o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾  കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസിന്റെ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചതിന് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍, മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. അടിയുറച്ച കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കും ഇന്ത്യ സഖ്യത്തിലെ നിരവധി രാഷ്ട്രീയ പാര്‍ട്ടി സുഹൃത്തുക്കള്‍ക്കും തന്റെ നടപടി കാരണം വേദനിച്ചെന്ന് അറിയുന്നു. ആയതിനാല്‍ മാപ്പ് പറയാനും താന്‍ തയ്യാറാണെന്ന് ശിവകുമാര്‍ ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

2025 | ഓഗസ്റ്റ് 27 | ബുധൻ 

1201 | ചിങ്ങം 11 |  ചിത്തിര 

🌹🦚🦜➖➖➖

➖➖➖➖➖➖➖


◾ ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ ഇന്ത്യന്‍ സമയം രാവിലെ 9:30 മുതലാണിത് പ്രാബല്യത്തിലാകുക. ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയായി വരിക. തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമര്‍ശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി. യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്. റഷ്യ - യുക്രൈന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുവ നടപടിയെന്ന് നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്.


◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിലാകാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോയും നിലപാടില്‍ ഉറച്ച് ഇന്ത്യ. അമേരിക്കയുടെ വിരട്ടലിന് വഴങ്ങില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ തീരുവ വര്‍ധനയ്ക്ക് പ്രതികാരമായി യു എസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പ്രതികാര തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.


◾ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ കൂടുതല്‍ ശിക്ഷിക്കുമെന്ന യുഎസ് ഭീഷണികള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ച നാല് ഫോണ്‍ കോളുകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയില്ലെന്ന് ജര്‍മ്മന്‍ പത്രം ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈനെ സെയ്തൂങ് അവകാശപ്പെട്ടു. റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


◾  സ്വദേശി എല്ലാവരുടെയും ജീവിതമന്ത്രമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങളായിരിക്കും ലോകം ഇനി ഓടിക്കുകയെന്നും 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി ആഗോള, ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഹന്‍സല്‍പൂരിലെ പ്ലാന്റില്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താര ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു മോദി. സ്വദേശി ഉത്പന്നങ്ങള്‍ മാത്രം വാങ്ങണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട മോദി, ആരാണ് നിക്ഷേപം നടത്തുന്നതെന്നത് പ്രധാനമല്ലെന്നും എന്നാല്‍ ഉത്പന്നം നിര്‍മ്മിക്കുന്നതിനുള്ള കഠിനാധ്വാനം ഇന്ത്യക്കാരുടേതായിരിക്കണം എന്നതാണ് പ്രധാനമെന്നും കൂട്ടിച്ചേര്‍ത്തു.


◾  സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിന് അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 1800-ലധികം ഓണച്ചന്തകളാണ് സംസ്ഥാനത്തുടനീളം 10 ദിവസത്തേക്ക് പ്രവര്‍ത്തിക്കുന്നത്.


◾  കേരളത്തില്‍ കൊടുക്കുന്ന റേഷന്‍ മുഴുവനും മോദി അരിയാണെന്നും ഒരു മണി അരി പോലും പിണറായി വിജയന്റെ ഇല്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കേന്ദ്രസര്‍ക്കാരും പങ്കാളികളാണെന്നും ഉത്സവാന്തരീക്ഷങ്ങളിലെങ്കിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുള്ള അഭ്യര്‍ത്ഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഓണത്തിനോടനുബന്ധിച്ച് കേരളത്തിന് പ്രത്യേകമായി ഭക്ഷ്യധാന്യം അനുവദിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.


◾  ജിഎസ്ടി  നിരക്കുകള്‍ കുറയ്ക്കുന്നതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കേരളത്തിന് 21,955 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നും ഈ വര്‍ഷം  8,000 മുതല്‍ 10,000 കോടി വരെ അധിക നഷ്ടമുണ്ടാകുമെന്നും ബാലഗോപാല്‍ പറഞ്ഞു. സെപ്റ്റംബര്‍ 3, 4 തിയതികളില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കകള്‍ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


◾  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോണ്‍ഗ്രസ് നേതൃത്വം പാലക്കാട്ടെ ജനതയെ വഞ്ചിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.


◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ വന്നാല്‍ സംരക്ഷണം നല്‍കുമോ എന്ന് ചോദ്യത്തോട് പ്രതികരണവുമായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. ഇപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഭാഗം അല്ലല്ലോയെന്നും തത്കാലം അതിനെകുറിച്ച് അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി.


◾  രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കിയാല്‍ വിഷയം അവസാനിച്ചുവെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്ന് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍. .കോണ്‍ഗ്രസില്‍ പ്രാഥമിക അംഗത്വത്തില്‍ പോലും തുടരാന്‍ അര്‍ഹതയില്ലാത്ത ആളെ ജനം ചുമക്കണമെന്ന് പറയുന്നതിലെ അവസരവാദ സമീപനം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ എംഎല്‍എയായി നിലനിര്‍ത്താനുള്ള രാഷ്ട്രീയനാടകം മതിയാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.


◾  രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ തര്‍ക്കം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. ഇക്കാര്യം കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും പാര്‍ട്ടി യോഗത്തില്‍ നിര്‍ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദേശങ്ങള്‍ ഉന്നയിച്ചത്. യോഗത്തില്‍ പാര്‍ട്ടി എടുത്ത നടപടി നേതാക്കള്‍ ശരിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾  സ്‌കൂളിലെ ഓണാഘോഷ പരിപാടികളില്‍ ഇസ്ലാം മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെ പങ്കെടുക്കാന്‍ അനുവദിക്കരുത് എന്ന തരത്തില്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്. തൃശ്ശൂര്‍ പെരുമ്പിലാവിലുള്ള സിറാജുള്‍ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അധ്യാപകരാണ് ഇത്തരത്തില്‍ സന്ദേശം അയച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഓണാഘോഷം ഏറ്റവും ഭംഗിയായി നടത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഈ ശബ്ദസന്ദേശവുമായി സ്‌കൂള്‍ അധികൃതര്‍ക്ക് ബന്ധമില്ലെന്നും തന്റെ അറിവോടെയല്ല അധ്യാപകര്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.


◾  പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയായ ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയില്‍ നിന്നും പണം കവര്‍ന്ന പ്രതി അറസ്റ്റില്‍. അന്തര്‍ സംസ്ഥാന മോഷ്ടാവായ പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഹാദി(26)യെയാണ് തിരുവല്ലയില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയത്. തടവുകാര്‍ ഉള്‍പ്പെടെ നടത്തുന്ന കഫറ്റീരിയില്‍ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്.


◾  കാസര്‍കോട്ടെ കരിയോയില്‍ കമ്പനിയില്‍ നിന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഇടനിലക്കാരന്‍ വഴി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പരാതി പരിശോധിക്കുമെന്നും ആരോപണം ശരിയെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പരാതി താന്‍ കണ്ടിട്ടില്ലെന്നും വകുപ്പിന് കിട്ടിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.


◾  ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ജില്ലകളില്‍ നിന്നായി ആകെ 4513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.


◾  വീണ്ടും ടോള്‍ പിരിക്കാന്‍ മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്പനിയും തട്ടിക്കൂട്ട് പണി നടത്തിയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍. ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരോടൊപ്പം പരിശോധന നടത്തിയാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.


◾  കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം വേലത്തിപ്പടിക്കല്‍ വിജിലിനെ സരോവാരത്ത് ചതുപ്പില്‍ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.  സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് കൊയിലാണ്ടി കോടതി 3 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് സുഹൃത്തുക്കള്‍ കൂടിയായ പ്രതികളുടെ മൊഴി.


◾  പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തിയ നവജാത ശിശു പ്രസവത്തോടെ മരിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജീവനില്ലാത്ത കുഞ്ഞിനെ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. നിലവില്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.


◾  സാമ്പത്തിക ബാധ്യതയുള്ളവരെയെല്ലാം പൊതുയോഗം നടത്തി സി പി എം അധിക്ഷേപിക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്യനാട് പഞ്ചായത്തംഗത്തിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ദല്ലാള്‍മാരെ ഉപയോഗച്ച് ജി എസ് ടി ഇന്റലിജന്‍സ് നടത്തുന്നത് കോടികളുടെ അഴിമതിയെന്നും അദ്ദേഹം ആരോപിച്ചു. എം വി ഗോവിന്ദന്റെ മകനെതിരായ ആരോപണവും മന്ത്രിമാര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളും മറച്ചുവയ്ക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.


◾  വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


◾  താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു. വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങും ഇന്നലെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾  കേരളത്തിന്റെ തീരങ്ങളിലെ ചുവന്ന കടല്‍ത്തിര പ്രതിഭാസത്തിന്റെ കാരണം വിശദീകരിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. തുടര്‍ച്ചയായ മഴയില്‍ കരയില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളുമാണ് ചുവന്ന കടല്‍ത്തിര പ്രതിഭാസത്തിന് കാരണമാകുന്നതെന്ന് സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി. കനത്ത മണ്‍സൂണ്‍ നീരൊഴുക്ക് തീരക്കടലുകളെ പോഷക സമ്പുഷ്ടമാക്കുന്നു.


◾  ഇന്ത്യന്‍ നാവികസേനയുടെ സമുദ്രകരുത്തിന് ശക്തി പകരാന്‍ ഐഎന്‍എസ് ഹിമഗിരിയും ഐഎന്‍എസ് ഉദയഗിരിയും. ഇരു യുദ്ധക്കപ്പലുകളും നാവികസേനയുടെ ഭാഗമായി. തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പലുകള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കമ്മീഷന്‍ ചെയ്തു. 2050 ഓടെ ഇരുന്നൂറ് യുദ്ധക്കപ്പലുകളുള്ള രാജ്യമായി ഇന്ത്യമാറുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.


◾  എല്ലാ ഭക്ഷ്യ വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും വില അടുത്തയാഴ്ച കുറയാന്‍ സാധ്യത. സിമന്റ് വില കുറയ്ക്കുന്നതും അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ലൈഫ് ഇന്‍ഷുറന്‍സിനും, മെഡിക്കല്‍ ഇന്‍ഷുറന്‍സിനുമുള്ള ജിഎസ്ടി എടുത്തു കളയാനും സാധ്യതയുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ ഉത്പന്നങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും ഉന്നത വൃത്തങ്ങള്‍ പറയുന്നു.


◾  ജമ്മു കാശ്മീരില്‍ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്രത്തിലേക്കുള്ള യാത്ര നേരത്തെ നിര്‍ത്തിവച്ചിരുന്നു. ജമ്മുകശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


◾  ജമ്മു കശ്മീരില്‍ മഴക്കെടുതിയില്‍ മരണം പത്തായി. മിന്നല്‍ പ്രളയത്തില്‍ ദോഡയില്‍ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലില്‍ 6 പേരുമാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യമടക്കം രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഒരാഴ്ചയ്ക്ക് ശേഷമുണ്ടായ കനത്ത മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദോഡ ജില്ലയിലാണ് രാവിലെ മിന്നല്‍ പ്രളയമുണ്ടായത്.


◾  സംസ്ഥാനത്തെ ബില്ലുകള്‍ തടഞ്ഞു വെക്കാനുള്ള ഗവര്‍ണറുടെ അധികാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനത്തില്‍ ആശങ്കയുണ്ടെന്നും ഈ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയാണെങ്കില്‍ മണി ബില്‍ പോലും ഗവര്‍ണര്‍ക്ക് തടഞ്ഞ് വെക്കാമെന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു.


◾  ഇന്ത്യയുടെ തന്ത്രപ്രധാനവും ദേശീയ പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളെയും സാധാരണക്കാരെയും സംരക്ഷിക്കാനുമുള്ള സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട സുദര്‍ശന്‍ ചക്ര ഒരു പരിചയായും വാളായും പ്രവര്‍ത്തിക്കുമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം സുദര്‍ശന്‍ ചക്ര ദൗത്യത്തിന് കീഴില്‍ 'അയണ്‍ ഡോമി'ന്റെ ഇന്ത്യന്‍ പതിപ്പ് .നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് സംയുക്ത സേനാ മേധാവി രൂപരേഖ സമര്‍പ്പിച്ചു.


◾  ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കൊളംബോ ഫോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവ?ദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്‌തെന്ന കേസില്‍ റനില്‍ വിക്രമസിംഗെ അറസ്റ്റിലായത്.


◾  അടുത്തയാഴ്ച ചൈനയില്‍ നടക്കുന്ന ഉച്ചകോടിയില്‍, ഇരുപതിലധികം ലോകനേതാക്കളെ ഒരുമിപ്പിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ കാരണം നേരിട്ടും അല്ലാതെയും ബുദ്ധിമുട്ടുന്ന രാജ്യങ്ങളും പങ്കെടുക്കുന്ന പരിപാടി ഈ രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യം വിളിച്ചോതുന്നതായിരിക്കും. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയെ മറ്റൊരു നയതന്ത്ര വിജയം നേടാനും ഇത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.


◾  യൂറോപ്യന്‍ നേതാക്കള്‍ തന്നെ തമാശയായി 'യൂറോപ്പിന്റെ പ്രസിഡന്റ്'എന്ന് വിളിക്കാറുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത്തരത്തില്‍ വിളിക്കപ്പെടുന്നത് ബഹുമതിയാണെന്നും തനിക്ക് യൂറോപ്യന്‍ നേതാക്കളെ ഇഷ്ടമാണെന്നും അവര്‍ നല്ല മനുഷ്യരും മഹാന്‍മാരാണെന്നും ട്രംപ് പറഞ്ഞു.


◾  ഇറക്കുമതി തീരുവ 50 ശതമാനമായി ഉയര്‍ത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് പ്രമുഖ രാജ്യാന്തര ധന ഏജന്‍സിയായ ഫിച്ച് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയും ധനകാര്യ മാനേജ്‌മെന്റിലെ മികവും കണക്കിലെടുത്ത് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബി.ബി.ബി നെഗറ്റീവായും നിലനിറുത്തി. സ്ഥിരതയോടെ സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് ഏജന്‍സിയുടെ അവലോകനം. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍(ജി.ഡി.പി) 6.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും ഫിച്ച് വ്യക്തമാക്കി. ആഭ്യന്തര ഉപഭോഗവും പശ്ചാത്തല വികസന രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപവും ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരുമെന്നും അവര്‍ പറയുന്നു.


◾  സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഹൃദയപൂര്‍വം' ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. സംഗീത് പ്രതാപിനൊപ്പം രസകരമായ ചിരിമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമായിരിക്കും 'ഹൃദയപൂര്‍വം' എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ട്രെയിലറിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂര്‍വത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്.


◾  മഹാകുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ താരമായി മാറിയ മൊണാലിസ ഭോസ്ലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. പി.കെ. ബിനു വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് ചിത്രത്തിലെ നായകന്‍. 'നാഗമ്മ' എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോര്‍ജ് നിര്‍മിക്കുന്നു. ശങ്കര്‍ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ, ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേളയ്ക്കിടെയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദ് ഡയറി ഓഫ് മണിപ്പൂര്‍' എന്ന ബോളിവുഡ് ചിത്രത്തിലും നായികയായി അഭിനയിക്കുന്നുണ്ട്.




*ശുഭദിനം*

*കവിത കണ്ണന്‍*

2005 ല്‍ ഇന്ത്യയില്‍ വെച്ചു നടന്ന ഏഴ് മത്സരങ്ങളുള്ള ക്രിക്കറ്റ് ഏക ദിന പരമ്പര. ശ്രീലങ്കയും ഇന്ത്യയും തമ്മിലാണ് മത്സരം. ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. നാലാമത്തെ മത്സരം കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തം. നാലാമത്തെ മത്സരം നടന്നത് പൂനെ യില്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 261 റണ്‍സ് എടുത്തു.  ഇന്ത്യയുടെ വിജയ ലക്ഷ്യം 262 റണ്‍സ്. വളരെ ആത്മ വിശ്വാസത്തോടെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 180 റണ്‍സ് എടുത്തപ്പോഴേക്കും ആറ് വിക്കറ്റുകള്‍ നഷ്ടമായി. മുന്‍ നിര ബാറ്റസ്മന്മാരായ സച്ചിന്‍, സേവാഗ്, യുവരാജ് സിംഗ്, രാഹുല്‍ ദ്രാവിഡ്, ഇര്‍ഫാന്‍ പത്താന്‍, വേണുഗോപാല്‍ റാവു എന്നിവര്‍  പുറത്തായി.. ഇന്ത്യ പരാജയം മണത്തു തുടങ്ങി. ക്രീസില്‍ നില്‍ക്കുന്നത് ധോണി യും സുരേഷ് റെയ്നയും. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ശ്രീലങ്കക്ക് ജയിച്ചേ തീരൂ. അതിനായി എല്ലാ അടവുകളും അവര്‍ പുറത്തെടുക്കാന്‍ തുടങ്ങി. ശ്രീലങ്കന്‍ താരമായ റസല്‍ അര്‍നോള്‍ഡ് പുറത്തെടുത്ത തന്ത്രമാണ് സ്ലെഡ്ജിംഗ്. തെറിവാക്കുകള്‍ പറഞ്ഞ് എതിരാളിയെ പ്രകോപിപ്പിക്കുകയും മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും അതുവഴി അവരുടെ ഏകാഗ്രത നശിപ്പിക്കുകയും ചെയ്യുക... അതായിരുന്നു ആ തന്ത്രം. അക്കാലത്ത് വെടിക്കെട്ട് ബാറ്റസ്മാന്‍ എന്നറിയപ്പെട്ടിരുന്ന ധോണി ക്കെതിരെയായിരുന്നു റസല്‍ അര്‍നോള്‍ഡ് ഈ തന്ത്രം പുറത്തെടുത്തത്.  പക്ഷേ ശ്രീലങ്കന്‍ തന്ത്രം പാളി.  ധോണി എന്ന ബാറ്റസ്മാനെ മാത്രമേ അവര്‍ക്ക് അറിയാമായിരുന്നുള്ളൂ. ധോണിയുടെ അച്ചടക്കത്തെ പറ്റിയും ആത്മസംയമനത്തെ പറ്റിയും  അവര്‍ക്ക് അറിയാമായിരുന്നില്ല.  അര്‍നോള്‍ഡ് ന്റെ തെറിവിളികളെ ധോണി ഒട്ടും ഗൗനിച്ചില്ല. അവ കേട്ടതായിപ്പോലും നടിച്ചില്ല. അദ്ദേഹം അല്പം പോലും പ്രകോപിതനായില്ല. മാനസിക സമ്മര്‍ദ്ദം ഒട്ടുമില്ലാതെ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. വിജയം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വെടിക്കെട്ടൊന്നും നടത്താതെ സിംഗിള്‍സും ഡബിള്‍സും മാത്രമെടുത്ത് പതിയെ പതിയെ അദ്ദേഹം മുന്നേറി. ധോണി യെ പുറത്താക്കാന്‍ ശ്രീലങ്ക എല്ലാ അടവുകളും പ്രയോഗിച്ചു. പക്ഷേ അവയൊന്നും ധോണി യുടെ മുന്നില്‍ ചിലവായില്ല. ഒടുവില്‍ ഒരു പടുകൂറ്റന്‍ സിക്സര്‍ അടിച്ച് ധോണി ഇന്ത്യ യെ വിജയത്തിലേക്ക് നയിച്ചു. ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് പല പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം. പലതരത്തിലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നേക്കാം. അതിലെല്ലാം പ്രകോപിതരായി മറുപടി പറയാന്‍ നിന്നു കൊടുത്താല്‍ നമുക്ക് ഒരിക്കലും നമ്മുടെ ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കുകയില്ല. വിജയം ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.  അതിനാല്‍ ക്ഷമയോടും ആത്മസംയമനത്തോടും കൂടി ശാന്തമായി നമ്മുടെ ലക്ഷ്യത്തിലേക്ക് മുന്നേറുക. അത് തീര്‍ച്ചയായും വിജയത്തിലേക്ക് നയിക്കും._ ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post