o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 


◾  ദില്ലിയിലെ എല്ലാ തെരുവുനായ്ക്കളെയും പിടികൂടണമെന്ന് സുപ്രീം കോടതി ഉത്തരവ്. പിടൂകൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു. നായ്ക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. കൂടാതെ ഇവരെ തടയുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. മൃഗസ്നേഹികള്‍ ഒന്നിച്ചാല്‍ കടിയേറ്റ കുട്ടികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആകുമോ എന്ന് കോടതി ചോദിച്ചു.

2025  ഓഗസ്റ്റ് 12  ചൊവ്വ 

1200  കർക്കിടകം 27പൂരുരുട്ടാതി  

1447 സ്വഫർ 17

       


◾  ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സര്‍വ്വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് അനുസരിച്ച് രാജ്ഭവനില്‍ നിന്ന് പദ്ധതികള്‍ പുറപ്പെടുവിക്കുന്നുവെന്നും ഇത് ഭരണഘടനാ വിരുദ്ധമെന്നും തന്റെ പ്രസ്താവനയില്‍ പിണറായി വിജയന്‍ പറഞ്ഞു. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാചരണം കൂടാതെ, മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്നും സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കാളിത്തവും ഇല്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവരാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തി കെട്ടാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


◾  തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നിലവിലുള്ള എബിസി ചട്ടങ്ങള്‍ അപ്രായോഗികമാണെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി മന്ത്രി എം.ബി. രാജേഷ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താനിത് ആവര്‍ത്തിച്ചു പറഞ്ഞിട്ടും മാധ്യമങ്ങള്‍ അത് അവഗണിച്ചെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എബിസി ചട്ടങ്ങള്‍ അസംബന്ധമാണെന്നും, തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.


◾  ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. സര്‍ക്കാര്‍ നയം എക്സൈസ് മന്ത്രിയായ താന്‍ പറഞ്ഞു കഴിഞ്ഞുവെന്നും അതിന് മുകളില്‍ ഒരുദ്യോഗസ്ഥനും ഇല്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു. ഓണ്‍ലൈനായി മദ്യവില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് ബെവ്കോ എംഡി ഹര്‍ഷിത അത്തല്ലൂരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണവും എത്തിയത്.


◾  ഡോ. ഹാരിസ് ചിറക്കലിനുമേല്‍ ഒരു നുള്ള് മണ്ണ് വാരിയിടാന്‍ പോലും പ്രതിപക്ഷം സമ്മതിക്കില്ലെന്ന് വിഡി സതീശന്‍. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമം നടത്തിയത്. ഇതില്‍ നിന്നും ഇപ്പോള്‍ മന്ത്രി പിന്മാറിയെന്നാണ് അറിയുന്നത്. ആരോഗ്യമന്ത്രി വാശിക്കാരിയാണ്. ഹാരിസ് വിഷയത്തില്‍ മന്ത്രി നാല് തവണ നിലപാട് മാറ്റി. പലതവണ നിലപാട് മാറ്റിയ മന്ത്രി ഇനിയും മാറ്റുമോ എന്ന് സംശയമുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.


◾  കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ആണ് സി സദാനന്ദനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍. ക്രിമിനല്‍ പ്രവര്‍ത്തനമാണോ എംപി ആകാനുള്ള യോഗ്യതയെന്നും ഒരു എംപി ആയി എന്നു കരുതി സഖാക്കളേ ജയിലില്‍ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ടെന്നും എംവി ജയരാജന്‍ പറഞ്ഞു. സി സദാനന്ദന്‍ എംപിയുടെ കാല്‍വെട്ടിയ കേസുമായി ബന്ധപ്പെട്ട് മട്ടന്നൂര്‍ ഉരുവച്ചാലില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾  കെ കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് വി ഡി സതീശനെന്ന് കെ മുരളീധരന്‍. അതുകൊണ്ട് വിഡി സതീശന്റെ പ്രമോഷന് ഭാവിയിലും തടസ്സം ഉണ്ടാകില്ലെന്നും കെ കരുണാകരന്റെ മനസ്സില്‍ വേദന ഉണ്ടാക്കിയവര്‍ പൊങ്ങേണ്ട സമയത്ത് ദേശീയപാത തകര്‍ന്നതുപോലെ താഴോട്ട് പതിക്കുകയായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന എം എ ജോണ്‍ പുരസ്‌കാരം സതീശനെ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുരളീധരന്‍. പലവട്ടം പ്രമുഖ സ്ഥാനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട നേതാവാണു വി.ഡി.സതീശന്‍ എന്നും കഴിവുള്ളവരെ അധികകാലം മാറ്റിനിര്‍ത്താന്‍ സാധിക്കില്ല എന്നതിനു തെളിവാണു സതീശനു ലഭിച്ച പ്രതിപക്ഷ നേതാവിന്റെ സ്ഥാനമെന്നും മുരളീധരന്‍ പറഞ്ഞു.


◾  തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതിയും, അച്ഛന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു


◾  തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത വിമര്‍ശിച്ചു. എ.കെ.ജി. സെന്ററില്‍ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോ മെത്രാന്മാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും അതിരൂപത ചോദിച്ചു. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നും എന്നാല്‍ ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടതിന് നന്ദി അറിയിച്ച നിലപാടില്‍ മാറ്റമില്ലെന്നും അതിരൂപത വ്യക്തമാക്കി.


◾  തൃശൂര്‍ വാല്‍പ്പാറയില്‍ തെയിലത്തോട്ടത്തില്‍ 7 വയസുകാരനെ പുലി കടിച്ചു കൊന്നു. അസം സ്വദേശികളുടെ മകന്‍ മൂര്‍ ബുജി ആണ് മരിച്ചത്. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് കടയില്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


◾  കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. വിചാരണ അന്തിമ ഘട്ടത്തില്‍ എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ബന്ധുക്കളായ ആറ് പേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്.


◾  കോതമംഗലത്തെ സോനയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് കത്തോലിക്ക കോണ്‍ഗ്രസ്. സോനയുടെ മരണം കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിച്ചുവെന്ന സോനയുടെ കത്തിലെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തില്‍ ഉണ്ടെന്ന വാദത്തിന് ശക്തി പകരുന്നതാണ് സോനയുടെ കത്ത് എന്നും കത്തോലിക്ക കോണ്‍ഗ്രസ് ആരോപിക്കുന്നു.


◾  മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണമെന്ന് സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ആവശ്യപ്പെട്ടു. കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി സോനയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് സഭയുടെ ഫേസ്ബുക്ക് കുറിപ്പ്.


◾  വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. തട്ടിപ്പിനെ കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അഴിമതിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. നിലവില്‍ തൊണ്ടര്‍നാട് പൊലീസ് ആണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. സിപിഎം ഭരിക്കുന്ന തൊണ്ടര്‍നാട് പഞ്ചായത്തിലാണ് രണ്ട് വര്‍ഷത്തിനിടെ രണ്ടരകോടി രൂപയുടെ അഴിമതി കണ്ടെത്തിയത്.


◾  മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.


◾  ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട് രാജിവച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളില്‍ സജി നന്ത്യാട്ട് സാന്ദ്ര തോമസിനെ പിന്തുണച്ചിരുന്നു.


◾  6000 കോടി രൂപയുടെ അധിക വായ്പയ്ക്ക് അനുമതി തേടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു . ദേശീയ പാത വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കിഫ്ബി വഴിയെടുത്ത വായ്പ സംസ്ഥാനത്തിന്റെ കട പരിധിയില്‍ നിന്ന് വെട്ടിക്കുറച്ചിരുന്നു. ഈ വകയിലാണ് അധിക വായ്പ ആവശ്യപ്പെടുന്നത്.


◾  പത്തനംതിട്ട റാന്നിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തല്‍. ചികിത്സാ പിഴവ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. റാന്നി മാര്‍ത്തോമാ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം കുട്ടി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് കമ്മീഷന്‍ ഉത്തരവ്.


◾  സുരേഷ്ഗോപി തൃശൂരില്‍ ജയിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പരിഹസിക്കാനായിരുന്നു ഇടതു വലത് മുന്നണികള്‍ ശ്രമിച്ചിരുന്നതെങ്കില്‍ അദ്ദേഹം ജയിച്ച ശേഷം അത് അംഗീകരിക്കാനാവാത്ത മാനസിക അവസ്ഥയിലേക്ക് അവര്‍ മാറിയെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തോറ്റ് തുന്നംപാടിയിട്ടും ജനങ്ങളെ പല്ലിളിച്ച് കാണിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.


◾  വയനാട് എം പി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. ബിജെപി പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതി.നേരത്തെ കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്യു നേതാവ് രംഗത്തെത്തിയിരുന്നു.


◾  കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് ലവ് ജിഹാദ് എന്ന് ബിജെപി. കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ലവ് ജിഹാദിന് ഇരയാകുന്ന കേരളത്തിലെ അവസാനത്തെ പെണ്‍കുട്ടിയാണ് കോതമംഗലത്ത് ആത്മഹത്യ ചെയ്ത സോനയെന്ന് പികെ കൃഷ്ണദാസ്. മത ഭീകരവാദികള്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കുന്നുവെന്നും ആയിരക്കണക്കിന് സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


◾  പത്തനംതിട്ട കൂടലില്‍ യുവാവിനെ അയല്‍ക്കാരനായ സുഹൃത്ത് കുത്തിക്കൊന്നു. കൂടല്‍ പയറ്റുകാലായില്‍ താമസിക്കുന്ന 40 വയസ്സുള്ള രാജന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ അനിയാണ് കേസില്‍ പിടിയിലായത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടി. മദ്യപിച്ചുള്ള തര്‍ക്കത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.


◾  ഇസാഫ് ബാങ്കിന്റെ ജബല്‍പൂരിനടുത്ത്  ഖിറ്റോള ശാഖയില്‍ പട്ടാപകല്‍ വന്‍ കൊള്ള. ആറ് പേരടങ്ങിയ ആയുധധാരികളായ സംഘം ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ബാങ്കില്‍ നിന്ന് 14875 ഗ്രാം സ്വര്‍ണവും 5.7 ലക്ഷം രൂപയും കവര്‍ന്നു. കൊള്ളയ്ക്ക് ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ സംഘം ഇവിടെ നിന്നും കടന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ ഇവര്‍ ഹെല്‍മറ്റ് വച്ച് മുഖം മറച്ചിരുന്നു. കൊള്ളസംഘം എത്തിയ സമയത്ത് ബാങ്കില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല.


◾  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൃത്രിമത്വം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. 


◾  വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണയ്ക്കെതിരെ കടുത്ത നടപടിയെടുത്ത് കോണ്‍ഗ്രസ്. രാജണ്ണയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. വോട്ടര്‍ പട്ടിക ക്രമക്കേടിനെ തള്ളി രംഗത്ത് വന്നതാണ് നടപടിക്ക് പിന്നിലെ കാരണം.


◾  യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി വമ്പന്‍ പരിഷ്‌കരണവുമായി ഇന്ത്യന്‍ റെയില്‍വെ. ഇതിനോടകം രാജ്യത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ 11535 കോച്ചുകളില്‍ സിസിടിവികള്‍ സ്ഥാപിച്ചു. ഇതില്‍ 1149 എണ്ണം കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വെ സോണിലാണ്. വെസ്റ്റേണ്‍ റെയില്‍വെ സോണില്‍ 1679 സിസിടിവികളും മധ്യ റെയില്‍വെ സോണില്‍ 1320 സിസിടിവികളും ഈസ്റ്റേണ്‍ റെയില്‍വെ സോണില്‍ 1131 സിസിടിവികളും നോര്‍ത്തേണ്‍ റെയില്‍വെ സോണില്‍ 1125 സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് എംപിമാരുടെ ചോദ്യത്തിന് മറുപടിയായി ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.


◾  ചില റൂട്ടിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി എയര്‍ ഇന്ത്യ. സെപ്റ്റംബര്‍ ഒന്നു മുതല്‍ ദില്ലിക്കും വാഷിംഗ്ടണ്‍ ഡിസിക്കും ഇടയിലുള്ള സര്‍വീസുകളാണ് നിര്‍ത്തുന്നത്. പ്രവര്‍ത്തന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിശ്വാസതയും സമഗ്രതയും ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.


◾  ഫിലിപ്പീന്‍സ് കപ്പലിനെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ചൈനീസ് കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണ കപ്പല്‍ ചൈനീസ് നേവിയുടെ യുദ്ധക്കപ്പലിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആള്‍നാശം ഉണ്ടായതായി വിവരമില്ല. എങ്കിലും ചൈനയുടെ രണ്ട് കപ്പലുകള്‍ക്കും കേടുപാടുകളുണ്ടായി. അതേസമയം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇത് ചൈനയ്ക്ക് വലിയ നാണക്കേടുമായി. അമേരിക്കയുടെ ഉറ്റസുഹൃത്തായ ഫിലിപ്പീന്‍സും ചൈനയും തമ്മില്‍ സമുദ്രാതിര്‍ത്തിയുടെ പേരില്‍ തര്‍ക്കമുണ്ട്.


◾  അമേരിക്കയിലെ ടെക്സാസിലെ സാരമായി ബാധിച്ച വെള്ളപ്പൊക്കത്തില്‍ പുറത്ത് വന്നത് പതിന്നൊര കോടിയിലേറെ വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ കാല്‍പ്പാട്. ടെക്സാസിലെ നോര്‍ത്ത് വെസ്റ്റ് ട്രാവിസ് കൗണ്ടിയിലാണ് അപൂര്‍വ്വ കണ്ടെത്തലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ബിഗ് സാന്‍ഡി ക്രീക്ക് മേഖലയിലാണ് ഈ കണ്ടെത്തല്‍. സന്നദ്ധ പ്രവര്‍ത്തകരാണ് കണ്ടെത്തലിന് പിന്നിലെന്നാണ് ട്രാവിസ് കൗണ്ടി ജഡ്ജ് ആന്‍ഡ് ബ്രൗണ്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.


◾  അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയെയും പാകിസ്ഥാനെയും ഉപമിച്ച പാക് സൈനിക മേധാവി അസിം മുനീറിന്റെ പ്രസ്താവന വൈറല്‍. ഫ്ലോറിഡയില്‍ സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യയെ തിളങ്ങുന്ന മെഴ്സിഡസിനോടും പാകിസ്ഥാനെ ചരല്‍ നിറച്ച ട്രക്കിനോടുമാണ് അസിം മുനീര്‍ ഉപമിച്ചത്.


◾  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യുക്രൈന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് മോദിയോട് വിശദീകരിച്ചു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മോദിയോട് ചൂണ്ടിക്കാട്ടിയതായി സെലന്‍സ്‌കി വ്യക്തമാക്കി.


◾  ഇന്ത്യന്‍ സേനയിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ തസ്തികയില്‍ പുരുഷ-വനിതാ ഉദ്യോഗസ്ഥര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന 2:1 സംവരണ നയം സുപ്രീം കോടതി റദ്ദാക്കി. ഒഴിവുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്യാനോ സ്ത്രീകള്‍ക്ക് പരിമിതപ്പെടുത്താനോ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ നടപടി ഏകപക്ഷീയവും തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി.


◾  നാഷണല്‍ സ്പോര്‍ട്സ് ഗവേണന്‍സ് ബില്‍ ലോക്സഭയില്‍ പാസ്സായി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്തെ കായികമേഖലയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പരിഷ്‌കരണമെന്നാണ് കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇതിനെ വിശേഷിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ ലോക്സഭയില്‍ പാസ്സായത്.


◾  യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ സംഘര്‍ഷഭരിതമായ വിപണിയിലേക്ക് ഈയാഴ്ച്ച എത്തുക ആറ് പുതിയ ഐ.പി.ഒകള്‍. ആറ് കമ്പനികള്‍ കൂടി 1,938 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈയാഴ്ച്ചയിലെ ഏറ്റവും വലിയ ഐ.പി.ഒ ബ്ലൂസ്റ്റോണ്‍ ജുവലറി ആന്‍ഡ് ലൈഫ്‌സ്റ്റൈലിന്റേതാണ്. 1,540.65 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 492-519 പ്രൈസ് ബാന്‍ഡിലാണ് വില്പന. 42.03 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐകോഡെക്‌സ് പബ്ലിഷിംഗ് സൊല്യൂഷന്‍സ് എത്തുന്നത്. 34.64 കോടി രൂപയുടെ 33.96 പുതിയ ഓഹരികളും 7.25 ലക്ഷം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെയുമാണ് വിപണിയിലെത്തിക്കുക. റീഗാല്‍ റിസോഴ്‌സസ് ഐ.പി.ഒ. 306 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. 96-102 ആണ് പ്രൈസ്ബാന്‍ഡ്. എസ്.എം.ഇ സെക്ടറില്‍ വരുന്നൊരു ഐ.പി.ഒയാണ് മഹേന്ദ്ര റിയല്‍റ്റേഴ്‌സ്. 49.45 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. പ്രൈസ് ബാന്‍ഡ് 75-85 രൂപ. 410.7 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷീര്‍ജി ഷിപ്പിംഗ് ഗ്ലോബല്‍ എത്തുന്നത്. ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. പ്രൈസ് ബാന്‍ഡ് 240-252.


◾  ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര' ഓണം റിലീസായി തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പര്‍ഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സൂപ്പര്‍ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. ഒരു സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദര്‍ശന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം വമ്പന്‍ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.


◾  സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ 'കുമ്മാട്ടിക്കളി'. ഇപ്പോഴിതാ ചിത്രം യുട്യൂബിലൂടെ സൗജന്യ സ്ട്രീമിംഗിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 14 ന് സൂപ്പര്‍ഗുഡ് ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് കുമ്മാട്ടിക്കളി പ്രദര്‍ശനം ആരംഭിക്കുക. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 10 മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം യുട്യൂബിലേക്ക് എത്തുന്നത്. ചിമ്പു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ആര്‍ കെ വിന്‍സെന്റ് സെല്‍വ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളും പ്രമേയമാക്കി ഒരുക്കിയ കുമ്മാട്ടിക്കളിയില്‍ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാര്‍ക്കൊപ്പം ലെന, റാഷിക് അജ്മല്‍, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.


◾  ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാഹന ശേഖരത്തിലേക്കു പുത്തന്‍ ഒരു ലംബോര്‍ഗിനി ഉറൂസ് കൂടി. പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനമുള്ള ഈ വാഹനത്തിനു എക്സ് ഷോറൂം വില വരുന്നത് 4.57 കോടി രൂപയാണ്. ഓണ്‍ റോഡിലേക്കെത്തുമ്പോള്‍ അഞ്ച് കോടി രൂപയ്ക്ക് മുകളിലാകും ഈ കരുത്തന്റെ വില. പുത്തന്‍ വാഹനം രോഹിത് ശര്‍മയ്ക്ക് കൈമാറുന്നതിനായി കൊണ്ടുപോകുന്നതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. മുന്‍ മോഡലില്‍ നിന്നും വ്യത്യസ്തമായി ഓറഞ്ച് ഷെയ്ഡാണ് പുതു ഉറൂസിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനമെന്ന ഖ്യാതിയുമായാണ് ഉറൂസ് എസ് ഇ വിപണിയിലെത്തിയത്. 4.0 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തതിനു കരുത്തേകുന്നത്. 620 ബി എച്ച് പി കരുത്തും 800 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടിതിന്. ഇലക്ട്രിക് മോട്ടോര്‍ കൂടി ചേരുന്നതോടെ 800 ബി.എച്ച്.പി. പവറും 950 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും എന്‍ജിന്‍. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്.


◾  പ്രമേഹം, ഹൃദ്രോഗം, സന്ധി പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കുന്നതിനും, പ്രഭാത ശീലങ്ങള്‍ ഗുണം ചെയ്യും. ദിവസവും രാവിലെ ഒരേ സമയത്ത് എഴുന്നേല്‍ക്കുക. ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് ലെപ്റ്റിന്‍, ഗ്രെലിന്‍ തുടങ്ങിയ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു. അനാവശ്യമായ ലഘുഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുന്നു. ദിവസവും ചെറു ചൂടുവെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുക. വെള്ളം കുടിക്കുന്നത് ആദ്യം ശരീരത്തിന് ജലാംശം നല്‍കുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാന്‍ നാരങ്ങയോ കറുവപ്പട്ടയോ ചേര്‍ക്കാം. ദിവസവും രാവിലെ 10-15 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും രാവിലത്തെ വെയില്‍ കൊള്ളുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരത്തിലെ സെറോടോണിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും രാത്രിയില്‍ മെലറ്റോണിന്റെ അളവ് നിയന്ത്രിക്കുകയും മികച്ച നിലവാരമുള്ള ഉറക്കത്തിനായി സഹായിക്കുകയും ചെയ്യുന്നു. ദിവസവും രാവിലെ അല്‍പം നേരം വായന ശീലമാക്കുക. ജേണലിംഗ് സമ്മര്‍ദ്ദ നില കുറയ്ക്കുന്നു. മുട്ട, തൈര്, തുടങ്ങിയ പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രഭാതഭക്ഷണം കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും. ദിവസവും രാവിലെ 15 മിനുട്ട് നേരം നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നടത്തം ഒരു ദിവസത്തെ കൂടുതല്‍ ഊജത്തോടെ നിലനിര്‍ത്തും. ഗ്രീന്‍ ടീയും ബാക്ക് കോഫിയും (മിതമായ അളവില്‍) കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനവും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.


*ശുഭദിനം*

*കവിത കണ്ണന്‍*

അസാന്മാര്‍ഗിക ജീവിതം നയിച്ചു ജീവിച്ചുവന്ന അതി സുന്ദരിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവരുടെ വീടിന് അടുത്തുതന്നെയായിരുന്നു ഒരു പുരോഹിതന്റെ പ്രാര്‍ത്ഥനാലയം. പ്രാര്‍ത്ഥന നേരത്തും പുരോഹിതന്റെ മനസ്സ് ആ സ്ത്രീയോടുള്ള മോഹത്തിലൂടെ അലഞ്ഞു നടന്നു.  കുറേ നാള്‍ കഴിഞ്ഞ് പുരോഹിതന്‍ മരിച്ച് നരകത്തില്‍ എത്തിച്ചേര്‍ന്നു. നരക കവാടത്തില്‍ വെച്ച് അയാള്‍ കാവല്‍ക്കാരനോട് പറഞ്ഞു:  'നിങ്ങള്‍ക്ക് തെറ്റിപ്പോയിരിക്കുന്നു. ജീവിത കാലം മുഴുവന്‍ ഞാന്‍ ദൈവത്തിനു മുമ്പില്‍ പ്രാര്‍ത്ഥനയിലായിരുന്നു. പുരോഹിതന്റെ വേഷത്തിലായിരുന്നു. എന്നിട്ടും എനിക്കെങ്ങിനെയാണ് ഈ നരകം വിധിച്ചത്?'  കണക്ക് പുസ്തകം പരിശോധിച്ച ശേഷം കാവല്‍ക്കാരന്‍ പറഞ്ഞു:  'നിങ്ങള്‍ ഭൂമിയില്‍ കാണുന്നതുപോലെ നിങ്ങള്‍ ധരിക്കുന്ന വേഷമോ മറ്റ് ജീവിത സാഹചര്യങ്ങളോ അല്ല ഇവിടത്തെ കണക്ക് പുസ്തകത്തില്‍ പതിയുന്നത്. നിങ്ങളുടെ മനസ്സ് മാത്രമാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. നിങ്ങള്‍ പ്രാര്‍ത്ഥനാമുറിയിലായിരിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴുമെല്ലാം നിങ്ങളുടെ മനസ്സ് മുഴുവന്‍ ആ സ്ത്രീയോടൊപ്പമായിരുന്നു. അതാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് നരകം വിധിച്ചത്. കളങ്കമില്ലാത്ത ഒരു മനസ്സിന് മാത്രമേ പരിശുദ്ധമായ ജീവിതത്തിലേക്ക് ഒരുവനെ നയിക്കാനാകൂ. എന്നാല്‍ പലരും പരിശുദ്ധത നടിക്കുകയാണ് ചെയ്യുന്നത്. പുറത്തെ വേഷമല്ല, ഉള്ളിലുള്ള നന്മയും സത്യവും അനുകമ്പയുമൊക്കെയാണ് ഒരാളെ ദൈവത്തോട് അടുപ്പിക്കുന്നത് - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post