◾ സഹോദരന്റെ വിവാഹത്തിന് ബിരിയാണി വെക്കാനെന്ന് പറഞ്ഞ് വാടകക്കെടുത്ത ബിരിയാണി ചെമ്പും ഉരുളിയും ആക്രിക്കടയില്‍ വിറ്റ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. താമരശ്ശേരിയില്‍ വാടകക്ക് താമസിക്കുന്ന യുവാവാണ് വിദഗ്ധമായി മോഷണം നടത്തിയത്. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ആക്രിക്കടയുടമ ചെമ്പും പാത്രങ്ങളും ഉടമകക്ക് തിരികെ നല്‍കി. പൂനൂരിലെ ആക്രിക്കടയില്‍ സാധനം വിറ്റ് യുവാവ് മുങ്ങിയതാണെന്ന് മനസിലായതോടെയാണ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്.
2025 ജൂലൈ 3 വ്യാഴം
1200 മിഥുനം 19 അത്തം
1447 മുഹർറം 6
◾ ഭാരതാംബ വിഷയത്തില്‍ കേരള സര്‍വകലാശാല ഏറ്റുമുട്ടലിനു വേദിയാവുമോ? കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തതോടെ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുവെന്ന് റിപ്പോര്‍ട്ടുകള്‍. കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെയാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തത്. സെനറ്റ് ഹാളിലെ പരിപാടി മുന്‍വിധിയോടെ റദ്ദാക്കി ഗവര്‍ണ്ണറോട് അനാദരവ് കാണിച്ചെന്ന് വിമര്‍ശിച്ചാണ് റജിസ്ട്രാര്‍ക്കെതിരായ അസാധാരണ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള സസ്പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ വ്യക്തമാക്കി.
◾ കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സിലറുടെ നടപടിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. വൈസ് ചാന്‍സിലര്‍ അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് കേരള സര്‍വകലാശാല വിസി ആ സ്ഥാനത്തെത്തിയതെന്നും വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നിലപാടാണ് നിരന്തരം ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും അനാവശ്യമായ വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നത് നല്ലതല്ലെന്നും നിയമപരമായ കാര്യങ്ങളുമായി ഗവണ്‍മെന്റും മുന്നോട്ട് പോകുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചു.
◾ റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത താത്കാലിക വിസി മോഹന്‍ കുന്നുമ്മലിന്റെ നടപടി തള്ളിക്കളയുന്നുവെന്ന് സിന്‍ഡിക്കേറ്റിലെ ഇടത് അംഗം ജി മുരളീധരന്‍. റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നും റജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരം സിന്‍ഡിക്കേറ്റിനാണെന്നും വി സിയുടെ ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. റജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ റജിസ്ട്രാറായി തുടരുമെന്നും അദ്ദേഹം ഇന്ന് രാവിലെ പതിവ് പോലെ ജോലിക്ക് എത്തുമെന്നും സിന്‍ഡിക്കേറ്റ് അംഗം വ്യക്തമാക്കി.
◾ റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്ഐയും കെ.എസ്.യുവും രംഗത്തെത്തി. മതേതരത്വവും യൂണിവേഴ്സിറ്റി നിയമവും ഉയര്‍ത്തി പിടിച്ച കേരള സര്‍വ്വകലാശാല റജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം സഞ്ജീവ്. റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി ഗവര്‍ണ്ണറുടെ ആര്‍.എസ്.എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പ്രതികരിച്ചു.
◾ കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇടത് സംഘടനകള്‍ ഇന്നലെ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയും പിന്നീട് ഡിവൈഎഫ്ഐയും രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് സ്ഥാപിച്ച ജലപീരങ്കി പ്രവര്‍ത്തകര്‍ മറികടന്നെങ്കിലും പിന്നീട് പിന്‍വാങ്ങി.
◾ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നിലനില്‍ക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. രാജ്ഭവന്‍ സുരക്ഷയ്ക്ക് ഗവര്‍ണര്‍ നല്‍കിയ പട്ടികയിലെ ഉദ്യോഗസ്ഥരെ നിയമിക്കാത്തതില്‍ അതൃപ്തി അറിയിച്ചെന്ന് സൂചന.
◾ മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിന്റെ പരിമതികളെക്കുറിച്ചുള്ള ഡോ. ഹാരിസിന്റെ വിമര്‍ശനം ശരിവെച്ചുള്ളതാണ് വിദഗ്ധസമിതി റിപ്പോര്‍ട്ടെന്ന് സൂചന. ഉപകരണങ്ങള്‍ വാങ്ങുന്നതടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കണമെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി നിര്‍ദേശിച്ചു. യൂറോളജി വിഭാഗത്തില്‍ മതിയായ സംവിധാനമില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. മെഡിക്കല്‍ വിഭ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. അതേസമയം ഡോ. ഹാരിസ് ഉള്‍പ്പെടെ ആര്‍ക്കെതിരേയും റിപ്പോര്‍ട്ടില്‍ അച്ചടക്കനടപടിക്ക് ശുപാര്‍ശചെയ്തിട്ടില്ലെന്നാണ് വിവരം.
◾ ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാര്‍ സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി പി. പ്രസാദ്. അമേരിക്കയ്ക്ക് അനുകൂലമായ നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചാല്‍ കാര്‍ഷികമേഖലയുടെ സര്‍വനാശമായിരിക്കും സംഭവിക്കുക. കരാര്‍ ഒപ്പിടാന്‍ പാടില്ലെന്നും കേന്ദ്ര വാണിജ്യ, കൃഷിമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിചാരണ കോടതിയില്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സി ബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. കരുവന്നൂര്‍ ബാങ്കിലെ മുന്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ക്രൈം ബ്രാഞ്ചിനെ കൂടാതെ കേസ് അന്വേഷിക്കുന്ന ഇഡിയും കേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്.
◾ തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റര്‍ ഡിആര്‍ഡിഒ ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇക്കാര്യത്തിലുള്ള ഉറപ്പ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചതായും സെന്റര്‍ പൂട്ടുമെന്ന പ്രചാരണം തെറ്റാണെന്നും രാജീവ് ചന്ദ്രശേഖര്‍ ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പില്‍ വിമര്‍ശിക്കപ്പെട്ടെന്നത് വസ്തുതാവിരുദ്ധമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. 30 വീടുകളാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മീന്‍ വിറ്റും പായസം വിറ്റും സമാഹരിച്ച മുഴുവന്‍ പണവും യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലുണ്ട്. അതില്‍ ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിന്‍വലിച്ചിട്ടില്ല. ഇത് സംബന്ധിച്ച ബാങ്ക് രേഖകള്‍ പരസ്യപ്പെടുത്തി കൊണ്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശദീകരണം.
◾ സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്‌കരണത്തില്‍ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തില്‍ എസ് സി ഇആര്‍ടി-യുടെ 80 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് പരിഷ്‌കരിക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
◾ സുംബയുടെ പേരില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടികെ അഷറഫിനെതിരെയുള്ള വിദ്യാഭ്യാസ വകുപ്പ് നടപടി ഫാസിസമെന്ന് സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ലത്തീഫ്. കോഴിക്കോട് സുംബ വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുംബയുടെ പേരില്‍ ഇങ്ങനെ ഒന്ന് തുള്ളിയാല്‍ ലഹരിയോടുള്ള കുട്ടികളിലെ താല്‍പര്യം നഷ്ടമാകും എന്നതിന് ഒരു ശാസ്ത്രീയ പഠനവും ഇല്ലെന്നും അബ്ദുല്‍ ലത്തീഫ് ചൂണ്ടിക്കാട്ടി.
◾ കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട് സൗരോര്‍ജ്ജ നയത്തിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്റ്റേഴ്‌സ് അസോസിയേഷന്‍. നയത്തിലെ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് സോളാര്‍ ബന്ദ് ആചരിക്കും.
◾ ഊബര്‍, ഓല, റാപ്പിഡോ, ഇന്‍ഡ്രൈവ് തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക്് തിരക്കേറിയ സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ ഇത് 1.5 ഇരട്ടിയായിരുന്നു. ഇത് യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ മാറ്റം.
◾ ആലപ്പുഴ ജില്ലയിലെ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛന്‍ ജിസ്മോന്‍ എന്ന ഫ്രാന്‍സിസ് പൊലീസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് നേതൃനിരയിലുണ്ടായ ക്യാപ്റ്റന്‍-മേജര്‍ തര്‍ക്കം കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലും ചര്‍ച്ചയായി. നേതാക്കള്‍ പ്രതികരണങ്ങളില്‍ മിതത്വം പാലിക്കണമെന്ന് യോഗത്തില്‍ പരാമര്‍ശമുയര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് വിമര്‍ശനം.
◾ എറണാകുളം ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ നൂലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് പരാതി. എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലാണിതെന്നും അത് അലിഞ്ഞ് തൊലിയോട് ചേരാന്‍ ഒരു വര്‍ഷം വരെ സമയമെടുക്കാറുണ്ടെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
◾ തെലുങ്കാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയായ യുവ സന്യാസിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നേപ്പാളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാമധ്യേ ശനിയാഴ്ചയാണ് തെലങ്കാനയിലെ കമ്മം സ്റ്റേഷനടുത്തുള്ള റെയില്‍വേ ട്രാക്കിലാണ് തൃശൂര്‍ മാങ്ങാട് സ്വദേശി ശ്രീ ബിന്‍ എന്ന ബ്രഹ്‌മാനന്ദഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റകൃത്യം തടയാനെന്ന പേരില്‍ ഫോണ്‍ ചോര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സിബിഐ കേസില്‍ പ്രതിയായ ചെന്നൈ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതിയുടെ ഉത്തരവ്. 2011 ല്‍ ഇയാളുടെ ഫോണ്‍ ചോര്‍ത്താന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയ ഉത്തരവ് ഭരണഘടനാവിരുദ്ധം എന്നും കോടതി ചൂണ്ടിക്കാട്ടി.
◾ കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ വിവാദ പരാമര്‍ശവുമായി പ്രതിഭാഗം വക്കീല്‍. നടന്നത് ബലാത്സംഗമാണോ എന്ന് താന്‍ സംശയിക്കുന്നതായും പ്രധാന പ്രതി മനോജിത്ത് മിശ്രയുടെ ശരീരത്തില്‍ ലൗ ബൈറ്റിന്റെ പാടുകള്‍ കണ്ടെന്നുമാണ് അഭിഭാഷകനായ രാജു ഗാംഗുലിയുടെ ആരോപണം.
◾ കരസേനയുടെ ശക്തി കൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം ലഭിക്കും. അമേരിക്കയുമായുള്ള 60 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് ആറ് അപ്പാച്ചെ AH-64E ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.2015ല്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഇവ വാങ്ങിയത്.
◾ 2,000 കോടി രൂപ ആസ്തിയുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് കൈവശപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ഗൂഢാലോചന നടത്തിയതായി പ്രത്യക സിബിഐ കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
◾ റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പന്‍ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ് സെനറ്റില്‍ ഇതിനുള്ള ബില്ല് കൊണ്ടുവരുമെന്നാണ് സൂചന.
◾ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ആവാമി ലീഗിന്റെ നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍..കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗൊലാം മൊര്‍തുസ മസുംദാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.
◾ 2023-ന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജീവനക്കാരില്‍ നാലുശതമാനത്തോളം പേരെ കമ്പനി പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം 9,100 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്കുകള്‍.
◾ റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് വന്‍ തിരിച്ചടിയായി യുഎസ് നടപടി. യുക്രൈന് വേണ്ടിയുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചു. റഷ്യന്‍ വ്യോമാക്രമങ്ങളെ ചെറുക്കന്നതിനുള്ള മിസൈലുകളടക്കം കിട്ടാതായതോടെ റഷ്യന്‍ ആക്രമണം ചെറുക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് യുക്രൈന്‍ സൈന്യം. യുഎസ് വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് അമേരിക്ക നിര്‍ത്തലാക്കിയത്.
◾ 60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞ ശേഷവും ഗാസയില്‍ ആക്രമണം. ഇസ്രയേല്‍ ആക്രമണത്തില്‍ 30 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം, ഇസ്രയേലി ആക്രമണങ്ങളില്‍ 116 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല.
◾ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയതിനു ശേഷവും തിങ്കളാഴ്ച ഹൂതികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതില്‍ മുന്നറിയിപ്പുമായി യു.എസ്. യെമനിലേക്ക് ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങള്‍ വരേണ്ടി വരുമെന്ന് ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ ആക്രമണം നടത്തിയതുപോലെ ഹൂതികള്‍ക്കെതിരെയും ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് അംബാസഡര്‍ നല്‍കിയത്.
◾ യുദ്ധാനന്തര ഗാസയില്‍ ഹമാസ് ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നമുക്കൊരു തിരിച്ചുപോക്കില്ലെന്നും അത് അവസാനിച്ചുവെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനായുള്ള അന്തിമ നിര്‍ദ്ദേശമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
◾ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങി മനോള മാര്‍ക്വേസ്. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിയാന്‍ മനോള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി മനോളയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
◾ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യക്ക് നാലു വിക്കറ്റ് വിജയം. മഴമൂലം 40 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മൂന്നാം ഏകദിനത്തില്‍ 269 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വൈഭവ് 31 പന്തില്‍ 86 റണ്‍സടിച്ചാണ് തിളങ്ങിയത്.ആറ് ഫോറും ഒമ്പത് സിക്സും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിംഗ്സ്. വൈവഭവിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ മത്സരത്തില്‍ നാലു വിക്കറ്റ് ജയവുമായി അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1ന് മുന്നിലെത്തി.
◾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും 87 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും പിന്‍ബലത്തില്‍ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് . 114 റണ്‍സെടുത്ത ഗില്ലും 41 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
◾ ദീര്‍ഘകാല നിക്ഷേപത്തിന്റെ പലിശനിരക്ക് കുറച്ച് കേരള ബാങ്ക്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതുള്‍പ്പെടെ എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. നിരക്കുമാറ്റം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്നു. റിസര്‍വ് ബാങ്കിന്റെ ഷെഡ്യൂള്‍ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി നിശ്ചയിച്ചത്. കേരള ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ കുറയ്ക്കുന്നതോടെ, പ്രാഥമിക സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളും പലിശനിരക്ക് കുറയ്‌ക്കേണ്ടി വരും. പലിശനിരക്ക് കുറച്ചതോടെ രണ്ടുവര്‍ഷവും അതിലേറെയുമുള്ള നിക്ഷേപത്തിന് പലിശ ഏഴുശതമാനമായി. നേരത്തെ ഇത് 7.85 ശതമാനമായിരുന്നു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 7.10 ശതമാനമാണ് പുതുക്കിയ പലിശനിരക്ക്. നിലവില്‍ 7.75 ശതമാനമായിരുന്നു. 180 ദിവസം മുതല്‍ 364 ദിവസം വരെ 7.00 ശതമാനം (7.35 ശതമാനം), 91 ദിവസം മുതല്‍ 179 ദിവസം വരെ 6.5 ശതമാനം (7 ശതമാനം), 46 ദിവസം മുതല്‍ 90 ദിവസം വരെ ആറു ശതമാനം (6.5 ശതമാനം), 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം (ആറുശതമാനം) എന്നിങ്ങനെയാണ് മറ്റു നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക്.
◾ രാജേഷ് മാധവന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ധീരന്‍'. ഭീഷ്മപര്‍വം എന്ന മെഗാ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരിയും ത്രില്ലും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ഫാമിലി ഫണ്‍ എന്റര്‍ടെയ്നറാണ് ചിത്രം. ധീരന്‍ ജൂലൈ 4 ന് പുറത്തിറങ്ങും. ചിത്രത്തിലെ 'ലൗ ബൈറ്റ്' എന്ന ഗാനമാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ജഗദീഷ്, സുധീഷ്, മനോജ് കെ ജയന്‍, അശോകന്‍, ശബരീഷ് വര്‍മ്മ, വിനീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. അഭിരാം രാധാകൃഷ്ണന്‍, സിദ്ധാര്‍ഥ് ഭരതന്‍, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍, ഇന്ദുമതി മണികണ്ഠന്‍, വിജയ സദന്‍, ഗീതി സംഗീത, അമ്പിളി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
◾ ഗ്ലെന്‍ പവല്‍ നായകനായെത്തുന്ന 'ദ് റണ്ണിങ് മാന്‍' എന്ന ആക്ഷന്‍ കോമഡി ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. 1987 ല്‍ പുറത്തിറങ്ങിയ അര്‍ണോള്‍ഡിന്റെ 'ദ് റണ്ണിങ് മാന്‍' എന്ന ചിത്രത്തിന്റെ റീമേക്കായാണ് പുതിയ സിനിമ എത്തുന്നത്. ആക്ഷന്‍ പാക്ക്ഡ് കോമഡി ചിത്രമാണ് 'ദ് റണ്ണിങ് മാന്‍' എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. എഡ്ഗര്‍ റൈറ്റാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്റ്റീഫന്‍ കിങ്ങിന്റെ ഡിസ്റ്റോപ്പിയന്‍ നോവലിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു അര്‍ണോള്‍ഡ് ചിത്രമായ 'ദ് റണ്ണിങ് മാന്‍'. ടെലിവിഷനില്‍ ഏറ്റവും മികച്ച റേറ്റിങ്ങുള്ള ഷോയാണ് 'ദ് റണ്ണിങ് മാന്‍'. റണ്ണേഴ്സ് എന്നറിയപ്പെടുന്ന മത്സരാര്‍ത്ഥികള്‍ പ്രൊഫഷണല്‍ കൊലയാളികളുടെ കയ്യില്‍ നിന്ന് 30 ദിവസം അതിജീവിക്കണം. ദിവസവും വലിയ തുകയാണ് പ്രതിഫലം നല്‍കുക. ഈ ഷോ പൊതുജനങ്ങള്‍ക്കായി പ്രക്ഷേപണം ചെയ്യും. സൈമണ്‍ കിന്‍ബര്‍ഗ്, നീര പാര്‍ക്ക്, റൈറ്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വില്യം എച്ച്. മാസി, ലീ പേസ്, എമിലിയ ജോണ്‍സ്, മൈക്കല്‍ സെറ, ഡാനിയല്‍ എസ്ര, കോള്‍മാന്‍ ഡൊമിംഗോയ്‌ക്കൊപ്പം ജെയ്ം ലോസണ്‍, ജോഷ് ബ്രോലിന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 2025 നവംബര്‍ 7 ന് സിനിമ റിലീസ് ചെയ്യും.
◾ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ 'വിഡ വിഎക്‌സ്2' ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഹിറോ മോട്ടോകോര്‍പ്പ്. വിഡ നിരയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഇവിയുടെ സുസ്ഥിരത, മികവ്, പെര്‍ഫോന്‍സ്, മികച്ച യാത്രാനുഭവം, രൂപകല്‍പ്പന തുടങ്ങിയവ സംയോജിപ്പിക്കുന്ന സ്‌കൂട്ടര്‍ പുതുമയേറിയതാണെന്നും വിഡ അവകാശപ്പെടുന്നു. വിഡ വിഎക്‌സ്2 ബാറ്ററി-ആസ്-എ-സര്‍വീസ് മോഡലിനൊപ്പം ഇന്ത്യന്‍ വിപണിയില്‍ വാഹനത്തിന് രണ്ട് വകഭേദങ്ങളും ലഭ്യമാണ്. ഹീറോ വിഡ വിഎക്‌സ്2: ഹീറോ വിഡ വിഎക്‌സ്2 ന് 2.2 കിലോവാട്ടും 3.4 കിലോവാട്ട് ബാറ്ററി പായ്ക്ക് വേരിയന്റും ലഭിക്കും. വിഡ വിഎക്‌സ്2 ഗോയ്ക്ക് 92 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ചെറിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. മറ്റൊരു വകഭേദമായ വിഡ വിഎക്‌സ്2 പ്ലസിന് 3.4 കിലോവാട്ട് പവര്‍ യൂണിറ്റ് ലഭിക്കുന്നു, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 99,490 രൂപയാണ് ഈ പുതിയ സ്‌കൂട്ടറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ബാറ്ററി-ആസ്-എ-സര്‍വീസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വിദ വിഎക്‌സ്2നായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് കീഴില്‍, ഈ സ്‌കൂട്ടറിന്റെ വില 59,490 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
◾ വംശീയവെറിയുടെ രക്തംകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും പുതുചരിത്രം രചിക്കപ്പെടുമ്പോള്‍ ഇവിടെ, കൊച്ചിയില്‍ ഒരു യഹൂദവൃദ്ധയും ജോനകച്ചെറുക്കനും തമ്മിലുള്ള രക്തബന്ധത്തെക്കാള്‍ വലിയ ആത്മബന്ധത്തിന്റെ കഥ. ഒപ്പം, പരദേശി ജൂതന്മാരുടെ വര്‍ണ്ണവിവേചനത്തിനെതിരെ നാട്ടുജൂതന്മാരുടെ ഒരു കുടുംബം ആറു തലമുറകളിലൂടെ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ചരിത്രരേഖയുമാകുന്ന രചന. ജമാല്‍ കൊച്ചങ്ങാടിയുടെ ഏറ്റവും പുതിയ നോവല്‍. 'സിനഗോഗ് ലെയ്ന്‍'. മാതൃഭൂമി. വില 297 രൂപ.
◾ ഒരിടവേളയ്ക്ക് ശേഷം കൂടുതല്‍ കടുത്ത രോഗലക്ഷണങ്ങളുമായി കോവിഡ് വീണ്ടും സജീവമാകുകയാണെന്ന് റിപ്പോര്‍ട്ട്. ഒമിക്രോണിന്റെ ഉപവകഭേദമായ എന്‍ബി.1.8.1 അഥവാ നിംബസാണ് ഏഷ്യയില്‍ കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നത്. കഴുത്തില്‍ ഒരു ബ്ലേഡോ ഗ്ലാസ് കഷ്ണമോ കുടുങ്ങുന്നതിന് സമാനമായ തൊണ്ട വേദനയാണ് നിംബസ് മൂലം വരുന്ന കോവിഡിന്റെ പ്രധാന ലക്ഷണം. ഓരോ തവണ ഉമിനീരിറക്കുമ്പോഴും ഈ വേദന അസഹനീയമായി മാറാം. ഇതിനൊപ്പം നെഞ്ചിന് കനം, ക്ഷീണം, മിതമായ ചുമ, പനി, പേശീവേദന പോലുള്ള ലക്ഷണങ്ങളും നിംബസ് മൂലം ഉണ്ടാകുന്നുണ്ട്. അതിസാരം, ഓക്കാനം എന്നീ ലക്ഷണങ്ങളും ചിലരില്‍ വരാം. ഏഷ്യയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 10 ശതമാനത്തിലധികവും നിംബസ് മൂലമാണെന്ന് കരുതപ്പെടുന്നു. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പുതിയ വകഭേദം മൂലമുള്ള അപകടസാധ്യത മിതമാണെന്നും നിലവില്‍ വാക്‌സീനുകള്‍ നിംബസിനെതിരെയും ഫലപ്രദമാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. തൊണ്ടയില്‍ ഉപ്പ് വെള്ളം ഉപയോഗിച്ച് കുലുക്കുഴിയുന്നത് വേദനയുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. മെഥനോളും ബെന്‍സോകൈയ്‌നും ചേര്‍ന്ന ത്രോട്ട് ലോസഞ്ചുകളും സ്‌പ്രേകളും താത്ക്കാലികമായ ആശ്വാസം നല്‍കാം. ഹെര്‍ബല്‍ ടീ പോലുള്ള ചൂടുള്ള പാനീയങ്ങളും തൊണ്ടയില്‍ ഈര്‍പ്പം നിലനിര്‍ത്തി അസ്വസ്ഥത ലഘൂകരിക്കാം. ഹ്യുമിഡിഫയര്‍ ഉപയോഗിച്ച് വായുവിലേക്ക് ഈര്‍പ്പം കൊണ്ട് വരുന്നത് തൊണ്ട വരണ്ട വേദന രൂക്ഷമാകാതിരിക്കാന്‍ സഹായിക്കും. പാരസെറ്റാമോള്‍, ഐബുപ്രൂഫന്‍ പോലുള്ള വേദനസംഹാരികളും തൊണ്ടവേദന ലഘൂകരിക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ മരുന്നുകള്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കഴിക്കാവുള്ളൂ.
*ശുഭദിനം*
*കവിത കണ്ണന്‍*
പലവിധ പ്രശ്നങ്ങള്‍ക്കൊണ്ട് അയാള്‍ ആകെ വലഞ്ഞു. ജീവിതം മടുത്ത അയാള്‍ എന്തെങ്കിലും ഒരു പ്രതിവിധി പ്രതീക്ഷിച്ച് ഒരു ദിവസം വൈകുന്നേരം ഒരു ഗുരുവിനെ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ചെന്ന് കണ്ടു. ധ്യാനത്തിലായിരുന്ന ഗുരു കണ്ണ് തുറന്നപ്പോള്‍ യുവാവ് തന്റെ പ്രശ്നം അവതരിപ്പിച്ചു. 'ഗുരോ, എന്റെ ജീവിതത്തില്‍ എന്നും പ്രശ്നങ്ങളാണ്. ചിലപ്പോള്‍ എന്റെ തൊഴിലിടത്ത്... മറ്റു ചിലപ്പോള്‍ എന്റെ കുടുംബത്തില്‍.... ചില ദിവസങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍... ഒരു പ്രശ്നം എങ്ങനെയെങ്കിലും തീര്‍ക്കുമ്പോള്‍ വേറൊരു പ്രശ്നം അലട്ടുകയായി. ഞാന്‍ ആകപ്പാടെ മടുത്തു ഗുരോ. അങ്ങ് ദയവായി ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ സമാധാനമായി ജീവിക്കാന്‍ വേണ്ട വഴി കാട്ടിതരണം' ഗുരു പറഞ്ഞു: 'ഇപ്പോള്‍ നേരം വളരെ വൈകിയില്ലേ? നാളെ രാവിലെ ഞാന്‍ ഇതിന് ഒരു പ്രതിവിധി പറഞ്ഞുതരാം.' ഗുരു തുടര്‍ന്നു: 'അതിനുമുന്‍പ് താങ്കള്‍ എനിക്കൊരു സഹായം ചെയ്തു തരണം. ഈ ഗ്രാമത്തിലെ ധനികനായ ഒരു കച്ചവടക്കാരന്‍ ഈ ആശ്രമത്തിന് നൂറ് ഒട്ടകങ്ങളെ ദാനം ചെയ്തിട്ടുണ്ട്. അവയെല്ലാം അടുത്തുള്ള തടാകത്തിന്റെ കരയില്‍ മേയുന്നുണ്ട്. ഇന്ന് രാത്രി താങ്കള്‍ അവയെ ഒന്ന് ശ്രദ്ധിക്കണം. ആ നൂറ് ഒട്ടകങ്ങളെയും തടാക ക്കരയില്‍ വിശ്രമിക്കാനായി ഇരുത്തണം. അതിനുശേഷം താങ്കള്‍ ഉറങ്ങാന്‍ കിടന്നോളൂ ' യുവാവ് സമ്മതിച്ചു. അയാള്‍ തടാകത്തിനടുത്തേക്ക് പോയി. അടുത്ത ദിവസം രാവിലെ ഗുരു യുവാവിനെ കാണാനെത്തി. ഗുരു ചോദിച്ചു: 'ഇന്നലെ രാത്രി സുഖമായി ഉറങ്ങിയോ?' യുവാവ് സങ്കടത്തോടെ പറഞ്ഞു: 'ഇല്ല ഗുരോ. എനിക്ക് ഒരു നിമിഷം പോലും ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാന്‍ പല തവണ ശ്രമിച്ചിട്ടും എനിക്ക് എല്ലാ ഒട്ടകങ്ങളെയും ഇരുത്താന്‍ കഴിഞ്ഞില്ല. ചില ഒട്ടകങ്ങളെ നിലത്ത് ഇരുത്താന്‍ കഴിഞ്ഞെങ്കിലും മറ്റു ചില ഒട്ടകങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഇരിക്കാന്‍ കൂട്ടാക്കിയില്ല. മാത്രവുമല്ല ഒരു ഒട്ടകം ഇരിക്കുമ്പോഴേക്കും വേറൊരു ഒട്ടകം എഴുന്നേറ്റ് നില്‍ക്കുന്നുണ്ടാകും. അതിനെ ഇരുത്താന്‍ നോക്കുമ്പോള്‍ മറ്റൊരു ഭാഗത്തെ ഒട്ടകം എഴുന്നേറ്റ് നില്‍ക്കും. രാത്രി മുഴുവന്‍ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. നേരം പുലര്‍ന്നപ്പോഴാണ് എല്ലാ ഒട്ടകങ്ങളും ഒരുവിധം ഒന്ന് ഇരുന്നുകിട്ടിയത്. ഇതൊക്കെക്കൊണ്ട് എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല' ഗുരു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'എല്ലാ പ്രശ്നങ്ങളും ഇതുപോലെതന്നെയാണ്. ചിലത് വന്നതുപോലെത്തന്നെ പോകും. മറ്റു ചിലത് നമ്മുടെ പരിശ്രമം കൊണ്ട് പരിഹരിക്കപ്പെടും. വേറെ ചിലത് എത്ര ശ്രമിച്ചാലും മാറാതെ നില്‍ക്കും. എന്നാല്‍ അവയും കാലക്രമേണ മാറിപ്പോകും.' പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ സഹയാത്രികരാണ്. പ്രശ്നങ്ങളില്ലാത്ത ജീവിതവുമില്ല. പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുമില്ല. ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവയുടേതായ സമയമെടുക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് മാത്രം. - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment