◾ സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവമായിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരണപ്പെട്ടയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
2025 ജൂലൈ 13 ഞായർ
1200 മിഥുനം 29 തിരുവോണം
1447 മുഹർറം 16
◾ സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു.
◾ അഹമ്മദാബാദ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ 171 വിമാനം പൈലറ്റ് മനപ്പൂര്‍വം അപകടത്തില്‍പ്പെടുത്തിയതാകാമെന്ന അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍. ഇന്ത്യയിലെ പ്രമുഖ വ്യോമയാന വിദഗ്ധരില്‍ ഒരാളാണ് ഇദ്ദേഹം. എയര്‍ ഇന്ത്യ വിമാനാപകടം മനപ്പൂര്‍വമായ മനുഷ്യ പ്രവര്‍ത്തനത്തിന്റെ ഫലമായിരിക്കാമെന്ന് എന്‍ഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
◾ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളി പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരില്‍ കുറ്റം ചാര്‍ത്താനുള്ള നീക്കമാണിതെന്നും അന്വേഷണത്തില്‍ യാതൊരു സുതാര്യതയുമില്ലെന്നും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആരോപിച്ചു. ഒരുത്തരവാദിത്തമില്ലാതെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഒരു ഒപ്പ് പോലും റിപ്പോര്‍ട്ടിലില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് സാം തോമസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
◾ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിഗമനങ്ങളിലെത്തിച്ചേരുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവന്നതിനു പിന്നാലെയാണ് പൊതുജനങ്ങളോടും മാധ്യമങ്ങളോടുമുള്ള മന്ത്രിയുടെ നിര്‍ദേശം.
◾/ അനര്‍ട്ട് വഴി വൈദ്യുത വകുപ്പ് നടത്തുന്ന അഴിമതികള്‍ ശരാശരി മലയാളിയെ ഞെട്ടിക്കുന്നതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. പി എം കുസും പദ്ധതി ഒരു ഐസ് ബര്‍ഗിന്റെ മുകള്‍ഭാഗം മാത്രമാണെന്നും അതി വ്യാപകമായ അഴിമതി അതിന് താഴേക്ക് പരന്ന് കാന്‍സര്‍ പോലെ വ്യാപിച്ചു കിടക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. അനര്‍ട്ട് സോളാര്‍ സ്‌കാമുമായി ബന്ധപ്പെട്ട അഴിമതിയുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അതേസമയം അഴിമതിക്ക് വേണ്ടി സോളാര്‍ പ്ലാന്റുകള്‍ ഇല്ലാതാക്കരുതെന്നും ചട്ടഭേദഗതി പിന്‍വലിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സര്‍ക്കാരും തയാറാകണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
◾ കേരളാ യൂണിവേഴ്സിറ്റിയില്‍ ഫയല്‍ യുദ്ധം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലില്‍ വിസി തുടര്‍ നടപടി വിലക്കി. അനില്‍ കുമാര്‍ നല്‍കുന്ന ഫയലുകളില്‍ മേല്‍നടപടി പാടില്ലെന്നും ഈ ഫയലുകള്‍ക്ക് നിയമസാധുതയില്ലെന്നുമാണ് വി സിയുടെ വിശദീകരണം.
◾ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിയി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജരാകും. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നിര്‍ത്തിവെയ്പ്പിക്കാന്‍ സജീവ ശ്രമം തുടരുകയാണ്.
◾ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ 'മിഷന്‍ കേരള' ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ ബി.ജെ.പി. കാണുന്നതെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.
◾ ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നതിനിടെ സംസ്ഥാന അധ്യക്ഷന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേറിനോട് അമിത് ഷാ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
◾ ഭാരവാഹിപ്പട്ടികയെ ചൊല്ലി സംസ്ഥാന ബിജെപിയിലെ അമര്‍ഷം പുറത്തേക്ക്. പദവിയില്ലാത്തതിന്റെ എതിര്‍പ്പ് സൂചിപ്പിച്ച് വക്താക്കളായിരുന്ന യുവരാജ് ഗോകുലും ഉല്ലാസ് ബാബുവും ഫേസ്ബുക്ക് പോസ്റ്റിട്ടു. രാജീവ് ചന്ദ്രശേഖര്‍ കൃഷ്ണദാസ് പക്ഷത്തിന്റെ നേതാവായി മാറിയെന്നാണ് മുരളീധര പക്ഷത്തിന്റെ വിമര്‍ശനം.
◾ മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിന് പി കെ ശശിക്ക് മറുപടിയുമായി ഡി വൈ എഫ് ഐ രംഗത്ത്. ഏത് ബിലാല്‍ പറഞ്ഞാലും മണ്ണാര്‍ക്കാട് പഴയ മണ്ണാര്‍ക്കാട് അല്ലെന്നാണ് ഡി വൈ എഫ് ഐയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇതിലടക്കമാണ് ഡി വൈ എഫ് ഐ മറുപടിയുമായി രംഗത്തെത്തിയത്. ഒരു കൂട്ടുകച്ചവടവും മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി അനുവദിക്കാത്ത സ്ഥിതി ഉണ്ടായെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി.
◾ മണ്ണാര്‍ക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകനായ പുല്ലശ്ശേരി സ്വദേശി അഷറഫിനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പി.കെ ശശിയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ആക്രമി വന്നത് മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയെ ആക്രമിക്കാനെന്നും നേതാക്കള്‍ ആരോപിച്ചു. അതേസമയം ബൈക്കിലെത്തിയ പ്രതി ഓഫീസിന് മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച് കടന്നുകളയുയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷി പറയുന്നത്.
◾ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചത്. എട്ട് മാറ്റങ്ങളോടെയാണ് സിനിമ എത്തുക. ഏറ്റവും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
◾ മാവേലിക്കരയിലെ വിദ്യാതിരാജ വിദ്യാപീഠം സ്‌കൂളിലെയും ഇടപ്പോണ്‍ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലെയും പാദപൂജയില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. മുത്താരരാജ് ആണ് പരാതി നല്‍കിയത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിന്റെ കാല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് കഴുകിച്ച സംഭവം നികൃഷ്ടമെന്നാണ് പരാതിയില്‍ പറയുന്നത്.
◾ തൃശ്ശൂരിലും 'പാദപൂജ'. മാള അന്നമനട വിവേകോദയം വിദ്യാമന്ദിറിലും കുട്ടികളെക്കൊണ്ട് റിട്ടയേര്‍ഡ് അധ്യാപികയുടെ കാല്‍ കഴുകിച്ചതായി പരാതി. ഗുരുപൂര്‍ണിമ ദിന ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് സംഭവമുണ്ടായത്. പ്രദേശത്തെ എല്‍പി സ്‌കൂള്‍ റിട്ടേഡ് അധ്യാപിക ലതിക അച്യുതനെ മുഖ്യാതിഥിയായി വിളിച്ചാണ് കുട്ടികളെ കൊണ്ട് കാല്‍ കഴുകിപ്പിച്ചത്. ഒപ്പം കാല്‍തൊട്ട് വന്ദിപ്പിക്കുകയും ചെയ്തു.
◾ ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തില്‍ കെ എസ് ആര്‍ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്ത വിവാദ നടപടി പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചത്. വിജിലന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് വിവാദ നടപടി പിന്‍വലിച്ച് ഉത്തരവിറക്കിയത്. വ്യക്തമായ അന്വേഷണം നടത്തിയേ നടപടി എടുക്കാവൂ എന്ന് ഗതാഗതമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
◾ തെന്‍മല ഇക്കോടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വകുപ്പുകള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും പതിനഞ്ചാം വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. സംസ്ഥാനത്തൊട്ടാകെ ഇക്കോടൂറിസം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് സൊസൈറ്റിയുടെ അധികാര പരിധി വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
◾ നെടുമ്പാശ്ശേരിയില്‍ എത്തിയ ബ്രസീലിയന്‍ ദമ്പതികള്‍ പിടിയില്‍. ഡിആര്‍ഐ കൊച്ചി യൂണിറ്റാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ ലഹരി ഗുളികകള്‍ വിഴുങ്ങിയെന്നാണ് സംശയം. കൊക്കൈന്‍ അല്ലെങ്കില്‍ ഹെറോയിന്‍ ആണ് ഇരുവരും വിഴുങ്ങിയതെന്നാണ് സംശയം.ലഹരി ഗുളികകള്‍ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. കേരള ക്രിക്കറ്റ് ലീഗിനെ കേരളത്തിന്റെ ടൂറിസവുമായി കോര്‍ത്തിണക്കി കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 'ക്രിക്കറ്റ് ടൂറിസം' പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാനാണ് നീക്കം.
◾ മുസ്ലീംലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എതിരായി റവന്യൂ വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. സര്‍ക്കാരിന് മുസ്ലീം ലീഗിനോട് കണ്ണുകടിയാണെന്നും ദുഷ്ടലാക്കോടെയുള്ള പ്രവര്‍ത്തനമാണ് നോട്ടീസിന് പിന്നിലെന്നും പി.എം.എ. സലാം. ആരോപിച്ചു.
◾ കൊച്ചിയില്‍ പിടിയിലായ റിന്‍സി മുംതാസ് ഇടപാട് നടത്തിയവരുടെ ലിസ്റ്റ് പൊലീസിന് ലഭിച്ചു. സിനിമ മേഖലയിലെ പ്രമുഖര്‍ക്ക് വരെ റിന്‍സി ലഹരിയെത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. എംഡിഎംഎ മാത്രമല്ല കൊക്കെയ്നും സിനിമാക്കാര്‍ക്കായി എത്തിച്ചെന്ന് അന്വേഷണസംഘം പറയുന്നു. രാസലഹരിയുടെ സിനിമാ കണക്ഷനും ഉപയോഗിക്കുന്നവരുടെ ലിസ്റ്റും റിന്‍സി പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.
◾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അറസ്റ്റില്‍. സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ കെ വി തോമസിനെയാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. തോമസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം അറിയിച്ചു. മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാനം രാജിവയ്ക്കാനും ആവശ്യപ്പെട്ടതായി സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി വ്യക്തമാക്കി.
◾ പാലക്കാട് പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരന്‍ ആല്‍ഫ്രഡുമാണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ അവരുടെ അമ്മ എല്‍സി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. അമ്മ എല്‍സിയുടെ നില ഗുരുതരമാണ്.
◾ തിരുവനന്തപുരം നെടുമങ്ങാട് - വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്. കൂശര്‍കോട് സ്വദേശികളാണ് ഇരുവരും. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.
◾ തൊടുപുഴയില്‍ ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റത്തെ കുളമാവ് സ്വദേശി ഉന്മേഷ് (32), മകന്‍ ദേവ് എന്നിവരാണ് മരിച്ചത്. ഉന്മേഷിന്റെ മൃതദേഹം വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയിലും കുട്ടിയെ ബെഡ്റൂമിലുമാണ് കണ്ടെത്തിയത്. ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ വാഗമണില്‍ ഇലട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞ് കയറി നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വാഗമണ്‍ വഴിക്കടവില്‍ ആണ് അപകടം ഉണ്ടായത്. ആര്യയും കുട്ടിയും കാര്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടിട്ട് കസേരയില്‍ ഇരിക്കുകയായിരുന്നു. ഈ സമയം ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു വാഹനമാണ് ഇവരെ ഇടിച്ചിട്ടത്. പാല പോളിടെക്നിക്കിലെ അധ്യാപികയാണ് ആര്യ മോഹന്‍.
◾ ആലപ്പുഴയില്‍ സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചു വീണ് പരിക്കേറ്റ സംഭവത്തില്‍ ആലപ്പുഴ - കഞ്ഞിപ്പാടം റൂട്ടില്‍ ഓടുന്ന അല്‍ അമീന്‍ ബസ്സിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ ജയകുമാര്‍, കണ്ടക്ടര്‍ സുഭാഷ് എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. പെണ്‍കുട്ടി ഇറങ്ങും മുന്‍പ് ബസ് മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം ഉണ്ടായിട്ടും ബസ് നിര്‍ത്തിയില്ലെന്നും പിറകെ വന്ന കാറിലാണ് പെണ്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ആരോപണമുണ്ട്.
◾ സംസ്ഥാനത്ത് ഈ മാസം പതിനാറാം തീയതി വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ 16 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
◾ മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു. എം.ആര്‍.പി.എല്‍. ഓപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്.
◾ തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങള്‍ മാറ്റിയാണ് പുതിയ പരിഷ്‌കാരം. ഇനി അര്‍ദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക.
◾ റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് ഉല്‍പാദനം കൂട്ടാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്ത് അപൂര്‍വ ലോഹങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ ചൈന, ഏഴ് അപൂര്‍വ ലോഹങ്ങള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ഏപ്രിലില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1,345 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.
◾ ഇന്ത്യയുടെ തദ്ദേശീയ മിസൈലായ അസ്ത്ര മാര്‍ക്ക് 1 വിജയകരമായി പരീക്ഷിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍. ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് അസ്ത്ര പരീക്ഷിച്ചത്. തദ്ദേശീയ റേഡിയോ ഫ്രീക്വന്‍സി സീക്കര്‍ ഘടിപ്പിച്ച ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലായ അസ്ത്രയുടെ പരീക്ഷണം ഒഡിഷയിലെ ചാന്ദിപുര്‍ തീരത്ത് വച്ചുനടന്നു. സുഖോയ്-30 എംകെ-1ന് സമാനമായ പ്ലാറ്റ്ഫോമില്‍ നിന്നായിരുന്നു അസ്ത്രയുടെ വിക്ഷേപണം.
◾ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും, ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മന്‍ കീ ബാത് ടാലന്റ് ഹണ്ട് സീസണ്‍ 5 ന്റെ ഫൈനല്‍ മത്സരം ഇന്ന് നടക്കും. കഴക്കൂട്ടം മേനംകുളം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ മത്സരങ്ങള്‍ രാവിലെ 9 മണിയ്ക്ക് കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സഹമന്ത്രി രക്ഷ നിഖില്‍ ഖഡ്സെ ഉദ്ഘാടനം ചെയ്യും.
◾ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത ഐഐഎമ്മിലെത്തിയ യുവതിയെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വച്ച് പീഡനത്തിനിരയായ കേസില്‍ വഴിത്തിരിവ്. പീഡനത്തിനിരയായിട്ടില്ലെന്നും മകള്‍ സുഖമായിരിക്കുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. പീഡനക്കേസില്‍ കൊല്‍ക്കത്ത ഐഐഎമ്മിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും കര്‍ണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് പീഡന പരാതി തള്ളികൊണ്ട് ഇരയായ യുവതിയുടെ പിതാവ് രംഗത്തെത്തിയത്.
◾ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ ഇ മുഹമ്മദ് തുടങ്ങിയ ആഗോള ഭീകര സംഘടനകള്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടാന്‍ നേപ്പാള്‍ പാത ഉപയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ദക്ഷിണേഷ്യയിലെ സമാധാനത്തിനു നേരെയുള്ള വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കാഠ്മണ്ഡുവില്‍ നടന്ന സെമിനാറില്‍ നേപ്പാള്‍ പ്രസിഡന്റിന്റെ പ്രധാന രാഷ്ട്രീയ ഉപദേഷ്ടാവും മുന്‍ വ്യവസായ മന്ത്രിയുമായ സുനില്‍ ബഹാദൂര്‍ താപ്പ ആണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
◾ കുവൈത്തും ഇന്ത്യയും തമ്മില്‍ സുരക്ഷാ സഹകരണം ശക്തിപ്പെടുത്താന്‍ ചര്‍ച്ച.ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വകയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ മേഖലകളിലെ സംയുക്ത സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികളാണ് പ്രധാനമായും ഇരുവരും ചര്‍ച്ച ചെയ്തത്.
◾ യു.എ.ഇ.യിലെ യു.പി.ഐ. സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ ഡിജിറ്റല്‍ പേയ്‌മെന്റ് ഉറപ്പാക്കാനാണ് എന്‍.പി.സി.ഐ. ലക്ഷ്യമിടുന്നത്.
◾ നിയമലംഘനം നടത്തിയ വിമാനക്കമ്പനികള്‍ക്ക് സൗദി സിവില്‍ ഏവിയേഷന്‍ 28 ലക്ഷം റിയാല്‍ പിഴ ചുമത്തി. ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ കണ്ടത്തിയ 87 നിയമലംഘനങ്ങള്‍ക്കാണ് ഇത്രയും തുക പിഴ ചുമത്തിയതെന്ന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതില്‍ സിവില്‍ ഏവിയേഷന്‍ നിയമം, എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവയുടെ ലംഘനങ്ങള്‍ ഉള്‍പ്പെടും.
◾ ഈ വര്‍ഷത്തെ ഹജ്ജിലെ അവസാന തീര്‍ഥാടക സംഘത്തിന് സൗദി എയര്‍ലൈന്‍സ് യാത്രയയപ്പ് നല്‍കി. മദീനയിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഇന്തോനേഷ്യയിലേക്കുള്ള അവസാന ഹജ്ജ് വിമാനത്തിലെ തീര്‍ഥാടകരെയാണ് ഹൃദ്യമായി യാത്രയാക്കിയത്.
◾ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കുത്തനെ കുറച്ചു. എക്‌സിന്റെ എല്ലാ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും 48 ശതമാനമാണ് വെട്ടിക്കുറച്ചത്. എക്‌സ് വെബ്‌സൈറ്റില്‍ ഈ മാറ്റം നിലവില്‍ വന്നു.
◾ യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും 30 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതുകൊണ്ടാണ് പകര തീരുവ പ്രഖ്യാപിക്കുന്നതെന്നും ഓഗസ്റ്റ് 1 ന് ഇത് നടപ്പിലാകുമെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ വ്യക്തമാക്കി. ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം അന്യായവും വിനാശകരവുമെന്നാണ് മെക്സിക്കോയും യുറോപ്യന്‍ യൂണിയനും വിശേഷിപ്പിച്ചത്.
◾ അമേരിക്കന്‍ നടിയും അവതാരകയുമായ റോസി ഒ'ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടെക്സസ് വെള്ളപ്പൊക്കത്തിനു പിന്നാലെ ട്രംപ് ഭരണകൂടം കാലാവസ്ഥ പ്രവചന ഏജന്‍സികളെ കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ച് റോസി ഒ'ഡോനല്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
◾ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 387 റണ്‍സിന് മറുപടിയായി 145ന് 3 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 387 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാ ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ കെ എല്‍ രാഹുലും 74 റണ്‍സെടുത്ത റിഷഭ് പന്തും 72 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ഇന്ത്യക്കായി പൊരുതിയെങ്കിലും വാലറ്റത്ത് 11 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മോഹങ്ങള്‍ ഇല്ലാതാക്കിയത്.
◾ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്. ഇന്നലെ നടന്ന ഫൈനലില്‍ അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് സ്വിയാടെക്ക് കന്നി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. സെമിയില്‍ ബെലറൂസിന്റെ ലോക ഒന്നാംനമ്പര്‍ താരം ആര്യാന സബലേങ്കയെ അട്ടിമറിച്ചെത്തിയ അനിസിമോവയ്ക്ക് ഫൈനലില്‍ സ്വിയാടെക്കിനെതിരെ ഒരു ഗെയിം പോലും നേടാനായില്ല. ഇന്ന് നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറും സ്പാനിഷ് താരമായ കാര്‍ലോസ് അല്‍കരാസും ഏറ്റുമുട്ടും.
◾ കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് ആസ്തി മേയ് മാസത്തില്‍ 94,829.36 കോടി രൂപ കവിഞ്ഞെന്ന് അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തിയായ 72.19 ലക്ഷം കോടി രൂപയുടെ 1.3 ശതമാനമാണിത്. സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലും കേരളം മുന്നിലാണ്. 23.2 ലക്ഷം എസ്.ഐ.പി ഫോളിയോകളാണ് കേരളത്തിലുള്ളത്. മൊത്തം മ്യൂച്വല്‍ ഫണ്ട് വിപണിയുടെ 45 ശതമാനം എസ്.ഐ.പികള്‍ക്കാണ്. എസ്.ഐ.പി വിഭാഗത്തിലെ മൊത്തം ആസ്തികള്‍ 28,788.69 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തുള്ളത്. പ്രതിമാസ എസ്.ഐ.പി നിക്ഷേപം മാര്‍ച്ചില്‍ 635 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകരാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോഴിത് 13.13 ലക്ഷമായി വര്‍ദ്ധിച്ചു. കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 28.5 ശതമാനവും വനിതകളാണ്. 25.7 ശതമാനമാണ് ദേശീയ ശരാശരി. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ 16,229.30 കോടി രൂപയുമായി കൊച്ചിയാണ് കേരളത്തില്‍ മുന്‍നിരയില്‍. 10,163.09 കോടി രൂപയുമായി തിരുവനന്തപുരം തൊട്ടു പിന്നിലുണ്ട്. മൂന്നാം സ്ഥാനം തൃശൂരാണ്. നിക്ഷേപം 1,550 കോടി രൂപ.
◾ സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു. എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിലെത്തുക. റിലീസ് ഉടനെ ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. യു എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. പീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദമായത്.
◾ തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം 'പെദ്ധി' യിലെ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാര്‍ച്ച് 27 നാണ്. ജാന്‍വി കപൂര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്.ഗൗര്‍നായിഡു എന്ന് പേരുള്ള ശക്തമായ കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നത്. കട്ടിയുള്ള മീശയും, ഉഗ്രമായ നോട്ടവുമായി മാസ്സ് പരിവേഷത്തിലാണ് ശിവരാജ് കുമാറിന്റെ കഥാപാത്രത്തെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലെ വമ്പന്‍ സെറ്റില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. വമ്പന്‍ ബഡ്ജറ്റില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ചിത്രം വരുന്നത്. രാം ചരണ്‍ - ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
◾ 2025 ജൂണ്‍ മാസത്തിലെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇരുചക്ര വാഹന വിഭാഗത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് ആധിപത്യം തുടരുന്നു. ജൂണില്‍ ഹീറോ മോട്ടോകോര്‍പ്പ് ആകെ 3,93,832 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. ഈ കാലയളവില്‍, രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പനയില്‍ ഹീറോ മോട്ടോകോര്‍പ്പിന് മാത്രം 27.23 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. 3,55,295 യൂണിറ്റ് വില്‍പനയുമായി ഹോണ്ട രണ്ടാം സ്ഥാനത്താണ്. ടിവിഎസ് മോട്ടോര്‍ മൂന്നാം സ്ഥാനത്താണ്. 2,82,309 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. നാലാം സ്ഥാനത്ത് ബജാജ് ഓട്ടോ. 1,56,360 യൂണിറ്റ് വിറ്റു. സുസുക്കി അഞ്ചാം സ്ഥാനത്താണ്. 85,309 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. 70,640 യൂണിറ്റ് വാഹന വില്‍പനയുമായി റോയല്‍ എന്‍ഫീല്‍ഡ് ആറാം സ്ഥാനത്താണ്. 48,690 യൂണിറ്റ് വിറ്റ് യമഹ ഏഴാം സ്ഥാനത്തായിരുന്നു. ഓല ഇലക്ട്രിക് എട്ടാം സ്ഥാനത്താണ്. 20,190 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. ആതര്‍ എനര്‍ജി ഒമ്പതാം സ്ഥാനത്താണ്. 14,526 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. ആകെ 4,199 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ഈ വില്‍പ്പന പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു.
◾ പ്രപഞ്ചത്തെക്കാളും നിഗൂഢമായ, കുഞ്ഞുങ്ങളുടെ മനസ്സു കണ്ടെത്താന്‍ രബീന്ദ്രനാഥ ടാഗോര്‍ നടത്തിയ വിചാരങ്ങളുടെ കാവ്യരൂപമാണ് അമ്പിളിക്കല. ഇതിലെ അമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ഇതള്‍വിരിയുന്നത് പ്രകൃതിയുടെ അപാരജ്ഞാനമാണ്. താരാട്ടുപോലെ ശുദ്ധമായ ടാഗോറിന്റെ വരികള്‍ക്ക് മലയാളത്തിലെ പ്രശസ്ത കവയിത്രിയുടെ പരിഭാഷ. 'അമ്പിളിക്കല'. പരിഭാഷ - റോസ് മേരി. മാതൃഭൂമി. വില 136 രൂപ.
◾ ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നു പരാതിപ്പെടുന്നവരാണ് പ്രായമായവരില്‍ പലരും. തടസ്സമില്ലാത്ത ഉറക്കം ശാരീരിക, മാനസിക ആരോഗ്യത്തിന് അത്യാവശ്യമാണ്. നല്ല ഉറക്കം ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. എല്ലാദിവസവും നിശ്ചിതസമയത്ത് ഉറങ്ങാന്‍ കിടക്കുക, ഉണരുക. ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം ഇടയ്ക്കിടെ മാറ്റാതിരിക്കുക. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കുക. രാത്രി ചായ, കാപ്പി, കോള തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. രാത്രി മൂത്രശങ്ക ഉണ്ടാകാനിടയുണ്ടെങ്കില്‍ രാത്രി കുടിക്കുന്ന വെള്ളം പരിമിതപ്പെടുത്താം. വൈകുന്നേരം അര മണിക്കൂര്‍ നേരം സൂര്യപ്രകാശം കൊണ്ട് ലഘുവ്യായാമം ചെയ്യുക. കിടക്കുന്നതിന് തൊട്ടുമുന്‍പ് കണ്ണുകള്‍ അടച്ച് ശ്വാസം നീട്ടി ഉള്ളിലേക്ക് വലിക്കുകയും സാവധാനം പുറത്തേക്ക് വിടുകയും ചെയ്യുന്ന ശ്വസന വ്യായാമം 25 തവണ ചെയ്യുക.
*ശുഭദിനം*
*കവിത കണ്ണന്‍*
കിണറ്റിലകപ്പെട്ട കുറുക്കന് ഒരുവിധത്തിലും പുറത്ത് കടക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് അതുവഴി ഒരു ആട് കടന്നുപോയത്. നീ അവിടെ എന്തെടുക്കുകയാണ്? കുറുക്കനെ കണ്ട് ആട് ചോദിച്ചു. കുറുക്കന്‍ പറഞ്ഞു: ഇവിടെ നിറയെ നല്ല രുചിയുളള പുല്ലുകളാണ്. അതിന് നീ പുല്ല് തിന്നില്ലല്ലോ? ആട് തിരിച്ചുചോദിച്ചു. പക്ഷേ, അത് കേള്‍ക്കാത്തതുപോലെ അഭിനയിച്ച് കുറുക്കന്‍ പുല്ലിന്റെ രുചിയെക്കുറിച്ച് വാചാലനായി. കേട്ട് കേട്ട് ആടിന് കൊതിയായി. ഞാനെങ്ങനെ താഴേക്ക് വരും? ആട് ചോദിച്ചു. ഇവിടെ നല്ല കനത്തിലാണ് പുല്ലുളളത്. അതിനാല്‍ ചാടിയാല്‍ പോലും ഒന്നും സംഭവിക്കില്ല. കുറുക്കന്‍ പറഞ്ഞു. ഇത് കേട്ടതും ആട് കിണറ്റിലേക്ക് ചാടി. താഴെയെത്തിയ ആടിന്റെ മുകളില്‍ ചവുട്ടിക്കയറി ചാടി കുറുക്കന്‍ രക്ഷപ്പെട്ടു. കണ്ണ്‌കൊണ്ടു കണ്ടതോ, കാത്‌കൊണ്ട് കേട്ടതോ പലപ്പോഴും സത്യമാകണമെന്നില്ല. ആളുകളുടേയും സംഭവങ്ങളുടേയും ഉദ്ദേശശുദ്ധി മനസ്സിലാക്കുക എന്നതാണ് വിവേകപൂര്‍വ്വമുളള പെരുമാററത്തിന്റെ തെളിവ്. എല്ലാ ആളുകളും നമ്മെ സമീപിക്കുന്നത് സദുദ്ദശേത്തോടെയല്ല. എല്ലാ ക്ഷണവും ആരോഗ്യകരവുമല്ല. എല്ലാവര്‍ക്കും അവരവരുടേതായ താല്‍പര്യങ്ങളും ലാഭേച്ഛയും ഉണ്ടാകും. അവരില്‍ നിന്നും അകന്നുനില്‍ക്കാനുളള കഴിവാണ് കെണികളില്‍ വീഴാതിരിക്കാനുളള മാര്‍ഗ്ഗം. - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment