മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് എത്തിയ പി.ആർ.ടി.സി ബസുകൾ തടഞ്ഞു
മാഹി : പി.ആർ.ടി.സി ബസുകൾക്ക് വടകര മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഏർപ്പെടുത്തിയ യാത്രാവിലക്ക് ലംഘിച്ച് വെള്ളിയാഴ്ച രാവിലെ മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് എത്തിയ പി.ആർ.ടി.സി ബസുകൾ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സംയുക്ത യൂണിയനും നാട്ടുകാരും ചേർന്ന് തടഞ്ഞു. രണ്ട് ബസുകളാണ് രാവിലെയെത്തിയത്. വിവരാവകാശ പ്രകാരം ലഭിച്ച സമയപ്പട്ടികയിലെ സമയം ലംഘിച്ചാണ് പി.ആർ.ടി.സി. ഓടുന്നതെന്ന് ആരോപിച്ചാണ് ഓട്ടോ ഡ്രൈവർമാർ ബസ് തടഞ്ഞത്.
അതേ സമയം സഹകരണ സൊസൈറ്റിയുടെ ബസുകൾ സമയം പാലിച്ച് ഓടുന്നതായി ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു.
പി.ആർ.ടി.സി. ബസുകൾ തടഞ്ഞതോടെ സ്ഥലത്തെത്തിയ ചോമ്പാല പോലീസ് ബസ് റെയിൽവെ സ്റ്റേഷനിലേക്ക് ഓടുന്നത് നിർത്തി വെക്കാൻ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ 10ന് കക്ഷികളോട് ചോമ്പാല പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പി.ആർ.ടി.സി, സഹകരണ ബസ് പ്രതിനിധികളും ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികളും നാട്ടുകാരുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
അതേ സമയം പെർമിറ്റും സമയപ്പട്ടികയും വടകര ആർ.ടി.ഒ.ക്ക് നൽകിയെന്ന് പി.ആർ.ടി.സി അധികൃതർ അവകാശപ്പെട്ടു. മറിച്ചുള്ള പ്രചരണം വാസ്തവമല്ല.
Post a Comment