o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 



     ◾ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ലെന്നും പറയിപ്പിക്കരുതെന്നുമാണ് കുറിപ്പ്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നുവെന്നും അങ്ങനെ താന്‍ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടുവെന്നും ഇവിടെ ചോദ്യങ്ങളില്‍ നിന്നും' എന്നുമാണ് സിപിഎം ഏരിയ കമ്മറ്റി അംഗവും പത്തനംതിട്ട സി.ഡബ്ല്യു.സി മുന്‍ ചെയര്‍മാനുമായ അഡ്വ: എന്‍ രാജീവിന്റെ ഫേസ്ബുക്കില്‍ കുറിപ്പിലുള്ള വീണാ ജോര്‍ജിനെതിരായ പരോക്ഷ വിമര്‍ശനം.




2025 | ജൂലൈ 4 | വെള്ളി 

1200 | മിഥുനം 20 | ചിത്തിര  l 1447 l മുഹറം   07

        ➖➖➖➖➖➖➖➖


◾  ആരോഗ്യ വകുപ്പിന് ബലക്ഷയമോ? ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. തിരുവനന്തപുരത്ത് മന്ത്രി വീണ ജോര്‍ജിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. വീണ ജോര്‍ജിന്റെ വസതിയുടെ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചതോടെ സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് യൂത്ത് ലീഗും പ്രതിഷേധ മാര്‍ച്ച് നടത്തി.


◾  കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ കോളേജില്‍ എത്തിയ മുഖ്യമന്ത്രി നിമിഷങ്ങള്‍ക്കകം മടങ്ങുകയായിരുന്നു. പറയാന്‍ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാര്‍ പറഞ്ഞെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.


◾  കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് വീണ ജോര്‍ജ്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


◾  കോട്ടയം മെഡിക്കല്‍ കോളേജ് അപകടം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്താവനയെ തുടര്‍ന്നാണെന്നും ഇന്നലെ രാവിലെ വരെ ആളുകള്‍ ഉപയോഗിച്ച കെട്ടിടമാണിതെന്നും മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാര്‍ ഏറ്റെടുക്കണമെന്നും ആരോഗ്യമന്ത്രി രാജിവെച്ചു ഇറങ്ങിപ്പോകണമെന്നും വിഡി സതീശന്‍ പറഞ്ഞു.


◾  നുണകളാല്‍ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നു വീഴുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. അപകടമുണ്ടായപ്പോള്‍ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകര്‍ന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. അങ്ങനെയെങ്കില്‍ ഒരാള്‍ മരണപ്പെട്ടതില്‍ സര്‍ക്കാര്‍ മറുപടി പറയണം എന്നും അദ്ദേഹം പറഞ്ഞു.


◾  കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. ഇനിയാര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ വരരുതെന്നും രക്ഷാപ്രവര്‍ത്തനം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കില്‍ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെ എന്നും അദ്ദേഹം പറഞ്ഞു. ആരോടാണ് പരാതി പറയണ്ടതെന്നും മക്കളെ പഠിപ്പിച്ചതെല്ലാം ബിന്ദുവാണെന്നും വിശ്രുതന്‍ സങ്കടപ്പെട്ടു.


◾  കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി വിഎന്‍ വാസവന്‍. പുതിയ കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിലാണെന്നും ഓപറേഷന്‍ തിയറ്റര്‍ സമുച്ചയം പൂര്‍ത്തിയാക്കാന്‍ ഉണ്ടെന്നും അത് തീരുന്ന മുറക്ക് അങ്ങോട്ട് മാറ്റാന്‍ ആണ് തീരുമാനിച്ചതെന്ന് വാസവന്‍ പറഞ്ഞു. അപകടം സംഭവിച്ച സമുച്ചയത്തിലെ മുഴുവന്‍ ആളുകളെയും പുതിയ ബ്ലോക്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. അപകടം സംഭവിച്ചത് അടച്ച കെട്ടിടത്തിലാണെന്ന് ആശുപത്രിക്കാര്‍ ധരിപ്പിച്ചെന്നും മന്ത്രി വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.


◾  2012 ലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്യുന്നതെന്നും കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ ടികെ ജയകുമാര്‍. ബില്‍ഡിംഗിന്റെ ബലക്ഷയം സംബന്ധിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും കഴിഞ്ഞ വര്‍ഷമാണ് കൃത്യമായ പഠനം നടത്തി റിപ്പോര്‍ട്ട് ലഭിച്ചതെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


◾  കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇവിടെ നിന്ന് മാറ്റുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബന്ധുക്കളെ അടക്കം അണിനിരത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം ആംബുലന്‍സ് മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിന്റെ മൃതദേഹവുമായി പോയി. മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എ സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയെ ശക്തമായി വിമര്‍ശിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഒരാള്‍ക്ക് ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. അക്കാര്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വയനാട്ടിലെ സ്ഥിതി ഈ കുടുംബത്തിന് ഉണ്ടാകാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.


◾  മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് പ്രതിഷേധിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരെ കേസ്. ഇദ്ദേഹത്തിന് പുറമെ സ്ഥലത്ത് പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെയും കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതിന്റെ പേരിലാണ് നടപടി


◾  കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന മെഡിക്കല്‍ കോളേജിലാണ് അപകടം നടന്നിരിക്കുന്നതെന്നും നിര്‍ഭാഗ്യകരമായ സംഭവമെന്നും വേണുഗോപാല്‍ പ്രതികരിച്ചു.



◾  നവകേരള സദസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഹര്‍ജി. ഹര്‍ജി പരിഗണിച്ച എറണാകുളം സിജെഎം കോടതി, സ്വമേധയാ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദേശിച്ചു.


◾ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കും. 22 മുതല്‍ അനിശ്ചിതകാല സമരവും നടത്താന്‍ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓണേഴ്സ് സംയുക്ത സമിതി തീരുമാനിച്ചു.


◾  വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ എസ്. സായൂജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.


◾  പാല്‍വില കൂട്ടാന്‍ സാധ്യതയുണ്ടെന്ന്  മൃഗ സംരക്ഷണ ക്ഷീരോത്പാദക വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. മില്‍മയും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.


◾ സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോല്‍പാദന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. കാക്കകളില്‍ വരെ പക്ഷിപ്പനി കണ്ടെത്തിയെന്നും പക്ഷിപ്പനി നിയന്ത്രിക്കാന്‍ കൂടുതല്‍ കേന്ദ്ര സഹായം വേണമെന്നും മന്ത്രി വ്യക്തമാക്കി. 2016 മുതല്‍ കേന്ദ്ര ഫണ്ട് ബാധ്യത ആയിരിക്കുകയാണെന്നും 2021 മുതല്‍ കേന്ദ്ര ഫണ്ട് ലഭിക്കാന്‍ ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു. 6 കോടി 63 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ കിട്ടാന്‍ ഉള്ളതെന്നും ദില്ലിയിലെത്തിയ ചിഞ്ചുറാണി വ്യക്തമാക്കി.


◾  ശബരിമലയുടെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാന്‍ കര്‍ശന നടപടികളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജി.എസ്. അരുണിനെ ശബരിമല സ്പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായി നിയമിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തോ, ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വേണമെന്നും അല്ലാതെയുള്ള പണപ്പിരിവുകള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലെന്നും ബോര്‍ഡ് അറിയിച്ചു.


◾ കെഎസ്ഇബിയുടെ 400 കെ.വി വയനാട് - കാസറഗോഡ് പ്രസരണ ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങള്‍ക്കായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ജന പ്രതിനിധികളുമായും, കര്‍മ്മ സമിതി ഭാരവാഹികളുമായും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം. വൈദ്യുതി ടവര്‍ നില്‍ക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 340 ശതമാനവും, ലൈന്‍ കടന്നു പോകുന്ന ഇടനാഴിയ്ക്ക് ന്യായവിലയുടെ 60 ശതമാനവും നല്‍കാനാണ് തീരുമാനം.


◾  സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്.


◾ കേരളത്തില്‍ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതല്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ജൂലൈ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


◾  കൊല്ലം ജില്ലയിലെ മുണ്ടക്കല്‍ പാപനാശം മുതല്‍ കൊല്ലം ബീച്ച് വരെയുള്ള ഏകദേശം ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിലൂടെ, വെടിക്കുന്ന് പ്രദേശം അഭിമുഖീകരിക്കുന്ന കഠിനമായ കടലാക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.


◾ രാജ്ഭവനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയെ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചെന്ന വാര്‍ത്ത വന്നത് രാജ്ഭവനിലെ  ഉന്നത കേന്ദ്രങ്ങളില്‍ നിന്നാണെന്നും ഇത് ശരിയോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഗവര്‍ണറുടെ സുരക്ഷക്ക് പോലീസിനെ ആവശ്യപ്പെട്ടത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും അത്കൊണ്ടാണ് ഉത്തരവ് റദ്ദാക്കിയതെന്നും എത്ര ഉന്നതന്‍ ആയാലും നടപടി ക്രമം പാലിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു


◾  പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കോടതി ശിക്ഷിച്ചു. നാട്ടുകല്‍ തള്ളച്ചിറ പള്ളിത്താഴത്ത് പുതിയ മാളിയേക്കല്‍ വീട്ടില്‍ ഷിഹാബുദ്ദീനെയാണ് നാല് വര്‍ഷം കഠിന തടവും ഒപ്പം 25000 രൂപ പിഴയടക്കാനുമാണ് . മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2016 ലാണ് സംഭവം നടന്നത്.


◾  വിരമിച്ച നേവി ഓഫീസറില്‍ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ 27കാരന്‍ കോഴിക്കോട് പിടിയില്‍. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ഒന്നരക്കോടി രൂപ തട്ടിയ കേസിലാണ് കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷബീബ് (27) കോഴിക്കോട് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. ഡിസ്‌കൗണ്ട് റേറ്റില്‍ ഷെയര്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.


◾  യുദ്ധത്തിന്റെ കാലഘട്ടമല്ല ഇതെന്ന നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ സംഘര്‍ഷങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ ഘാന പ്രസിഡന്റ് ജോണ്‍ മഹാമയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഭീകരവാദം ചെറുക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഘാനയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഘാന' നല്‍കിയും രാജ്യം മോദിയെ ആദരിച്ചു. ഇതോടെ പ്രധാനമന്ത്രിക്ക് ലഭിച്ച അന്താരാഷ്ട്ര അവാര്‍ഡുകളുടെ എണ്ണം 24 എണ്ണമായി.


◾  കൊക്കെയ്ന്‍ കേസില്‍ തമിഴ് നടന്‍ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല. ഇരുവരുടേയും ജാമ്യാപേക്ഷ ചെന്നൈ കോടതി തള്ളി. ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെയാണ് നടന്‍ കൃഷ്ണയെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ രണ്ട് പ്രമുഖ നടിമാരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


◾ ആര്‍എസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം ദില്ലിയില്‍ ഇന്ന് തുടങ്ങും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് യോഗം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് രൂപം നല്‍കുകയാണ് പ്രധാന അജണ്ട. ബിജെപിയടക്കം എല്ലാ സംഘപരിവാര്‍ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.


◾ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ മറാത്തി സംസാരിക്കാത്തതിന്റെ പേരില്‍ ഒരു ബേക്കറി ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകന്‍. തന്റെ മാതൃഭാഷയ്ക്ക് വേണ്ടി വേണ്ടി ജയിലില്‍ പോകാനും താന്‍ തയ്യാറാണെന്നായിരുന്നു ഇയാളുടെ പ്രതികരണം. അതേസമയം, ബാബുലാല്‍ ഖിംജി ചൗധരി എന്ന 48കാരനായ ബേക്കറി ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ തൊഴിലാളി യൂണിയനുകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.


◾  ഉത്തരേന്ത്യയില്‍ ദുരിത പെയ്ത്ത് തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ ഇതുവരെ മരിച്ചത് 51 പേരാണ്. 22 പേരെ കാണാതായി. 12 ജില്ലകളിലാണ് മഴക്കെടുതി കനത്ത നാശം വിതച്ചത്. മണ്ഡിയില്‍ മാത്രം മരിച്ചത് 12 പേരാണ്. ഇരുന്നൂറിലധികം വീടുകള്‍ തകര്‍ന്നു. നൂറിലധികം പേര്‍ പരിക്കേറ്റു ചികിത്സയിലാണ്. 283 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക വിവരം.


◾  കര്‍ണാടകയിലെ ബെളഗാവിയിലെ കോണ്‍ഗ്രസ് റാലിക്കിടെ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ പൊതുവേദിയില്‍ വെച്ച് അടിക്കാനോങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥര്‍ അഡീഷണല്‍ എസ്പി നാരായണ ബരാമണി രാജിവെ വെച്ച സംഭവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് പ്രകോപിതനായത്. നന്ദിഹില്‍സില്‍ നടന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിച്ചത്.


◾  13 വര്‍ഷത്തെ സര്‍വീസിന് ശേഷം ഐപിഎസ് ഓഫീസര്‍ സിദ്ധാര്‍ത്ഥ് കൗശല്‍ രാജിവച്ചു. ആന്ധ്ര പ്രദേശില്‍ ക്രമസമാധാന ചുമതലയില്‍ ഇരിക്കെയാണ് സ്വയം വിരമിച്ചത്. വ്യക്തിപരമായ തീരുമാനം എന്നാണ് രാജിയെ കുറിച്ചുള്ള സിദ്ധാര്‍ത്ഥ് കൗശലിന്റെ വിശദീകരണം.


◾  നഗരത്തിലെ പമ്പുകളില്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി ദില്ലി സര്‍ക്കാര്‍. നയത്തിനെതിരെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയര്‍ന്നതാണ് ഈ നിര്‍ണായക തീരുമാനത്തിന് കാരണം. ഉത്തരവ് പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ദില്ലി സര്‍ക്കാര്‍, കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിന് കത്ത് നല്‍കി. ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാന്‍ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും വാഹനങ്ങള്‍ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം, മോശം അവസ്ഥയിലുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം ആലോചിക്കുന്നതായും പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.


◾  ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിനിടെ ഇന്ത്യന്‍ സൈന്യം പ്രയോഗിച്ച ബ്രഹ്‌മോസ് മിസൈലില്‍ ആണവായുധം ഉണ്ടോയെന്ന് തീരുമാനിക്കാന്‍ 30 മുതല്‍ 45 സെക്കന്‍ഡ് വരെ സമയം മാത്രമാണ് ലഭിച്ചതെന്ന് പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ വെളിപ്പെടുത്തല്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അടുത്ത അനുയായിയുമായ റാണ സനാവുള്ളയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ആണവ യുദ്ധത്തിന്റെ അപകട സാധ്യത ഏറെയായിരുന്നുവെന്നും റാണ സനാവുള്ള അവകാശപ്പെട്ടു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇടപെട്ടിരുന്നുവെന്നും റാണ സനാവുള്ള അവകാശപ്പെട്ടു. ആണവ യുദ്ധമുണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് ട്രംപ് ഇടപെട്ട് ദുരന്തമൊഴിവാക്കിയതെന്നും അതിനാലാണ് ട്രംപിന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നാമനിര്‍ദേശം ചെയ്തതെന്നും സനാവുള്ള പറഞ്ഞു.


◾  പാക് സൈനിക മേധാവി അസിം മുനീര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാക് വ്യോമസേന മേധാവി സഹീര്‍ അഹമ്മദ് അമേരിക്കയില്‍. പ്രതിരോധ മേഖലയില്‍ അമേരിക്കയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാക് വ്യോമസേന മേധാവി സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ദു വാഷിങ്ടണിലെത്തി ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.


◾  ഉന്നത സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ ട്രംപ് പുറത്തിറക്കിയതായി റിപ്പോര്‍ട്ടുകള്‍. സൈനിക ഉദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്നപ്പോഴാണ് സക്കര്‍ബര്‍ഗിനോട് ഓഫീസില്‍ നിന്നും പുറത്ത് പോകാന്‍ ട്രംപ് നിര്‍ദ്ദേശിച്ചതെന്നാണ് വാര്‍ത്തകള്‍.


◾  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 214 നെതിരെ 218ന് വോട്ടിന് ബില്‍ പാസായി. ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും. അതേസമയം, ക്രൂരമായ ബജറ്റ് ബില്‍ എന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിമര്‍ശിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുന്നതാണ് ബില്ലെന്നും ശതകോടീശ്വരന്മാര്‍ക്ക് വന്‍തോതില്‍ നികുതി ഇളവ് നല്‍കുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


◾  ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 269 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ ഇന്ത്യക്ക് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ഗില്ലും 89 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് ഒന്നാമിന്നിംഗ്സില്‍ 587 റണ്‍സെടുക്കാന്‍ സഹായിച്ചു. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്.


◾  ആഗോള ടെക് ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. കമ്പനിയുടെ ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം. മിഡില്‍ ലെവല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് എന്നാണ് വിശദീകരണം. മൈക്രോ സോഫ്റ്റ് വക്താവ് ഇക്കാര്യം ഇമെയില്‍ സന്ദേശത്തിലും വ്യക്തമാക്കുന്നു. എന്നാല്‍ ഇതുവരെ കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ യഥാര്‍ഥ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍, 2,28,000 ജീവനക്കാരാണ് ലോകമെമ്പാടും മൈക്രോ സോഫ്റ്റിന് ഉള്ളത്. മെയ് മാസത്തില്‍ മാത്രം ആഗോളതലത്തില്‍ 6,000 തസ്തികകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീണ്ടും നാല് ശതമാനം ജീവക്കാരെ കുറയ്ക്കുമെന്ന പ്രഖ്യാപനം 9000 ജീവനക്കാരെ എങ്കിലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2025 ല്‍ മൂന്നാമത്തെ കൂട്ട പിരിച്ചുവിടലാണ് മൈക്രോ സോഫ്റ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എ ഐ ഉള്‍പ്പെടെയുള്ള ആധുനിക ടെക്‌നോളികളിലേക്ക് കമ്പനി കൂടുതലായി നിക്ഷേപത്തിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ വാര്‍ത്തകള്‍.


◾  സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രം 'രാമായണ'യുടെ ഫസ്റ്റ് ഗ്ലിംപ്‌സ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. രണ്‍ബീര്‍ കപൂര്‍ രാമനും യാഷ് രാവണനുമാകുന്ന ചിത്രത്തില്‍ സീതയാകുന്നത് സായ് പല്ലവിയാണ്. നിതീഷ് തിവാരിയാണ് സിനിമയുടെ സംവിധാനം. രാജ്യത്തെ ഒമ്പത് പ്രധാനപ്പെട്ട നഗരങ്ങളിലും, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലുമായിട്ടാണ് ഫസ്റ്റ് ഗ്ലിംപ്‌സ് ലോഞ്ച് ചെയ്തത്. എആര്‍ റഹ്‌മാനും ഹാന്‍സ് സിമ്മറുമാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോള്‍ ആണ്. രവി ദൂബെയാണ് ലക്ഷ്മണനായി എത്തുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോയും നമിത് മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എട്ട് തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടുള്ള വിഎഫ്എക്‌സ് സ്റ്റുഡിയോ ഡിഎന്‍ഇജിയും സിനിമയുടെ പിന്നണിയിലുണ്ട്. രകുല്‍ പ്രീത് സിങ്, വിവേക് ഒബ്‌റോയ്, അരുണ്‍ ഗോവില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യന്‍ താരങ്ങളായ സായ് പല്ലവിയുടേയും യാഷിന്റേയും ബോളിവുഡിലേക്കുള്ള എന്‍ട്രി കൂടിയാകും രാമായണ. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാമായണയുടെ ബജറ്റ് 835 കോടിയാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2026 ദീപാവലിയ്ക്കാണ് റിലീസാവുക. രണ്ടാം ഭാഗം 2027 ലാകും പുറത്തിറങ്ങുക.


◾  ടൊവിനോ നായകനായെത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'നരിവേട്ട' ഒടിടിയിലേക്ക്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ജൂലൈ 11 മുതല്‍ സോണി ലിവിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്. 'മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ജേക്സ് ബിജോയി ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.


◾  ദിപു നൈനാന്‍ തോമസ് എന്ന പേര് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കിയ സിനിമയാണ് അജയന്റെ രണ്ടാം മോഷണം. അതിനും ഏറെ മുന്‍പ് തന്നെ തമിഴില്‍ നിരവധി ഹിറ്റുകള്‍ ഒരുക്കിയ ഈ സംഗീത സംവിധായകന്‍ പ്രിയതമയ്ക്ക് വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കിയിരിക്കുന്നു. ഹ്യുണ്ടേയ് ക്രെറ്റയാണ് ദിപു ഭാര്യ ചിഞ്ചുവിനായി ഗാരിജിലെത്തിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡ്, എന്‍ലൈന്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ ലഭ്യമാണ്. വില 11 ലക്ഷം രൂപ മുതല്‍ 20.15 ലക്ഷം വരെ. കൂടുതല്‍ സ്‌പോര്‍ട്ടി മോഡലായ ക്രെറ്റ എന്‍ ലൈനിന്റെ വില 16.82 ലക്ഷം മുതല്‍ 20.45 ലക്ഷം രൂപ വരെയാണ്. രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പിറേറ്റഡ്  പെട്രോള്‍, 1.5 ലീറ്റര്‍ 1.5 ലീറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ വകഭേദങ്ങള്‍. 115എച്ച്പി കരുത്തും പരമാവധി 144എന്‍എം ടോര്‍ക്കും പുറത്തെടുക്കും പെട്രോള്‍ എന്‍ജിന്‍. 116എച്ച്പി കരുത്തും പരമാവധി 250 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഓപ്ഷണല്‍ സിവിടിയാണ് പെട്രോള്‍ എന്‍ജിനിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.


◾  നിരമിത്രന്‍ എന്ന വിസ്മയകഥാപാത്രത്തെ മുന്‍നിര്‍ത്തി, അധികാരപ്രത്യയശാസ്ത്രങ്ങളുടെ ഉള്ളറകളെ രാഷ്ട്രീയമായി വിശകലനം ചെയ്യുകയും തിരസ്‌കൃതരും നിസ്സഹായരും സ്‌നേഹംകൊണ്ടു മുറിവേറ്റവരുമായ മനുഷ്യരുടെ ആന്തരികസംഘര്‍ഷങ്ങള്‍കൊണ്ട് ഇതിഹാസത്തിന് ഒരു ബദല്‍ ആഖ്യാനം തീര്‍ക്കുകയും ചെയ്ത ആര്‍. രാജശ്രീയുടെ ആത്രേയകം എന്ന നോവലിനെക്കുറിച്ചുള്ള പഠനങ്ങളും ആസ്വാദനക്കുറിപ്പുകളും. 'കാനനപ്പാതയിലെ സഞ്ചാരങ്ങള്‍'. എഡിറ്റര്‍ - ഡോ.ലിജി എന്‍. മാതൃഭൂമി. വില 153 രൂപ.


◾  ഉറക്കം പോലെ തന്നെ ഉറക്കരീതിയും പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നല്ല ഇരുണ്ട മുറിയില്‍ ഉറങ്ങുന്ന ആരോ്യത്തിന് വളരെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇരുട്ട് ശരീരത്തില്‍ മെലാറ്റോണിന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഇത് കാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിലെ എല്ലാ പ്രക്രിയകളെയും നിയന്ത്രിക്കുന്ന ആന്തരിക ഘടികാരമാണ് സര്‍ക്കാഡിയന്‍ റിഥം. വെളിച്ചമുള്ള ഒരു മുറിയില്‍ ഉറങ്ങുമ്പോള്‍ അത് തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കും. കൂടാതെ സര്‍ക്കാഡിയന്‍ റിഥം തടസപ്പെടുത്താനും ഇത് കാരണമാകുന്നു. ഇത് മെലാറ്റോണിന്‍ പോലുള്ള പ്രധാന ഹോര്‍മോണുകളുടെ ഉല്‍പാദനത്തെയും ബാധിക്കും. മെലറ്റോണിന്‍ ഉറങ്ങാന്‍ സഹായിക്കുക മാത്രമല്ല, അവയ്ക്ക് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നതോ വെളിച്ചത്തോടെ ഉറങ്ങുന്നതോ വഴി സ്വാഭാവിക ഉറക്കചക്രത്തെ തടസപ്പെടുത്തുന്നത് ചിലതരം അര്‍ബുദങ്ങള്‍, പ്രത്യേകിച്ച് സ്തന, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഒരു പഠനത്തില്‍, ഇരുട്ടില്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് വെളിച്ചം ഏല്‍ക്കുന്ന മുറികളില്‍ ഉറങ്ങുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. പകല്‍ സമയത്ത് ഉറങ്ങുകയാണെങ്കില്‍, നിങ്ങളുടെ സര്‍ക്കാഡിയന്‍ റിഥം നിലനിര്‍ത്താന്‍ ഇരുണ്ട മുറിയില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.


*ശുഭദിനം*

*കവിത കണ്ണന്‍*

ആശ്രമത്തില്‍ ശിഷ്യരുടെ ബഹളം കേട്ട് ഗുരു കാര്യമന്വേഷിച്ചു. കൂടെയുള്ള ഒരാളെ ചൂണ്ടികാട്ടി അവരെല്ലാവരും ആക്രോശിച്ചു.  ഇവന്‍ പിന്നെയും മോഷ്ടിച്ചു.  ഗുരു പറഞ്ഞു:  ഇത്തവണത്തേക്ക് കൂടി നിങ്ങളെല്ലാവരും ക്ഷമിക്ക്. പക്ഷേ, എല്ലാവരും ഒറ്റക്കെട്ടായി ഗുരുവിനെ എതിര്‍ത്തു.  അവര്‍ പറഞ്ഞു: പല തവണ ഞങ്ങള്‍ ക്ഷമിച്ചതാണ്.  ഈ ആശ്രമത്തിന് തന്നെ ഇവന്‍ നാണക്കേടാണ്.  ഇനിയും ഇവനെ ഇവിടെ താമസിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ ഞങ്ങളെല്ലാം ഇവിടം വിട്ടുപോകും.  അപ്പോള്‍ ഗുരു പറഞ്ഞു: എന്തുവന്നാലും ഇവനെ പറഞ്ഞുവിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.  നിങ്ങള്‍ക്ക് വേണമെങ്കില്‍ പോകാം.  ഇത് കേട്ട് ആരോപണ വിധേയനായ ശിഷ്യന്‍ ഗുരുവിന്റെ കാല്‍ക്കല്‍ വീണ് പൊട്ടിക്കരഞ്ഞു.  പിന്നീടയാള്‍ ഒരിക്കല്‍പോലും മോഷ്ടിക്കാന്‍ മുതിര്‍ന്നിട്ടേയില്ല.. ശിക്ഷിക്കപ്പെടുന്നവരെല്ലാം നന്നാകുമായിരുന്നുവെങ്കില്‍ ശിക്ഷാ കേന്ദ്രങ്ങളുടെ എണ്ണം കുറയുമായിരുന്നു.  എല്ലാവരും ഒരേ ചുറ്റുപാടില്‍ നിന്നും വരുന്നവരല്ല.  ആഗ്രഹമുണ്ടെങ്കില്‍ പോലും സ്വഭാദൂഷ്യത്തിന്റെ കയങ്ങളില്‍ നിന്നും കരകയറാന്‍ ആകാത്തവരുമുണ്ട്.  തുടര്‍ ശിക്ഷകളൊന്നും അവരില്‍ ഒരു പരിവര്‍ത്തനവും ഉണ്ടാക്കില്ല.   കൂടുതല്‍ അപമാനവും വേദനയും താങ്ങാന്‍ കരുത്താര്‍ജ്ജിക്കുകയേ ഉളളൂ.. എന്നാല്‍ അര്‍ഹതയില്ലാത്ത ആര്‍ദ്രത പ്രകടപ്പിച്ചാല്‍ അവര്‍ക്ക് കീഴടങ്ങുകയേ നിവൃത്തിയുള്ളൂ.  ഒരര്‍ഹതയില്ലാതിരുന്നിട്ടും ഒരാള്‍ അയാളെ തേടിവരുന്നുണ്ടെങ്കില്‍ അയാളുടെ മുന്നില്‍ അവര്‍ മുട്ടുമടക്കും.   എത്ര തവണ ക്ഷമിച്ചു എന്നതിലല്ല... എത്ര ആഴത്തില്‍ ക്ഷമിച്ചു എന്നതാണ് പ്രധാനം.   പുറത്താക്കാന്‍ എളുപ്പമാണ്.  ചേര്‍ത്തുപിടിക്കാനാണ് വിഷമം.  - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post