തുരുമ്പെടുത്ത് മോന്താൽ റെഗുലേറ്റർ
മയ്യഴിപ്പുഴയിലെ പാതിനിർമിച്ച മോന്താൽ റെഗുലേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു. മയ്യഴിപ്പുഴയോരത്തെ ഗ്രാമങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിച്ച് കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കാനാണ് അരനൂറ്റാണ്ടിനുമുൻപ് റഗുലേറ്റർ നിർമിച്ചത്
ഭാഗികമായി നിർമാണം പൂർത്തിയായ റെഗുലേറ്ററിന്റെ വെള്ളത്തിലുള്ള ഭാഗം തുരുമ്പെടുത്ത് തുടങ്ങി. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മാഹിയും തലശ്ശേരിയും ഒഴിവാക്കി കണ്ണൂർ വിമാനത്താവളത്തിലെത്താനുള്ള എളുപ്പമാർഗമായി മോന്താൽ പാലം മാറി. മയ്യഴിപ്പുഴ ഒഴുകുന്ന വലിയൊരു ഭൂപ്രദേശത്തെ കാർഷിക മേഖലയ്ക്കും ശുദ്ധജലം ലഭിക്കാത്ത തീരദേശവാസികൾക്കും ഒരുപോലെ ഗുണകരമാവുമായിരുന്ന പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. കോഴിക്കോട് ജില്ലയിലെ അഴിയൂർ, ഏറാമല, എടച്ചേരി, തൂണേരി, ചെക്യാട്, പഞ്ചായത്തുകളിലും കണ്ണൂർ ജില്ലയിലെ ന്യൂമാഹി, ചൊക്ലി, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളിലും പാനൂർ നഗരസഭയിലെ കരിയാട്, പെരിങ്ങളം പ്രദേശങ്ങളിലുള്ള കൃഷിയിടങ്ങൾക്കും വൻ പ്രതീക്ഷയായിരുന്നു ഈ പദ്ധതി. മയ്യഴിപ്പുഴയിൽനിന്ന് വേനൽക്കാലത്ത് ഉപ്പുവെള്ളം കയറുന്ന പ്രസ്തുത പ്രദേശങ്ങളെല്ലാം കൃഷിചെയ്യാതെ തരിശിട്ടിരിക്കുകയാണ്.
ശുദ്ധജലം കിട്ടിയാൽ രണ്ടുതവണ നെൽക്കൃഷി ചെയ്യാൻ കഴിയുന്ന പാടങ്ങളാണിവിടെ. നേന്ത്രവാഴ, പച്ചക്കറി എന്നിവയൊക്കെ കൃഷിചെയ്യാറുള്ള പരമ്പരാഗത കർഷകർക്കും ഓരുജല പ്രശ്നമുണ്ട്.തീരത്തോടടുത്ത ഭാഗത്തെ തെങ്ങുകളെല്ലാം മുരടിച്ചു. കരിയാട് ഭാഗത്തെ പടന്നക്കര, മുക്കാളിക്കര പ്രദേശങ്ങളിൽ ഏക്കറ് കണക്കിന് പാടശേഖരങ്ങളിൽ ഉപ്പുവെള്ളഭീഷണി കാരണം കൃഷിയിറക്കാൻ കഴിയാറില്ല. ഇവിടെയുള്ള എലിക്കുനി, ചൂലയിൽ പാടശേഖരങ്ങളിൽ വർഷത്തിൽ ഒറ്റത്തവണ നെൽക്കൃഷി ചെയ്യാറുണ്ട്.
കെ.പി. മോഹനൻ കൃഷിമന്ത്രിയായിരുന്ന കാലത്താണ് വീണ്ടും പദ്ധതിക്ക് ജീവൻവെച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിൽനിന്ന് സാങ്കേതിക വിദഗ്ധരെയെത്തിച്ച് വിശദ പരിശോധനയും പഠനവും നടന്നു. ചില വശങ്ങളിൽ അടിഭാഗത്ത് ബലക്ഷയം വരുന്നുണ്ടെന്നും പുതിയരീതിയിൽ നിർമാണം നടത്തണമെന്നും പുതിയ പദ്ധതിക്കായി വൻ തുകയും കണ്ടെത്തേണ്ടിവരുമെന്നുമായിരുന്നു നിർദേശം.
ബോട്ടുകളുടെതുൾപ്പെടെ ജലയാനങ്ങളുടെ സുരക്ഷിതയാത്ര ഉറപ്പാക്കി റഗുലേറ്റർ പുനർനിർമിച്ചു വേണം ഇനി പദ്ധതി പൂർത്തിയാക്കാൻ. അഞ്ചരക്കണ്ടി പുഴയിലെ പാറപ്രം റെഗുലേറ്ററിന്റെ മാതൃകയിൽ മോന്താലിലും നിർമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Post a Comment