o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 ◾/  രാജ്യത്ത് ഇനി മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍. പുതിയ നിരക്കുകള്‍ക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നല്‍കി. 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചു. ഇനി മുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. ഇതിന് ജിഎസ്ടി കൗണ്‍സിലില്‍ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഈ മാറ്റത്തിലൂടെ, 12% നികുതിയുണ്ടായിരുന്ന ഏകദേശം 99% ഉത്പന്നങ്ങളും 5% സ്ലാബിലേക്ക് മാറും. അതുപോലെ, 28% സ്ലാബിലുള്ള 90% ഉത്പന്നങ്ങള്‍ 18% സ്ലാബിലേക്ക് മാറും. അതേസമയം, പുകയില ഉത്പന്നങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവക്ക് 40% ഉയര്‍ന്ന നികുതി തുടരും.




2025 | ഓഗസ്റ്റ് 22 | വെള്ളി 

1201 | ചിങ്ങം 6 |  ആയില്യം 





◾/  ജിഎസ്ടിയിലെ 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കിയ നടപടിയില്‍ പ്രതികരിച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയ്ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാതെ, കമ്പനികള്‍ ലാഭം കൊയ്യുമെന്നും ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് മറ്റ് വരുമാന മാര്‍ഗങ്ങളുണ്ടെങ്കിലും സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ബാലഗോപാല്‍ വ്യക്തമാക്കി.


◾/  കോണ്‍ഗ്രസിലെ യുവനേതാക്കള്‍ വളരെ കഴിവുള്ളവരാണെന്നും എന്നാല്‍ കുടുംബവാഴ്ച കാരണം അവര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം പാര്‍ലമെന്റിന്റെ സമാപിച്ച സമ്മേളനം പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കിയത് കാരണം വളരെ മികച്ചതായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ പാസാക്കിയതിനെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വലിയ നിയമനിര്‍മ്മാണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നതിന് അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചു.


◾/  ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തി  മുഖ്യമന്ത്രി പിണറായി വിജയന്‍. 105 വയസുള്ള അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന അവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കുമെന്നടക്കം മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ സാക്ഷരത നേടിയവര്‍ക്ക് സൈബര്‍ ക്രൈമുകള്‍ തടയുന്നതിനുള്ള പരിശീലനം നല്‍കുമെന്നും പിണറായി വിജയന്‍ വിവരിച്ചു.


◾/  ആരോപണവിധേയന്‍ ജനപ്രതിനിധി എങ്കില്‍ ആ സ്ഥാനം രാജിവെയ്ക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പേരു വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകള്‍ ഒരു യുവജന നേതാവിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഈ വനിതകള്‍ക്ക് പേര് വെളിപ്പെടുത്താന്‍ ഏതെങ്കിലും തരത്തിലുള്ള ഭീതി ഉണ്ടെങ്കില്‍ അവര്‍ ഭയപ്പെടേണ്ടതില്ലെന്നും പൂര്‍ണ്ണ പിന്തുണയും സംരക്ഷണവും നല്‍കി സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  പേര് വെളിപ്പെടുത്താതെ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയുമെന്നും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യുമെന്നും ഇരകളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾/  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി രാഷ്ട്രീയ യുവജന സംഘടനകള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും സിപിഎം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തി. വിവിധയിടങ്ങളില്‍ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുലിന്റെ പാലക്കാടുള്ള എംഎല്‍എ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തിയത്.


◾/  യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹൂല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെ പറവട്ടാനി മുതല്‍ തൃശ്ശൂര്‍ വരെ നടത്താനിരുന്ന യൂത്ത് കോണ്‍ഗ്രസിന്റെ ലോങ് മാര്‍ച്ച് മാറ്റി വെച്ചു. വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്നായിരുന്നു ലോങ് മാര്‍ച്ച് നടക്കേണ്ടിയിരുന്നത്. മാര്‍ച്ച് മാറ്റിവെച്ചതിന്റെ കാരണം തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നില്ല.


◾/  എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യന്‍ ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

◾/  രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചത് ഷാഫി പറമ്പിലെന്ന് പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം  വിവാദങ്ങള്‍ക്കിടെ ഫ്ലാറ്റിനു മുന്നില്‍ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി പറമ്പില്‍ എം.പി വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനായി ബിഹാറിലേക്ക് പോയെന്നാണ് വിവരം.


◾/  വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് അപമാനകരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. പീഡനത്തിന് വിധേയരായവര്‍ ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ട് നേരത്തെ നടപടിയെടുത്തില്ലെന്നും പാലക്കാട്ടെ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസിന്റേത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണെന്നും വി.മുരളീധരന്‍ പറഞ്ഞു.


◾/  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനവും രാജിവയ്ക്കണമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍, രാഹുലിന്റെ മെന്റര്‍ എന്ന നിലയില്‍ സതീശനും ഈ വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.


◾/  പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടി ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പീഡനത്തിന് വിധേയരായവര്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പെടുത്തിയിട്ടും ഇടപെടാതെ മാറി നിന്ന കോണ്‍ഗ്രസിന്റെ നേതൃത്വവും പ്രതിക്കൂട്ടിലാണെന്നും രക്ഷിതാവ് എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പരാതിക്കാരോട് പറഞ്ഞ പ്രതിപക്ഷ നേതാവും ആ സ്ഥാനത്തിന് യോജിച്ച നിലപാടല്ല സ്വീകരിച്ചതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.


◾/  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍. ഹു കെയേഴ്സ് എന്ന ചോദ്യത്തിന് പീപ്പിള്‍ കെയേഴ്സ് എന്നാണ് ഉത്തരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയിട്ടുള്ള എല്ലാ അശ്ലീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.


◾/  പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കി. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ ഇന്നത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.


◾/  കോണ്‍ഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്. സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഒരു നിമിഷം ആ പദവിയിലിരിക്കാന്‍ അര്‍ഹനല്ലെന്നും നവ്യ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ അപമാനിച്ച എം എല്‍ എ രാജിവെക്കണമെന്നും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.


◾/  എംഎല്‍എ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഎം നേതാവ് സരിന്‍. കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നാണ് സരിന്റെ വിമര്‍ശനം. കൊണ്ടു നടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ എന്നും പി സരിന്‍ പരിഹസിച്ചു. ഒരാള്‍ രാജിവച്ചാല്‍ കോണ്‍ഗ്രസ് പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് കരുതണ്ടയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


◾/  രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിക്ക് എതിരെ എടുക്കുന്ന നടപടി കൊണ്ട് കോണ്‍ഗ്രസ് നേതാക്കളെല്ലാം വിശുദ്ധരാക്കപ്പെടണം എന്നില്ലെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കാരണം രാഹുല്‍ തന്നെ അയാളുടെ സ്വകാര്യ ഇടങ്ങളില്‍ ഈ നേതാക്കള്‍ക്കെതിരെ പൊട്ടിയ്ക്കാനുള്ള വെടിമരുന്ന് തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.  ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ യോഗ്യത ഇല്ലാത്തവനാണ് നിയമസഭയില്‍ എത്തിയതെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.


◾/  ആരോപണ വിധേയന്റെ പേര് പറയുന്നില്ലെന്ന് യുവനടി റിനി ആന്‍ ജോര്‍ജ്. ഒരു വ്യക്തിയോടല്ല യുദ്ധമെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്നും റിനി മാധ്യമങ്ങളോട് വ്യക്തമാക്കി. താനൊരു വ്യക്തിയെ പേരെടുത്ത് പറയാനോ ഒരു പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ ഇപ്പോഴും ഉദ്ദേശിക്കുന്നില്ലെന്നും  തന്റെ യുദ്ധം വ്യക്തിയോടല്ലെന്നും സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണെന്നും രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് മാത്രമാണ് തന്റെ വിഷയമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.


◾/  പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളര്‍ന്ന നേതാവായിരുന്നു വാഴൂര്‍ സോമന്‍.


◾/  തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി ത്യപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികളുടെ ഫെസ്റ്റിവെല്‍ ഓഫീസ് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റില്‍ തുറന്നു. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.


◾/  കാസര്‍കോട് കുണ്ടംകുഴി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം അശോകനെ സ്ഥലം മാറ്റി. സ്‌കൂളില്‍ അസംബ്ലിക്കിടെ പത്താം ക്ലാസുകാരന്റെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തിലാണ് സ്ഥലം മാറ്റം. മഞ്ചേശ്വരം കടമ്പാര്‍ ജിഎച്ച്എസ്എസിലേക്കാണ് മാറ്റിയത്. ഹെഡ്മാസ്റ്ററുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം.


◾/  കത്ത് ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട്  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അയച്ച വക്കീല്‍ നോട്ടീസ് കിട്ടിയെന്ന് വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. നോട്ടീസിലെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകന്‍ തന്നെയാണെന്നും മുഹമ്മദ് ഷെര്‍ഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ചു.


◾/  സിപിഎം കത്ത് ചോര്‍ച്ച വിവാദം ശുദ്ധ അസംബന്ധമെന്നും ഇക്കാര്യത്തില്‍ തനിക്കും മകനും ഒരു പങ്കുമില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.  രാജേഷ് കൃഷ്ണ കേരളത്തിലുള്ള പാര്‍ട്ടി അംഗമല്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പോളിറ്റ് ബ്യൂറോ അന്വേഷണം നടത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.


◾/  താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരി അനയയുടെ ഏഴ് വയസുകാരനായ സഹോദരനും രോഗം സ്ഥിരീകരിച്ചു. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി.


◾/  കെഎസ്ആര്‍ടിസി പുതുതായി വാങ്ങിയ ബസുകള്‍ യാത്രക്കാര്‍ക്കായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. 130 കോടി രൂപക്കാണ് ബസുകള്‍ വാങ്ങുന്നത് ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എയര്‍കണ്ടീഷണന്‍ ബസുകളായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക എന്നും അദ്ദേഹം പറഞ്ഞു.


◾/  മലപ്പുറം കരുവാരകുണ്ട് അടക്കാക്കുണ്ട് എഴുപതേക്കര്‍ പ്രദേശത്തെ 50 ഏക്കറില്‍ കടുവ പശുവിനെ കടിച്ചു കൊന്ന് ഭക്ഷിച്ച സംഭവ സ്ഥലത്ത് വീണ്ടും കടുവ എത്തിയതായി കണ്ടെത്തല്‍. വനം വകുപ്പ് സ്ഥാപിച്ച കാമറയിലാണ് കടുവയെ കണ്ടത്. ഇതോടെ കടുവ തന്നെയാണ് പശുവിനെ കൊന്നതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് വനം വകുപ്പ്.


◾/  എറണാകുളം പറവൂര്‍ കോട്ടുവള്ളിയിലെ വീട്ടമ്മ ആശയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദീപയ്ക്ക് ജാമ്യം അനുവദിച്ചു. പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട  പൊലീസ് ഉദ്യോഗസ്ഥന്‍  പ്രദീപ്, ബിന്ദു എന്നിവരുടെ മകളാണ് ദീപ. പ്രദീപിന്റെയും ബിന്ദുവിന്റെയും ഒപ്പം മകളും കഴിഞ്ഞ ദിവസം ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു.


◾/  കോഴിക്കോട് കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി. ഡി ബ്ലോക്കിലേക്ക് വെള്ളം എത്തിയിരുന്ന 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലാണ് ജഡം കണ്ടെത്തിയത്. ജീവനക്കാര്‍ പൈപ്പ് തുറന്നപ്പോള്‍ വെള്ളത്തിന് അസഹനീയമായ ദുര്‍ഗന്ധമുണ്ടായതോടെയാണ് പരിശോധിക്കാന്‍ തീരുമാനിച്ചത്.


◾/  കോട്ടയം സിഎംഎസ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കെ എസ് യു - എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പില്‍ 37 വര്‍ഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയന്‍ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തില്‍ നടന്ന വാക്കുതര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്.


◾/  അടൂര്‍ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങളില്‍ നടന്‍ വിനായകനെ പരസ്യമായി തള്ളിപ്പറഞ്ഞ് താര സംഘടന. നടന്‍ വിനായകന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ താര സംഘടന വാര്‍ത്താക്കുറിപ്പിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം മെമ്മറി കാര്‍ഡ് വിവാദത്തില്‍ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. റിപ്പോര്‍ട്ട് 60 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനും എക്സിക്യൂട്ടീവില്‍ തീരുമാനമായി.


◾/  ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റില്‍. ഉഡുപ്പി ബ്രഹ്‌മാവര്‍ പൊലീസാണ് ഉജ്ജിരെയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതത്. ബിജെപി നേതാവ് ബിഎല്‍ സന്തോഷിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാതിരുന്നതോടെയാണ് പൊലീസ് തിമ്മരോടിയെ അറസ്റ്റ് ചെയ്തത്.


◾/  തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെയും ഡിഎംകെയും കടന്നാക്രമിച്ച് വിജയ്. മോദിയെയും സ്റ്റാലിനെയും വിജയ് പേരെടുത്ത് വിമര്‍ശിച്ചു.  ഡിഎംകെയും ബിജെപിയും രാഷ്ട്രീയ എതിരാളികളാണെന്നും ഒരിക്കലും ഇവരുമായി സഖ്യത്തിനില്ലെന്നും വിജയ് സമ്മേളനത്തില്‍ പറഞ്ഞു.പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ എംജിആറിനെ അദ്ദേഹം പരാമര്‍ശിച്ചു. സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണെന്നും കുറുക്കന്മാര്‍ പലതും കാണുമെന്നും പക്ഷേ സിംഹം ഒന്നു മാത്രമാണെന്നും അവനാണ് രാജാവെന്നും ടിവികെ ആര്‍ക്കും തടയാനാകാത്ത ശക്തിയാണെന്നും വിജയ് പറഞ്ഞു. 234 സീറ്റിലും ഞാനായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും മത്സരം ഡിഎംകയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പറഞ്ഞു.


◾/  ജയിലിലാകുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ല് രാജ്യസഭയിലും കീറിയെറിഞ്ഞ് പ്രതിപക്ഷം. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനുള്ള പ്രമേയം വലിയ ബഹളത്തിനിടെ രാജ്യസഭയും അംഗീകരിച്ചു. ബില്ലിനെ അനുകൂലിക്കുന്ന നിലപാടില്‍ ഉറച്ചു നില്ക്കുമെന്ന് ടിഡിപിയും ജനതാദള്‍ യുണൈറ്റഡും വ്യക്തമാക്കി. ജനാധിപത്യത്തെ സര്‍ക്കാര്‍ കശാപ്പ് ചെയ്യുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു.


◾/  ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതിന് പിന്നില്‍ പ്രതിയുടെ അമിതമായ മൃഗസ്നേഹമാണെന്ന് പൊലീസ് നിഗമനം. ദില്ലിയിലെ തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതാകാം പ്രതിയെ പ്രകോപിപ്പിച്ചത് എന്നാണ് നിഗമനം. കോടതി ഉത്തരവ് രാജേഷിന് മനോ വിഷമമുണ്ടാക്കിയിരുന്നതായി മാതാവ് മൊഴി നല്‍കിയിരുന്നു. അതേസമയം ഡല്‍ഹിയില്‍നിന്ന് തെരുവുനായകളെ മുഴുവന്‍ നീക്കംചെയ്യണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് മൂന്ന് ലക്ഷം തെരുവുനായകളുടെ ജീവനെ ബാധിക്കുമെന്ന കാര്യം പറയാനാണ് താന്‍ മുഖ്യമന്ത്രിക്കടുത്തേക്ക് പോയതെന്ന് രാജേഷ് പോലീസിനെ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് രേഖ ഗുപ്തക്ക് സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.


◾/  ദില്ലിയില്‍ വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. അഞ്ച് സ്‌കൂളുകള്‍ക്കാണ് ഇന്നലെ ഈ മെയില്‍ വഴി ഭീഷണി സന്ദേശം എത്തിയത്. സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച ശേഷം ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ബുധനാഴ്ചയും സമാനരീതിയില്‍ 50ലധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.


◾/  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ത്യയെ പൂര്‍ണ തേജസ്സോടെ കണ്ടതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്ന് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാനുഭവം പങ്കുവച്ച് ഗ്രൂപ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗന്‍യാന്‍ ദൌത്യത്തിന് തന്റെ അനുഭവങ്ങള്‍ ഗുണകരമാകുമെന്നും ശുഭാംശു ശുക്ല പറഞ്ഞു. ആക്സിയം 4 ദൌത്യത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ശുഭാംശു ശുക്ല ആദ്യമായാണ് മാധ്യമങ്ങളോട് അനുഭവങ്ങള്‍ പങ്കുവെച്ചത്.


◾/  ചൈന-ഇന്ത്യ സൗഹൃദം ഏഷ്യക്ക് ഗുണകരമാണെന്നും ഇരു രാജ്യങ്ങളും ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഇരട്ട എഞ്ചിനുകളാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെഹോങ്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ആഗോള സ്ഥിരത നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണെന്നും, തുല്യവും ക്രമബദ്ധവുമായ ഒരു ബഹുധ്രുവ ലോകം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ലോക വ്യാപാര സംവിധാനം നിലനിര്‍ത്തുന്നതിനായി ചൈന ഇന്ത്യയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിനെ മുട്ടാളന്‍മാരെന്നു വിളിച്ച ചൈനീസ് അംബാസഡര്‍, ഇത്രയും കാലം സ്വതന്ത്ര വ്യാപാരത്തില്‍നിന്ന് നേട്ടമുണ്ടാക്കിയ അവര്‍ ഇപ്പോള്‍ വിലപേശലിനായി തീരുവകളെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു. ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് നീക്കത്തെ ചൈന ശക്തമായി എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.


◾/  ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ഒന്നാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഇതേ അഭിപ്രായം പങ്കുവെച്ചു. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിലെ വ്യാപാര ബന്ധം ശക്തമായി മുന്നോട്ടു പോകുമെന്നും, റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതിനെതിരെ അമേരിക്ക ചുമത്തിയ പിഴ താരിഫ് അതിശയിപ്പിച്ചെന്നും ജയശങ്കര്‍ പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി മോസ്‌കോയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.


◾/  വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിനും ചര്‍ച്ചയില്‍ പങ്കാളിയായി. റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായുമായുള്ള ചര്‍ച്ചയിലാണ് പ്രസിഡന്റ് പുടിനും പങ്കെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മോസ്‌കോയില്‍ ഈ നിര്‍ണായക കൂടിക്കാഴ്ച നടന്നത്.


◾/  യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് ഇറങ്ങിയ ശേഷവും യുക്രെയിനില്‍ വന്‍ ആക്രമണം നടത്തി റഷ്യ. ഒറ്റ രാത്രിയില്‍ 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമിച്ചതായി വ്യാഴാഴ്ച യുക്രെയ്ന്‍ വ്യോമസേന പറഞ്ഞു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രെയ്നില്‍ ഇറക്കിയ ആയുധങ്ങള്‍ സംഭരിച്ച യുക്രെയ്നിന്റെ ആയുധ സംഭരണികള്‍, ഡ്രോണ്‍ ഫാക്ടറികള്‍ തുടങ്ങിയവയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.


◾/  ഐ.ടി ഭീമന്‍ ഇന്‍ഫോസിസിലെ ജീവനക്കാര്‍ക്ക് ഇത്തവണ കൈനിറയെ ബോണസ് ലഭിക്കും. കമ്പനിയുടെ ആദ്യപാദ ഫലം മികച്ചതായതോടെയാണ് ജീവനക്കാരെ ഉയര്‍ന്ന ബോണസ് കാത്തിരിക്കുന്നത്. ശരാശരി 80 ശതമാനം വരെയാണ് കമ്പനി ബോണസ് വിതരണം ചെയ്യുന്നത്. ജീവനക്കാര്‍ക്ക് ലഭിച്ച മെമ്മോയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍ഫോസിസ് നല്‍കിയത് 65 ശതമാനം ശരാശരി ബോണസാണ്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ബോണസ് നല്‍കുന്നത്. പിഎല്‍ 4 ജീവനക്കാര്‍ക്ക് 80 മുതല്‍ 89 ശതമാനം വരെ ബോണസ് ലഭിക്കുമെന്നാണ് സൂചന. പിഎല്‍ 5 ജീവനക്കാര്‍ക്ക് 87 ശതമാനം വരെയും പിഎല്‍ 6 ജീവനക്കാര്‍ക്ക് 85 ശതമാനം വരെയും ബോണസ് ഉണ്ടാകും. ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് ശരാശരി 85 ശതമാനം വരെയും കുറഞ്ഞ ശമ്പളക്കാര്‍ക്ക് 75 ശതമാനം വരെയും ആനുകൂല്യം ലഭിക്കും.


◾/  ഫീല്‍ ഗുഡ് സിനിമകളില്‍ നിന്നുമൊരു യൂടേണ്‍ എടുത്ത് വിനീത് ശ്രീനിവാസന്‍. തിരയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'കരം'. ആക്ഷന്‍ ത്രില്ലറായ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നോബിള്‍ ബാബു തോമസ് ആണ് ചിത്രത്തിലെ നായകന്‍. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം വിനീതും വിശാഖ് സുബ്രഹ്‌മണ്യവും കൈകോര്‍ക്കുന്ന ചിത്രമാണ് കരം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം. ഒരിടവേളയ്ക്ക് ശേഷമാണ് വിനീതും ഷാനും ഒരുമിക്കുന്നത്.  ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റിയനുമാണ് നായികമാര്‍. മനോജ് കെ ജയന്‍, ജോണി ആന്റണി തുടങ്ങിയ മലയാള താരങ്ങള്‍ക്ക് പുറമെ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗംഭീര ആക്ഷന്‍ രംഗങ്ങളുടെ സൂചന നല്‍കുന്ന സിനിമയിലെ സംഘട്ടനമൊരുക്കുന്നത് ലസെയര്‍ വര്‍ദുകഡ്‌സെ, ഐരാക്‌സി സബനാഡ്‌സെ, നോബിള്‍ ബാബു തോമസ് എന്നിവര്‍ ചേര്‍ന്നാണ്. സെപ്തംബര്‍ 25 നാണ് സിനിമയുടെ റിലീസ്.


◾/  ഈ വര്‍ഷത്തെ ഏറ്റവും വിചിത്രമായ ഗാങ്ങിനെ പരിചയപ്പെടാന്‍ ഒരുങ്ങിക്കോളൂ. സോണി ലിവിന്റെ പുതിയ മലയാളം ഒറിജിനല്‍ സീരീസ് '4.5 ഗ്യാങ്' എത്തുന്നു. തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറഞ്ഞ ലോകമാണ് കഥയുടെ പശ്ചാത്തലം. കൃഷാന്ത് സംവിധാനം ചെയ്ത സീരിസ് നിര്‍മിച്ചിരിക്കുന്നത് മാന്‍കൈന്‍ഡ് സിനിമാസ് ആണ്. ദര്‍ശന രാജേന്ദ്രന്‍, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സീരിസിന്റെ ട്രെയ്‌ലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കോമഡി- ആക്ഷന്‍ സീരിസായാണ് 4.5 ഗാങ്ങ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇതുവരെ കാണാത്ത വേഷത്തിലാണ് ദര്‍ശന രാജേന്ദ്രന്‍ സീരിസിലെത്തുന്നത് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ജഗദീഷ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ഹക്കിം ഷാ, വിഷ്ണു അഗസ്ത്യ എന്നിവര്‍ക്ക് പുറമെ, സച്ചിന്‍, ശാന്തി ബാലചന്ദ്രന്‍, നിരഞ്ജ് മണിയന്‍ പിള്ള രാജു, ശ്രീനാഥ് ബാബു, ശംഭു മേനോന്‍, പ്രശാന്ത് അലക്സ്, രാഹുല്‍ രാജഗോപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ മാസം 29 ന് സോണി ലിവില്‍ സീരിസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ സീരിസ് കാണാനാകും.


◾/  ഓല ഇലക്ട്രിക് പുതിയ എസ്1 പ്രോ സ്പോര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ 1.50 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 999 രൂപ ടോക്കണ്‍ തുക നല്‍കി മോഡല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം, ഡെലിവറികള്‍ 2026 ജനുവരിയില്‍ ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇത് അടിസ്ഥാനപരമായി ഓല എസ്1 പ്രോയുടെ ഒരു സ്പോര്‍ട്ടിയര്‍ പതിപ്പാണ്. പുതിയ ഓല എസ്1 പ്രോ സ്‌പോര്‍ട്ടിന്റെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ 13കിലോവാട്ട്, സ്വന്തമായി വികസിപ്പിച്ചെടുത്ത ഫെറൈറ്റ് മോട്ടോര്‍ ഉള്‍പ്പെടുന്നു, ഇത് 21.4 ബിഎച്പി പവറും 71 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5.2കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഇതില്‍ ഉള്‍പ്പെടുന്നു. ഈ സ്‌കൂട്ടര്‍ ഐഡിസി ക്ലെയിം ചെയ്ത 320 കിമി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പുതിയ ഓല എസ്1 പ്രോ സ്‌പോര്‍ട്ടിന്റെ പ്രധാന ഹൈലൈറ്റ് എഡിഎഎസ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്. സ്‌കൂട്ടറിനൊപ്പം, ഒല മൂവ് ഒഎസ്ട6 ഉം അവതരിപ്പിച്ചു, 2026 ന്റെ തുടക്കത്തില്‍ ഇത് വിപണിയിലെത്തും.


◾/  സ്ത്രീജീവിതം വീടുകള്‍ക്കകത്തും ചാനലുകളുടെ ചതുരങ്ങള്‍ക്കകത്തും തളയ്ക്കപ്പെട്ട കാലത്തു വീടുവിട്ടിറങ്ങി നടക്കാന്‍ ധീരത കാണിച്ച എഴുത്തുകാരികളുടെ യാത്രാനുഭവങ്ങള്‍ ചേര്‍ത്ത് വെച്ച പുസ്തകമാണിത്. മലയാളത്തില്‍ ഇത്തരമൊരു യാത്രാനുഭവം ആദ്യമാണ്. 'പെണ്‍യാത്ര'. കെ വി സുമംഗല. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 180 രൂപ.


◾/  കാന്‍സറിനെ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. മുന്‍പ് ഉള്ളതിനെക്കാള്‍ രോഗനിരക്ക് വര്‍ധിക്കുകയാണ്. ശരീരത്തില്‍ ഏത് ഭാഗത്തും കാന്‍സര്‍ വികസിക്കാം. തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുന്നത് ചികിത്സ ലഭ്യമാക്കാനും കാന്‍സര്‍ അതിജീവനത്തിനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യും. അതേസമയം ഒരിക്കല്‍ കാന്‍സര്‍ വന്നവര്‍ക്ക് വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നത് കന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന സംയുക്തം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ദിവസവും ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് ഭക്ഷണം രുചികരമാക്കുമെന്ന് മാത്രമല്ല, അനാവശ്യമായ കോശ വ്യതിയാനങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. ആന്റിഓക്‌സിഡന്റുകളാലും വിറ്റമിനുകളാലും സമൃദ്ധമാണ് കുഞ്ഞന്‍ ബെറിപ്പഴങ്ങള്‍. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇത് കാന്‍സറുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഡവലപ്പ്‌മെന്റാണ്. ഇതിലേക്ക് യോഗര്‍ട്ട്, ഓട്‌സ് എന്നിവ ചേര്‍ത്ത് കഴിക്കാം. ഇലക്കറികള്‍ പോഷക സമൃദ്ധമാണ്. ഇതില്‍ അടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും സെല്ലുലാര്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താന്‍ സഹായിക്കും. കാന്‍സറിനുള്ള സാധ്യത കുറയ്ക്കും. മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ ചില കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച തടയാനുള്ള കെല്‍പ്പുണ്ട്. കറികളിലും മറ്റും ചേര്‍ത്ത് ഉപയോഗിക്കാം. ബ്രോക്കോളി, ബ്രസ്സല്‍സ്, കോളിഫ്‌ളവര്‍ എന്നിവ കാന്‍സര്‍ പ്രതിരോധ പച്ചക്കറികളെന്നാണ് അറിയപ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കാന്‍സര്‍ സാധ്യത കുറയ്ക്കും. പ്രത്യേകിച്ച് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് എന്നിവയ്ക്ക് ഇത് ഗുണം ചെയ്യും.


*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ ഒരു മുക്കുവന്റെ വലയില്‍ ഒരു അത്ഭുത പെട്ടി കുരുങ്ങി. കാണാന്‍ നല്ല ചന്തമുളള  പെട്ടിയും കിട്ടിയ മീനുകളും കുട്ടയിലാക്കി  അയാള്‍ വീട്ടിലേക്കു തിരിച്ചു. മനോഹരമായ പെട്ടിക്കുള്ളിലെന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ  മുക്കുവന്‍ തന്റെ പങ്കായം കൊണ്ട് പൂട്ട് അടിച്ചു പൊളിച്ചു. ഏറെ അറകളുള്ള പെട്ടിക്കുള്ളില്‍ അടക്കിവെച്ച താളിയോലകളും തൂവലുകളും കണ്ട് മുക്കുവനും ഭാര്യയും ഏക മകനും പരസ്പരം അന്തം വിട്ടു   നോക്കിയിരുന്നു. പിറ്റേ ദിവസം തന്നെ ഒരു ജ്ഞാനിയെ കൂട്ടിക്കൊണ്ടു വന്നു മുക്കുവന്‍ പെട്ടി പരിശോധിപ്പിച്ചു.  പെട്ടിയില്‍ ഭദ്രമായി അടക്കപ്പെട്ട  താളിയോലകള്‍  വായിച്ച് നോക്കിയിട്ട് ജ്ഞാനി പറഞ്ഞു: 'ഇതൊരു അത്ഭുത പെട്ടിയാണ്,  ഇത് ഭദ്രമായി കെട്ടിപ്പൂട്ടി സൂക്ഷിക്കുക,  ഐശ്വര്യം വന്നു ചേരും. '    എഴുത്തും വായനയും അറിയാത്ത മുക്കുവന്‍ പെട്ടി നല്ലൊരു തുണിയില്‍ പൊതിഞ്ഞു കെട്ടി ആര്‍ക്കും കൈയെത്താത്ത ഉത്തരത്തിന് മുകളില്‍ സൂക്ഷിച്ചു വെച്ചു. കാലങ്ങള്‍ കടന്നു പോയി. മുക്കുവന് ഈ പെട്ടി കൊണ്ട് ഒരു ഐശ്വര്യവും വന്നു ചേരാത്തതിനാല്‍ അയാള്‍ വീണ്ടും ജ്ഞാനിയെ തേടി പോയി.  ജ്ഞാനി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നഗരത്തിലേക്ക് താമസം മാറിപ്പോയതറിഞ്ഞ മുക്കുവന്‍ തന്റെ  പെട്ടി മറ്റൊരു ജ്ഞാനിയെ കാണിച്ചു. പെട്ടി തുറന്ന് താളിയോലകള്‍ വായിച്ചു നോക്കിയ രണ്ടാം ജ്ഞാനിയും  പറഞ്ഞു, 'ഇതൊരു അത്ഭുത പെട്ടി തന്നെയാണ്.  ഇത് ഭദ്രമായി സൂക്ഷിച്ചു വെച്ചോളൂ ഐശ്വര്യം വന്ന് ചേരും.'   മുക്കുവന്‍ പെട്ടിയുമായി മടങ്ങി.  മാസങ്ങള്‍ക്ക് ശേഷം ഐശ്വര്യമൊന്നും വന്നുചേരാത്തതിനാല്‍ മുക്കുവന്‍ രണ്ടാമത്തെ  ജ്ഞാനിയെ അന്വേഷിച്ചു പോയപ്പോള്‍  ജ്ഞാനി സ്ഥലം മാറി പോയ വിവരമാണ് അറിയാന്‍ കഴിഞ്ഞത്. നിരാശ കൈവിടാതെ മുക്കുവന്‍ മൂന്നാമതൊരു  ജ്ഞാനിയെ കണ്ടു പിടിച്ചു പെട്ടിയിലെ താളിയോലകള്‍ പരിശോധിപ്പിച്ചു.. അദ്ദേഹവും പറഞ്ഞു,  ഇതൊരു അത്ഭുത പെട്ടിയാണ്,  ഐശ്വര്യം വരും...  മുക്കുവന് ദേഷ്യം വന്നു..  ഇതിന് മുന്‍പ് മറ്റു രണ്ടു ജ്ഞാനിമാരും ഇത് തന്നെയാണ് പറഞ്ഞത്.  ഇത്രയും കാലമായിട്ടും തനിക്ക് ഒരു ഐശ്വര്യവും വന്നുചേര്‍ന്നിട്ടില്ല. മുക്കുവന്‍ തന്റെ സങ്കടം ബോധിപ്പിച്ചു.   കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ജ്ഞാനി,  മുക്കുവനോട് രണ്ടാഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞു.  മുക്കുവനും ഭാര്യക്കും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപെട്ടു തുടങ്ങിയിരുന്നു. ഇനിയും ഈ ഒരു ജന്മത്തില്‍ എന്ത് ഐശ്വര്യം വരാന്‍..  മുക്കുവന്‍ നെടുവീര്‍പ്പിട്ടു.. ജ്ഞാനി പറഞ്ഞത് പ്രകാരം രണ്ടാഴ്ചയും പിന്നിട്ടു. മുക്കുവന്‍ തന്റെ മകനെ ജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. ആ ജ്ഞാനിയും സ്ഥലം മാറിപ്പോയ വിവരമറിഞ്ഞ മുക്കുവന്‍ രോഷത്തോടെ  മകനോട് പെട്ടി കടലില്‍ കൊണ്ട് പോയി കളയാന്‍ പറഞ്ഞു.  അത്യാവശ്യം എഴുത്തും വായനയും  പഠിച്ച  മകന്‍ പെട്ടി  തുറന്ന് താളിയോലകള്‍ വായിച്ച് നോക്കി അച്ഛനോട് പറഞ്ഞു:  'ഇതില്‍ എഴുതിയിരിക്കുന്നത് ഈ കിഴക്ക് ഭാഗത്തുള്ള മലയുടെ മുകളിലെ കാന്തന്‍ പാറക്കുള്ളിലെ മൂന്നു സ്ഥലങ്ങളിലായി ഗുഹയില്‍ സ്വര്‍ണ്ണ നിധിയുള്ള വിവരങ്ങളാണ്.  ഇതിലെ മൂന്ന് അറകളിലും മൂന്ന് സ്ഥലത്തിന്റെയും വഴി അടയാളങ്ങളുമുണ്ട്.'  അച്ഛനും മകനും മലമുകളിലെ  കാന്തന്‍പാറ കയറിത്തുടങ്ങി.  രേഖയില്‍ പറഞ്ഞത് പ്രകാരം മൂന്ന് വഴികളിലുള്ള അറകളും പരിശോധിച്ചെങ്കിലും  നിധികളെല്ലാം ആരോ കവര്‍ന്നതായി ഇരുവര്‍ക്കും  ബോധ്യപ്പെട്ടു. തങ്ങള്‍ ജ്ഞാനിമാരാല്‍ വഞ്ചിക്കപ്പെട്ടതും,  താളിയോലകളില്‍ എഴുതിയത് സ്വന്തമായി ഒന്ന് വായിച്ച് നോക്കാന്‍ ശ്രമിക്കാതെ ജ്ഞാനിമാരെ  അന്ധമായി വിശ്വസിച്ചു   പോയതുമാണ് തങ്ങള്‍ക്കു കൈവന്ന സൗഭാഗ്യം നഷ്ടപ്പെട്ടതെന്ന കുറ്റബോധവും സങ്കടവും വിഷമവും മുക്കുവന്റെ ഹൃദയാഘാതത്തിനു കാരണമായി. ചലനമറ്റ ശരീരവും തോളിലേറ്റി മകന്‍ മലയിറങ്ങി.  അജ്ഞതയുടെ അന്ധകാരത്തില്‍ വസിക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന സൗഭാഗ്യങ്ങള്‍ നഷ്ടപ്പെട്ടു എന്ന് വന്നേക്കാം. നമ്മുടെ അജ്ഞതയെ മറ്റുള്ളവര്‍ മുതലെടുക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.   നമ്മുടെ കണ്ണും കാതും തുറന്നുവെച്ച് അറിവുകള്‍ നേടി ജാഗരൂകരായിരിക്കുക എന്നതാണ് പോംവഴി - ശുഭദിനം

Post a Comment

Previous Post Next Post