്ത കന്നഡ നടന്‍ ദിനേഷ് മംഗളൂരു (63) അന്തരിച്ചു. ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കുന്ദാപുരയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം.
◾ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈനികര്‍ ഭീകരരെ വധിച്ചത് അവരുടെ മതമേതെന്ന് നോക്കിയല്ലെന്നും മറിച്ച് അവരുടെ ചെയ്തികള്‍ കണക്കിലെടുത്താണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ മതമേതെന്ന് ചോദിച്ചശേഷമാണ് ഭീകരര്‍ നിരപരാധികളായ 26 പേരെ കൊന്നൊടുക്കിയതെന്ന് സൂചിപ്പിച്ചായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്താവനയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
◾ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ്സിനു (എപി) വേണ്ടി ജോലി ചെയ്തിരുന്ന ഒരു സ്വതന്ത്രമാധ്യമപ്രവര്‍ത്തകയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒരു ആശുപത്രിക്ക് നേരെ ഉണ്ടായആക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്.
◾ തെക്കന്‍ ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആക്രമണത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും തനിക്ക് അതില്‍ സന്തോഷമില്ലെന്നും അത് കാണാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞ ട്രംപ് നമ്മള്‍ ആ പേടിസ്വപ്നം അവസാനിപ്പിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
◾ അദാനി ഗ്രൂപ്പിന് ഇന്ത്യന്‍ കമ്പനികള്‍ വായ്പ അനുവദിക്കുന്നത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഏതാണ്ട് 2.6 ലക്ഷം കോടിരൂപയാണ് ഗ്രൂപ്പിന്റെ മൊത്തകടം. ഇതില്‍ പകുതിയും ഇന്ത്യയിലെ പ്രാദേശിക ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വകയാണെന്നും റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിലെ വര്‍ധന 40 ശതമാനം. ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചതോടെ ഇന്ത്യയില്‍ നിന്ന് വായ്പ സ്വീകരിക്കുന്നത് എളുപ്പമായതും മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിംഗുമാണ് വര്‍ധനക്ക് കാരണമെന്നും റിപ്പോര്‍ട്ട് തുടരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്ത കടം 20 ശതമാനമാണ് വര്‍ധിച്ചത്. ഇക്കാലയളവില്‍ അദാനി ഗ്രൂപ്പിന് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന വായ്പയും വര്‍ധിച്ചു. ആകെ വായ്പയുടെ 18 ശതമാനം വായ്പയും നല്‍കുന്നത് പൊതുമേഖലാ ബാങ്കുകളാണ്. ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും നല്‍കിയ വായ്പ ആകെ വായ്പയുടെ 25 ശതമാനമായി. കഴിഞ്ഞ വര്‍ഷം ഇത് 19 ശതമാനമായിരുന്നു. വിദേശ കമ്പനികളില്‍ നിന്ന് ഡോളറില്‍ വാങ്ങിയിരുന്ന വായ്പ 31 ശതമാനമായിരുന്നത് 23 ശതമാനമായി കുറയുകയും ചെയ്തു.
◾ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'ലോക: ചാപ്റ്റര്‍ വണ്‍: ചന്ദ്ര' ട്രെയിലര്‍ എത്തി. ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. 'ലോക' എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. ഹോളിവുഡ് ലെവലില്‍ ആണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ട്രെയിലറിന്റെ അവസാനം ഒരു സസ്പെന്‍സും അണിയറക്കാര്‍ ഒളിപ്പിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ആകും ആ വേഷത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ടൊവിനോയും അതിഥി വേഷത്തിലുണ്ട്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം വമ്പന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.
◾ കുട്ടികള്‍ക്കു വിനോദത്തിനായി സ്മാര്‍ട്ഫോണുകള്‍ നല്‍കുന്നതിന് പിന്നിലെ അപകടങ്ങളെ കുറിച്ച് വിദഗ്ധര്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ ആശങ്കകള്‍ അസ്ഥാനത്തല്ലെന്നു തെളിയിക്കുകയാണ് അടുത്തിടെ പുറത്ത് വന്ന ഒരു പഠനം. വളരെ ചെറുപ്രായത്തില്‍ കുട്ടികള്‍ സ്മാര്‍ട്ഫോണുകള്‍ ഉപയോഗിക്കുന്നത് അവരില്‍ ആത്മഹത്യ ചിന്ത അടക്കമുള്ള പല മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നു പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഒരു ലക്ഷത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ആന്‍ഡ് കേപ്പബിലിറ്റീസിലാണ് പ്രസിദ്ധീകരിച്ചത്. അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ സ്മാര്‍ട്ഫോണുകള്‍ ഉപയോഗിച്ച് തുടങ്ങിയ കുട്ടികളില്‍ 31 ശതമാനത്തിനും പില്‍ക്കാലത്ത് ആത്മഹത്യ ചിന്തകള്‍ ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. 14 വയസ്സ് വരെ കുട്ടികള്‍ക്ക് സ്മാര്‍ട്ഫോണുകള്‍ നല്‍കുകയേ ചെയ്യരുതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. കുട്ടികളില്‍ അമിത ദേഷ്യം, വിരക്തി, മായക്കാഴ്ചകള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും സ്മാര്‍ട്ഫോണ്‍ കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. 14 വയസ്സിന് ശേഷം സ്മാര്‍ട്ഫോണ്‍ നല്‍കിയാലും ഇന്റര്‍നെറ്റ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നതിനെ കുറിച്ചും, സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ചും മാതാപിതാക്കള്‍ കുട്ടികളെ ബോധവത്ക്കരിക്കേണ്ടതാണെന്നും പഠനറിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
കാറ്റും മഴയും തോര്‍ന്നപ്പോഴേക്കും പൂമരത്തില്‍ നിന്നും ധാരാളം പൂക്കള്‍ കൊഴിഞ്ഞുവീണു. അവസാനതുളളി മഴയും തോര്‍ന്നപ്പോള്‍ താഴേക്ക് നോക്കി പൂമരം കരയുന്നത് കണ്ട് കിളി ചോദിച്ചു: നീ എന്തിനാണ് കരയുന്നത്? മരം പറഞ്ഞു: എങ്ങിനെ കരയാതിരിക്കും. എന്റെ എത്രപൂക്കളാണ് കാറ്റ് അടര്‍ത്തിക്കളഞ്ഞത്. അപ്പോള്‍ കിളി പറഞ്ഞു: നീ എന്തിനാണ് താഴേക്ക് നോക്കുന്നത്? നീ നിന്നിലേക്ക് നോക്കൂ..താഴെ വീണതിലും എത്രയോ ഇരട്ടിപൂക്കളാണ് നിന്നില്‍ വിരിഞ്ഞു നില്‍ക്കുന്നത്. നഷ്‌പ്പെടുന്നതെല്ലാം തിരിച്ചുപിടിക്കാനാകില്ല. അടര്‍ന്നുവീഴുന്നവയെ തിരികെ കൊളുത്തിവെക്കാനുമാകില്ല. കളഞ്ഞുപോയവയുടെ പിന്നാലെ പായുന്നതിനിടയില്‍ കളയാതെ സൂക്ഷിക്കേണ്ടവയെ മറന്നുപോകുന്നു എന്നതാണ് സത്യം. എപ്പോഴും എന്തെങ്കിലുമൊക്കെ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. പാമ്പിന് പടം പൊഴിയും, മരത്തില്‍ നിന്ന് ഇലകള്‍ കൊഴിയും, നദിയില്‍ നിന്ന് വെള്ളം ഒഴുകിപോകും. ഒന്നും നഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. സത്യത്തില്‍ നഷ്ടം സംഭവിക്കുന്നതിലല്ല, ആ നഷ്ടം മൂലം ഉണ്ടാകുന്ന ആത്മവിശ്വാസനഷ്ടമാണ് യഥാര്‍ത്ഥ നഷ്ടം. വസന്തം അവകാശമാണ്. അത് വരും. പക്ഷേ നഷ്ടങ്ങളെഓര്‍ത്ത് കരയാനാണെങ്കില്‍ ജീവിതം മുഴുവന്‍ ഒരു വിലാപഗാനമായി മാറും. എന്തൊക്കെ നഷ്ടപെട്ടാലും ഉള്‍ക്കരുത്തുണ്ടെങ്കില്‍ വീണ്ടും പൂക്കള്‍ വിടര്‍ന്നുകൊണ്ടേയിരിക്കും. വീണ പൂക്കളല്ല,, വിടരാനുളള പൂക്കളാണ് പ്രധാനം. - ശുഭദിനം.
Post a Comment